This article was published in the 6th edition of Kundalahalli Kerala Samajam's online magazine Bhoomika.
'രുഗ്മണിസ്വയംവര'ത്തിലെ അവസാനപദവും ആടി തീർന്നതിനുശേഷം ആ തുള്ളൽ വേഷക്കാരൻ ആശ്വാസത്തോടെ പ്രാർത്ഥനയോടെ സദസ്സിനെ നോക്കി തൊഴുതു. വേദിയിലെ പ്രകടനം കഴിഞ്ഞാൽ ഏതൊരു കലാകാരനും ചെയ്യുന്ന തികച്ചും മര്യാദകലർന്ന പെരുമാറ്റം. ഒരുനിമിഷത്തെ നിശബ്ദത. പിന്നെ അയാൾ കണ്ടത് കാതടപ്പിക്കുന്ന കരഘോഷവുമായി എഴുന്നേറ്റ് നിന്ന് അഭിനന്ദിക്കുന്ന കാണികളെയായിരുന്നു. നിറഞ്ഞ മനസ്സോടെ, ഒത്തിരി സന്തോഷത്തോടെ അവർ അവന്റെ പ്രകടനത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. അണിയറയിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അവൻ ചിരിക്കുകയായിരുന്നില്ല മറിച്ച് കരയുകയായിരുന്നു, തന്റെ പ്രയത്നം വൃഥാവിലായില്ലല്ലോ എന്ന സന്തോഷത്തിൽ. കണ്ണുനീർ തുള്ളിയാൽ മാഞ്ഞുപോയ മുഖത്തെഴുതിയ പച്ച നോക്കി അണിയറയിലെ കണ്ണാടിക്ക് മുൻപിൽ അവനിരുന്നു. വേദിയിൽ തീർത്ത മഞ്ജീരശിഞ്ജിതം അപ്പോഴും തനിക്കുചുറ്റും അലയടിക്കുന്നതായി അവന് തോന്നി. മനസ്സിലെ സന്തോഷം ആനന്ദക്കണ്ണീരായി ഒഴുകുമ്പോൾ തുടച്ചുകളയാൻ പോലും മറന്നു. കഴിഞ്ഞതൊക്കെ വെറുമൊരു സ്വപ്നമാണോയെന്നു പോലും അവന് തോന്നി. കാരണം ഇരുപത്തേഴുവർഷങ്ങൾക്ക് ശേഷമാണ് ആ മുഖം വീണ്ടും പച്ചയണിയുന്നത്!
അവന്റെ ഈ സ്വപ്നസാക്ഷാൽക്കാരത്തിന് സാക്ഷിയായവരുടെ കൂട്ടത്തിൽ അച്ഛനും അമ്മയും ഭാര്യയും മക്കളും മറ്റു ബന്ധുക്കളും കൂടാതെ അമ്മാമനായ സാക്ഷാൽ കലാമണ്ഡലം പ്രഭാകരനുമുണ്ടായിരുന്നു. അതെ, കേരളത്തിലിന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന പ്രശസ്തനായ തുള്ളൽ കലാകാരൻ. തുള്ളലിന്റെ വളർത്തച്ഛനെന്ന് വിളിക്കപ്പെടുന്ന മലബാറിന്റെ പ്രിയപ്പെട്ട രാമൻ നായരുടെ ചെറുമകനിലൂടെ തുടർന്നുപോകുന്ന തുള്ളൽ പാരമ്പര്യം കണ്ട് ആ വൃദ്ധമനസ്സും കരഞ്ഞിട്ടുണ്ടാകാം, അനിർവചനീയമായ ആനന്ദം അനുഭവിച്ചിട്ടുണ്ടാകാം. കാരണം ഈ പ്രകടനങ്ങൾക്ക് കാരണഭൂതൻ അദ്ദേഹമാണല്ലോ!
ആ യുവാവിന്റെ പേര് വരുൺകുമാർ. വർഷങ്ങളായി ബാംഗളൂരിലെ ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്യുന്നു. മലയാളി കൂട്ടായ്മകൾ ഏറെയുള്ള ബാംഗ്ലൂരിൽ, അക്കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന സംഘടനകളിലൊന്നായ കുന്ദലഹള്ളി കേരളസമാജത്തിലെ പ്രവർത്തകസമിതി അംഗം കൂടിയായാണ് വരുൺ. ഇക്കഴിഞ്ഞ ഒക്ടോബർ 27 ന് നടന്ന അവരുടെ ഓണാഘോഷത്തിന്റെ വേദിയിലാണ് മേല്പറഞ്ഞ പ്രകടനം അരങ്ങേറിയത്. അതും സ്കൂൾ ജീവിതം കഴിഞ്ഞ് പതിറ്റാണ്ടുകൾക്ക് ശേഷം! പദങ്ങൾ പാടിയത് ശ്രീ കലാമണ്ഡലം പ്രഭാകരനും മൃദംഗത്തിൽ താളപ്പെരുക്കം നടത്തിയത് മകനായ ശ്രീ പ്രവീണും.
കുഞ്ചൻ നമ്പ്യാരുടെ തുള്ളലിനെ കേരളത്തിലങ്ങോളമിങ്ങോളം എത്തിച്ചതും അതിന്റെ വളർച്ചയ്ക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാനായ കലാകാരനായിരുന്നു മലബാർ രാമൻ നായർ. മഹാകവി കുട്ടമത്തിന്റെ ജന്മം കൊണ്ട് ധന്യമായ കാസർഗോഡ് ജില്ലയിലെ കുട്ടമത്ത് തന്നെയായിരുന്നു ശ്രീ രാമൻ നായരുടെയും ജനനം. അദ്ദേഹത്തിന്റെ അനുജന്റെ മകനായ ശ്രീ കലാമണ്ഡലം പ്രഭാകരനാകട്ടെ തുള്ളലിനെ ഏറെ ജനകീയമാക്കുക മാത്രമല്ല ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകളെ ഒരേവേദിയിൽ അവതരിപ്പിക്കുന്ന തുള്ളൽത്രയം എന്ന സമ്പ്രദായം അവതരിപ്പിക്കുക കൂടി ചെയ്ത കലാകാരനാണ്. അദ്ദേഹത്തിന്റെ സഹോദരിയായ ശ്രീമതി മധുരയുടേയും ഭർത്താവ് ദാമോദരന്റേയും ഇളയപുത്രനായ വരുണിന്റേയും ജന്മസ്ഥലം കുട്ടമത്ത് തന്നെയാണ്. ശ്രീ രാമൻ നായരുടെ പുത്രനും വരുണിന്റെ അമ്മാവസ്ഥാനീയനുമായ കലാമണ്ഡലം സുകുമാരനായിരുന്നു തുള്ളലിന്റെ ബാലപാഠങ്ങൾ വരുണിന് അഭ്യസിച്ചു കൊടുത്തത്. അതും വെറും രണ്ടുമാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് യുവജനോത്സവവേദികളിൽ തീർന്നു ആ പ്രകടനം. തുള്ളൽ പഠിക്കണമെന്ന മോഹം പിന്നീടും മനസ്സിലുണ്ടായിരുന്നെങ്കിലും പലകാരണങ്ങൾ കൊണ്ട് സാക്ഷാൽക്കരിക്കാൻ അവന് കഴിഞ്ഞില്ല. പക്ഷേ വേദികളിൽ നിന്നും വേദികളിലേക്ക് ഓടുന്ന അമ്മാവന്റെ വിജയം അവനെ ഏറെ പ്രചോദിപ്പിച്ചിരുന്നു എന്നത് സത്യം. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയുമായി ബാംഗ്ളൂരിലെത്തി പിന്നെയും വർഷങ്ങൾ വേണ്ടിവന്നു പഴയ ആഗ്രഹങ്ങൾ പൊടി തട്ടിയെടുക്കാൻ. നിമിത്തമായത് കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുന്ന കുന്ദലഹള്ളി കേരളസമാജവും അതിലെ ഭാരവാഹികളും. അവന്റെ ആഗ്രഹത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളുമായി അവർ കൂടെനിന്നപ്പോൾ വേറെയൊന്നും ആലോചിക്കാതെ വരുൺ വണ്ടി കയറി, അമ്മാമനായ കലാമണ്ഡലം പ്രഭാകരന്റെ അടുക്കലേക്ക്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ചിട്ടയായ പരിശീലനമായിരുന്നു പിന്നീടുള്ള ഏതാനും ആഴ്ചകൾ. ഒടുവിൽ എല്ലാവരെയും സാക്ഷിയാക്കിയുള്ള മേല്പറഞ്ഞ പ്രകടനവും. ലക്‌സോഫ്റ്റ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന വരുൺ ഇനിയങ്ങോട്ട് തന്റെ ജോലിയോടൊപ്പം തുള്ളലിനെയും കൂടെക്കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്നത്തെ പ്രകടനത്തിനുശേഷം അവസരങ്ങൾ തേടിവരുന്നതിൽ അഭിമാനത്തോടൊപ്പം ഏറെ ആനന്ദവും അനുഭവിച്ചറിയുന്നുണ്ട് ആ കലാകാരനിപ്പോൾ. വർഷങ്ങളോളം മനസ്സിലെ ആഗ്രഹത്തെ താലോലിച്ചു നടന്നതിന്, അവസരം കിട്ടിയപ്പോൾ അതിന്റെ സാക്ഷാൽക്കാരത്തിന് അദ്ധ്വാനം ചെയ്തതിന് ഒരുപക്ഷെ കാലം കാത്തുവെച്ച സമ്മാനമായിരിക്കാം ആ അവസരങ്ങൾ.
ഭാര്യയായ ലവ്‌സിയോടും മക്കളായ സേജൽ, നികിത എന്നിവരോടൊപ്പം ബാംഗ്ലൂർ ചെന്നസാന്ദ്രയിൽ സ്ഥിരതാമസമാണ് വരുണിപ്പോൾ. അവന്റെ തുള്ളൽ സ്വപ്നങ്ങൾക്കിപ്പോൾ നിറം പകരുന്നത് അവർ കൂടിയാണ്. ആ ജീവിതതാളത്തിൽ പച്ചകുത്തി ചിലങ്കയണിഞ്ഞ് ആടിപ്പാടാൻ അവന് കഴിയട്ടെ എന്ന നമുക്ക് ആശംസിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ