പേജുകള്‍‌

2024 - ഒരു തിരിഞ്ഞുനോട്ടം

ഡിസംബർ 31 ന് ഇറങ്ങിയ ഉത്തരദേശം സായാഹ്നപത്രത്തിൽ ഈ ലേഖനം ചെറിയ ഏറ്റക്കുറച്ചിലുകളോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അത് വായിക്കാൻ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:

https://utharadesam.com/articles/made-me-cry-last-year-594366

ഓരോ വർഷത്തേയും സംഭവബഹുലമായ കണക്കെടുപ്പ് നടത്തുമ്പോൾ അടുത്ത വർഷം എങ്ങനെയായിരിക്കുമെന്ന് വെറുതെ ചിന്തിച്ചുപോകാറുണ്ട്. പക്ഷെ ആ ചിന്തകളെയൊക്കെ കടത്തിവെട്ടുന്ന സംഭവപരമ്പരകളായിരിക്കും സംസ്കാര സമ്പന്നമായ പ്രബുദ്ധരായ ഹരിതഭംഗിയാർന്ന (എന്നൊക്കെ) കേരളത്തിൽ പക്ഷെ നടക്കാറുള്ളത് എന്നതാണ് സത്യം. 2024 ഇതിൽ നിന്നും വ്യത്യസ്തമല്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും പിടിച്ചു കുലുക്കിയ എക്‌സാലോജിക്-CMRL ഇടപാടുമുതൽ സർക്കാരിന്റെ സാമ്പത്തിക ധൂർത്തും പെൻഷന് വേണ്ടി മറിയക്കുട്ടി ചേട്ടത്തി നടത്തിയ സമരവും റാഗിംഗിന് വിധേയനായ സിദ്ധാർത്ഥിന്റെ മരണവും എ ഡി എമ്മിന്റെ ദുരൂഹമായ ആത്മഹത്യയും കാഫിർ ചിത്ര വിവാദവും വയനാട് ദുരന്തവും പാലക്കാട്ടെ നീലട്രോളി നാടകവും വൈദ്യുതി നിരക്ക് വർദ്ധനയുമടക്കം എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾ ഒന്നിനുപിറകെ ഒന്നായി പിറവിയെടുത്ത് ഇപ്പോഴും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന വർഷത്തിന്റെ കണക്കെടുപ്പ് നടത്തുക എന്നത് തികച്ചും ദുഷ്കരമായ കാര്യമാണെന്നിരിക്കിലും പ്രധാന സംഭവവികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നതിൽ തെറ്റില്ല എന്നാണെന്റെ മതം.

കൊടുക്കാൻ പണമില്ലാത്തതിനാൽ കൊട്ടിഘോഷിച്ച എ ഐ കാമറ പദ്ധതിയുടെ പ്രവർത്തനം താളം തെറ്റുന്ന കാഴ്ചയോടെയാണ് വർഷം തുടങ്ങിയത്. ബിഷപ്പുമാർക്കെതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശം, ലോകസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പോടെയുള്ള  മോദിയുടെ പ്രമാദമായ തൃശൂർ സന്ദർശനം, ഗവർണർ-സർക്കാർ പോര്, പുലർച്ചെ വീടുവളഞ്ഞുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്  എന്നിവ  വരാനിരിക്കുന്ന മാസങ്ങൾ എങ്ങനെയുള്ളതായിരിക്കുമെന്ന ഒരേകദേശരൂപം മലയാളികൾക്ക് കണക്കുകൂട്ടാൻ പറ്റുന്നതരത്തിലുള്ളതായിരുന്നു. സാമ്പത്തികഞെരുക്കത്തിന്റെ ബാക്കിപത്രമായി നിരവധി പെൻഷനുകൾ മാസങ്ങളോളം മുടങ്ങിയതും   സപ്ലൈകോ നോക്കുകുത്തിയായി മാറിയതും ക്ഷേമപെൻഷനുകൾ കിട്ടാതെയുള്ള ആത്മഹത്യയും കുത്തിയിരുപ്പ് സമരങ്ങളും അതിനെ തുടർന്ന് പത്രത്തിൽ വന്ന നുണക്കഥകളുമൊക്കെ മലയാളികളുടെ ദിവസങ്ങളെ വിരസമാക്കാതെ നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പക്ഷെ പഴശ്ശിയുടെ യുദ്ധം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. മുഖ്യമന്ത്രി പിണറായി വിജയനേയും മകൾ വീണയേയും പിടിച്ചു കുലുക്കിയ CMRL മായി എക്‌സാലോജിക്‌ നടത്തിയ സാമ്പത്തികഇടപാടുകളുടെ സത്യാവസ്ഥ വർഷാവസാനമായിട്ടും വിശദീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. നേതാവിനേയും കുടുംബത്തേയും രക്ഷിക്കാൻ പാർട്ടി തന്നെ മുന്നിട്ടിറങ്ങുകയും കോടതികൾ കയറിയിറങ്ങുകയും ചെയ്‌തെങ്കിലും ഊരിപ്പോരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം തടയാനുള്ള ഹർജിയുമായി ഇതിലെ ഇടപാടുകാർ ഓരോരുത്തരായി പല കോടതികളിൽ ഇപ്പോഴും വ്യവഹാരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷമാകട്ടെ ഇതൊക്കെ നിരന്തരം സർക്കാരിനെ ആഞ്ഞടിക്കാനുള്ള വടികളായി ഉപയോഗിക്കുകയും ചെയ്യുന്നു. എവിടെയുമെത്താത്ത കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 'ഇപ്പൊ തേങ്ങാ ഉടയ്ക്കും' എന്ന് ഇ ഡി പലതവണ പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. സിപിഎം നേതാക്കളെ പലതവണ ചോദ്യം ചെയ്‌തെങ്കിലും എല്ലാം ബിജെപിയെ സഹായിക്കാനായി കേന്ദ്രം നടത്തിയ പ്രഹസനങ്ങളാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്തു. ഏറെ വിവാദമായ കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ സാക്ഷിയാക്കിയതും അന്വേഷണം ഇ ഡിക്ക് കൈമാറിയതുമൊക്കെ രണ്ടുപാർട്ടികളും തമ്മിലുള്ള ഒത്തുകളിയാണെന്ന യുഡിഫ് ന്റെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ളതായി മാറി. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാതെ  കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതും ലാവലിൻ കേസ് ഇപ്പോഴും തീരുമാനമാകാതെ മാറ്റിവെക്കുന്നതുമെല്ലാം ചേർത്ത് വായിക്കുമ്പോൾ യു ഡി എഫിന്റെ ആരോപണത്തെ വെറുതെ തള്ളിക്കളയാനും പറ്റില്ല. എക്‌സാലോജിക്കിനെതിരെയുള്ള അന്വേഷണം കുറേക്കാലം മൂടിവെച്ചതും ഇപ്പോഴും ഇഴയുന്നതും നമുക്ക് കാണാവുന്നതാണ്. കിഫ്ബിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ പലതവണ മുൻമന്ത്രിയായ തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് നൽകിയെങ്കിലും കോടതിവിധികൾ വഴി അതൊക്കെ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുമാത്രമല്ല ചോദ്യം ചെയ്യാനുള്ള കാരണം കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ ഏജൻസിക്ക് സാധിച്ചുമില്ല.

ഗവർണർ-സർക്കാർ പോരിന് മൂർച്ച കൂടിയതും പോയവർഷം നാം കണ്ടു. നയപ്രഖ്യാപനപ്രസംഗം ഒരു മിനുട്ടിൽ ഒതുക്കിയും SFI ക്കാർക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ചും സർവ്വകലാശാലകളിലെ വി സി നിയമനങ്ങളിൽ സ്വന്തം തീരുമാനം നടപ്പിലാക്കിയും കോടതികളിൽ പരസ്പരം പോരടിച്ചും ഗവർണ്ണർക്കെതിരെ മന്ത്രിമാർ പ്രസ്താവനകൾ ഇറക്കിയും തങ്ങൾ ഇരിക്കുന്ന കസേരയുടെ മഹത്വം കളഞ്ഞുകുളിക്കാൻ ഇരുവിഭാഗവും മത്സരിച്ചു. ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ചും വി സി മാരെ പിരിച്ചുവിട്ടും സഹവർത്തിത്വത്തിൽ കഴിയേണ്ട രണ്ടധികാരകേന്ദ്രങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഗവർണറെ അറിയിക്കാതെ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തുന്നിടത്തോളമെത്തി കാര്യങ്ങൾ. കേരളത്തിന്റെ വനാതിർത്തി മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായതും പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിനിറങ്ങിയതും പതിവുപോലെ പ്രസ്താവനകളുമായി മന്ത്രിമാർ ഇറങ്ങിയതും പറയാതിരിക്കാനാവില്ല. അരിക്കൊമ്പനും ചക്കക്കൊമ്പനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായപ്പോൾ ഹൈക്കോടതി വഴി അവയെ നാടുകടത്തിയതും നമ്മൾ ടിവിയുടെ മുന്നിലിരുന്ന് ആഘോഷിച്ചു. കേരളഗാനത്തിന്റെ പേരിൽ സാഹിത്യഅക്കാദമിയിലെ ചിലർ കവിയും ഗാനരചയിതാവുമായ ശ്രീ ശ്രീകുമാരൻ തമ്പിയെ അപമാനിച്ചതും സാഹിത്യകേരളത്തിന് അപമാനകരമായ സംഭവമായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികപരാധീനതക്ക് കാരണം കേന്ദ്രമാണെന്ന് സർക്കാരും സർക്കാരിന്റെ ധൂർത്താണെന്ന് പ്രതിപക്ഷവും പാടിക്കൊണ്ടിരിക്കുന്നു. ഭിന്നശേഷിക്കാർക്കുൾപ്പെടെയുള്ള പെൻഷനുകൾ മുടങ്ങിയതും രോഗികൾക്കുള്ള സഹായം നിലച്ചതുമൊക്കെ വലിയസംവാദത്തിലേക്കാണ് നയിച്ചത്. കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കം ഇപ്പോൾ പരമോന്നതകോടതിയുടെ മുന്നിലാണ്. മന്ത്രിമന്ദിരങ്ങളിലെ അറ്റകുറ്റപണിയുടെ പേരിൽ ലക്ഷങ്ങൾ പൊടിക്കുന്നതും ലോകകേരളസഭയെന്ന അനാവശ്യചെലവുകളുമൊന്നും കുറയ്ക്കാൻ ഈ സന്നിഗ്ധഘട്ടത്തിലും സർക്കാർ തയ്യാറാകുന്നില്ല എന്നത് മറ്റൊരു വിരോധാഭാസം.

വിദേശസർവ്വകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തനാനുമതി നൽകാനുള്ള നിർദ്ദേശം പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയത് ഇടതു ഗവർമെന്റിന്റെ നിലപാട് മാറ്റത്തിന് തെളിവായി. ഉമ്മൻ‌ചാണ്ടി സർക്കാരിനെതിരെ സമരം ചെയ്തവർ അതേകാര്യത്തിനായി ഇടതുസർക്കാരിനെ ന്യായീകരിക്കാൻ ഇറങ്ങുന്ന കാഴ്ചയും നാം കണ്ടു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ മുന്നണികൾ അരയും തലയും മുറുക്കി ഇറങ്ങി. മതേതരരക്ഷകരായും അഴിമതി വിരുദ്ധതയും മാസപ്പടിക്കാശും സാമ്പത്തികപരാധീനതകളുമൊക്കെ പ്രചാരണവിഷയമായി. അതിനിടയിലാണ് തൃശൂർ പൂരം കലക്കിയത്. അത് ബിജെപിക്കൊരു പിടിവള്ളിയായിരുന്നു. കാഫിർ സ്ക്രീൻഷോട്ടുകളും അശ്ലീലവീഡിയോ വിവാദവും അങ്ങനെ ചാനലുകൾക്കും  കൊയ്ത്തുകാലമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഒടുവിൽ 18 മണ്ഡലത്തിൽ യുഡിഎഫും ഓരോന്ന് വീതം എൽഡിഎഫ് ,ബിജെപിയും സ്വന്തമാക്കി. തൃശൂരിൽ നിന്നും ജയിച്ച സുരേഷ് ഗോപി കേരളത്തിൽ ആദ്യമായി ബിജെപിക്ക് ഒരു എംപിയെ സമ്മാനിച്ചു. 

ഇന്ത്യയുടെ ബഹിരാകാശദൗത്യമായ 'ഗഗൻയാനി'ലേക്ക് മലയാളിയായ പ്രശാന്ത് നായർ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന് അഭിമാനം നൽകുന്ന കാര്യമായിരുന്നു. എന്നാൽ ക്രൂരമായ റാഗിംഗിന്റെ ഭാഗമായി സിദ്ധാർഥ് എന്ന വിദ്യാർത്ഥി മരണപ്പെട്ടപ്പോൾ കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയും ഉണ്ടായി. ഭരണക്ഷിയിൽപെട്ട പ്രതിസ്ഥാനത്തുള്ള വിദ്യാർത്ഥികളെ സംരക്ഷിക്കാൻ അധികാരത്തിലിരിക്കുന്നവർ തന്നെ മത്സരിച്ചിറങ്ങുന്ന കാഴ്ചയും കണ്ടു. മർദ്ദനത്തിന് സാക്ഷിയായ വിദ്യാർത്ഥികളിൽ ഒരാൾപോലും വാ തുറന്നില്ല എന്ന കാര്യം  അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. നേരറിയാൻ സിബിഐ വന്നെങ്കിലും സിദ്ധാർത്ഥിന്റെ മാതാപിതാക്കൾക്ക് നീതി ഇന്നും അകലെത്തന്നെ. 

പി സി ജോർജ്, പദ്മജ വേണുഗോപാൽ, അനിൽ ആന്റണി എന്നിവരൊക്കെ മറുകണ്ടം ചാടി ബിജെപിയിൽ ചേർന്നതും പോയവർഷത്തെ വാർത്താപ്രാധാന്യം നേടിയ സംഭവങ്ങളായിരുന്നു. ഇതുവരെ പാടിയ ആദർശങ്ങളൊക്കെ വലിച്ചെറിഞ്ഞ് പുതിയ പ്രത്യയശാസ്ത്രത്തെ പുൽകാൻ ഇവർക്കൊന്നും അധികം സമയം വേണ്ടിവന്നില്ല. വടകരയിൽ നിന്നും തൃശൂരിലേക്ക് മനസ്സില്ലാമനസ്സോടെ മാറേണ്ടിവന്ന മുരളീധരനെ കോൺഗ്രസിൽ നിന്നകറ്റാൻ ശ്രമിച്ചെങ്കിലും ഇതുവരെ അദ്ദേഹം ആ ചൂണ്ടയിൽ കൊത്തിയിട്ടില്ല. എങ്കിലും ഇടയ്ക്കിടെ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി നിറഞ്ഞു നിൽക്കാനും മുരളീധരൻ മറന്നില്ല. ബിജെപി സ്ഥാനാർത്ഥികളെ പുകഴ്ത്തിയും ജാവേദ്ക്കറെ കണ്ടകാര്യം തിരഞ്ഞെടുപ്പ് ദിവസം ഇ പി ജയരാജൻ സമ്മതിച്ചതും ഇടതിനേറ്റ വലിയ പ്രഹരമായിരുന്നു. അതിന്റെ പ്രതിഫലനമായി ഏതാനും മാസങ്ങൾക്ക് ശേഷം ജയരാജന് എൽഡിഎഫ് കൺവീനർ സ്ഥാനം പോവുകയും ചെയ്തു. ഇ പി യുമായും അനിൽ ആന്റണിയുമായും ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ നടത്തിയ സ്തോഭജനകമായ വെളിപ്പെടുത്തലുകളും ഒരുപക്ഷെ നടപടിക്ക് പ്രേരകമായിട്ടുണ്ടാകാം.

സംസ്ഥാനത്തെ നിരവധി ബാങ്ക് തട്ടിപ്പുകൾ പുറത്തുവന്ന വർഷം കൂടിയായിരുന്നു കടന്നുപോയത്. കരുവന്നൂർ മാത്രമല്ല പല സഹകരണ ബാങ്കുകളിലും വലിയതോതിൽ വായ്പാതട്ടിപ്പുകൾ നടന്ന സംഭവങ്ങൾ പുറത്തുവരാൻ തുടങ്ങി. ഇടതും വലതും എന്നുവേണ്ട എല്ലാ രഷ്ട്രീയപാർട്ടികൾക്കും അതിൽ പങ്കുണ്ടെന്നതായിരുന്നു സത്യം. കരുവന്നൂരിൽ അന്വേഷണം ഏറ്റെടുത്ത ഇ ഡി സിപിഎം അക്കൗണ്ടുകൾ മരവിപ്പിക്കുകയും കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയതും പാർട്ടിക്കേറ്റ വലിയ ക്ഷീണമായിരുന്നു. വിഷയം ഏറ്റെടുത്ത് ജാഥ നടത്തിയ സുരേഷ്‌ഗോപിയുടെ വിജയത്തിന് കരുവന്നൂരും ഒരു കാരണമായിരുന്നു. CIA വിജ്ഞാപനത്തിനെതിരെ പ്രസ്താവനകളുമായി യുഡിഎഫ്, എൽഡിഎഫ് രംഗത്തെത്തി. കേരളത്തിൽ സമ്മതിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പക്ഷെ ബലം പോരായിരുന്നു. പൗരത്വവിഷയം കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ് എന്നത് തന്നെ കാരണം. മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന തൃപ്പുണിത്തറ സ്ഥാനാർഥി സ്വരാജിന്റെ ഹർജി സുപ്രീം കോടതി തള്ളി. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ ഉത്തരവ്. ബാബുവിനെതിരെ മൊഴി കൊടുത്ത എല്ലാവരും സിപിഎം അനുഭാവികളായിരുന്നു.

തൃശൂർ പൂരം കലങ്ങിയ സംഭവം കേരളരാഷ്ട്രീയത്തിൽ വൻ വിവാദങ്ങളാണ് അഴിച്ചുവിട്ടത്. തോൽവിക്ക് കാരണം ഈ സംഭവമാണെന്ന് തൃശൂരിലെ സി പി ഐ സ്ഥാനാർഥി സുനിൽകുമാർ പരസ്യമായി ഉന്നയിച്ചു. എ ഡി ജി പി അജിത്കുമാറാണ് ഇതിന് പിന്നിലെന്നും ബിജെപിയോടുള്ള അടുപ്പമാണിതിന് കാരണമെന്നും വാദങ്ങൾ നിറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്കാൻ പറഞ്ഞ മുഖ്യമന്ത്രിയും മാസങ്ങളോളം അതിനെപ്പറ്റി അന്വേഷിക്കാതിരുന്നതും സംശയങ്ങൾക്കിട നൽകി. മാത്രമല്ല ആർ എസ് എസ് നേതാക്കളുമായി ഒന്നിലധികം തവണ എ ഡി ജി പി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയും അതിനദ്ദേഹത്തോട് സർക്കാർ വിശദീകരണം ചോദിക്കാത്തതുമെല്ലാം മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാരയായി വ്യാഖ്യാനിക്കപ്പെട്ടു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒടുവിൽ മുഖ്യമന്ത്രി പ്രതികരിച്ചതും എ ഡി ജി പി യുടെ പേരിൽ നിസ്സാരമായ   നടപടിയെടുത്തതും. പൂരം കലക്കിയ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി പോലീസും പോലീസിനെ കുറ്റപ്പെടുത്തി ദേവസ്വവും സത്യവാങ്മൂലം സമർപ്പിക്കുന്ന അവസ്ഥയിലേക്കെത്തിനിൽക്കുന്നു കാര്യങ്ങളിപ്പോൾ.

KSRTC ഡ്രൈവർ അശ്ലീലം കാണിച്ചെന്ന കാരണത്തിൽ വാഹനം കുറുകെ നിർത്തി രാത്രി ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കിവിട്ട മേയർ ആര്യ രാജേന്ദ്രന്റെയും ഭർത്താവായ MLA യുടെയും നടപടി ഏറെ വിമർശിക്കപ്പെട്ടു. തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് ബസ്സിൽ നിന്നും കാണാതായതിലും അടിമുടി ദുരൂഹത ആരോപിക്കപ്പെട്ടു. ഏറെ പുകിലുണ്ടാക്കിയ ഈ സംഭവത്തിലും നേതാക്കളെ വെള്ളപൂശുന്ന റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്. വീണ്ടുമൊരു ബാർ കോഴ വിവാദം കത്തിപ്പടരാൻ തുടങ്ങിയെങ്കിലും അതിവേഗം അതിനെ കെടുത്താൻ ഭരണപക്ഷത്തുള്ളവർക്ക് കഴിഞ്ഞു. 

മഴക്കാലദുരന്തം കേരളത്തിൽ വീണ്ടും. ഇത്തവണ ഇരയായത് വായനാടിലെ മേപ്പാടിക്കടുത്തുള്ള ചൂരൽ മലയിലെ പാവങ്ങളായിരുന്നു. ഒരുരാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായി. നിരവധിപേർ മരിച്ചു. ബന്ധുക്കൾ മുഴുവനായി മരണപ്പെട്ടവർ, ഒരാൾ മാത്രം ബാക്കിയായവർ, അനാഥരായ കുഞ്ഞുങ്ങൾ, സമ്പാദ്യം നഷ്ടപ്പെട്ടവർ അങ്ങനെ കേരളം ഒരിക്കൽക്കൂടി തേങ്ങിക്കരഞ്ഞു. സഹായഹസ്തങ്ങൾ രാജ്യത്തിൻറെ പലഭാഗത്തുനിന്നും ഒഴുകിയെത്തി. പുനരധിവാസപദ്ധതികളുമായി സർക്കാരും രംഗത്തെത്തി. എല്ലാപിന്തുണയും കേന്ദ്രസർക്കാരും ഉറപ്പുനൽകി. പക്ഷെ നൽകിയ ഉറപ്പുകളൊന്നും ഇതുവരെയായും പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പരസ്പരം കുറ്റം പറയുന്ന സർക്കാരുകളെയാണ് ഇപ്പോൾ കോടതിയിൽ കാണാൻ കഴിഞ്ഞത്. ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രമോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ കാശു കൊണ്ട് പുനരധിവാസം നടത്താൻ സംസ്ഥാനമോ തയ്യാറായിട്ടില്ല. സംസ്ഥാനം പ്രഖ്യാപിച്ച സഹായം പോലും പലർക്കും കിട്ടുന്നില്ല. സഹായം നൽകുന്നില്ല എന്നതുമാത്രമല്ല വ്യോമസേനയുടെ സേവനത്തിനുള്ള കൂലി കൂടി ചോദിച്ചിരിക്കുകയാണ് കേന്ദ്രമിപ്പോൾ എന്ന ആക്ഷേപവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്. ഏതായാലും കോടതിയുടെ കനിവ് പ്രതീക്ഷിച്ചിരിക്കുയാണിപ്പോൾ എല്ലാം നഷ്ടപ്പെട്ടവർ. 

സ്വന്തം നാടായ പത്തനംതിട്ടയിൽ നിന്നും വിരമിക്കാനാഗ്രഹിച്ച കണ്ണൂർ എ ഡി എമ്മിനെ കാത്തുനിന്നത് അപമാനവും മരണവുമായിരുന്നു. നിനച്ചിരിക്കാതെ യാത്രയപ്പ് യോഗത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ആരോപണത്തിൽ തളർന്നുപോയ അദ്ദേഹത്തിന്റെ മരണവാർത്തയാണ് അടുത്തദിവസം കേട്ടത്. ബന്ധുക്കളെപ്പോലും അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റും പോസ്റ്റ്മാർട്ടവും എന്തൊക്കെയോ ഗൂഢാലോചനയുണ്ടെന്ന് വാദത്തിനിടയാക്കി. ആരോപണവിധേയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് മടിച്ചു. ഒടുവിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം റദ്ദാക്കിയപ്പോൾ മാത്രമാണ് അവരെ ജയിലടയ്ക്കാൻ തയ്യാറായത്. പാർട്ടിക്കകത്ത് പോലും രണ്ട് ചേരിയായ സംഭവം ഇപ്പോൾ ഒത്തുതീർപ്പിലെത്തിയ ലക്ഷണമാണ്. ജയിൽ വിമോചിതയായ ആരോപണവിധേയയെ സ്വീകരിക്കാനെത്തിയ നേതാക്കളുടെ നിരയും അന്വേഷണരീതികളും വീട്ടുകാർക്ക് പോലും സംശയമുളവാക്കി തുടങ്ങി. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കോടതിയുടെ മുന്നിലാണിപ്പോൾ എ ഡി എമ്മിന്റെ ഭാര്യയും ബന്ധുക്കളും. ഇരയുടെ ഒപ്പമാണെന്ന് പറഞ്ഞ് വേട്ടക്കാരുടെ കൂടെയാണിപ്പോൾ പാർട്ടി. കേരളമാകെ കുലുക്കിയ ഈ സംഭവവും പക്ഷെ ഒന്നുമല്ലാതായി തീരാനാണ് സാധ്യത.

അതിനിടയിലാണ് ഉപതെരഞ്ഞെടുപ്പുകൾ. വയനാട്, പാലക്കാട് പിന്നെ ചേലക്കര. ഇതിൽ വിവാദം കൊണ്ടും വേരുകൊണ്ടും ശ്രദ്ധ നേടിയത് പാലക്കാടാണ്‌. സീറ്റ് കിട്ടാത്ത കോൺഗ്രസുകാരനെ ഇടതുപക്ഷം സ്ഥാനാർഥിയാക്കിയപ്പോൾ ബിജെപിക്കാരനെ കൂടെക്കൂട്ടി കോൺഗ്രസ് കരുത്തുകാട്ടി. കള്ളപ്പണം നിറച്ച ട്രോളി വിവാദവും പാതിരാത്രിയിലെ പോലീസ് പരിശോധനയെന്ന പൊറാട്ടു നാടകവും ഒടുവിൽ വർഗ്ഗീയവിദ്വേഷം പരത്തുന്ന പത്രപരസ്യങ്ങളുമെല്ലാം പാലക്കാടിനെ ഇളക്കിമറിച്ചു. പക്ഷെ എല്ലാ വിവാദങ്ങളെയും തള്ളുന്നതായിരുന്നു അന്തിമഫലം. അവരവരുടെ മണ്ഡലങ്ങൾ കോൺഗ്രസ്സും സിപിഎമ്മും നിലനിർത്തി, ഭൂരിപക്ഷം മാത്രമായിരുന്നു പിന്നത്തെ ചർച്ചാവിഷയം.

സർക്കാരിനേയും പാർട്ടിയേയും മുൾമുനയിൽ നിർത്തിയ പി വി അൻവറിന്റെ പടപ്പുറപ്പാട് കുറേനാളത്തേക്ക് കേരളത്തിൽ വലിയതോതിൽ ചർച്ചാവിഷയമായ സംഭവമായിരുന്നു. എ ഡി ജി പി യേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും മലപ്പുറം എസ് പി യേയുമൊക്കെ അഴിമതിക്കാരാക്കിയ അൻവർ മുഖ്യമന്ത്രിക്കെതിരേയും ആഞ്ഞടിച്ചു. കെ ടി ജലീലിനെ പോലുള്ളവരും ഇടയ്ക്ക് അൻവറിന് പിന്തുണയുമായെത്തി, എങ്കിലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി ആ വിവാദം ആറിത്തണുക്കുകയാണ് ചെയ്തത്. ഉപതെരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിക്കാൻ പുറപ്പെട്ടെങ്കിലും ഒന്നുമായതുമില്ല. സിപിഎമ്മിനെ വെല്ലുവിളിച്ചിറങ്ങിയ അൻവർ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. അതിനാൽ തന്നെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് ചേക്കേറാനൊരു ശ്രമം അദ്ദേഹം നടത്തിക്കൂടായ്കയില്ല. അൻവറിസത്തിന് എന്താവുമെന്ന്   കാത്തിരുന്ന് കാണാം.

ഉമ്മൻ‌ചാണ്ടി സർക്കാർ അവതരിപ്പിച്ച സീ പ്ലെയിൻ വീണ്ടും വാർത്തകളിൽ. അന്നുപക്ഷേ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും എന്നുപറഞ്ഞ് സമരം ചെയ്തവർ തന്നെ ഇന്ന് വിനോദസഞ്ചാരമേഖലയുടെ വികസനത്തിനായി അതെ പദ്ധതി വീണ്ടും അവതരിപ്പിച്ചു. ആർക്കും എതിർപ്പുകളില്ല എന്നുമാത്രമല്ല ഈ ആശയത്തിന്റെ പിതൃത്വം ഏറ്റെടുക്കാനും ജാള്യതയുണ്ടായില്ല ഇപ്പോഴത്തെ സർക്കാരിനും മുന്നണിക്കും. ഒളിംപിക്സ്   മാതൃകയിൽ ഒരു സ്കൂൾ കായികമത്സരം. കായികമേഖലയ്ക്കാകെ ഊർജ്ജം പകർന്ന ഒരാശയമായിരുന്നു ഒളിംപിക്സ് മാതൃകയിൽ എല്ലാ മത്സരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ സ്കൂൾ കായികമാമാങ്കം. വളരെ ആവേശത്തോടെയാണ് കുട്ടികൾ ഇതേറ്റെടുത്തത്. 

ഉപതിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ തിളക്കത്തിൽ കോൺഗ്രസിൽ പുനഃസംഘടന ആവശ്യം ശക്തമാവുന്നു. കെ സുധാകരനെ മാറ്റാനുള്ള നീക്കം അണിയറയിൽ സജീവം. അതിനിടയിൽ തഴയപ്പെടുന്നു എന്നാരോപണവുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി. ശക്തി നഷ്ടപ്പെട്ട എ ഗ്രൂപ്പിന്റെ നേതാക്കളാണ് പിന്നിൽ നിന്നും കളിക്കുന്നതെന്നും അടുത്ത മുഖ്യമന്ത്രിയാവാൻ വി ഡി സതീശനെ തടയുക എന്നതൊക്കെയാണ് ലക്ഷ്യമെന്നും അണിയറയിൽ കേൾക്കാം. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സാധ്യത തമ്മിലടി കാരണം കോൺഗ്രസ് വീണ്ടും കളഞ്ഞുകുളിക്കുമോ എന്നത് കണ്ടുതന്നെ അറിയണം. ഏതായാലും കുറച്ചുകാലം മൗനത്തിലായിരുന്ന പാർട്ടി ഗ്രൂപ്പ് കളിച്ച് എല്ലാം കുളമാക്കുന്ന ലക്ഷണമുണ്ട്. ഒന്നുമില്ല എന്ന് നേതാക്കൾ പറഞ്ഞാലും ഉള്ളിൽ എന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ടെന്ന് ആളുകൾക്ക് മനസ്സിലാകാൻ തുടങ്ങി. ജനങ്ങൾ വേണ്ടെന്നുവെച്ചാലും മൂന്നാം ഇടതുപക്ഷ സർക്കാരിനെ കോൺഗ്രസ് തന്നെ വാഴിക്കുമെന്നർത്ഥം. പാലക്കാട് വിജയമുറപ്പെന്ന മട്ടിൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ട ബിജെപി അദ്ധ്യക്ഷനും കസേര ഇളക്കം അറിഞ്ഞുതുടങ്ങിയെന്നാണ് കേൾവി. എതിർചേരിയിലുള്ളവരെ ഒതുക്കി പാർട്ടിയെ ക്ഷീണിപ്പിക്കുന്ന നടപടികളാണ് അദ്ധ്യക്ഷൻ ചെയ്യുന്നതെന്ന് കേന്ദ്രനേതൃത്വവും അറിഞ്ഞെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. തങ്ങളുടെ ശക്തി മണ്ഡലത്തിൽ വൻതോതിൽ വോട്ട് കുറഞ്ഞതും സ്ഥാനാർഥി നിർണ്ണയം പാളിയതുമൊക്കെ അദ്ദേഹത്തിന് തിരിച്ചടികളാണ്. ഏതായാലും പുതുവർഷത്തിൽ ആ കസേരയിൽ പുതിയമുഖം വരാനുള്ള സാധ്യതകളാണ് കേൾക്കുന്നത്. മാത്രവുമല്ല കൊടകര കുഴല്പണക്കേസ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതും ആ കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകളുമെല്ലാം സുരേന്ദ്രന് എതിരാകാനാണ് സാധ്യത.

മലയാളസിനിമാമേഖലയൊന്നാകെ കുലുങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് അഴിച്ചുവിട്ട കാറ്റും കോളും ഇപ്പോഴും അടങ്ങിയിട്ടില്ല. ഏതാണ്ട് നാലര വർഷം റിപ്പോർട്ടിൽ ഒരു നടപടിയുമെടുക്കാത്ത സർക്കാർ ഒടുവിൽ വിവരാവകാശ കമ്മീഷണറുടേയും കോടതിയുടേയും കർശന ഉത്തരവ് കാരണം പുറത്തുവിടാൻ തയ്യാറായി. അതും പല പേജുകളും ഒളിപ്പിച്ചു വെച്ച്. തുടർന്ന് പലരും പീഡനകഥകളുമായി രംഗത്തെത്തി. മുകേഷ്, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങി പലർക്കും കോടതികളെ ആശ്രയിക്കേണ്ടി വന്നു അറസ്റ്റിൽ നിന്നും രക്ഷപെടാൻ. അമ്മ സംഘടനയിൽ പോലും പൊട്ടിത്തെറിക്ക് കാരണമായി ഈ റിപ്പോർട്ട്. അന്വേഷിക്കാൻ തയ്യാറാകാതിരുന്ന സർക്കാർ പിന്നീട് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചെങ്കിലും എത്രമാത്രം ഫലപ്രദമായിരിക്കും അന്വേഷണങ്ങളും തുടർനടപടികളുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

സിപിഎംൽ സമ്മേളനക്കാലമാണിപ്പോൾ. പക്ഷെ പലയിടങ്ങളിലും പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നേതൃത്വത്തെ വെല്ലുവിളിക്കുന്ന അണികളെയാണ് കാണാൻ കഴിയുന്നത്. നേതാക്കന്മാരെ മുറികളിൽ പൂട്ടിയിട്ടും പരസ്യമായി പ്രതിഷേധിച്ചുമൊക്കെ പലരും നേതാക്കളോടുള്ള തങ്ങളുടെ അതൃപ്‌തി പരസ്യമാക്കുന്ന കാഴ്ച നാം കണ്ടു. കമ്മിറ്റികൾ തന്നെ കൂട്ടത്തോടെ പിരിച്ചുവിട്ടും അച്ചടക്കനടപടികൾ എടുത്തുമൊക്കെ പ്രശ്നം ഒതുക്കാമെന്നാണ് മുകൾത്തട്ടിൽ നേതാക്കന്മാർ കരുതുന്നതെങ്കിലും കൂടുതൽ പൊട്ടിത്തെറികൾ വരുംകാലങ്ങളിൽ സംഭവിക്കാമെന്നതിൽ തർക്കം വേണ്ട. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സമയത്തുപോലും പരസ്യമായ പ്രതിഷേധങ്ങൾ നടക്കുന്നത് ജനം കണ്ടു. പാലക്കാട് വോട്ട്  കൂടാത്തതും ചേലക്കരയിലെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമൊക്കെ ഭരണവിരുദ്ധതരംഗമുണ്ടെന്ന സൂചന പോലും അംഗീകരിക്കാൻ പക്ഷെ സംസ്ഥാനനേതൃത്വവും മന്ത്രിമാരും ഇതുവരെ തയ്യാറായിട്ടില്ല എന്നതും മറ്റൊരു വൈരുദ്ധ്യം.

മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചത് കേരളത്തിൽ മാത്രമല്ല രാജ്യതലസ്ഥാനത്ത് പോലും ചർച്ചാവിഷയമായി. ഫാറൂഖ് കോളേജിന്റെ കൈയ്യിൽ നിന്നും കാശുകൊടുത്തു വാങ്ങിയവർ പോലും ഇറങ്ങേണ്ടിവരുമെന്ന ആശങ്ക ശക്തമായ പ്രക്ഷോഭത്തിലേക്കാണ് നയിച്ചത്. വഖഫ് ബോർഡിൻറെ അധികാരങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഫാറൂഖ് കോളേജിന് വഖഫ് ആയാണ് ഭൂമി കിട്ടിയതെന്ന് വാദം കാരണം നികുതി അടയ്ക്കാൻ പോലും ഗതിയില്ലാത്ത നൂറുകണക്കിന് മനുഷ്യരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒടുവിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയമുതലെടുപ്പുമായി എല്ലാവരും ഇറങ്ങുന്നതും നാം കണ്ടു. ഏതായാലും പ്രതീക്ഷിച്ചതുപോലെ ഉപതെരഞ്ഞെടുപ്പുകളിൽ കോട്ടമായോ നേട്ടമായോ ഈ വിഷയം മാറിയില്ല പക്ഷെ വഖഫ് ബോർഡ് ഇത്തരം ഉത്തരവുകൾ പിന്നെയും ചിലയിടങ്ങളിൽ പുറപ്പെടുവിക്കുന്നത് കണ്ടു. ഏതായാലും നിലവിലെ വഖഫ് നിയമത്തിന് മുൻകാല പ്രാബല്യം ഇല്ല എന്ന ഹൈക്കോടതിയുടെ ഉത്തരവിനെ പ്രതീക്ഷയോടെയാണ് മുനമ്പത്തെ ജനങ്ങൾ കാണുന്നത്.

ഉപഭോക്താക്കൾക്ക് KSEB യുടെ വക വീണ്ടും ഇരുട്ടടി. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച ഉത്തരവ് വീണ്ടുമിറങ്ങി. ഈ മാസം മാത്രമല്ല 3 മാസങ്ങൾക്ക് ശേഷം വീണ്ടും കൂടും. തോന്നിയതുപോലുള്ള ശമ്പളവർദ്ധനയും യാതൊരു യോഗ്യതാമാനദണ്ഡവും പാലിക്കാത്ത സ്ഥാനക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥയുമൊക്കെ കാരണം മറ്റൊരു KSRTC ആയിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് KSEB എന്നത് തർക്കമറ്റ വസ്തുതയാണ്. മാത്രവുമല്ല കാലാവധി പൂർത്തിയായ പദ്ധതികൾ ഏറ്റെടുക്കാതെ സ്വകാര്യസംരംഭകർക്ക് കരാർ പുതുക്കി നൽകാനുള്ള ശ്രമം അഴിമതിയുടെ രൂക്ഷഗന്ധം പുറപ്പെടുവിക്കുന്നുണ്ട്. ചിലരുടെ സ്വാർത്ഥതാല്പര്യത്തിന് ഇരയാവുന്നത് സാധാരണ ജനമാണെന്നത് സർക്കാരിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നില്ല.

കൊല്ലാവസാനമാകുമ്പോഴേക്കും പരീക്ഷാചോദ്യക്കടലാസിന്റെ ചോർച്ചയിൽ ഉലയുകയാണ് വിദ്യാഭ്യാസവകുപ്പ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് ചോർച്ച വിവാദം ഉണ്ടാകുന്നത്. കൃത്യമായ അന്വേഷണം നടത്തുകയോ കുറ്റക്കാരെ ശിക്ഷിക്കുകയോ ചെയ്യാത്തതാണ് ഇതിന് കാരണമെന്ന് കാണാവുന്നതാണ്. യൂട്യൂബ് ചാനലുകളിൽ കൂടി ചോദ്യങ്ങൾ പ്രചരിക്കുന്നത് ചോദ്യാവലി തയ്യാറാക്കുന്നവരുടെ ഒത്താശയോടെയാണ് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റക്കാർക്കെതിരെ  കൃത്യമായ നടപടി ഇല്ലാത്തത് ആ സംശയം ബലപ്പെടുത്തുന്നു.

പോയവർഷങ്ങളിലെന്ന പോലെ സാംസ്കാരികകേരളത്തിന് വലിയ നഷ്ടം സംഭവിച്ച വർഷം കൂടിയായിരുന്നു ഇത്തവണത്തേതും. മലയാളസിനിമയിലെ അമ്മ കവിയൂർ പൊന്നമ്മ, കനക ലത, ടി പി മാധവൻ, സംഗീതജ്ഞൻ കെ ജി ജയൻ, ഗായിക മച്ചാട്ട് വാസന്തി, വില്ലൻമാരായി ജനമനസ്സിൽ ഇടം നേടിയ കീരിക്കാടൻ ജോസ്, മേഘനാഥൻ, സംവിധായകരായ സംഗീത് ശിവൻ, ഹരികുമാർ, ഒരുകാലത്ത് മലയാളികളെ ത്രസിപ്പിച്ച ഈണങ്ങൾ സൃഷ്ടിച്ച കെ ജെ ജോയ്, കവി എൻ കെ ദേശം, നിരവധി ജീവനുകൾ രക്ഷകനായ ഡോ. എം എസ് വല്യത്താൻ തുടങ്ങി നിരവധി പേരാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

മലയാളസാഹിത്യത്തിൽ ഒരു മഹാമേരുവായി നിറഞ്ഞുനിന്നിരുന്ന മലയാളത്തിന്റെ സുകൃതം ശ്രീ എം ടി വാസുദേവൻ നായർ ക്രിസ്തുമസ് ദിനത്തിൽ കാലം കടന്നുപോയത് മലയാളികളേയും അദ്ദേഹത്തിന്റെ വായനക്കാരേയും ഏറെ ദുഖത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു. കഥാലോകത്തും സിനിമാമേഖലയിലും സാംസ്കാരികരംഗത്തും നിറഞ്ഞുനിന്നിരുന്ന, പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാൻ മടി കാണിച്ചിട്ടില്ലാത്ത ധീഷണാശാലിയായ ദേഹത്തിന്റെ നിയോഗം മലയാളഭാഷയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടം തന്നെയാണ്. നിരവധി ദേശീയപുരസ്കാരങ്ങളും ജ്ഞാനപീഠം പോലുള്ള മഹത്തായ പുരസ്കാരങ്ങളും മലയാളത്തിലേക്ക് എത്തിച്ച എം ടി ക്ക് പകരം വെക്കാൻ മറ്റാരുമില്ല എന്നത് ഒരു സത്യം തന്നെയാണ്.

വൈകിയാണെങ്കിലും വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമായത് വർഷാവസാനമാണ്. ഇത് വെറും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുമോ അതോ സാമ്പത്തികസഹായത്തിന്റെ കാര്യത്തിലും പ്രതിഫലിക്കുമോ എന്നത് പക്ഷെ വ്യക്തമാക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ നിലവിലെ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ്ഖാന് സ്ഥലമാറ്റം എന്നതും വർഷാവസാനം എത്തിയ വാർത്തയാണ്. പുതിയ ഗവർണറും സർക്കാരും ശീതസമരത്തിലായിരിക്കുമോ അതോ ഒത്തുപോകുമോ എന്നത് കണ്ടുതന്നെയറിയണം.

പറയുകയാണെങ്കിൽ ഇനിയുമൊരുപാടുണ്ട്. ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ പുഴയിലേക്കാണ്ടുപോയ അർജ്ജുൻ കരയിപ്പിച്ചത് മലയാളികളെ  മുഴുവനുമായിരുന്നു. പ്രാർത്ഥനയോടെ എല്ലാവരും ദിവസങ്ങളോളം കാത്തിരുന്നുവെങ്കിലും അദ്‌ഭുതങ്ങളൊന്നും സംഭവിച്ചില്ല. അർജ്ജുന്റെ രക്ഷാദൗത്യം വളരെയേറെ മാദ്ധ്യമശ്രദ്ധ കിട്ടിയ ഒരു വിഷയമായിരുന്നു. ഈ ദൗത്യത്തിൽ കാർക്കള എം എൽ എ യുടെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. മാധ്യമങ്ങളുടെ അതിരുകടന്ന ഇടപെടലും ഏറെ വിമർശനങ്ങൾക്ക് വിധേയമായി. മാസപ്പടിക്ക് ശേഷം മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലായ സംഭവമായിരുന്നു പി ആർ ഏജൻസിയുടെ ഇടപെടലോടെ വിവാദമായ ഹിന്ദുവിന് നൽകിയ അഭിമുഖം. പത്രത്തിൽ വന്നത് പറയാത്ത കാര്യമാണെന്ന് വിശദീകരിച്ചിട്ടും പത്രത്തെ  വിമർശിക്കാനോ പി ആർ ഏജൻസി ഉണ്ടെന്ന ആരോപണത്തിൽ ഒരു വ്യക്തത വരുത്താനോ 'മാധ്യമ സിൻഡിക്കേറ്റ്' എന്ന ആക്ഷേപം പലപ്പോഴും ചൊരിയാറുള്ള മുഖ്യമന്ത്രി ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. വിഴിഞ്ഞത്ത് വലിയ കപ്പൽ വന്നതും അന്താരാഷ്ട്രശ്രദ്ധ കിട്ടുന്ന നിലവാരത്തിലേക്ക് തുറമുഖം വളരാൻ പോകുന്നതും പോയ വർഷത്തെ നല്ല വർത്തയാണെങ്കിലും വയബിലിറ്റി ഗാപ് വായ്പയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാനവും കേന്ദ്രവും ഇപ്പോഴും തുടരുകയാണ്.

ശബരിമലയിൽ ഇത്തവണയും വിവാദത്തിൽ തന്നെ. മുല്ലപ്പെരിയാർ തർക്കം, പറമ്പിക്കുളം-ആളിയാർ അണക്കെട്ട് വിവാദം, ഭരണഘടനാ വിമർശിച്ചതിന് മന്ത്രി സജി ചെറിയാനെതിരെയുള്ള തുടരന്വേഷണം, ചക്രശ്വാസം വലിക്കുന്ന KSRTC , പാനൂർ ബോംബ് സ്ഫോടനം, ഒളിഞ്ഞും തെളിഞ്ഞും വരുന്ന കെ റയിൽ, സ്മാർട്ട് ആകാത്ത കെ-ഫോൺ, പീഡനപരമ്പരകൾ, കൊലപാതകങ്ങൾ, ആന എഴുന്നെള്ളിപ്പിന് ഏർപ്പെടുത്തിയ പുതിയ നിർദ്ദേശങ്ങൾ, ഉന്നവിദ്യാഭ്യാസ മേഖലയിലെ തകർച്ച, ഖാദർ കമ്മിറ്റി റിപ്പോർട്ട്, ശമ്പള പ്രതിസന്ധി, നിരത്തിൽ പൊലിയുന്ന ജീവനുകൾ, പോലീസിലെ രാഷ്ട്രീയാതിപ്രസരം, ശബരി റെയിൽപാത, ശബരിമല വിമാനത്താവളം, മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സംഭവപരമ്പരകൾ, ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള നിപ്പയുടെ മടങ്ങി വരവ് അങ്ങനെ എത്രയോ സംഭവങ്ങൾക്ക് സാക്ഷിയായി ഈ കൊച്ചു കേരളം കഴിഞ്ഞ പന്ത്രണ്ടു മാസങ്ങൾക്കുള്ളിൽ. വർഷാവസാനമായിട്ടും വിവാദങ്ങൾ അടങ്ങിയിട്ടില്ല, അത് അടങ്ങുകയുമില്ല. പുതിയ വാഗ്വാദങ്ങൾക്കും സംഘർഷങ്ങൾക്കും സാക്ഷിയാകാൻ 2025 എത്തുകയാണ്. നല്ല വാർത്തകളും വിശേഷങ്ങളും പ്രതീക്ഷിച്ചിരിക്കാമെന്നല്ലാതെ വേറെയൊന്നും നമുക്ക് ചെയ്യാനില്ല എന്ന് മാത്രം പറഞ്ഞുകൊള്ളുന്നു.