ആശയേകുന്നതിനാലാണോ,
ആശയറ്റവളെന്നതിനാലോ,
ആശയെന്ന പേരുചൊല്ലി വിളിപ്പൂ
ആശിക്കാനരുതാത്ത,യീ ഞങ്ങളെ?
ആശ്രിതരില്ലതോർക്കാശ്രയവും,
ആശയറ്റവർക്കേറെയാശയുമാകും.
ആരോഗ്യമില്ലാത്തോർക്കൂന്നുവടിയും,
ആതുരസേവകരുമാകുന്നൊരാശമാർ
ആശ്വസിപ്പിക്കാനെത്തും മർത്യർ
അധികാരമില്ലാത്ത പൊതുജനമേ.
അലങ്കാരമെന്നോർത്താവാം ചിലർ
അപമാനവിഷം ചീറ്റുന്നു ഹാ, കഷ്ടം!
അധികാരക്കസേരകൾ മേനിപറയും,
ആശമാരെന്റെതെന്നെ,ന്റേതെന്ന്.
അദ്ധ്വാനത്തിൻ കണക്കെടുപ്പിൽ,
ആശയ്ക്ക് മിച്ചം നിരാശമാത്രം!
അഴലിൻ നിഴലാടും മുഖങ്ങളും
ആകുലത നിറയും മനങ്ങളും,
അക്രമമില്ല, ആക്രോശങ്ങളില്ല
അഹിംസയിലധിഷ്ഠിതമീ പോരാട്ടം.
അബലകളല്ല, അരാഷ്ട്രീയരല്ല,
അശരണരെങ്കിലും അടിമയല്ല;
ആഞ്ഞടിക്കും പരിഹാസക്കാറ്റിലും
അണയാത്ത തീജ്വാലയീയാശമാർ!
അകലെയാണാശ്വാസതീര,മെങ്കിലും
അവിശ്രമം തുഴയുന്നീ ജീവിതാഴിയിൽ.
ആഴിയിലേറും ചുഴികളും തിരകളും
ആടിയുലഞ്ഞതിൽ മുങ്ങിപ്പോകാം.
ആർദ്രമാനസറൊരു കൈ നീട്ടുമോ
ആഴിയിൽ നിന്നൂഴിയിലാക്കീടുവാൻ?
ആരുമേ വന്നീടില,യെങ്കിലും ഞങ്ങൾ-
ആർജ്ജവമോടെ പൊരുതി ജയിപ്പൂ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ