പ്രകൃതിയുടെ വിവിധ ഭാവങ്ങളെ തൂലികയിലും തുടർന്ന് ക്യാമറയിലും സ്വാംശീകരിച്ച് നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി വെള്ളിത്തിരയിൽ വിരിയിച്ചെടുത്ത അതിമനോഹരമായ ഒരു സ്നേഹാകാവ്യമാണ് പേരന്പ്. ആർദ്രമായ, സഹാനുഭൂതി നിറഞ്ഞ കാരുണ്യം വഴിഞ്ഞൊഴുകുന്ന ഒരു അച്ഛനിൽ നിന്നും ഏറെ മേലെ കരുതലിന്റെ, സുരക്ഷിതത്വത്തിന്റെ തുവ്വലിൽ തന്റെ സ്നേഹം പൊതിഞ്ഞു മകൾക്കു നൽകുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരച്ഛന്റെ നൊമ്പരത്തിന്റെ, നിസ്സഹായതയുടെ അതിജീവനത്തിന്റെ കഥ. ചുരുക്കി പറഞ്ഞാൽ അതാണ് 'പേരന്പ്' എന്ന സിനിമ. ഒന്ന് കൂടി പറഞ്ഞാൽ വിധിയെ പഴിക്കാതെ, ഒരു നിയോഗം പോലെ മകളെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ തെളിനീരുപോലെ നിർമ്മലമായ സ്നേഹത്തിന്റെ കഥ.
കുറ്റപ്പെടുത്തുന്നില്ല അമുദൻ തന്നെയും മോളെയും ഉപേക്ഷിച്ചു പോയ ഭാര്യയെ, സ്നേഹം നടിച്ചു തന്നെ ചതിച്ചവരെ. പകരം കൂടുതൽ കൂടുതൽ വാത്സല്യം മകളിലേക്കു പകരുകയാണ് അയാൾ ചെയ്യുന്നത്. കൈകാലുകൾ വളഞ്ഞു, മുഖം കോടി അവ്യക്തമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന തന്റെ മകളെ വർഷങ്ങൾക്ക് ശേഷം അയാൾ കാണുന്നത് പേടിയോടെയല്ല, നിരാശയോടെയോ ദുഃഖത്തോടെയോ സഹതാപത്തോടെയോ അല്ല മറിച്ച് മുൻപ് സൂചിപ്പിച്ചതു പോലെ ആർദ്രമായ ഹൃദയത്തോടെയാണ്. അവളുടെ കുറവുകൾ അയാൾക്കൊരു ബാധ്യതയല്ല മറിച്ചൊരു നിയോഗമാണ്. അവൾക്കു വേണ്ടിയാണു പിന്നെ അയാളുടെ ജീവിതം.അതിനിടയിൽ അയാൾ ചതിക്കപ്പെടുന്നു, ഉപദ്രവിക്കപ്പെടുന്നു.പക്ഷെ ഒന്നും മകളേക്കാൾ വലുതല്ല അയാൾക്ക്. ഈ ജീവിതങ്ങൾക്കിടയിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും പ്രകൃതിയുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വ്യക്തമായി വിവരിച്ചുകൊണ്ടാണ് അല്ലെങ്കിൽ പ്രേക്ഷകനെ മനസ്സിലാക്കിക്കൊണ്ടാണ് കഥ മുന്നോട്ടു നീങ്ങുന്നത്. പ്രകൃതി അല്ലെങ്കിലും അങ്ങിനെയാണ്. അത് ചിലപ്പോൾ ക്രൂരയാവും, വല്ലാതെ അവഗണിക്കും, അപമാനിക്കുകയും, വേദനിപ്പിക്കുകയും ചെയ്യും. ഒടുവിൽ അളവില്ലാത്ത സ്നേഹം നമ്മളിൽ ചൊരിയുകയും ചെയ്യും. നിർലോഭമായ ആ സ്നേഹമാണ് പേരന്പ് അഥവാ Compassion .
ഒരിക്കലെങ്കിലും കണ്ണ് നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല. 'ആൺ' എന്ന അഹംഭാവത്താൽ ഹൃദയം കല്ലാക്കി ഞാൻ ഇരുന്നെങ്കിലും എന്റെ ആണഹങ്കാരത്തെ തച്ചുടച്ചുകൊണ്ട് കൺകോണുകളിൽ നീർതുള്ളികൾ ഉരുണ്ടു കൂടി പലവട്ടം. ഞാൻ പോലും അറിയാതെ, എന്റെ ഹൃദയം വെണ്ണ പോലെ ഉരുക്കിക്കളഞ്ഞു പാപ്പായും അവളുടെ അച്ഛൻ അമുദനും പിന്നെ ആ ജീവിതയാത്രയിൽ അവർ കണ്ടുമുട്ടിയ മറ്റു ചില മുഖങ്ങളും.
മമ്മൂട്ടി എന്ന നടന്റെ ഏറ്റവും നല്ല കഥാപാത്രമാണ് അമുദൻ എന്ന് പറയാൻ കഴിയില്ല പക്ഷെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് പേരന്പും അമുദനും. ഒരു നോട്ടത്തിൽ, ചലനത്തിൽ, ഒരു സംഭാഷണത്തിൽ അയാൾ നിങ്ങളെ കീഴടക്കും. ജീവനുതുല്യം സ്നേഹിച്ച മകളെയും കാമുകിയെയും നഷ്ടപ്പെട്ടപ്പോൾ കടപ്പുറത്തു മണൽ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന അച്ചൂട്ടിയെ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയില്ല. ഒരിക്കൽ തന്റെ മോഹവും ധ്യാനവുമായിരുന്ന ഉണ്ണിയാർച്ചയുടെ മകനെ രക്ഷിക്കാൻ സ്വന്തം ഉദരത്തിലേക്ക് ആയുധം ആഴ്ത്തിയിറക്കുന്ന വീരനായ ചന്തുവിനെയും നിങ്ങൾക്ക് കാണാൻ കഴിയില്ല. മേലധികാരിയായ മന്ത്രിയോട് 'ഒരെല്ലു കൂടുതലാണെനിക്ക്' എന്ന് പറഞ്ഞു മുടിയും തലോടി നട്ടെല്ലുയർത്തി നടന്നുപോകുന്ന ധീരനായ തേവള്ളിപ്പറമ്പിൽ അലെക്സിനെയും ഒരിക്കലും നിങ്ങൾക്ക് കാണാൻ കഴിയില്ല. പകരം എല്ലാ സങ്കടവും ഉള്ളിലൊതുക്കി, നഷ്ടപ്പെട്ടതിനെയോർത്തു ദുഖിക്കാതെ പിന്നെയും പിന്നെയും മകളെ നെഞ്ചോട് ചേർത്ത് പിടിച്ചു ജീവിതത്തെ നേരിടുന്ന വീരനല്ലാത്ത, വിധിയെ പഴിക്കാത്ത ഒരച്ഛനെ മാത്രമേ ഇവിടെ കാണാൻ സാധിക്കൂ. നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ ഭ്രാന്തനായി ജീവിക്കേണ്ടി വന്നപ്പോൾ നിറഞ്ഞ കണ്ണുകളോടെയാണ് ബാലൻ മാഷ് തന്റെ അമ്മയുടെ കൈയ്യിൽ നിന്ന് വിഷം പുരണ്ട ചോറുരുള വാങ്ങികഴിക്കുന്നത്. അപ്പോഴും ജീവിതത്തോടുള്ള മോഹം അയാളുടെ കണ്ണുകളിൽ തെളിഞ്ഞു കാണാം. പക്ഷെ അമുദന്റെ കണ്ണുകളിൽ എപ്പോഴും കരുതലാണ്; തള്ളക്കോഴി തന്റെ ചിറകിനടിയിൽ കുഞ്ഞുങ്ങളെ ഒളിപ്പിക്കുന്നതുപോലെ അയാളും പൊതിഞ്ഞുപിടിക്കുകയാണ് പാപ്പായെ, തന്റെ കരവലയത്തിനുള്ളിൽ സുരക്ഷിതമായി.
മമ്മൂട്ടി എന്ന നടന്റെ സിനിമാതിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചും വിമർശിക്കുന്നവർ ഒരുപാടുണ്ട്.അവർക്ക് ചൂണ്ടിക്കാട്ടാനായി ഒരു പാട് സിനിമകൾ ഉണ്ടായേക്കാം. എങ്കിലും പേരന്പ് എന്ന ഒരു സിനിമ മാത്രം മതി എല്ലാ വിമർശനങ്ങളെയും മറികടക്കാൻ. അമുദൻ എന്ന ഒരൊറ്റ കഥാപാത്രം മതി ആ അഭിനയപ്രതിഭയെ അംഗീകരിക്കാൻ. കാരണം ഈ സിനിമയിൽ ഒരിടത്തും നിങ്ങൾക്ക് മമ്മൂട്ടി എന്ന നടനെയോ വ്യക്തിയെയോ കാണാൻ കഴിയില്ല മറിച്ച് അമുദൻ എന്ന ടാക്സി ഡ്രൈവറായ വാത്സല്യനിധിയായ അച്ഛനെ മാത്രം.
സാധന എന്ന കുട്ടിയുടെ അസാമാന്യപ്രകടനം തന്നെയാണ് പാപ്പായെ വേറിട്ടുനിർത്തുന്നത്. അച്ഛനും മകളുമായി അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുക തന്നെയാണ് ഇവിടെ മമ്മൂട്ടിയും സാധനയും. അച്ഛനോടുള്ള വെറുപ്പും ദേഷ്യവും സ്നേഹവും ഒക്കെ വളരെ മനോഹരമായി സാധന അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. അവ്യക്തമായ ശബ്ദത്തിലൂടെയും മുഖത്തിന്റെ ചലനത്തിലൂടെയും മാത്രം ആശയവിനിമയം നടത്താൻ കഴിയുന്ന പാപ്പാ സാധനയുടെ കൈയ്യിൽ ഭദ്രമാണ്. ഈ സിനിമ പൂർത്തീകരിക്കാൻ ശാരീരികമായി അവൾ സഹിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു പക്ഷെ കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ ഉള്ളിൽ ഒരു വേദനയായി എന്നും പാപ്പാ ഉണ്ടാകും. ഒരു അഭിനേത്രി എന്ന നിലയിൽ അതിനേക്കാളേറെ തിളക്കമുള്ള ഒരു പുരസ്‌കാരം സാധനക്കു കിട്ടാനുണ്ടാകില്ല.
ഇതിലെ ഛായാഗ്രഹണവും സംഗീതവും - വിവരിക്കാൻ വാക്കുകളില്ല. കൊടൈക്കനാലിന്റെ സൗന്ദര്യം ഒരു തുള്ളിപോലും ചോരാതെ ഒപ്പിയെടുത്തിരിക്കുകയാണ് ഇതിന്റെ ഛായാഗ്രാഹകൻ. കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന തടാകവും വീടും കാണുമ്പോൾ കുളിരു കോരുന്നത് പ്രേക്ഷകന് തന്നെയാണ്. അവ അകന്നുപോയി ഉദയസൂര്യന്റെ കിരണങ്ങൾ ചിതറിവീഴുമ്പോൾ തെളിയുന്നത് പ്രേക്ഷകന്റെ മനസ്സാണ്. സംഗീതത്തെ ഒഴിച്ചുനിർത്തി പേരന്പിനെ പറ്റി പറയാൻ ആവില്ല. അത്രമേൽ സിനിമയുമായി ഇഴചേർന്നു കിടക്കുന്നു ഇതിലെ ഓരോ പാട്ടും അവയുടെ വരികളും. പ്രേക്ഷകരുടെ മനസ്സിനെ ഉലച്ചും തലോടിയും അവ അമുദന്റെയും പാപ്പായുടെയും ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
പിന്നെ സംവിധാനം/തിരക്കഥ - മേല്പറഞ്ഞ വസ്തുതകളെല്ലാം തന്നെ പേരന്പ് എന്ന സിനിമയുടെ അവിഭാജ്യഘടകങ്ങളാണെങ്കിലും അതിന്റെ ജീവനാഡി എന്ന് പറയുന്നത് റാമിന്റെ സംവിധാനവും തിരക്കഥയും തന്നെയാണ്. ഈ സിനിമയുടെ ആത്‌മാവ് എന്നുതന്നെ പറയാം. സിനിമയിലെ ഒരു രംഗം പോലും അനാവശ്യമാണെന്ന് പ്രേക്ഷകർക്ക് തോന്നുന്നില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും അവരെക്കൊണ്ടു തങ്ങളുടെ വേഷം ആടിക്കുന്നതിലും റാം എന്ന സംവിധായകൻ നൂറു ശതമാനം വിജയിച്ചു എന്ന് നിസ്സംശയം പറയാം. അച്ഛന്റെയും മകളുടെയും സ്നേഹത്തെക്കുറിച്ചുള്ള ഒരുപാടു സിനിമകൾ ഇന്ത്യൻ ഭാഷകളിലും ലോകഭാഷകളിലും ഉണ്ടാകും, പക്ഷെ ഇത് പോലെ സ്നേഹത്തിനു മേലെ കരുതലിന്റെ തണൽ നൽകുന്ന ഒരച്ഛനും ആ തണലിൽ ചുരുണ്ടുകൂടി ലോകത്തെ കാണുന്ന സാധാരണക്കാരിയല്ലാത്ത മകളും സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. അതാണ് ഈ സിനിമയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്, അത് തന്നെയാണ് ഈ സിനിമയുടെ വിജയവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ