1 .
നാലമ്പലത്തിനകത്തേക്ക് ജനം തിക്കി തിരക്കുകയാണ്.
പൂഴി മുകളിലോട്ടു എറിഞ്ഞാൽ താഴേക്ക് വീഴില്ല.
എന്നാലും എങ്ങനെയെങ്കിലും മുന്നിലോട്ടു പോകാൻ വെമ്പുന്ന ആളുകൾ.
ശകാരങ്ങളും പിറുപിറുക്കലുകളും കുഞ്ഞുങ്ങളുടെ കരച്ചിലും കൂടി ശബ്ദമുഖരിതമായ അന്തരീക്ഷം.
വിയർത്തൊലിക്കുന്ന ശരീരങ്ങൾ.
പെട്ടെന്ന്, ഒരു മണി കിലുക്കവും കനത്ത പാദപതനവും.
ഒരു നിമിഷം! ആളുകൾ നിശബ്ദരായി. അവരുടെ കണ്ണുകളിൽ പരിഭ്രമം. എങ്ങനെയെങ്കിലും പുറത്തേക്ക് എത്തിയാലും മതിയെന്ന തോന്നൽ.
എങ്ങോട്ടു പോകും? അവർ തമ്മിൽ തമ്മിൽ നോക്കി!
ദിശയറിയാത്ത ഒഴുക്കിനെപ്പോലെ അവർ അങ്ങോട്ടുമിങ്ങോട്ടും വെപ്രാളത്തോടെ നീങ്ങാൻ ശ്രമിച്ചു.
ഒടുവിൽ തനിക്കായി സൃഷ്ടിക്കപ്പെട്ട വഴിയുടെ ഇരുവശത്തുമുള്ള വിളർത്ത മുഖങ്ങളെ നോക്കാതെ അവൻ പതുക്കെ തലകുലുക്കി കടന്നുപോയി.
2 .
ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളെ പരിഹസിച്ച് കടന്നുപോകുന്ന സമയം.
മുട്ടി മുട്ടിയില്ല എന്ന മട്ടിൽ റോഡിൽ വാഹനങ്ങൾ.
കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും പഴുതില്ല.
വാഹനങ്ങളിൽ നിന്നും അടിക്കടിയുയരുന്ന അക്ഷമയുടെ കാഹളം.
മുന്നിൽ തെളിയുന്ന ഗൂഗിൾ മാപ്പിലെ ചുവന്ന വരയെ നോക്കി ഈ വഴി വന്നതിന് സ്വയം പഴിക്കുന്നവർ.
നേരത്തെ വീട്ടിൽ നിന്നും ഇറങ്ങാത്തതിൽ കുറ്റപ്പെടുത്തുന്നവർ.
ഒച്ചിനെക്കാൾ പതുക്കെ ഇഴയുന്ന വാഹനങ്ങളുടെ നീണ്ട നിര സൃഷ്ടിക്കുന്നു അസ്വസ്ഥകൾ.
അപ്പോൾ, കുറച്ചുപിന്നിലായി നീലവെളിച്ചം മിന്നി, നിർത്താതെയുള്ള ചൂളംവിളിയും.
അറിയാതെ ആളുകൾ പിറുപിറുക്കുന്നത് നിർത്തി. സമയം വൈകിയതും മറന്നു. കാഹളം നിലച്ചു.
പിന്നെ, പുഴ മാറിയുണ്ടായതുപോലെ അവിടെയുമൊരു വഴി.
അതിലൂടെ ഒരല്പപ്രാണനേയും കൊണ്ട് ഒരു വാഹനം കുതിച്ചുപായുന്നത് കണ്ടപ്പോൾ അവരിൽ നിന്നുമൊരു ദീർഘനിശ്വാസം ഉതിർന്നു.