പേജുകള്‍‌

രണ്ടാം ജന്മദിനം


                പതിവ് പോലെ വൈകിയാണ് ഇന്നലെയും കിടന്നത്, എന്നിട്ടും ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു.ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർത്ത് ഞാൻ വല്ലാത്ത ഒരു ആവേശത്തിലായിരുന്നു.ഇന്ന് എന്റെ ജന്മദിനമാണ്, കേക്ക് മുറിക്കലും സദ്യയൊക്കെയായി ആഘോഷമായിരിക്കും. അച്ഛന്റെയും അമ്മയുടെയും ഫോണുകൾക്ക് ഇന്ന് വിശ്രമം ഉണ്ടാകില്ല,അച്ഛൻ പുതിയ ഉടുപ്പ് എനിക്ക് വേണ്ടി വാങ്ങിയിട്ടുണ്ടാകും.ഇങ്ങനെയൊക്കെ ആലോചിച്ചു ഞാൻ ഒരു വിധം വെളുപ്പിക്കുകയായിരുന്നു. പതുക്കെ കണ്ണ് തുറന്ന് കിടക്കയിൽ തപ്പി നോക്കി.അമ്മ ഇല്ല.അടുക്കളയിൽ സദ്യയുടെ തിരക്കിലായിരിക്കും, വിളിക്കണ്ട.അച്ഛൻ ഇന്ന് ഓഫീസിൽ പോകുമോ എന്തോ? അഥവാ പോയാലും നേരത്തെ വരുമായിരിക്കും.ആരൊക്കെയായിരിക്കും വൈകുന്നേരം വരുന്നത്? എന്തായാലും നല്ല രസമായിരിക്കും.കുറച്ചു നേരം കൂടി കിടക്കാം,നല്ല സുഖമുണ്ട് ഇങ്ങനെ ചുരുണ്ട് കിടക്കാൻ. 
               എത്ര നേരം അങ്ങനെ കിടന്നുവെന്നു അറിയില്ല. അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടാണ് ആലോചന നിർത്തിയത്. നാട്ടിൽ നിന്ന് വിളിച്ചതായിരിക്കും.എന്താ പറയുന്നത്, ഞാൻ ചെവി കൂർപ്പിച്ചു, "ഇല്ല, ഉറങ്ങുന്നുണ്ട്. ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുകയാ.വൈകുന്നേരം പരിപാടി ഒന്നും ഇല്ല. ആരെയും വിളിച്ചില്ല, കേക്കും വാങ്ങിയില്ല. ആദ്യത്തെ പിറന്നാളല്ലല്ലോ അത് കൊണ്ട് ആഘോഷം ഒന്നും ഇല്ല.......". പിന്നെയും എന്തോ പറയുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ ഒന്നും കേട്ടില്ല.സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞെങ്കിലും ഞാൻ കരഞ്ഞില്ല കാരണം ഇത് എന്റെ ആദ്യത്തെ ജന്മദിനമല്ലല്ലോ, രണ്ടാമത്തെതല്ലേ സാരമില്ല. ഞാൻ തലയണയിൽ മുഖമമർത്തി കിടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ