പേജുകള്‍‌

തമിഴകതീർത്ഥാടനം


            നേരം പുലർന്നിരുന്നില്ല, പക്ഷേ റോഡിൽ വാഹനങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു. നേരാംവണ്ണം ഉറങ്ങാതെ എങ്ങോട്ടാണ് ഇവർ ഓടുന്നതെന്നായിരുന്നു കാറോടിക്കുമ്പോഴും എന്റെ ചിന്ത. കുട്ടികൾ പുറകിലെ സീറ്റിൽ ഉറക്കം പിടിച്ചിരുന്നു. ഭാര്യയോട് സംസാരിച്ചും റോഡിലെ ലോറികളെ പിരാകിയും ഞാൻ ഡ്രൈവറുടെ ജോലിയിൽ മുഴുകി. മറ്റുള്ളവരുടെ കാര്യം അറിയില്ല, പക്ഷേ ഞങ്ങളുടെ യാത്ര മധുരയിലേക്കാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ മധുര-രാമേശ്വരം-തഞ്ചാവൂർ വഴി ഒരു തീർത്ഥയാത്ര. കുറേക്കാലമായി മനസ്സിലുള്ള ആഗ്രഹമായിരുന്നു. പക്ഷേ അതിനായി മിനക്കെട്ടില്ല എന്നുപറയുന്നതായിരിക്കും സത്യം. അപ്പോഴാണ് സുഹൃത്തായ സതീഷ് കുടുംബസമേതം പോകുന്ന കാര്യം അറിഞ്ഞത്. അവൻ യാത്ര കഴിഞ്ഞെത്തിയപ്പോൾ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എവിടെ താമസിക്കണം, എന്തൊക്കെ കാണണം, എവിടെ നല്ല ഭക്ഷണം കിട്ടും തുടങ്ങി എല്ലാകാര്യങ്ങളിലും അവന്റെ ഉപദേശം സ്വീകരിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. താമസിക്കാനുള്ള മുറികൾ ഓരോയിടത്തും മുൻകൂട്ടി പറഞ്ഞുവെച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. അങ്ങനെ ജനുവരി 26 നു രാവിലെ അഞ്ചുമണിയോടെ ബാംഗളൂരിലെ വീട്ടിൽ നിന്നും പുറപ്പെട്ടു, ചിലപ്പതികാരത്തിലെ പതിവ്രതയായ കണ്ണകിയുടെ പ്രതികാരാഗ്നിയിൽ ചാമ്പലായ മധുരയിലേക്ക്. വൈഗ നദിയുടെ തീരത്ത് വാഴുന്ന ഭക്തപ്രിയയായ മീനാക്ഷി അമ്മൻ കോവിലിലേക്ക്. പരമശിവനോട് പിണങ്ങി മുക്കുവക്കുടിലിൽ പിറന്ന് ഒടുവിൽ സുന്ദരേശനെ പരിണയിച്ച് ലോകരക്ഷാർത്ഥം മധുരയിൽ കൂടിയിരുന്ന സാക്ഷാൽ പാർവ്വതിദേവിയെ വണങ്ങുക എന്നതുതന്നെ ലക്‌ഷ്യം. ഹൊസൂർ-കോയമ്പത്തൂർ റോഡിലൂടെയായിരുന്നു യാത്രയുടെ ആദ്യഘട്ടം. റോഡിലുണ്ടായിരുന്ന ലോറികളുടെ ബാഹുല്യവും പുതുക്കിപ്പണിയലും കാരണം പലപ്പോഴും വേഗതയ്ക്ക് കടിഞ്ഞാണിടേണ്ടിവന്നു. ധർമപുരി കഴിഞ്ഞാണ് പ്രഭാതഭക്ഷണം കഴിച്ചത്. 'ആനന്ദഭവൻ ഡിലൈറ്റ്' എന്ന ഭോജനശാലയിൽ നിന്നും നെയ്യിൽ പൊരിച്ചെടുത്ത ചൂട് ദോശ. സേലം കഴിഞ്ഞ് കുറച്ചുകൂടി പോയപ്പോൾ കന്യാകുമാരി ദേശീയപാതയിലൂടെയായി പിന്നത്തെ യാത്ര. കാറ്റാടിയന്ത്രത്തിന്റെ പാളികൾ കൊണ്ടുപോകുന്ന നീളൻ ലോറികളെ ധാരാളമായി വഴിയിൽ കാണാനിടയായി. ഇടയ്ക്കിടെ യാത്ര തടസ്സപ്പെടാൻ ഈ ലോറികളും ഒരു കാരണമായിരുന്നു. റോഡിന്റെ ഇരുവശവും നിറഞ്ഞ പച്ചപ്പായിരുന്നു. ഏതാണ്ട് നാന്നൂറ്റിമുപ്പത് കിലോമീറ്ററുകൾ സഞ്ചരിച്ചതിനുശേഷം ഉച്ചയോടെ മധുരയിൽ എത്തി. മധുര പട്ടണത്തിലേക്ക് കടന്നതിനുശേഷം റോഡുകളുടെ വീതി കുറഞ്ഞു, തിരക്ക് കൂടി. എങ്കിലും ഗൂഗിളിന്റെ സഹായത്തോടെ നേരത്തെ പറഞ്ഞുവെച്ചിരുന്ന ഹോട്ടലിന്റെ മുന്നിൽ കൃത്യമായി എത്തി. ചെറിയ ഹോട്ടലായിരുന്നു ശ്രീ രാമകൃഷ്ണ ടവേഴ്സ്. മധുരയിൽ കണ്ട ഹോട്ടലുകൾ എല്ലാം ഇത്തരത്തിലായിരുന്നു. കുറച്ചുമാറിയാൽ വലിയ ഹോട്ടലുകൾ കാണാമെന്ന് പറഞ്ഞറിഞ്ഞു. വിശപ്പിന്റെ വിളി കാര്യമായി ഉണ്ടായിരുന്നു. മുറിയിൽ പെട്ടിയും ബാഗുമെല്ലാം വെച്ചതിനുശേഷം മാനേജർ പറഞ്ഞുതന്ന ഭക്ഷണശാലയിലേക്ക് നടന്നു. അധികം ദൂരമില്ലായിരുന്നു. വഴിയിൽ മലിനജലം തളം കെട്ടിക്കിടന്നിരുന്നു. ഏതായാലും ആ ദുർഗന്ധവും കാഴ്ചയും ഭക്ഷണശാലയുടെ അകത്തെത്തിയിരുന്നില്ല. നല്ല ശാപ്പാടായിരുന്നു. തിരിച്ച് മുറിയിലെത്തി അൽപനേരം വിശ്രമം. കുളിച്ചു വേഷം മാറി അഞ്ചുമണിയോടെ ക്ഷേത്രത്തിലേക്ക്. അതും നടക്കാനുള്ള ദൂരമേയുണ്ടായിരുന്നുള്ളൂ. അല്പം വൃത്തിഹീനമായിരുന്നു തെരുവുകൾ. എങ്കിലും വൻകിട സ്വർണ്ണക്കടകളും തുണിക്കടകളുമൊക്കെ വഴിയരികിൽ തലയുയർത്തി ഭക്തജനങ്ങളെ മാടിവിളിക്കുന്നുണ്ടായിരുന്നു. സുഹൃത്തായ സതീഷ് പറഞ്ഞുതന്നിരുന്ന 'മുരുകൻ ഇഡ്‌ലി' എന്ന കടയുടെ സ്ഥാനം മനസ്സിൽ ഓർത്തുവെച്ചു. അമ്പലത്തിനുടത്തെത്തിയപ്പോഴേക്കും തിരക്കുനിറഞ്ഞതായി വഴി. ഇരുവശത്തും ചെറിയ ചെറിയ കടകൾ നിരന്നുനിൽപ്പുണ്ടായിരുന്നു. ഇതുവഴി കാൽനട മാത്രമേ സാധ്യമാവുമായിരുന്നുള്ളൂ. ക്ഷേത്രത്തിലേക്ക് വരുന്ന വണ്ടികൾ നിർത്തിയിടാനുള്ള സ്ഥലം സൂചിപ്പിക്കുന്ന ദിശാസൂചിക കാണാമായിരുന്നു. മൊബൈൽ ഫോൺ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകാനാവുമായിരുന്നില്ല. അതും ചെരുപ്പുമൊക്കെ സൂക്ഷിക്കാൻ ഏൽപ്പിച്ച് രസീതി വാങ്ങി. അവിടെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സുരക്ഷാപരിശോധനയും കഴിഞ്ഞ് മുന്നോട്ടു നീങ്ങി. പൊതുവരിയിൽ തിരക്ക് കണ്ടതിനാൽ പെട്ടെന്ന് കണ്ടിറങ്ങാമെന്ന മോഹത്തോടെ നൂറു രൂപയുടെ ടിക്കറ്റ് എടുത്ത് അതിനായി സജ്ജീകരിച്ച വരിയിൽ കയറി. അഞ്ഞൂറ് രൂപ തന്നാൽ പതിനഞ്ചുമിനിട്ടു കൊണ്ട് ദർശനം നടത്താം എന്നും പറഞ്ഞ് ചിലർ വന്നെങ്കിലും ഗൗനിച്ചില്ല, പകരം നൂറിന്റെ വരിയിൽ കയറിനിന്നു. 

ആ നിൽപ്പ് നാലര മണിക്കൂറോളം നീണ്ടു. സത്യത്തിൽ നിൽക്കുകയായിരുന്നില്ല, പതുക്കെയാണെങ്കിലും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. കുട്ടികൾ വലിയ കുഴപ്പമൊന്നുമുണ്ടാക്കാതെ കൂടെ നിന്നു. ചെറിയ മോൾ ഇടയ്ക്ക് കുറച്ചുനേരം ഉറങ്ങിയതൊഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നും ഭാഗ്യവശാൽ ഉണ്ടാക്കിയില്ല. ഹൈദരാബാദ് നിന്നും വന്ന ദമ്പതികൾ അർച്ചനയ്ക്കായി കരുതിയിരുന്ന പഴം വിശപ്പുകൊണ്ട് തളർന്നിരുന്ന കുട്ടികൾക്ക് നൽകി, അത് അവർക്കേറെ ആശ്വാസം നൽകി. വരിയിൽ നിൽക്കുന്ന സമയത്തും ഞാൻ ക്ഷേത്രത്തിന്റെ ആകാരഭംഗി ആസ്വദിക്കുകയായിരുന്നു. വലുപ്പം കൊണ്ടും കൊത്തുപണികൾ കൊണ്ടും സമൃദ്ധമാണ് മധുര മീനാക്ഷി കോവിൽ. കാഴ്ചയിൽത്തന്നെ ക്ഷേത്രത്തിന്റെ പഴക്കം മനസിലാക്കാം. ഒറ്റക്കല്ലിൽ തീർത്ത നിരവധി തൂണുകൾ, അവയിൽ നിറയെ കാവ്യഭംഗിയാർന്ന ശില്പങ്ങൾ. പുരാണകഥകൾ ശില്പങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നു ചിലയിടങ്ങളിൽ. മുകൾഭാഗം പലവർണ്ണത്തിലുള്ള പൂക്കളും മറ്റു ചിത്രങ്ങളാലും അലംകൃതമാണ്. വളരെ വിശാലമാണ് ചുറ്റമ്പലവും നാലമ്പലവുമെല്ലാം. വളഞ്ഞുപുളഞ്ഞുപോകുന്ന വരിയിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ മുഴുവൻ അവിടങ്ങളിൽ ഓടിനടക്കുകയായിരുന്നു. കരിങ്കല്ലുകളിൽ വിരിഞ്ഞ കവിതകൾ നിറഞ്ഞ ക്ഷേത്രം. നാലുമണിക്കൂർ നിന്ന ക്ഷീണമൊക്കെ സർവ്വാഭരണവിഭൂഷിതയായ ദേവിയെക്കണ്ടപ്പോൾ മാറി. ദൂരെനിന്നുതന്നെ സർവ്വാലങ്കാരയായ ദേവിയുടെ തിരുവിഗ്രഹം കാണാമായിരുന്നു. കണ്ണെടുക്കാതെ നോക്കിനിന്നു ആ അഭൗമകാന്തികശക്തിയെ. ദേവിയെ തൊഴുതിറങ്ങിയത് ഒരു വലിയ ഇടനാഴിയിലേക്ക്. അവിടെ മുകളിൽ വരച്ച ശിവലിംഗമാണ് എല്ലാവരുടെയും ശ്രദ്ധ. എവിടെ നിന്നു നോക്കിയാലും അങ്ങോട്ട് തിരിഞ്ഞിരിക്കുന്ന ശിവലിംഗം അദ്‌ഭുതമുളവാക്കാതിരുന്നില്ല. അത് കഴിഞ്ഞ് സാക്ഷാൽ സുന്ദരേശനെ തൊഴുതു. പുറത്തുനിന്നുതന്നെ എനിക്ക് കാണാൻ കഴിയുമായിരുന്നു ശംഭുവിന്റെ തിരുരൂപം. ഉപദേവതമാരെക്കൂടി തൊഴുതിറങ്ങുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. മൊബൈലും ചെരുപ്പുമൊക്കെ എടുത്ത് നേരത്തെ കണ്ട 'മുരുഗൻ ഇഡ്‌ലി'യെത്തുമ്പോഴേക്കും നേരം പത്ത് കഴിഞ്ഞു. സ്വാദിഷ്ടമായ ദോശ ചൂടോടെ അകത്താക്കി. മുറിയിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ സമയം പതിനൊന്നരയായി. മധുരയിലെ തെരുവുകൾക്ക് മലിനജലത്തിന്റെ ഗന്ധമാണെന്ന് എനിക്ക് തോന്നി. അമ്പലമതിൽക്കെട്ടിനകത്ത് നറുനെയ്യുടെ മണവും. ആ ഗന്ധങ്ങളിൽ ഇഴുകിച്ചേർന്നാണ് മധുരവാസികൾ കഴിയുന്നത്. ഇവിടുത്തെ ജനങ്ങളുടെ ജീവിതം പ്രധാനമായും മധുരക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത് തോന്നും. അമ്പലത്തെ ചുറ്റിപ്പറ്റിയുള്ള തെരുവുകളിലാണ് പ്രധാന കച്ചവടങ്ങൾ നടക്കുന്നത്. നിത്യോപയോഗത്തിനുള്ള പ്ലാസ്റ്റിക് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കുമത്രേ. കേരളത്തിൽ നിന്നുള്ള വ്യാപാരികൾ ഇവിടെനിന്നും കൂട്ടമായി അത്തരം സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നത് പതിവാണത്രേ. അങ്ങനെയുള്ളൊരു കൂട്ടരെ ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്നു. 

രാവിലെ ആറുമണിക്ക് എഴുന്നേറ്റ് കുളിച്ച് വേഷം മാറി വീണ്ടും അമ്പലത്തിലേക്ക്. ഇന്നലെ വൈകിയതിനാൽ അമ്പലവും പരിസരവും വിശദമായി കാണാൻ കഴിഞ്ഞിരുന്നില്ല, ആ കുറവ് തീർക്കലാണ് ലക്‌ഷ്യം. ആദ്യം തന്നെ പോയത് ആയിരം ഒറ്റക്കൽ തൂണുകളാൽ പണികഴിപ്പിച്ച മണ്ഡപം കാണാനായിരുന്നു. ആയിരം തൂണുകളാൽ നിർമ്മിതം എന്നുപറയുമ്പോൾ തന്നെ അതിന്റെ വലുപ്പം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അമ്പലമതിൽക്കെട്ടിനുള്ളിലായിരുന്നു ഈ മണ്ഡപം, പക്ഷേ നാലമ്പലത്തിന് പുറത്തും. അതിനുള്ളിൽ ഒരു പുരാവസ്തുമ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. അഞ്ചുരൂപ ടിക്കറ്റ് എടുത്ത് അതും ചുറ്റിനടന്നു കണ്ടു. പഴയ വിഗ്രഹങ്ങളും പ്രതിമകളും ചിത്രങ്ങളും ശിവലിംഗങ്ങളും ഒക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്. പഴയ ചിത്രങ്ങൾ കാണുന്നത് എന്നിലെന്നും കൗതുകകമുണർത്തുന്ന അനുഭവമാണ്. എല്ലാം കണ്ടുകഴിഞ്ഞതിനു ശേഷം പിൻവാതിൽ വഴി അമ്പലത്തിൽ കയറി. ഈ വഴി പോയാൽ ദർശനം സാധ്യമല്ല, എങ്കിലും അമ്പലത്തിനകം കാണാൻ കഴിയും. ഇന്നലെ ഇരുട്ട് മറച്ച കാഴ്ചകൾ പകൽ വെളിച്ചത്തിൽ ഒന്നുകൂടി കണ്ടു. ദേവിയുടെ ശ്രീകോവിലിന്റെ മുകളിൽ പണിഞ്ഞിട്ടുള്ള സ്വർണ്ണഗോപുരവും കണ്ടു (അത് കാണാനുള്ള സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്). വിശാലമായ ഇടനാഴികളും അകത്തളങ്ങളും നീണ്ട വരാന്തകളും ഒറ്റക്കൽ തൂണുകളും ചിത്രപ്പണികളും ശില്പങ്ങളും ഒക്കെയുള്ള മഹാക്ഷേത്രമാണ് മധുര മീനാക്ഷി അമ്മൻ കോവിൽ. ചുറ്റും കണ്ണുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്ന തരത്തിൽ  കൊത്തുപണികളാലും ചിത്രവേലകളാലും സമൃദ്ധമാണ് ഈ ക്ഷേത്രം. ശരിക്കും ആസ്വദിച്ച് കാണണമെങ്കിൽ കുറെ മണിക്കൂറുകൾ ഇവിടെ ചെലവഴിക്കേണ്ടതായിട്ടുണ്ട്. ശ്രീകോവിലിന്റെ പരിസരത്തൊഴിച്ചാൽ ബാക്കിയെല്ലായിടവും സ്ഥലധാരാളിത്തം കാണാം. അകത്തുണ്ടായിരുന്ന പിടിയാന കുട്ടികളിൽ കൗതുകം ജനിപ്പിച്ചു. എല്ലാം ഒരുവട്ടം കൂടി ചുറ്റിനടന്നു കണ്ടതിനുശേഷം 'മുരുഗൻ ഇഡ്‌ലി'യിൽ നിന്നും ദോശ കഴിച്ചു. മുറിയിലെത്തി സാധനങ്ങളൊക്കെ അടുക്കിവെച്ച് പെട്ടിയും സഞ്ചിയുമായി മുറിവിട്ടിറങ്ങി. പത്തേ പത്തിന് രാമേശ്വരത്തെ ലക്ഷ്യമാക്കി കുതിച്ചു, മധുരയിലെ മധുരമായ ദിനം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ക്ഷേത്രത്തിൽ നിന്നും വാങ്ങിയ ലഡ്ഡുവും കഴിച്ചുകൊണ്ട്.

പട്ടണത്തിൽ നിന്നും പുറത്തു കടക്കുന്നതിനിടയിൽ ചെറുതായൊന്ന് വഴിതെറ്റിയെങ്കിലും വൈകാതെ ശരിയായ പാതയിലെത്തി. ദേശീയപാതയിലൂടെയാണ് യാത്ര. വൈഗ നദി അകമ്പടിയായി കൂടെത്തന്നെയുണ്ടെന്ന് ഗൂഗിളിൽ നോക്കിയപ്പോൾ മനസ്സിലായി. ഇരുവശവും കടുംപച്ചനിറത്തിൽ തലയുറത്തിപ്പിടിച്ചു നിൽക്കുന്ന തെങ്ങുകൾ നിറഞ്ഞ തോപ്പുകൾ. ആ കാഴ്ചകൾ പലപ്പോഴും കേരളത്തെ അനുസ്മരിപ്പിച്ചു. ഇന്നലെക്കണ്ട തമിഴ്‌നാടല്ല ഇന്നത്തേത്. വരണ്ടനാടാണ് തമിഴകം എന്ന സങ്കൽപ്പത്തിന് തികച്ചും വിരുദ്ധമായ കാഴ്ചകൾ. വഴിയരികിലെ ഈ ഹരിതാഭ യാത്രയെ കൂടുതൽ ആകർഷമാക്കി. വഴിയരികിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ചു, ബാംഗ്ളൂരിനെക്കാൾ കാശുകൂടുതലാണ്. ഒന്നിൽക്കൂടുതൽ തവണ ചുങ്കം കൊടുക്കേണ്ടിവന്നു ഈ വഴിയേ സഞ്ചരിക്കാൻ. ഏതാണ്ട് മൂന്നുമൂന്നര മണിക്കൂറിന്റെ യാത്ര (നൂറ്റിയെഴുപത്തഞ്ച് കി.മി.) മതിയായിരുന്നു രാമേശ്വരം എന്ന ദ്വീപിലെത്താൻ. അവിടെ എത്തുംതോറും കരിമ്പനകൾ ധാരാളമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവിടവിടെ ജലാശയങ്ങളും. ചിലയിടങ്ങളിൽ കൂട്ടത്തോടെ കരിമ്പനകൾ നിൽക്കുന്നത് കണ്ടു, പക്ഷേ എവിടെയും പനയുടെ കായ് വിൽക്കുന്നത് കണ്ടില്ല, പകരം പനംചക്കരകൾ വിൽക്കാനായി വെച്ചിട്ടുണ്ടായിരുന്നു. രാമേശ്വരം ദീപിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള പാമ്പൻ പാലം എൻജിനീയറിങ് രംഗത്തെ അദ്‌ഭുതം തന്നെയാണ് (ഇ ശ്രീധരൻ എന്ന മഹാനായ എൻജിനീയറെ ഓർത്തുപോയി). നീളമേറിയ പാലം, ബംഗാൾ ഉൾക്കടലിനെ കീറിമുറിച്ച് പോകുന്നു. താഴെ സമാന്തരമായി തീവണ്ടിപ്പാലവും. ഇടയ്ക്ക് ഒരുഭാഗം കപ്പലിന് പോകാനായി തുറന്നുവെച്ചിരിക്കുന്നതും കാണാനായി. മറ്റു യാത്രക്കാർ ചെയ്തതുപോലെ ഞങ്ങളും പാലത്തിനോരത്ത് കാർ നിറുത്തി കുറച്ചുസമയം ആ ഭംഗി ആസ്വദിച്ചു. തിരക്ക് കൂടുന്നത് കണ്ട് പോലീസ് ഇടപെട്ടേക്കുമെന്ന ശങ്കയിൽ പെട്ടെന്ന് കാറുമായി മുന്നോട്ടു നീങ്ങി. പട്ടണത്തിലേക്ക് അടുക്കുന്തോറും തിരക്ക് കൂടാൻ തുടങ്ങി. ഉച്ചയോടെ 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന ഹോട്ടലിന്റെ മുന്നിലെത്തി. നേരത്തെ മുറി പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു ഇവിടെ. ഹോട്ടലിലെ ആളിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനുള്ള സ്ഥലവും ആൾ പറഞ്ഞുതന്നു. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള 'ഗണേശ്' എന്ന ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഊണുകാലമായതിനാൽ തിരക്കുണ്ടായിരുന്നു. കുറച്ചുനേരം കാത്തുനിന്നിട്ടാണ് ഇരിക്കാൻ അവസരം കിട്ടിയത്. പച്ചരിച്ചോറ് കൊണ്ടുള്ള ഊണ് ഗംഭീരമായി. കുട്ടികൾക്ക് ആവശ്യം പോലെ പപ്പടം കൊടുക്കാൻ വിളമ്പുകാരന് ഒരു മടിയുമുണ്ടായിരുന്നില്ല. ആൾക്കാർ കാത്തുനിൽക്കുന്നതിനാൽ കഴിയുന്നതും വേഗം ഭക്ഷണം കഴിച്ചെഴുന്നേറ്റു. മൂന്നുമണിയോടെ ക്ഷേത്രത്തിൽ പോയാൽ അധികം തിരക്ക് കാണില്ല എന്ന് പറഞ്ഞതിനാൽ ഭക്ഷണത്തിനുശേഷം ഒരു ദീർഘമായ വിശ്രമത്തിന് മുതിർന്നില്ല. വേഷം മാറി നേരെ അമ്പലത്തിലേക്ക്. 

ഇവിടുത്തെ തെരുവുകളും ഇടുങ്ങിയതാണെങ്കിലും മധുരയേക്കാൾ വൃത്തിയുള്ളതായി തോന്നി. ബസ്സുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത് അമ്പലത്തിന്റെ തൊട്ടുമുന്നിൽക്കൂടിയാണെന്നത് റോഡിലെ തിരക്ക് കൂടുന്നതിനൊരു കാരണമാണ്. നടക്കാനുള്ള ദൂരമേയുള്ളൂ തെക്കേ നടയിലേക്ക്‌. അവിടുന്ന് പിന്നീട് കിഴക്കേ നടയിലേക്ക്‌ ചെന്നു. അതുവഴിയാണ് അകത്തു കയറിയത്. നട തുറക്കാൻ കുറെയധികം ഭക്തജനങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിരക്കുണ്ടായിരുന്നെങ്കിലും ഇന്നലെത്തപ്പോലെയല്ല. പ്രവേശനകവാടം കടന്ന് അകത്തുകയറിയതിനുശേഷമാണ് പല വരികളായി പിരിയുന്നത്. ഞങ്ങൾ ഇരുന്നൂറു രൂപയുടെ ടിക്കറ്റ് എടുത്താണ് കയറിയത്. സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്കുള്ള യാത്രയിൽ ദക്ഷിണതീരത്തെത്തിയ ശ്രീരാമൻ, സേതു ബന്ധിക്കുന്നതിനു മുൻപ് വിഘ്നനിവാരണത്തിനും രാവണവധത്തിനുള്ള അനുഗ്രഹത്തിനുമായി സാക്ഷാൽ മഹാദേവനെ പൂജിച്ചത്രേ. രാമൻ സ്വന്തം കൈയ്യാൽ മണൽ കുഴച്ച് ശിവലിംഗമുണ്ടാക്കി പൂജിച്ചെന്നാണ് ഐതിഹ്യം. അങ്ങനെ രാമനാൽ പൂജിക്കപ്പെട്ട ഈശനാണ് രാമനാഥേശ്വരനായി ഈ ക്ഷേത്രത്തിൽ വാഴുന്നതെന്നാണ് വിശ്വാസം. ആ  രാമനാഥേശ്വരനെ നന്നായി തൊഴുതു. സകലർക്കും നല്ലത് വരുത്തേണമേ എന്ന് മൗനമായി പ്രാർത്ഥിച്ചു. പാർവതിയും ലക്ഷ്മിയും വിഘ്‌നേശ്വരനുമടക്കമുള്ള ഉപദേവതമാരേയും തൊഴുതു. ആൾത്തിരക്ക് ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ളതായിരുന്നില്ല. ഒരു മണിക്കൂറിനകം ഞങ്ങൾ തൊഴുത് പുറത്തിറങ്ങി. അതിനുശേഷം അമ്പലം മൊത്തം നടന്നുകണ്ടു. മധുരക്ഷേത്രത്തിനേക്കാളും ചെറുതാണെങ്കിലും വലിയ അമ്പലം തന്നെയാണിതും. കൊത്തുപണികളുംകുറവാണ്. മുകൾ ഭാഗം ഇന്നലെകണ്ടതു പോലെ പലവർണ്ണത്തിലുള്ള പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. തൂണുകൾ ധാരാളമായി ഉണ്ടെങ്കിലും അതിലും കൊത്തുപണികൾ അധികമില്ല, പക്ഷേ എല്ലാം വളരെ മനോഹരമായി പല നിറത്തിൽ അലങ്കരിച്ചിട്ടുണ്ട്. വളരെ നീണ്ട ഇടനാഴികൾ, ആളുകൾ തീരെ കുറവായതിനാൽ അവിടെയൊക്കെ നിശബ്ദത തളം കെട്ടി നിന്നിരുന്നു. ഇടനാഴിയുടെ ഒരറ്റത്തുനിന്നു നോക്കുമ്പോൾ ഇരുഭാഗത്തുനിന്നുമുള്ള തൂണുകൾ ചേർന്ന് നീണ്ട കമാനങ്ങളെപ്പോലെ തോന്നിച്ചു. അമ്പലത്തിന്റെ നാലുഭാഗത്തും വലിയ ഗോപുരങ്ങളുണ്ട്. വടക്കേഗോപുരത്തു നിന്നും നടക്കേണ്ട ദൂരത്തിൽ ബംഗാൾ ഉൾക്കടൽ. ശ്രീരാമൻ, രാമസേതു പണിതു തുടങ്ങിയത് ഈ തീരത്തുനിന്നായിരിക്കാം. വിഘ്‌നങ്ങൾ എല്ലാം അകറ്റി രാവണവധത്തിന് അനുകൂല അന്തരീക്ഷം ഉണ്ടാകാൻ വേണ്ടിയാണല്ലോ ദേവാദിദേവനെ പ്രാർഥിച്ചത്. അമ്പലത്തിനകത്ത് 22 തീർഥക്കിണറുകൾ ഉള്ള കാര്യം സതീഷ് പറഞ്ഞതിനാൽ അതന്വേഷിച്ചു നടന്നു. വടക്കേഭാഗത്താണ് അതെന്ന് മനസ്സിലായി. 25 രൂപ ടിക്കറ്റ് എടുത്ത് അകത്തു ചെന്നാൽ, കാണുകയോ കുളിക്കുകയോ തീർത്ഥം പാത്രത്തിൽ ശേഖരിക്കുകയോ ഒക്കെയാവാം. കുളിക്കുന്നവർ ആദ്യം കടലിൽ ചെന്നു കുളിക്കണം. ചിലർക്ക് ഇതൊരു പ്രാർത്ഥനയോ നേർച്ചയോ ഒക്കെയാണ്. അത് ചെയ്തുകൊടുക്കാൻ ഒരു കൂട്ടം ആൾക്കാർ (ശാസ്ത്രികൾ എന്നാണ് അറിയപ്പെടുന്നത്) തയ്യാറായി ഉണ്ട്. അവർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആൾക്കാർ തന്നെയാണ്. ഞങ്ങൾ കുളിക്കാൻ തീരുമാനിച്ചിട്ടില്ലായിരുന്നു, അതിനാൽ ടിക്കറ്റ് എടുത്ത് നേരെ അകത്തു കയറി. ഓരോ കിണറിനും ഓരോ തീർത്ഥവുമായി ബന്ധപ്പെട്ട പേരുകളുണ്ട്. അവയ്ക്കു കൃത്യമായി ക്രമസംഖ്യ എഴുതിവെച്ചിട്ടുണ്ട്. ആ സംഖ്യയനുസരിച്ച് ഞങ്ങൾ ഓരോ കിണറിലേയും തീർത്ഥമെടുത്ത് ദേഹത്ത് തളിച്ചു. കടലിനോട് ചേർന്നായിട്ടുപോലും ശുദ്ധജലമാണ് എല്ലാകിണറുകളിലും. നേരത്തെ പറഞ്ഞ ശാസ്ത്രികൾ കയറും തൊട്ടിയുമുപയോഗിച്ച് ഓരോ കിണറിൽ നിന്നും വെള്ളം എടുത്ത് ആളുകളുടെ ദേഹത്തോ തലയിലോ കൈയിലോ പാത്രത്തിലോ ഒക്കെ ഒഴിച്ചുകൊടുക്കുന്നുണ്ടായിരുന്നു. 22 തീർത്ഥവും മൂർദ്ധാവിൽ തളിക്കാൻ  കുറച്ചു സമയമെടുത്തു. അവസാനത്തെ തീർത്ഥം അറിയപ്പെടുന്നത് 'ഗംഗാതീർത്ഥം' എന്ന പേരിലാണ്. സാക്ഷാൽ ഗംഗാനദിയാണ് ഈ കിണറിനുള്ളിലെന്നാണ് വിശ്വാസം. കാശി വിശ്വനാഥനെ ദർശനം നടത്തുന്നവർ, ആ യാത്രയുടെ ലക്ഷ്യപൂർത്തീകരണത്തിന് രാമേശ്വരത്തും പോകണമെന്നൊരു വിശ്വാസം ഹൈന്ദവർക്കിടയിലുണ്ട്. അതുകൊണ്ടായിരിക്കാം അവസാനത്തെ തീർത്ഥത്തിന് ഗംഗാനദിയുമായി ബന്ധം വന്നത്. അമ്പലത്തിനകത്ത് എല്ലാം കണ്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ കടൽത്തീരത്തേക്കു പോയി. അവിടെ കുളിക്കുന്നവരുടെ തിരക്കായിരുന്നു. കടപ്പുറത്തെ മണലിന് കരിനിറമായിരുന്നു, വൃത്തിയുള്ളതായി തോന്നിയില്ല. അതിനാൽ വെള്ളത്തിൽ ഇറങ്ങിയില്ല. കുറച്ചുനേരം കടൽ കണ്ടുനിന്നതിനുശേഷം തിരിച്ചു നടന്നു. ക്ഷേത്രത്തിനകത്തു നിന്നും വാങ്ങിയ ലഡ്ഡു കഴിച്ചു. കുട്ടികൾക്കൊരു കളിക്കോപ്പ് വാങ്ങി. സന്ധ്യയായി, ഇന്നിനി വേറൊന്നും കാണാൻ കഴിയില്ല എന്ന് അന്വേഷിച്ചപ്പോൾ അറിയാനായി. അതിനാൽ പാമ്പൻ പാലത്തിന്റെ രാത്രിസൗന്ദര്യം ആസ്വദിക്കാം എന്നുകരുതി കാറുമായി നേരെ അങ്ങോട്ട്. ദേഹമാസകലം മഞ്ഞൾ പൂശിനിൽക്കുന്ന സുന്ദരിയായ യുവതിയെപ്പോലെ സോഡിയപ്രകാശത്തിൽ നിറഞ്ഞുനിൽക്കുന്ന പാമ്പൻപാലമായിരുന്നു മനസ്സിൽ. താഴെ പാലത്തിനെ തൊട്ടുരുമ്മിക്കൊണ്ട് ചന്ദ്രികയിൽ കുളിച്ചുനിൽക്കുന്ന ബംഗാൾ കടലും അക്കരെയേതോ നാട്ടിലെ (ഒരുപക്ഷെ അശോകവനിയിലേതുമാകാം) ഗന്ധവും വഹിച്ചെത്തുന്ന തണുത്തകാറ്റും ഒക്കെ സങ്കൽപ്പിച്ച് ഞാൻ ധൃതിയിൽ എന്നാൽ സൂക്ഷിച്ച് കാറോടിച്ചു. കുറേ മിനുട്ടുകൾ നീണ്ട യാത്രയ്ക്കുശേഷം അവിടെയെത്തിയപ്പോൾ കണ്ടത് എന്റെ സങ്കൽപ്പങ്ങളെ അപ്പാടെ തച്ചുതകർക്കുന്ന കാഴ്ചയായിരുന്നു. ഇരുട്ടിൽ, എല്ലാവരാലും തമസ്കരിക്കപ്പെട്ടു കിടക്കുന്ന പാമ്പൻ പാലം ആരോരുമില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന അനാഥയുവതിയെ പോലെ തോന്നിച്ചു. വളരെ നിരാശയോടെയാണ് അവിടെനിന്നും മടങ്ങിയത്. അമ്പലത്തിനടുത്തുള്ള ശരവണഭവനിൽ നിന്നും ദോശ കഴിച്ച് മുറിയിലേക്ക് മടങ്ങി. കുറച്ചുനേരം ടീവി കണ്ടു. നാട്ടിലേക്ക് ഫോൺ ചെയ്ത് വിശേഷങ്ങൾ അറിയിച്ചു. ശേഷം ഉറങ്ങാൻ കിടന്നു.

രാവിലെ 5 : 30 ക്ക് എഴുന്നേറ്റു, മുഖം കഴുകി പല്ലുതേച്ച് നേരെ വിട്ടു ധനുഷ്ക്കോടിയിലേക്ക്, ശ്രീലങ്കയിൽ നിന്നും ഏറ്റവുമടുത്ത ഇന്ത്യൻ  തീരത്തേക്ക്. ഏതാണ്ട് നാല് കി.മി കഴിയുമ്പോൾ ഒരു പ്രവേശനകവാടം ഉണ്ട്. അവിടെ ഇരുപത് രൂപ കൊടുത്തുവേണം യാത്ര തുടരാൻ. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ ഇത് അടയ്ക്കും. ധനുഷ്കോടിയിലേക്ക് പോകാനാഗ്രഹിക്കുന്നവർ രാവിലെ അഞ്ചുമണി മുതൽ വൈകുന്നേരം അഞ്ചിനുള്ളിൽ പോകണം എന്നുപറയുന്നതിന് ഇതാണ് കാരണം. ഇരുവശവും കടലും പച്ചപ്പും നിറഞ്ഞ രമണീയമായ വഴി. എത്രയോ ദൂരം ഒരുനേർവര വരച്ചതുപോലെ കാണപ്പെടുന്ന റോഡ്. അതിലൂടെയുള്ള കാറോട്ടം ശരിക്കും ആസ്വദിച്ചു. ഞങ്ങളുടെ മുന്നിലും പിന്നിലും വേറെ വണ്ടികൾ കാണാത്തത് എന്നെ തെല്ലു അതിശയിപ്പിച്ചു. എന്തുകൊണ്ട് ആളുകൾ സൂര്യോദയം കാണാൻ ഇവിടെ വരുന്നില്ല എന്നതായിരുന്നു എന്റെ ചിന്ത. ഏതാണ്ട് പത്തൊൻപത് കി മി ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്. കടലിന്റെ മാറിലൂടെ നീണ്ട വഴിയിലൂടെ ഞങ്ങൾ കുതിക്കുകയാണ്. അതിനിടയിൽ ഏതോ ഒരു ക്ഷേത്രം കടലിനെ തൊട്ടുരുമ്മി നിൽക്കുന്നത് കണ്ടു. പിന്നെയും കുറച്ചു ചെന്നപ്പോൾ 'റെയിൽവേ സ്റ്റേഷൻ' എന്നെഴുതിവെച്ച വലത്തേക്ക് നീളുന്ന ഒരു ചൂണ്ടുപലക. അത് കണ്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന തീവണ്ടി ദുരന്തകഥ മനസ്സിലോടിയെത്തി. അതിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഇടമായിരിക്കണം നേരത്തെ കണ്ട സ്ഥലം എന്ന് ഊഹിച്ചു. ഏതായാലും ഞങ്ങൾ യാത്ര തുടർന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ ഇന്ത്യൻ മണ്ണിന്റെ അവസാനതുണ്ടിലെത്തി. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിക്കുന്നതായിരുന്നു. നിറഞ്ഞ പുരുഷാരം. കിഴക്കൻ ചക്രവാളത്തിലേക്ക് കണ്ണും നട്ട് മൊബൈലും കയ്യിൽ പിടിച്ചു കാത്തിരിക്കുന്ന ആളുകൾ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു. കാറുകളുടെ നീണ്ടനിര. വണ്ടി ഒതുക്കാനായി ഒരു സ്ഥലം ഞാനും കണ്ടുപിടിച്ചു. എല്ലാവരും കൂടി സൂര്യോദയം കാണാൻ കടൽത്തീരത്തേക്ക്. മാനത്ത് നിറഞ്ഞു നിൽക്കുന്ന മേഘശകലങ്ങൾ സൂര്യനെ ദൃഷ്ടിയിൽ നിന്നും മറച്ചിരിക്കുന്നു. കുറച്ചു സമയം കാത്തിരുന്നപ്പോൾ ചുവന്ന ആപ്പിൾ പഴം പോലെ അരുണൻ കിഴക്കേകോണിൽ പ്രത്യക്ഷപ്പെട്ടു പക്ഷേ പെട്ടെന്ന് അപ്രത്യക്ഷനായി. വീണ്ടും കാത്തിരിപ്പ്. മേഘങ്ങളുടെ വക്കിൽ സ്വർണ്ണനിറമേകിക്കൊണ്ട് അവയ്ക്കിടയിലൂടെ അത് വീണ്ടും കടന്നുവന്നപ്പോൾ എല്ലാവരും സന്തോഷത്തോടെ ആർപ്പുവിളിച്ചു. സ്വർണ്ണക്കസവണിഞ്ഞ പുടവ ചുറ്റിയ മലയാളി മങ്കമാരായി മേഘങ്ങൾ മാനത്ത് നിറഞ്ഞു നിൽക്കുന്നു. അവയ്ക്കിടയിലൂടെ ഉയർന്നുവരുന്ന ഉദയസൂര്യന്റെ ദൃശ്യം അവിസ്മരണീയമായിരുന്നു. അതിനിടയിൽ കുട്ടികൾ കടലിൽ കാൽ നനയ്ക്കാൻ ഇറങ്ങിയിരുന്നു. അവിടെ നിന്നും മുന്നോട്ടു നോക്കിയാൽ അവിടെയവിടെയായി ചെറിയ തുരുത്തുകൾ പോലെ മൺതിട്ടകൾ കാണപ്പെട്ടു. രാമസേതുവിന്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും അധികം ദൂരത്തല്ലാതെ കാണാൻ കഴിയും എന്നാണ് ഗൂഗിൾ കാണിച്ചു തന്നത്. പക്ഷേ ശ്രീലങ്കൻ തീരം നഗ്നനേത്രങ്ങൾക്കുമപ്പുറത്തായിരുന്നു. ശാന്തമായ കടലായിരുന്നു ഇവിടെ. അറബിക്കടലിന്റെ രൗദ്രത ഇവിടെ കാണാൻ കഴിഞ്ഞില്ല. തിരയൊഴിഞ്ഞ തീരം. ശാന്തയായി സാഗരകന്യക ചെറിയ അലകളാൽ വാത്സല്യത്തോടെ കൈമാടി വിളിക്കുകയാണ് നമ്മളെ എന്നുതോന്നും. സൂര്യോദയം കാണാൻ വന്നവർ മടങ്ങുകയാണ്, ഞങ്ങളും. വഴിയരികിൽ കണ്ട ചെറിയ ഓലമേഞ്ഞതും ഓടിട്ടതും എന്നാൽ കാഴ്ച്ചയിൽ ദാരിദ്ര്യം മാഞ്ഞിട്ടില്ലാത്തതുമായ ചെറിയ വീടുകൾ  മുക്കുവക്കുടിലുകളാണെന്ന് തോന്നിച്ചു. നല്ല മൽസ്യം വേണ്ടവർക്ക് ഇവിടെ നിന്നും വാങ്ങാം എന്നാണ് കേട്ടിരുന്നത്. നേരത്തെ കണ്ട റെയിൽവേ സ്റ്റേഷന്റെ അടുത്ത കാർ നിർത്തി. നേരെ താഴോട്ട് ഇറങ്ങിച്ചെന്നു. ഒരു കൊച്ചുശിവക്ഷേത്രം കാണാം, ഏതാനും സ്ത്രീകളും. അവിടെക്കയറി തൊഴാൻ ഒരു സ്ത്രീ പറഞ്ഞെങ്കിലും കുളിച്ചിട്ടില്ലാത്തതിനാൽ അകത്തു കയറിയില്ല. അവിടെയുണ്ടായിരുന്ന ഒരു ചേട്ടനോട് തകർന്നുവീണ അവശിഷ്ടങ്ങളെപ്പറ്റി ചോദിച്ചു. പഴയ റെയിൽവേ സ്റ്റേഷൻ ആണെന്നും അതിന്റെ വെള്ളം സംഭരിക്കാനുള്ള സ്ഥലമായിരുന്നെന്നും ഒക്കെ പറഞ്ഞു. കൂടാതെ ടിക്കറ്റ് കൊടുത്തിരുന്ന സ്ഥലവും മറ്റുമൊക്കെ കാണിച്ചുതന്നു. ധനുഷ്കോടിയിൽ മൂന്ന് സ്റ്റേഷനുകൾ ഉണ്ടായിരുന്നെന്നും ഇതിനു കുറച്ചു പിന്നോട്ട് മാറി കടലിലാണ് ദുരന്തം സംഭവിച്ചതെന്നും അയാൾ പറഞ്ഞു. വായിച്ചറിഞ്ഞ ആ ദുരന്തസ്മരണകൾ എന്നിൽ ഉയർന്നുവന്നു, അതിൽ മുഴുകി ഏതാനും നിമിഷങ്ങൾ. ആ ചേട്ടന്റെ കടയിൽ നിന്നും കുറച്ചു കൗതുകവസ്തുക്കൾ വാങ്ങി. പലതരം ശംഖും മുത്തുകളും ഒക്കെ പരിചയപ്പെടുത്തിത്തന്നു. ഞങ്ങളുടെ കാർ കണ്ടതിനാലായിരിക്കാം വേറെയും ചിലർ അവിടേക്ക് വരുന്നുണ്ടായിരുന്നു. മുൻ രാഷ്‌ട്രപതി അബ്ദുൾകലാമിനെപ്പറ്റി വെറുതെ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖം അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും തിളങ്ങി. ഈ നാട്ടുകാരനായിരുന്നു അവരെന്നും വർഷങ്ങൾക്ക് മുൻപ് രാമേശ്വരത്തേക്ക് മാറിയതാണെന്നും പറഞ്ഞു. രാഷ്ട്രപതിയായിരിക്കുമ്പോൾ അദ്ദേഹം പണികഴിപ്പിച്ച പാതയാണിതെന്നും അയാൾ കൂട്ടിച്ചേർത്തു. അതായിരിക്കാം ഇത്രയ്ക്ക് നന്നായി പണിതെന്ന് എനിക്കും തോന്നി. ആ മനുഷ്യനോട് യാത്ര പറഞ്ഞ് വീണ്ടും മുന്നോട്ട്. നേരത്തെ കണ്ട ക്ഷേത്രത്തിനെ കാറിൽ തന്നെ ഒന്നുവലംവെച്ചു. അവിടേയും ആളുകളുണ്ടായിരുന്നു. സുഖകരമായ അന്തരീക്ഷമായിരുന്നു ധനുഷ്കോടിയിൽ അനുഭവപ്പെട്ടത്. മടങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് മുൻ രാഷ്ട്രപതിയുടെ ഓർമ്മകളായിരുന്നു. വഴിയരികിൽ അദ്ദേഹം ജനിച്ചുവളർന്ന വീട്ടിലേക്കുള്ള വഴി അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. നേരെ അങ്ങോട്ട്. കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടിയില്ല. പഴയ വീടല്ല ഇപ്പോൾ പക്ഷേ സ്ഥാനം അതുതന്നെ. പണ്ടത്തെ കുഞ്ഞുവീടിനു പകരം മൂന്നുനില വീട്. താഴത്തെ നിലയിൽ ആൾത്താമസം ഉണ്ടെന്നു തോന്നി. അതിന്റെ ഗേറ്റ് പാതി ചാരിയിരുന്നു. അകത്തേക്ക് സന്ദർശകർക്ക് പ്രവേശനം ഇല്ല. ഒന്നാം നിലയിൽ ശ്രീ കലാമിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന മ്യൂസിയം. അദ്ദേഹം വായിച്ച പുസ്തകങ്ങൾ, എഴുതിയ പുസ്തകങ്ങൾ, പഴയ ഫോട്ടോകൾ, ഉപയോഗിച്ച സാധനങ്ങൾ, പുരസ്‌കാരങ്ങൾ, ആലേഖനം ചെയ്തു വെച്ചിട്ടുള്ള പ്രസ്താവനകൾ, വാക്കുകൾ അങ്ങനെ എല്ലാം ശ്രീ കലാമുമായി ബന്ധപ്പെട്ട ഓർമ്മകൾ മാത്രം. എല്ലാം കണ്ടുതീർക്കാൻ ഇത്തിരി സമയമെടുത്തു. 

കലാമിന്റെ മായാത്ത ഓർമ്മകൾ പേറിക്കൊണ്ടാണ് മുറിയിലേക്ക് തിരിച്ചെത്തിയത്. ഇനി മടക്കയാത്രക്കുള്ള തയ്യാറെടുപ്പാണ്. ശരവണഭവനിൽ നിന്നും ദോശ കഴിച്ച്, പെട്ടിയുമായി മുറി വിട്ടിറങ്ങുമ്പോൾ സമയം പത്തുമണിയായി. അടുത്ത യാത്ര ചോളവംശത്തിന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന തഞ്ചാവൂരിലേക്കാണ്. അതിനു മുൻപ് രാമേശ്വരം പട്ടണത്തിൽ ശ്രീ അബ്ദുൽ കലാമിന്റെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്തൊരു പ്രണാമം അർപ്പിക്കാനുണ്ടായിരുന്നു. അധികം ദൂരമുണ്ടായിരുന്നില്ല ഇന്ത്യൻ പ്രതിരോധസേനയുടെ നേതൃത്വത്തിൽ ഒരുക്കിയ മുൻ രാഷ്ട്രപതിയുടെ സ്മരണകുടീരത്തിലേക്ക്. മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും അകത്തേക്ക് പ്രവേശനമില്ല. സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യം. എവിടെയും തൊടാതെ, അച്ചടക്കത്തോടെ കഴിയുന്നതും നിശബ്ദത പാലിച്ചുവേണം അവിടം കണ്ടുതീർക്കാൻ. ഇവിടെ പ്രവേശിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും അവരുടെ മുൻ രാഷ്ട്രപതിയെ ഓർത്ത് അഭിമാനിച്ചിട്ടുണ്ടാവും. അദ്ദേഹം നടന്നു തീർത്ത വഴികൾ, ജനനം തൊട്ടു മരണം വരെയുള്ള മുഹൂർത്തങ്ങൾ എല്ലാം ഒന്നും വിടാതെ അവിടെ മനോഹരമായ ചിത്രങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന് ലഭിച്ച  ഭാരതരത്ന മുതലായ എല്ലാ പുരസ്കാരങ്ങളും അവസാന നാളുകളിൽ ഉപയോഗിച്ച ചെരിപ്പുൾപ്പെടെയുള്ള വസ്തുക്കളും അവിടെ ശ്രദ്ധയോടെ, ഭക്തിയോടെ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആ വലിയ സ്മാരകത്തിന്റെ നടുത്തളത്തിൽ അദ്ദേഹം അന്ത്യനിദ്ര നടത്തുന്ന സ്ഥലം മാർബിൾ ഫലകങ്ങളാൽ പ്രത്യേകശ്രദ്ധയോടെ പരിപാലിക്കുന്നു. അദ്ദേഹത്തിന്റെ മെഴുകുപ്രതിമകൾ, ദീർഘകായ ചിത്രങ്ങൾ തുടങ്ങിയെല്ലാം കാണുന്ന ഓരോ വ്യക്തിയിലും കോരിത്തരിപ്പുണ്ടാക്കും എന്നതിൽ സംശയമില്ല. ആ ചിത്രങ്ങളുടെയും പ്രതിമകളുടെയും ഭംഗിയെപ്പറ്റിയും പറയാതിരിക്കാനാവില്ല. ആ കലാകാരന്മാരുടെ പേരോർക്കുന്നില്ലെങ്കിലും അതിമനോഹരമായാണ് അവർ തങ്ങളുടെ പ്രതിഭ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. അവ കണ്ടാൽ, വെറുമൊരു തൊഴിൽ എന്നതിലുപരി ഒരു ധ്യാനമായാണ് അവർ ഈ  ഉദ്ദ്യമം ഏറ്റെടുത്തിരുന്നതെന്ന് തോന്നിപ്പോകും. അത്രയ്ക്ക് വശ്യത, തന്മയത്വം ഉണ്ടായിരുന്നു അവയ്‌ക്കോരോന്നിനും. ജീവൻ തുടിക്കുന്ന ചിത്രങ്ങളും പ്രതിമകളും തന്നെയായിരുന്നു അവയെല്ലാം. വളരെ പതുക്കെയാണ് ആൾക്കാർ എല്ലാം കണ്ടു തീർക്കുന്നത്. ചുരുങ്ങിയത് ഒരു  മണിക്കൂറെങ്കിലുമെടുത്തുകാണും എല്ലാം കണ്ടു തീർക്കാൻ. മനസ്സു കൊണ്ട് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലത്ത് പ്രണാമം അർപ്പിച്ചു. ആ ഭാരതപുത്രനെയോർത്ത് ഏറെ അഭിമാനം തോന്നി. തികച്ചും അവിസ്മരണീയമായ അനുഭവം. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിച്ച, ആ സ്വപ്‍നത്തെ പിന്തുടരാൻ പഠിപ്പിച്ച മഹാനായ ആണവശാസ്ത്രജ്ഞൻ. ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നേവരും ആദരിച്ച ലളിതജീവിതത്തിനുടമയായ തികച്ചും മതേതരവാദിയായ നിസ്വാർത്ഥനായ മനുഷ്യൻ. രാഷ്ട്രപതിയാകുന്നതിനു മുന്നേ 'ഭാരതരത്ന' നൽകി രാജ്യം ആദരിച്ച മഹനീയ വ്യക്തിത്വം. ഇദ്ദേഹത്തെയാണ് 'സ്വപ്നജീവി' എന്ന് ചില രാഷ്ട്രീയക്കാർ പരിഹസിച്ചത്! രാമേശ്വരം സന്ദർശിക്കുന്ന ഏതൊരാളും മറക്കാതെ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഈ കുടീരം. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിന്നെ ഇവിടേക്ക് ആർക്കും പ്രവേശനം ഇല്ല. അതുപോലെ രാവിലെ ഒൻപതിന് മുൻപും. പുറത്തിറങ്ങി ഇളനീർ കുടിച്ച് ദാഹം മാറ്റി പതുക്കെ യാത്ര തുടങ്ങി. അപ്പോഴും ശ്രീ അബ്ദുൾ കലാമിന്റെ ഓർമ്മകൾ മനസ്സിൽ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പാമ്പൻ പാലത്തിന്റെ മനോഹാരിത ഒരിക്കൽക്കൂടി മാടി വിളിക്കുന്നുണ്ടായിരുന്നു. ഇനിയും വരണമെന്ന മോഹത്തോടെ തന്നെയാണ് രാമേശ്വരത്തോട് വിട പറഞ്ഞത്. കുറേ ദൂരം വന്ന വഴിയിലൂടെ  തന്നെയായിരുന്നു മടക്കം. പിന്നീട് തിരുച്ചിറപ്പള്ളിയിലേക്കുള്ള ദേശീയപാതയിലൂടെയായി യാത്ര. ഇരുവശങ്ങളിലും പൊൻകതിരണിഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങൾ, കണ്ണെത്താ ദൂരത്തോളം. ഇതൊക്കെ കണ്ടിട്ടായിരിക്കും കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഞങ്ങൾ നെല്ല് തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുമെന്ന് ചില മന്ത്രിയേമാന്മാർ പറഞ്ഞത്. ജലാശയങ്ങളും പച്ചപ്പൊന്തകളും കുറ്റിക്കാടുകളും ആകെക്കൂടി ഹരിതകഞ്ചുകമണിഞ്ഞ പ്രകൃതി. ഏറെ ദൂരം കഴിഞ്ഞാണ് തഞ്ചാവൂർ എന്ന സ്ഥലസൂചിക കാണാൻ തുടങ്ങിയത്. തഞ്ചാവൂരിലേക്ക് അടുക്കുന്തോറും മണ്ണിന്റെ നിറം മാറി ചുവപ്പാകാൻ തുടങ്ങി. പടയോട്ടങ്ങളുടെ, ക്ഷേത്രങ്ങളുടെയൊക്കെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കെത്താൻ എത്താൻ അഞ്ചുമണിക്കൂർ യാത്രയുണ്ടായിരുന്നു, ഇരുന്നൂറ്റിയെൺപത്തഞ്ചോളം കി.മി ദൂരം. ലക്ഷ്യസ്ഥാനത്തെത്താറായപ്പോൾ പോലീസ് വഴി തിരിച്ചു വിട്ടതിനാൽ ഇത്തിരി നേരം ചെമ്മൺ പാതയിലൂടെ പൊടിപറത്തിക്കൊണ്ട് പോകേണ്ടിവന്നു. നേരത്തെ സന്ദർശിച്ച പട്ടണങ്ങളെക്കാളും വൃത്തിയുള്ളതായിരുന്നു തഞ്ചാവൂർ പട്ടണം. പാതകളും കുറച്ച് വലുതായിരുന്നു. അധികം തിരക്കനുഭവപ്പെട്ടില്ല തെരുവുകളിൽ. ദൂരെ നിന്നുതന്നെ ക്ഷേത്രഗോപുരം കാണാമായിരുന്നു. മൂന്ന് മണിയായി 'വേദ സ്റ്റേ' എന്ന ഹോട്ടലിൽ എത്താൻ. പുറത്തു നിന്നു നോക്കിയാൽ ചെറിയ ഹോട്ടൽ ആണെങ്കിലും നല്ല സൗകര്യങ്ങളുള്ള കെട്ടിടം തന്നെയായിരുന്നു അത്. നടപടിക്രമങ്ങൾ കഴിഞ്ഞ് മുറിയിൽ കയറി, ഉന്മേഷം വീണ്ടെടുത്ത്  പുറത്തിറങ്ങി. ഉച്ചഭക്ഷണമാണ് ലക്‌ഷ്യം. ഹോട്ടലിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ മുകളിലോട്ട് ഇത്തിരി നടന്നാൽ തഞ്ചാവൂർ ബസ് സ്റ്റാൻഡ് കാണാം. അതിന്റെ പരിസരത്ത് 'ബോംബെ സ്വീറ്റ്‌സ്' എന്ന ഭക്ഷണശാലയുണ്ടെന്ന് ഒരാൾ പറഞ്ഞതന്നതിൻ പ്രകാരം അവിടെപ്പോയി ഊണ് കഴിച്ചു, നന്നായിരുന്നു. തിരിച്ചു മുറിയിലെത്തി അൽപനേരം വിശ്രമം. 

തഞ്ചാവൂരും പരിസരപ്രദേശങ്ങളിലുമായി കൊത്തുപണികളാൽ സമൃദ്ധമായ ഒരുപാട് പുരാതനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ടെന്നറിയാമെങ്കിലും ഈ യാത്രയിൽ കാണാൻ തീരുമാനിച്ചത് ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ബൃഹദ്ദേശ്വരക്ഷേത്രം തന്നെയായിരുന്നു. ദൂരം ഇത്തിരിയധികമുണ്ടായിരുന്നെങ്കിലും നടന്നുപോകാനുള്ള ദൂരത്ത് തന്നെയായിരുന്നു വലിയ അമ്പലം (പെരിയ കോവിൽ, അങ്ങനെയാണ് അവിടെ ഈ ക്ഷേത്രം അറിയപ്പെടുന്നത്) സ്ഥിതിചെയ്തിരുന്നത്. നേരത്തെ പട്ടണത്തിലേക്ക് കടക്കുമ്പോൾ തന്നെ അതിന്റെ ബൃഹത്തായ ഗോപുരം വളരെ ദൂരത്തുനിന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് പറഞ്ഞല്ലോ. അഞ്ചുമണിയോടെ എല്ലാവരുമായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പട്ടണങ്ങളെക്കാൾ വൃത്തിയുള്ളതാണ് തഞ്ചാവൂർ, റോഡുകൾ സാമാന്യം വിശാലമേറിയതും. നടപ്പാതകൾ നടക്കാൻ മാത്രമേ ആൾക്കാർ ഉപയോഗിച്ചിരുന്നുള്ളൂ. ക്ഷേത്രമതിൽക്കെട്ടിന്റെ പുറത്ത് വലിയ കിടങ്ങുകൾ കാണാം. അതിനപ്പുറം വലിയ മതിലുകളാൽ കെട്ടിയ കോട്ടയും. ഒറ്റ നോട്ടത്തിൽ കോട്ടയ്ക്കകത്തെ ക്ഷേത്രമാണിതെന്ന് കാണാം. പുറത്തുനിന്നും ഗോപുരം ആകെമാനം വീക്ഷിച്ചു. ശില്പചാതുര്യം കവിഞ്ഞൊഴുകുന്ന ഗോപുരം. നിറയെ കൊത്തുപണികൾ. ശില്പസൗന്ദര്യം വർണ്ണിക്കാൻ ഞാൻ അശക്തനാണ് എന്ന് പറയേണ്ടിയിരിക്കുന്നു.  ഒരു സൗന്ദര്യപ്രേമിക്ക് എത്ര നേരം വേണമെങ്കിലും ആ സൗന്ദര്യം കണ്ടുനിൽക്കാം തെല്ലും മുഷിച്ചിലില്ലാതെ. ജനം ഒഴുകുകയായിരുന്നു ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കും. ആ ഒഴുക്കിൽ ഞങ്ങളും ചേർന്നു. ചെരുപ്പുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ച് അകത്തെ കോട്ടയിലേക്ക്. ചുറ്റുപാടും നോക്കിക്കൊണ്ടാണ് എന്റെ യാത്ര. കണ്ണുകളിൽ വിരിഞ്ഞ അദ്‌ഭുതം എനിക്ക് ഒളിപ്പിക്കാനാവുമായിരുന്നില്ല. കോട്ടമതിലിൽ മുകളിൽ ഒന്നിനുപിറകെ ഒന്നൊന്ന രീതിയിൽ ചുറ്റും നന്ദിയുടെ ചെറിയ ശില്പങ്ങൾ. മതിലിനോട് ചേർന്നുള്ള വരാന്തയിൽ ശിവലിംഗങ്ങൾ. അത് നാലുഭാഗത്തും നിറയെ കാണാമായിരുന്നു. കോട്ടയ്ക്കകത്ത് മധ്യഭാഗത്ത് പ്രധാനപ്രതിഷ്ഠ. ആ നാലമ്പലത്തിനു മുന്നിൽ വലിയൊരു നന്ദിയുടെ കറുത്ത ഒറ്റക്കൽ പ്രതിമ. അതിന്റെ രൂപഭംഗി അനുപമം എന്നേ പറയാനാവൂ. കുറച്ചുനേരം അത് കണ്ടുനിന്നു. ബൃഹദ്ദേശ്വരനെ കാണാൻ ഭക്തർ തിക്കിത്തിരക്കി നിൽപ്പുണ്ടായിരുന്നു. ആ തിരക്കിൽ ഞങ്ങളും ചേർന്നു. പതുക്കെ പടവുകൾ കയറി, ഇറുകിയുരുമ്മി അകത്തേക്ക്. പേരുപോലെതന്നെ വളരെ വലിയ ശിവലിംഗമാണിവിടുത്തെ പ്രതിഷ്ഠ. അതും ഒറ്റക്കല്ലിൽ തീർത്തത്.  ശ്രീകോവിലിന്റെ അകത്തളം വലിയ തൂണുകളും ഉയരമേറിയ ചുമരുകളുമൊക്കെച്ചേർന്ന് ഏറെ വിശാലമാണ്. വശങ്ങളിൽ സിംഹാസനങ്ങൾ പോലെ തോന്നിക്കുന്ന കസേരകൾ, മൃഗങ്ങളുടെ രൂപങ്ങൾ തുടങ്ങിയവയൊക്കെ വെച്ചിട്ടുണ്ടായിരുന്നു. കാലപ്പഴക്കത്തിന്റെ പാടുകൾ അവയിലെമ്പാടുമുണ്ടായിരുന്നു. തിരക്കിലൂടെ വളരെ പതുക്കെയാണ് മുന്നോട്ടു നീങ്ങാൻ കഴിഞ്ഞത്. ദൂരത്തുനിന്നെ ദേവനെ കാണാം. അതിനാൽ എല്ലാവർക്കും നന്നായി തൊഴാൻ കഴിയും. തിരക്കുണ്ടെങ്കിലും നമ്മുടെ നാട്ടിലെ അമ്പലങ്ങളിൽ ചെയ്യുന്നത് പോലെ തൊഴാനെത്തുന്നവരെ പിടിച്ചു തള്ളാൻ ആരും മിനക്കെടുന്നില്ല. തൊഴുത്, ദീപവും തൊട്ട്, നെറ്റിയിൽ ഭസ്മവുമണിഞ്ഞ് പുറത്തേക്ക്. അവിടെ ആളുകൾ അമ്പലക്കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു. 

സ്ഥലബാഹുല്യം കാരണം ജനത്തിരക്ക് അറിയുന്നേയില്ല. പ്രധാനദേവന്റെ ശ്രീകോവിലിന്റെ പിന്നിലായി ഉയരമേറിയ മറ്റൊരു കുഞ്ഞുശ്രീകോവിലുണ്ടായിരുന്നു. അങ്ങോട്ട് കയറാനായി ഒരു ഏണിയും കാണാം. നല്ല കുത്തനെയുള്ള കയറ്റമാണ് എങ്കിലും കയറാൻ പ്രയാസമില്ല. ശ്രീകോവിലിന്റെ അകത്തേക്ക് പോകാനും വരാനും ഒരു വാതിൽ മാത്രം. ഒരേസമയം രണ്ടോ മൂന്നോ ആൾക്കാർക്ക് മാത്രമേ അവിടെ നിന്ന് തൊഴാൻ പറ്റുമായിരുന്നുള്ളു. ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠയാണെന്ന് പൂജാരി പറഞ്ഞറിഞ്ഞു. താഴേക്കിറങ്ങുമ്പോൾ സൂക്ഷിച്ച് ഇറങ്ങണമായിരുന്നു. അതുകഴിഞ്ഞ് ഗണപതി തുടങ്ങിയ മറ്റു ഉപദേവതമാരേയും തൊഴുതുകൊണ്ട് ആ വലിയ അമ്പലമുറ്റത്തു കൂടി സന്ധ്യാസമയത്തെ കുളിർതെന്നലുമേറ്റ് ഞങ്ങൾ നടന്നു. നടക്കുന്ന ഞങ്ങൾക്ക് സമാന്തരമായി ശിവലിംഗങ്ങൾ. വലിയ ഗോപുരത്തെ അവിടെ നിന്നുകൊണ്ട് ഏറെനേരം വീക്ഷിച്ചു, കണ്ണെത്താവുന്നിടത്തോളം. അതിന്റെ ഏറ്റവും മുകളിൽ കാണുന്ന,  വലിയ ഒറ്റക്കല്ലിൽ ഉണ്ടാക്കിയ ഗോളം എത്രയോ അധികം ഭാരമുള്ളതാണത്രേ. കിലോമീറ്ററുകളോളം നീളുന്ന ചെരിഞ്ഞ പാതയുണ്ടാക്കി അതിലൂടെ കല്ലുകൾ വലിച്ചുകയറ്റിയാണത്രെ ഈ ഗോപുരങ്ങളും മറ്റും പണികഴിപ്പിച്ചത്. എത്രയോ വർഷത്തെ എത്രയോ ആയിരം ജോലിക്കാരുടെ അദ്ധ്വാനത്തിന്റെ ഫലം. വൈദ്യുതി പ്രകാശത്തിൽ ഗോപുരം സ്വർണ്ണവർണ്ണമായി കാണപ്പെട്ടു. അതിലെ ഓരോ കല്ലിലും കവിത വിരിഞ്ഞുനിൽക്കുന്നു! നേരത്തെ വരിനിൽക്കുമ്പോൾ കണ്ടുമുട്ടിയ അന്നാട്ടുകാരിയായ ഒരു ചേച്ചി ഗോപുരത്തിൽ കൊത്തിവെച്ചിട്ടുള്ള ഒരു വിദേശിയുടെ രൂപം കാണിച്ചു തന്നു. അവർ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങൾ അത് ശ്രദ്ധിക്കില്ലായിരുന്നു. കാഴ്ചകൾ കണ്ടു നടന്നതിനാൽ ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ തന്നെ ഏറെ സമയമെടുത്തു. കുറച്ചുനേരം അവിടുത്തെ കല്പടവുകളിൽ ഇരുന്നു, സൊറ പറഞ്ഞു. കുട്ടികൾ ഓടിക്കളിച്ചു. ആളുകൾ കൂട്ടത്തോടെ ഇരുന്നും  ഫോട്ടോയെടുത്തും ആ മുഹൂർത്തം ആസ്വദിക്കുകയാണ്. ഞങ്ങളും ഫോട്ടോ എടുത്തു. ബ്രഹ്മദേവന്റെ കോവിലും അതിനകത്തുണ്ടായിരുന്നു. രണ്ടുമണിക്കൂർ ഞങ്ങൾ അവിടെ ചെലവഴിച്ചുകാണും. സത്യത്തിൽ കണ്ടിട്ടും മതിവന്നിരുന്നില്ല. പക്ഷേ മടങ്ങാതിരിക്കാനാവില്ലല്ലോ. വന്ന വഴിയിലൂടെ മടക്കം. വഴിക്കരികിൽ കണ്ട കരകൗശലക്കടയിൽ കയറി. പാവകൾക്ക് പേരുകേട്ട സ്ഥലമാണത്രെ തഞ്ചാവൂർ. പക്ഷെ വളരെ ചെറിയ പാവയ്ക്കു പോലും തീവില. അതിനാൽ ഒന്നും വാങ്ങിയില്ല. തൊട്ടടുടുത്ത ഭക്ഷണശാലയിൽ നിന്ന് കാപ്പികുടിച്ചിറങ്ങി. കുറച്ചുനേരം കൂടി അവിടെക്കറങ്ങി പതുക്കെ മുറിയിലേക്ക് നടന്നു. സമയം എട്ടുമണിയാകാറായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ ചൂട് ദോശ കഴിച്ചു. മുറിയിലെത്തി കുറച്ചുനേരം ടെലിവിഷൻ കണ്ടിരുന്നു. രാവിലെ നേരത്തെ പുറപ്പെടാം എന്ന തീരുമാനിച്ചതിനാൽ പെട്ടികളൊക്കെയൊരുക്കി ഉറങ്ങാൻ കിടന്നു. 

ഏഴുമണി കഴിഞ്ഞപ്പോൾ തഞ്ചാവൂരിനോട് വിട പറഞ്ഞു. മനസ്സിലപ്പോഴും നിറഞ്ഞുനിന്നിരുന്നത് ഇന്നലെക്കണ്ട മായക്കാഴ്ചകളാണ്. ഇതിന്റെ സമീപപ്രദേശങ്ങളായ കുംഭകോണത്തിലടക്കം ശില്പാലംകൃതമായ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാഴ്ചകൾ ഇനിയുമേറെ ഉണ്ടെന്നറിയാമായിരുന്നു, എങ്കിലും അതൊക്കെ പിന്നീടാവാം എന്ന് മനസ്സിൽ കുറിച്ച് മടങ്ങുകയായിരുന്നു. ഏകദേശം 385 കി.മി ദൂരമുണ്ട് ബാംഗ്ളൂരിലേക്ക്. നാമക്കൽ വഴിയാണ് മടങ്ങിയത്. തിരക്ക് പിടിച്ച വഴിയായിരുന്നു. എക്സ്പ്രസ്സ് പാതകൾ ആയിരുന്നില്ല. വീതിയും കുറവായിരുന്നു. എങ്കിലും ആദ്യമായി കാണുന്ന നാടിൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് തന്നെയാണ് വണ്ടിയോടിച്ചത്. വഴിയിൽ നിന്നും ഒരിക്കൽക്കൂടി പെട്രോൾ നിറച്ചു. ഇതുവരെയുള്ള യാത്രയിൽ ഇന്ധനത്തിനായി കൂടുതൽ വില കൊടുക്കേണ്ടിവന്നത് രാമേശ്വരത്തായിരുന്നുവെന്ന് മനസ്സിലായി. നാമക്കലിനടുത്തുള്ള ശരവണഭവനിൽ നിന്നും പ്രഭാതഭക്ഷണം. തമിഴ്‌നാട്ടിലെ ദോശയ്ക്ക് പ്രത്യേക സ്വാദാണ്, അതിനാൽ എല്ലായിടത്തുനിന്നും ദോശ തന്നെയാണ് കഴിച്ചിരുന്നത്. സേലം കഴിഞ്ഞ് ദേശീയപാത 44 ൽ കയറി. ഹൊസൂർ എത്താറായപ്പോൾ ഉച്ചയായി. വഴിയരികിൽ കണ്ട ശരവണഭവനിൽ നിന്ന് ഊണ് കഴിച്ചു. സാമാന്യം വിശാലമായ, തിരക്കധികമില്ലാത്ത നല്ല വൃത്തിയുള്ള  ഭക്ഷണശാലയായിരുന്നു. അപ്രതീക്ഷിതമായി അവിടെവെച്ച് സുഹൃത്തിനെയും കുടുംബത്തെയും കാണാനിടയായി. അവരും തീർത്ഥയാത്രയിലായിരുന്നു, ഗുരുവായൂർ നിന്നുള്ള മടക്കം. ഞങ്ങൾ ഹരനെ കാണാൻ പോയപ്പോൾ അവർ പോയത് ഹരിയെ കാണാനായിരുന്നെന്ന് മാത്രം. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തിയപ്പോഴും റോഡിലെ തിരക്ക് കൂടിവന്നു. ഒടുവിൽ നാലുമണിക്ക് മുൻപായി വീട്ടിൽ എത്തി. കുളി കഴിഞ്ഞ് ഉന്മേഷം വീണ്ടെടുത്ത് കണ്ടകാഴ്ചകളുടെ മധുരിക്കുന്ന ഓർമ്മകളുമായി അടുത്തദിവസം മുതൽ പതിവ് ജീവിതത്തിരക്കുകളിൽ ഞങ്ങൾ മുഴുകി, അടുത്ത യാത്രയും സ്വപ്നംകണ്ട്.

ഈ യാത്രയിൽ എന്നല്ല മിക്ക യാത്രകളിലും അധികം ഫോട്ടോ എടുക്കുന്ന പതിവില്ല എനിക്ക്. മനസ്സിൽ പതിയുന്ന കാഴ്ചയുടെ ഭംഗി വരില്ലല്ലോ ഇത്തരം ചിത്രങ്ങൾക്ക്. മാത്രവുമല്ല, കേടാകാതേയും ചിതലരിക്കാതേയും അതവിടെ കിടക്കുകയും ചെയ്യും കാലങ്ങളോളം; മങ്ങാതെ മായാതെ. അത്തരം ഓർമ്മകളുടെ ആകെത്തുകയാണല്ലോ നമ്മൾ ഓരോരുത്തരുടേയും ജീവിതം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ