പേജുകള്‍‌

ചില പ്രമുഖ ചിന്തകൾ


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങൾ (അത് ദൃശ്യമാധ്യമങ്ങളായാലും പത്രങ്ങളായാലും) വളരെ കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുന്ന ഒരു വാർത്തയാണ് കേരളത്തിലേക്ക് അയക്കുന്ന മീനുകളിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തി എന്ന കാര്യം. അതിർത്തിയിൽ നടന്ന പരിശോധനയിൽ ടൺ കണക്കിന് മീനുകളാണത്രെ ഇപ്രകാരം പരിശോധനയിൽ കുടുങ്ങിയതും തിരിച്ചയക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതും. തമിഴ്‌നാട്ടിൽ നിന്നും കയറ്റിഅയക്കുന്ന ലോറികളാണത്രെ ഇതെല്ലാം. പക്ഷെ ഏതു കമ്പനി ആണെന്നോ ഇതിനു പിന്നിൽ ഏതു വ്യക്തിയാണെന്നോ ആരും പറയുന്നില്ല. പകരം തമിഴ്‌നാട്ടിലെ ചില 'പ്രമുഖ' കമ്പനിയിൽ നിന്നാണ് വരുന്നത് എന്നും ചില 'പ്രമുഖ'രാണ് ഇതിനു പിന്നിലെന്നും അവർ പറഞ്ഞു. പക്ഷെ ആരാണ് ഈ പ്രമുഖർ? ഉത്തരമില്ല, അത് മാധ്യമങ്ങൾക്കായാലും ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥർക്കായാലും. ഇത് പോലെ പല വാർത്തകളും മാധ്യമങ്ങളിൽ മുൻപും വന്നിരുന്നു. പഴകിയ ഭക്ഷണം വിതരണം ചെയ്തത് ആരോഗ്യഉദ്യോഗസ്ഥർ പിടിച്ചെടുത്ത കാര്യവും കറിപ്പൊടിയിൽ മായം ചേർത്തത് കണ്ടു പിടിച്ച കാര്യവും ഒക്കെ. പക്ഷെ ഏതാണ് ഈ ഹോട്ടലുകൾ അല്ലെങ്കിൽ കറിപ്പൊടി കമ്പനികൾ എന്ന് ചോദിച്ചാൽ ഉത്തരം 'ചില പ്രമുഖ' ഹോട്ടലുകളിൽ നിന്നും അല്ലെങ്കിൽ 'ഒരു പ്രമുഖ' കറിപ്പൊടി നിർമ്മാണ കമ്പനിയിൽ നിന്നും എന്ന് മാത്രമായിരിക്കും ഉത്തരം. എന്തിനേറെപ്പറയുന്നു, നടിയെ ആക്രമിച്ച കേസുകളിലും കുറേക്കാലം പറഞ്ഞിരുന്നത് 'ഒരു പ്രമുഖ' നടന്റെ പങ്കിനെ പറ്റി മാത്രമായിരുന്നു. പക്ഷെ ആ നടന്റെ നിർഭാഗ്യത്തിന് ഈ 'പ്രമുഖ' സ്ഥാനം അധിക കാലം തുടരാൻ കഴിഞ്ഞില്ല (പാവം നടൻ...!). തീർന്നില്ല, ദുബായിൽ കേസിൽ കുടുങ്ങിയ 'ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ' മകന്റെ കാര്യവും വലിയ വാർത്തയായി, പക്ഷെ അവിടെയും നിർഭാഗ്യം രാഷ്ട്രീയനേതാവിനെതിരാവുകയും 'പ്രമുഖ' സ്ഥാനം വൈകാതെ തെറിക്കുകയും ചെയ്തു. ഇതുപോലുള്ള ഒരു പാട് വാർത്തകൾ നമുക്ക് ഇനിയും ഉദാഹരിക്കാൻ കഴിയും..ജ്വല്ലറിയായാലും അത് പോലുള്ള മറ്റു സ്ഥാപനങ്ങൾ ആയാലും. 

എന്ത് കൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ അല്ലെങ്കിൽ ഉദ്യോഗസ്ഥവൃന്ദങ്ങൾ സത്യം സത്യമായി ജനത്തിനോട് തുറന്നു പറയാത്തത്? അതും സമൂഹത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ പറ്റിയും ധാർമ്മികതയെയും കുറിച്ച് നാഴികക്ക് നാൽപതു വട്ടം വലിയ വായിൽ വിളിച്ചലറിയിട്ടു കൂടി? ഉത്തരമുണ്ടാവില്ല ഒരു പ്രമുഖ മാധ്യമങ്ങൾക്കും. ജനങ്ങളൊക്കെ പഴകിയ ഭക്ഷണം വീണ്ടു വീണ്ടും കഴിച്ചോട്ടെ എന്നാണോ അതോ മായം ചേർത്ത കറിപ്പൊടികളും വിഷം കലർന്ന മീനും തിന്നു ആരോഗ്യം നശിപ്പിച്ചോട്ടെ എന്നാണോ ഇവരുടെ ഉദ്ദേശ്യം? നേരെ മറിച്ചു ഈ നിയമലംഘനങ്ങളൊക്കെ നടത്തിയത് ഒരു ദരിദ്രനാരായണനാണെന്ന് വിചാരിക്കൂ.അയാളുടെ ജാതകവും കുടുംബചരിത്രവും മാത്രമല്ല മറിച്ചു മണ്ണടിഞ്ഞു പോയ മൂന്നാല് തലമുറയിൽ പെട്ടവരുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് വരെ അവർ പ്രസിദ്ധീകരിച്ചേനെ (എന്തൊക്കെ കിട്ടുമോ അതൊക്കെ കൊടുത്തേനെ). ആ മനുഷ്യനെ സമൂഹത്തിൽ എത്രമാത്രം ഇകഴ്ത്തികാട്ടാൻ കഴിയുമായിരുന്നോ അതിനപ്പുറവും ചെയ്തേനെ സാമൂഹികപ്രതിബദ്ധത തുളുമ്പുന്ന നമ്മുടെ ഈ മാധ്യമങ്ങൾ.ഏറെ രസകരം ഇവയുടെയൊക്കെ tagline ആയി കൊടുക്കുന്ന വാക്കുകളാണ്. ഒരു പത്രത്തിന്റെ tagline ഇങ്ങനെയാണെങ്കിൽ - "നേരോടെ, നിർഭയം, നിരന്തരം", മറ്റൊന്നിന്റെത് "ഒരു ജനതയുടെ ആത്‌മാവിഷ്ക്കാരം" എന്നത്രെ. ഇത് പോലെ ഓരോ മാധ്യമത്തിനുമുണ്ട് കേൾക്കുമ്പോൾ തന്നെ രോമാഞ്ചപുളകമണിയിക്കുന്ന taglines (കേരളത്തിലെ നമ്പർ 1 ചാനൽ, സത്യം സത്യമായറിയാൻ, മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുന്നു എന്നിവ ചിലതു മാത്രം). ജനാധിപത്യത്തിലെ നാല് തൂണുകളിൽ ഒന്നാണത്രെ മാധ്യമങ്ങൾ, അതുകൊണ്ടായിരിക്കും ജനങ്ങൾക്ക് മേലെയുള്ള ഈ ആധിപത്യം...
മറ്റുള്ളവയിൽ എന്ന പോലെ ഈ കാര്യത്തിലും ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇവരെല്ലാവരും (മാധ്യമങ്ങളും ഉദ്യോഗസ്ഥരും) യഥാർത്ഥ വിവരം ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കുന്നത് എന്ന് നാം ആലോചിക്കണം? ഭയന്നിട്ടോ അതോ സാമ്പത്തികലാഭത്തിനോ? തങ്ങളുടെ പേരുകൾ പറയാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് കൈമണിയായും മാധ്യമങ്ങൾക്ക് പരസ്യത്തിന്റെയും രൂപത്തിൽ ഈ പ്രമുഖർ വല്ലതും കൊടുക്കുന്നത് കൊണ്ടാണോ? പ്രതിബദ്ധത എത്രതന്നെ തുളുമ്പിയാലും പത്രങ്ങൾ നിലനിൽക്കാൻ കാശു വേണം, അതിനു പരസ്യം വേണം. അത് കിട്ടണമെങ്കിൽ ഇതുപോലെ കണ്ണടക്കണം. അല്ലാതെ സാമൂഹ്യനന്മ എന്നും പറഞ്ഞു ചെന്നാൽ പട്ടിണികിടക്കുകയെ മാർഗ്ഗമുള്ളൂ എന്ന് ഈ പ്രമുഖമാധ്യമങ്ങൾക്കെല്ലാം അറിയാം എന്നതാണ് യാഥാർഥ്യം. പ്രമുഖന്റെ പണത്തിനു മേലെ പരുന്തു മാത്രമല്ല ഉദ്യോഗസ്ഥനീതിയും മാധ്യമധർമ്മങ്ങളും പറക്കില്ല എന്ന് ഏതായാലും മനസ്സിലായി ("ദീപസ്തംഭം മഹാശ്ചര്യം, എനിക്ക് കിട്ടണം പണം" അല്ലാതെന്ത്...). സാധാരണക്കാരായ ജനങ്ങളുടെ സർക്കാരാണ് അല്ലെങ്കിൽ എന്നും ജനങ്ങളുടെ കൂടെയാണ് എന്നൊക്ക വിളിച്ചുകൂവുന്ന സർക്കാരുകളും ഈ പറഞ്ഞ പ്രമുഖന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് തുടരുകയാണ്. മന്ത്രിമാരോട് ചോദിച്ചാൽ "പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ല" അല്ലെങ്കിൽ "പ്രശ്നം പഠിച്ചുകൊണ്ടിരിക്കുന്നു അതിനാൽ ഇപ്പോൾ പ്രതികരിക്കാൻ പറ്റില്ല" എന്നതായിരിക്കും ഉത്തരം. അല്ലാതെ 'ഇതാണ് ഞങ്ങ പറഞ്ഞ പ്രമുഖ സ്ഥാപനം/കമ്പനി/ഹോട്ടൽ, ഇവനാണ് പ്രമുഖൻ' എന്ന് ഒരിക്കലും പറയില്ല. ജനങ്ങൾ മായം ചേർത്ത ഭക്ഷണം കഴിച്ചു ആരോഗ്യം നശിച്ചാലെന്ത് ഇല്ലെങ്കിലെന്ത്....
ഇക്കാര്യത്തിൽ മാധ്യമങ്ങളും സർക്കാരും എന്നും ഒറ്റക്കെട്ടാണ്.
അതിനാൽ പ്രമുഖനല്ലാത്ത എനിക്ക് ഒരപേക്ഷയുണ്ട് - മാധ്യമങ്ങൾ മുകളിൽ പറഞ്ഞ taglines കഴിയുമെങ്കിൽ ചെറുതായി ഒന്ന് മാറ്റണം എന്ന്. ഉദാഹരണത്തിന്, "നേരോടെ, നിരന്തരം, നിർഭയം പ്രമുഖനോടൊപ്പം" അല്ലെങ്കിൽ "ഒരു പ്രമുഖന്റെ ആത്മാവിഷ്ക്കാരം" എന്നിങ്ങനെ. സർക്കാരിനും മാറ്റാം "എന്നും പ്രമുഖരുടെ കൂടെ മാത്രം" അല്ലെങ്കിൽ "പ്രമുഖരുടെ സർക്കാർ" എന്നൊക്കെ.
മേല്പറഞ്ഞ കാര്യങ്ങൾ എല്ലാ മാധ്യമങ്ങൾക്കും ബാധകമാണ്. അതുപോലെ തന്നെ "എല്ലാം ശരിയാക്കും" എന്ന് പറഞ്ഞ സർക്കാരിന് മാത്രമല്ല, "അതിവേഗം ബഹുദൂരം" എന്ന് പറഞ്ഞു വന്ന സർക്കാരിനും ഒന്നും പറയാതെ അതിനും മുൻപും നമ്മളെ 'ഭരിച്ച' സർക്കാരുകൾക്കെല്ലാം ഈ വിമർശനങ്ങൾ ബാധകമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ