പേജുകള്‍‌

ദൈവത്തിൻ നാട്

 

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആലപിക്കാനായി ഒരു പാട്ട് എഴുതിത്തരണമെന്ന് സുഹൃത്തും സഹപാഠിയും നാട്ടുകാരനുമായ ഗോപിനാഥൻ  ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയ വരികളാണ്  കൊടുത്തിരിക്കുന്നത്.



ഗോപിയുടെ ഭാര്യ തുളസി ഈ പാട്ടിന്  ഈണം നൽകുകയും അത് ഭർത്താവിനോടൊത്ത് ആലപിക്കുകയും ചെയ്തതിന്റെ വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:

https://www.youtube.com/watch?v=on-6YLKmwmA


പച്ചയാം വിരിപ്പിട്ട സഹ്യനെ കാണുവാൻ 

സംസ്കൃതി വിരിയിച്ച പുഴകളെ കാണുവാൻ 

ജീവന്റെ താളം ഇനിയും മുഴങ്ങുവാൻ 

ഉണരേണം മർത്യർ നാം ഇനിയെങ്കിലും 


പുഞ്ചിരി തൂകുന്ന മുണ്ടകൻ പാടവും 

കള കളം പാടുന്ന കാട്ടാറിൻ കുളിരും 

പൊന്നോണത്തുമ്പിയും പൈങ്കിളിയും 

ദൈവത്തിൻ നാടുമൊരു പഴങ്കഥയോ 


അവനിതൻ കണ്ണീര് കണ്ടുതപിക്കാൻ  

ആ മാതൃഹൃദയവുമില്ലയീ ഭൂമിയിൽ 

ജനനിതൻ ചരമഗീതം കുറിക്കുവാൻ  

വിങ്ങും കവിഹൃദയമില്ലയീ ഭൂമിയിൽ

മരങ്ങൾ തളിരണിയുന്നതും കാത്ത്

 




"ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി

ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി 

ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി 

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി "


മരങ്ങൾക്കും മലകൾക്കും കിളികൾക്കും വേണ്ടി കണ്ണീരൊഴുക്കിയ, പാടിയ, പൊരുതിയ സുഗതകുമാരി ടീച്ചർ ഇല്ലാത്ത ആദ്യത്തെ പരിസ്ഥിതി ദിനം (June 5). ടീച്ചറിന് സമം ടീച്ചർ മാത്രം. തന്റെ കാലശേഷം ഓർമ്മയ്ക്കായി ഒരു ആൽമരം നടണമെന്നും അതുവഴി ഇനിയും അനേകം കിളികൾക്കും പ്രാണികൾക്കും ആശ്രയമാകണമെന്നും കൊതിച്ച, പ്രകൃതിയുടെ വേദനയിൽ സ്വയം ദുഃഖിച്ച, സർവ്വചരാചരങ്ങൾക്കും അമ്മയായി തീർന്ന അവരുടെ അഭാവം സൃഷ്ടിച്ച ശൂന്യതയിൽ തരിച്ചിരിക്കുമ്പോഴാണ് മറ്റൊരു പ്രകൃതി സ്‌നേഹി കൂടി വിടവാങ്ങിയത്. ചിപ്കോ പ്രസ്ഥാനത്തിന്റെ ശക്തിയായിരുന്ന സുന്ദർലാൽ ബഹുഗുണ. കുട്ടിക്കാലത്ത് ഏതോ ഒരു പാഠപുസ്തകത്തിൽ മരത്തിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആദ്ദേഹത്തിന്റെ രൂപം ഇപ്പോഴും കണ്ണിന് മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. അവരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് എന്റെ ചെറിയ വൃക്ഷപുരാണം ആരംഭിക്കുന്നു.

മരങ്ങൾ ഇല്ലാതാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം തീർത്തും സങ്കടകരമാണ്. ഒരു മരം മുറിക്കുമ്പോഴോ വേരറ്റ്‌ നിലംപതിക്കുന്നതോ കാണുമ്പോൾ അനുഭവപ്പെടുന്ന ദുഃഖം വാക്കുകൾക്കപ്പുറമാണ്. അതുകൊണ്ടു തന്നെ മരം ഇല്ലാതാക്കുന്നതിനെ ഞാൻ ഒരിക്കലും അനുകൂലിക്കാറില്ല. പക്ഷെ നിവൃത്തിയില്ലാതെ പലപ്പോഴും നിശബ്ദം അത് കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്, സമ്മതമായി തലയാട്ടേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് എത്രമാത്രം വേദനാജനകമാണെന്നോ ആ അവസ്ഥകൾ. അതുകൊണ്ടു തന്നെ കഴിയുന്നിടത്തോളം മരങ്ങൾ പറമ്പിൽ നട്ടു വളർത്തുക എന്നത് എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. അതിനായി കുറെ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ ശതമാനക്കണക്കിൽ നോക്കിയാൽ വിജയം കുറവായിരുന്നു എന്നത് സത്യം. എങ്കിലും പരിശ്രമം ഉപേക്ഷിച്ചിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവാസജീവിതമായതിനാൽ മഴക്കാലത്ത് നാട്ടിൽ വരുമ്പോഴൊക്കെ ഞാൻ ഈ ഉദ്യമത്തിൽ ഏർപ്പെടാറുണ്ട്. മഴ ഒഴിഞ്ഞ വേളയിൽ കൈക്കോട്ടുമെടുത്ത് മാവിൻ ചോട്ടിലും പ്ലാവിൻ ചോട്ടിലുമൊക്കെ മുളച്ചു നിൽക്കുന്ന തൈകളെ ഞാൻ വളപ്പിന്റെ പല ഭാഗത്തായി സ്നേഹത്തോടെ പ്രാർത്ഥനാപൂർവ്വം പറിച്ചു നട്ടിട്ടുണ്ട്. വരി വരിയായി തേക്കിൻ തൈകളും വച്ചു പിടിപ്പിച്ചിരുന്നു. പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അകാലചരമം പ്രാപിക്കാനായിരുന്നു മിക്കതിനും യോഗം. ചിലതൊക്കെ ബാലാരിഷ്ടതകളിൽ പെട്ട് ദിവസങ്ങൾക്കുള്ളിൽ നിത്യനിദ്ര പോകുമ്പോൾ മറ്റു ചിലത് കഷ്ടിച്ചു മഴക്കാലം കഴിച്ചുകൂട്ടും. വേനലിന്റെ കരാളഹസ്തങ്ങളിൽ പെട്ട് അവ ചാമ്പലാകും. ഇതിനെ തരണം ചെയ്യുന്നവയിൽ ചിലതാകട്ടെ മുന്നുംപിന്നും നോക്കാതെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നവരുടെ ആയുധത്തിനിരയാകും. എന്നിട്ടും രക്ഷപ്പെടുന്നവയാകട്ടെ ആരാന്റെ പശുവിന്റെ ഇരയായിത്തീരും. ഇതൊന്നും കൂസാതെ അപൂർവ്വം ചിലത്  പുതുജീവിതം സ്വപ്നം കണ്ട്, മാനത്തമ്പിളിയെ തൊടാനുള്ള ആഗ്രഹവുമായി കുതിക്കുന്നവയുണ്ട്. ആധുനിക സുഖസൗകര്യങ്ങൾക്കായി ഭൂമിക്ക് കുറുകെ മനുഷ്യൻ കെട്ടിയിരിക്കുന്ന വൈദ്യുതി കമ്പിയുടെ സാങ്കേതികത്വത്തിൽ അവയുടെ തലയോ ഉടലൊന്നാകയോ വെട്ടിയെറിയപ്പെടും. 

ഓരോ തവണ നാട്ടിൽ വരുമ്പോഴും പല്ലു തേക്കാനുള്ള ബ്രഷും വായിലിട്ട് ഞാൻ എന്റെ കിടാങ്ങളെ തിരക്കിയിറങ്ങുമ്പോഴായിരിക്കും മേല്പറഞ്ഞ കഥകളൊക്കെ ഞാൻ അറിയാനിടവരുന്നതും നെഞ്ചിനുള്ളിൽ ദുഖത്തിന്റെ വേലിയേറ്റമുണ്ടാകുന്നതും. രക്ഷപ്പെടുന്നവയ്ക്ക് കഴിയുന്നത് പോലെ നനച്ചു കൊടുക്കാൻ വേനൽക്കാലത്ത് അമ്മ ശ്രമിക്കാറുണ്ട്, പക്ഷെ ആ പ്രവൃത്തി അധിക കാലം വേണ്ടി വരാറില്ല എന്നതാണ് യാഥാർഥ്യം. ഈ അപഹാരങ്ങളെയൊക്കെ വിജയകരമായി മറികടന്നു കൊണ്ടിരുന്ന ചിലത് പുതിയ വീട് പണി നടക്കുമ്പോൾ നിഷ്ഠൂരം വേരോടെ പറിച്ചെറിയപ്പെട്ടു. നേരത്തെ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് എന്നോട് തന്നെ പ്രതിഷേധം രേഖപ്പെടുത്താൻ പറ്റിയിരുന്നുവെങ്കിൽ ഒടുവിൽ പറഞ്ഞതിൽ പക്ഷെ നിസ്സംഗമായ മൗനം പുലർത്തേണ്ടി വന്നു. എങ്കിലും ഞാൻ കുറച്ചൊക്കെ സന്തോഷവാനാണ്. തികച്ചും സാധാരണവും അസാധാരണവുമായ പ്രതിബന്ധങ്ങളെ മുഴുവൻ തോൽപ്പിച്ച ഏതാനും തൈകൾ മരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന രൂപപരിണാമത്തിന് ഞാൻ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു എന്നതാണതിന് കാരണം. നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപ് ഞാൻ നട്ട ഒരു സപ്പോട്ട തൈ ഈ ഋതുവിൽ കടിഞ്ഞൂൽകുഞ്ഞുങ്ങളുമായി നിൽക്കുന്ന കാഴ്ച ഈയടുത്താണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതെനിക്ക് സമ്മാനിച്ച ആനന്ദം അളവറ്റതായിരുന്നു. ഒരു വ്യാഴവട്ടം മുൻപത്തെ പരിസ്ഥിതി ദിനത്തിൽ ബാംഗ്ലൂരിലെ എന്റെ ഓഫീസിൽ നിന്നും വാങ്ങിയ ഒരു കുഞ്ഞുതൈ ഇന്ന് മരമായി വാനോളം വളർന്നിരിക്കുന്നു എന്നതാണ് വേറൊരു സന്തോഷം. അതുപോലെ വൈദ്യുതി കമ്പിയുടെ പേരിൽ പലതവണ അംഗഭംഗത്തിന് വിധേയമായിട്ടുണ്ടെങ്കിലും ഊർജ്ജസ്വലതയോടെ തലയുയർത്തി നിൽക്കുന്ന ഒരു തേക്ക് മരവും എന്റെ സന്തോഷത്തിന് കാരണമായി നിൽക്കുന്നുണ്ട്. ലോക്ക് ഡൌൺ കാലത്ത് നാട്ടിലായതിനാൽ ഏതാനും മാസങ്ങൾക്ക് മുൻപ് നട്ട ഒരു മാവിൻ തൈ അധികം പ്രതീക്ഷ തരാതെ കരിഞ്ഞു പോയതും വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ടിരുന്ന ഒരു പ്ലാവിൻ തൈ പശു ചവച്ചരയ്ക്കുന്നതും ഇതിനിടയിൽ ദുഖത്തോടെ കണ്ട് നിൽക്കേണ്ടി വന്നു. കഴിഞ്ഞ ഒന്നുരണ്ട് വർഷമായി നടുവേദന വല്ലാതെ ശല്യപ്പെടുത്തന്നതിനാൽ പഴയതു പോലെ കൈക്കോട്ടുമായി ഇറങ്ങാൻ പറ്റില്ല എന്നൊരു വിഷമമുണ്ട്. എങ്കിലും  കാത്തിരിക്കുകയാണ് ഇടവപ്പാതിയെ. പച്ചയുടെ ഒരു നാമ്പെങ്കിലും നട്ടു വളർത്താം എന്ന പ്രതീക്ഷയോടെ, അല്പമല്ലാത്ത ആഗ്രഹത്തോടെ.