പേജുകള്‍‌

സിനിമാക്കഥ



            സിനിമക്ക് വേണ്ടി ഒരു കഥയെഴുതണം എന്ന് കുറെ നാളായി ആലോചിക്കുന്നു. അങ്ങനെ ആലോചിച്ചപ്പോഴാണ് പറ്റിയ ഒരു thread (സിനിമാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ) മനസ്സിൽ തെളിഞ്ഞത്. ഞാൻ കഥയിലേക്ക് കടക്കാം. കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ്. അംബരചുംബികളായ കെട്ടിടങ്ങളും വിഷപ്പുക തുപ്പുന്ന വാഹനങ്ങളും മഴവെള്ളം പോലെ ആർത്തിരമ്പി പോകുന്ന ജനസഞ്ചയവും ബഹളമയവുമായ നഗരത്തിനെക്കാൾ എന്ത് കൊണ്ടും നല്ലത് ഗ്രാമങ്ങൾ തന്നെയാണ്. അവിടെയാകുമ്പോൾ മല തുരന്നെടുക്കുന്ന JCB -കൾ, വറ്റി വരണ്ട പുഴകൾ, മൊട്ടക്കുന്നുകൾ, മണ്ണിട്ട്‌ നികത്തിയ പാടങ്ങൾ, സർവ്വനാശത്തിന്റെ കാരണഭൂതരായി മാറിക്കൊണ്ടിരിക്കുന്ന ക്വാറികൾ  അങ്ങിനെ അങ്ങിനെ കണ്ണിനു കുളിർമ  നൽകുന്ന ഒരു പാട്  കാഴ്ചകൾ ഉണ്ടാകും.

            കഥ തുടങ്ങുന്നത് സ്ഥലത്തെ പ്രമാണിയിൽ നിന്നായിക്കോട്ടേ. ശുദ്ധനും പരോപകാരിയും സർവ്വോപരി പണക്കാരനുമായ ഒരു പാവം മാന്യദേഹം. ഭാര്യയും അത് പോലെ തന്നെ. ഒരേയൊരു മകൾ, അവളാണ്  നമ്മുടെ നായിക. അദ്ദേഹത്തിന് ഒരു അനന്തിരവൻ ഉണ്ട്. പക്ഷെ പാവപ്പെട്ടവൻ. എന്ത് ചെയ്യാം അളിയൻ കാശുണ്ടാക്കാൻ നോക്കാതെ കള്ളു കുടിച്ചു ഉടലോടെ സ്വർലോകം പൂകി.  അമ്മാവന് അനന്തിരവനോട് സ്നേഹം, വാത്സല്യം ഒക്കെ ഉണ്ട്. അമ്മായിക്കും അങ്ങനെ തന്നെ. പറഞ്ഞില്ല, അവനാണ് നമ്മുടെ നായകൻ. പക്ഷെ നായികക്ക് നായകനെ അത്ര പത്യമല്ല ഇപ്പോൾ. ആയിരുന്നു പണ്ട്, ബാല്യകാലത്ത്‌ (ഒരു പാട്ടിനു ഇവിടെ scope ഉണ്ട്, ഫ്ലാഷ് ബാക്ക് കാണിക്കാൻ). വലുതായപ്പോൾ ദരിദ്രനായ മുറചെറുക്കനോട് പെണ്ണിന് കിന്നാണ്ടം തോന്നിയില്ല. കക്ഷിക്ക് കോളേജിലെ ഒരു ചെറുപ്പക്കാരനോട്‌ താല്പ്പര്യം. ഇവനെ നമുക്ക് വില്ലനാക്കാം. സ്വാഭാവികമായും വില്ലൻ നായികയെ ചതിക്കും (വില്ലന്റെ അച്ഛനെ നായികയുടെ അച്ഛന്റെ ബിസിനസ്‌ ശത്രുവാക്കാം). വില്ലന്മാരുടെ ചതിയിൽ പെട്ട് അപമാനിതരായത്‌ കാരണം നായികയുടെ അച്ഛനും അമ്മയും പരലോകം പോകുന്നു. വില്ലനും നായികയും കൊല്ലപ്പെട്ട നിലയിൽ റെയിൽവേ പാളത്തിൽ. സംശയദൂഷ്യം  കാരണം നായകനെ അറസ്റ്റ് ചെയ്യുന്നു (നായകന് വില്ലനോട് ദേഷ്യമുണ്ട് എന്നതിന് വേറെ സംഭവങ്ങൾ ഉണ്ടാക്കാം). ഇനി ഇടവേള, പക്ഷെ ബാബുവില്ല.

         ഇടവേളയ്ക്കു ശേഷം നായകന്റെ ജയിൽ വാസം, ചതിക്കപ്പെട്ടവന്റെ നൊമ്പരം, പ്രതികാരദാഹം അങ്ങിനെ കുറെ സംഭവങ്ങൾ (ഇവിടെയും ഒരു പാട്ടിടാം, senti  song) . ഇതിനിടയിൽ വില്ലന്റെ അച്ഛന് ഒരു ഫോൺ കാൾ. നമ്മുടെ വില്ലൻ ബോംബയിൽ നിന്ന്.ഇതാണ് ട്വിസ്റ്റ്‌. വില്ലൻ മരിച്ചില്ല, നായികയും. നായകനെ കുടുക്കാൻ വില്ലന്മാർ ചെയ്ത ആൾമാറാട്ടം. വീണ്ടും ട്വിസ്റ്റ്‌. നായകൻ ജയിൽ ചാടുന്നു. വില്ലന്റെ ആൾക്കാരിൽ നിന്ന് കഥകൾ അറിയുന്നു. വില്ലനെ പിടിക്കാൻ നായകൻ ബോംബയിലേക്ക്. അവിടെ വച്ച് നായികയെ കണ്ടെത്തുന്നു. അവൾ വില്ലനാൽ ചതിക്കപ്പെട്ടു കഴിയുകയാണ്. നായകന്റെ സ്നേഹം തിരിച്ചറിയുന്നു.വില്ലനും നായകനും പൊരിഞ്ഞ തല്ല്. തല്ലി തല്ലി പരിപ്പിളകുമ്പോൾ പോലീസ് വന്നു വില്ലന്മാരെ കൊണ്ട് പോകുന്നു (അല്ലെങ്കിൽ നായകൻ വില്ലന്മാരെ തൂക്കി പോലീസ് സ്റ്റേഷനിൽ കൊണ്ടിടുന്നു. സംഭവം അറിഞ്ഞപ്പോൾ പോലീസ് happy).  . ഇനിൻ നായികാ നായകന്മാരെ ഒന്നാക്കാം അല്ലെങ്കിൽ ചതിക്കപ്പെട്ടതിനാൽ നായകന്റെ സ്നേഹം നിരസിച്ചു മരണത്തിൽ അഭയം തേടുന്ന നായിക തുടങ്ങി എങ്ങിനെ വേണമെങ്കിലും നമുക്ക് 'ശുഭം' എന്ന് കാണിക്കാം.

         എങ്ങിനെയുണ്ട്? കൊള്ളാം അല്ലെ..? ഈ കഥ സിനിമയായി കാണണം എന്നായിരുന്നു ആഗ്രഹം.അതിനായി രഞ്ജിത്ത് സാറിനെയോ, സത്യൻ അന്തിക്കാട്‌ സാറിനെയോ വേണ്ടി വന്നാൽ ജോഷി സാറിനെപ്പോലും കാണണം എന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് 2015 കഴിഞ്ഞ് 2016 വന്നതും ഘോഷയാത്ര തുടങ്ങിയതും. അതിനാൽ ഇനി സിനിമ വേണ്ട നാടകം മതി. അല്ലെങ്കിൽ ഈ facebook തന്നെ ധാരാളം. കാരണം കാലനിപ്പോൾ നോട്ടം സിനിമയിലേക്കാ. ഇനി മൂപ്പരേയും സിനിമയിലെടുത്തോ ആവോ..ആർക്കറിയാം...  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ