പേജുകള്‍‌

ജനാധിപത്യരാഷ്ട്രീയം


പള്ളിക്കൂടത്തിൽ പണ്ടേ ഞാൻ പഠിച്ച പാഠം 
രാഷ്ട്രസംബന്ധമാണ് രാഷ്ട്രീയമെന്നതല്ലോ 
രാഷ്ട്രീയമെന്നത് നിറമുള്ളൊരു കൊടിയുമ-
തിൻ താല്പര്യവും മാത്രമെന്നറിയുന്നേനിന്ന്

രാഷ്ട്രത്തിൻ പുരോഗതിയിലാർക്കു നേരം? 
രാഷ്ട്രീയപാർട്ടിക്കെന്തുണ്ട് നേട്ടം, അതുവഴി 
തനിക്കുമെന്തുണ്ട് ഗുണകരമായിട്ടുള്ളതെന്നേ 
ചിന്തിക്കുന്നതേവരുമീ കാലഘട്ടത്തിലെന്നും 

നീതിയും ന്യായവും നിശ്ചയിക്കുവതെപ്പോഴും  
കക്ഷികൾ തൻ വിശ്വാസപ്രമാണങ്ങളത്രേ 
ശരിയും തെറ്റുമാർക്കുമറിയേണ്ട പകരമവർ- 
പ്പിടിക്കും കൊടിയുടെ നിറമതൊന്നു മാത്രം  

മറച്ചുവെച്ചീടും ചേരാത്ത കോടതിവിധികൾ  
വളച്ചീടും വളയാത്ത നിയമങ്ങളും നിശ്ചയം  
വോട്ട് ബാങ്കെന്നോമനപ്പേരിലറിയുമൊരു കൂട്ടർ 
സാധുക്കൾ നിങ്ങൾ തൻ കക്ഷത്തിലുണ്ടെന്നാൽ 

രക്ഷകർ ചമഞ്ഞീടുമിക്കൂട്ടരവസരവാദികൾ 
മുട്ടനാടുകളെ തമ്മിലടിപ്പിക്കും ഊളനെപ്പോൽ 
പെട്ടിയിൽ വീഴും വോട്ടുകൾ എണ്ണിടുമിവർക്ക് 
പഥ്യമതൊന്നുമാത്രം കൊതുകിനു ചോരപോൽ  

മരണത്തിലും വാഴ്ത്തീടുമേതു നരാധമനേയുമ-
വർ പുലർത്തിയ വിശ്വാസങ്ങളൊന്നാണെങ്കിൽ  
എതിർത്തീടിലോ എതിർപക്ഷം നിന്നീടിലോ 
ഇകഴ്‌ത്തീടുമേതുജഡത്തെയും കരുണയില്ലാതെ 

പോരടച്ചീടും നേതാക്കൾ വാക്കുകൊണ്ടന്യോന്യം
അണികളോ പോരാടുന്നു കയ്യിലായുധവുമായി 
സ്തുതിപാടീടുമിതേനേതാക്കൾ പരസ്പരമൊരുനാൾ 
പാവം പൊതുജനം കഥയറിയാതെ മിഴിച്ചീടുന്നു 

നേതാക്കൾതൻ വാക്കിനാൽ ചെയ്തുകൂട്ടുമേതു-
ദുഷ്കൃത്യവും വരുംവരായ്ക നോക്കാതെയണികൾ
പടുകുഴിയിൽ വീഴുമൊടുവിൽ അഗ്നിയിൽ 
എരിയുന്ന പാവം ഈയാംപാറ്റകളെന്ന പോൽ   

ചുളുവിലൊരു രക്തസാക്ഷിയെ കിട്ടിയെന്നാ-
ർത്തു ചിരിച്ചീടും ജനരക്ഷകർ നേതാക്കന്മാർ 
പാവം രക്തസാക്ഷിയിതറിയുന്നില്ല, പേറിടുന്നു
ദുരിതങ്ങളാ കുടുംബം ജീവനുള്ള കാലംവരെ  

പലതായീടാം കൊടിയുടെ നിറം, പലതായി 
തോന്നീടാമവരുടെ പ്രത്യയശാസ്ത്രങ്ങളും 
മാർഗ്ഗവും ലക്ഷ്യവും വേറെയെന്നോതീടുമെ-
ങ്കിലുമേവർക്കും നോട്ടമധികാരമതൊന്നുമാത്രം   

മുൻവാതിൽ തുറക്കാൻ ജനം കാത്തിരിക്കെ 
പിൻവാതിൽ തുറന്നു കയറ്റിടുന്നു ഇഷ്ടക്കാരാം 
ബന്ധുമിത്രാദികളെ ആശ്രിതരെ തോന്നുംപടി 
ജനമിതറിയാതെ നെയ്തുകൂട്ടുന്നു സ്വപ്‌നങ്ങളേറെ  

കൊടി പിടിച്ചില്ലെങ്കിൽ വേണ്ട, കൊടിയുടെ 
കൂടെയെന്നോതി നൽകൂ ആളും അർത്ഥവും 
കൂടെപ്പോരും സ്ഥാനമാനങ്ങൾ പദവികളേതും 
കാറ്റിൽ പറത്തീടും ഭരണഘടനയും ചട്ടങ്ങളും   

പാടമെത്രയും നികത്താം, ഏതു മലയുമിടിക്കാം  
ഭൂമിയുടെ മാറുപിളർന്ന് ചോരയും കുടിക്കാം  
മലകളിടിഞ്ഞാലും മരങ്ങൾ മുറിച്ചീടാം, പാവം 
നദികളെത്ര മരിച്ചാലും കീറിമുറിച്ചു വിറ്റിടാം 

ഭൂമി കൈയേറാമംബരചുംബികൾ പണിയാം 
ഒളിച്ചിരുന്നീടും നിയമത്തിൻ കെട്ടുപാടുകൾ 
മുന്നിൽ വെച്ചീടും ഒരായിരം നൂലാമാലകൾ 
ആരോരുമില്ലാത്തൊരു പാവം മാനവനെന്നാൽ  

പെരുമഴയായി പെയ്തിറങ്ങുന്നു വാഗ്ദാനങ്ങൾ  
വിശ്വസിക്കുന്നു ജനം കരഘോഷം മുഴക്കുന്നു  
ഗൂഢം ചിരിക്കുന്നു അധികാരമേറും പാർട്ടികൾ  
തുടരുമീ നാടകം മാറ്റമില്ലാതെയീയുലകത്തിൽ 

തൊണ്ടപൊട്ടുമാറലലറും ധാർമ്മികതയ്ക്കായി  
അധികാരം എതിർപക്ഷ കക്ഷത്തിലെങ്കിൽ 
തൻ കക്ഷത്തിലെത്തിയാലത് ചവറിന് തുല്യം, 
കടിച്ചുതൂങ്ങിടും സംവത്സരമഞ്ചു തികച്ചിടാൻ 

ഇതാണ് ഇസങ്ങളിൽ പടുത്തുയർത്തിയ പ്രസ്ഥാന-
ങ്ങൾ, അധികാരമോഹികൾ പറയും ജനാധിപത്യം
ഇതാണിതാണ് രാഷ്ട്രീയത്തിൻ അർത്ഥമെന്ന്
പറയാതെ പറയുന്നു നമ്മുടെ രാഷ്ട്രീയക്കാർ 

എങ്കിലും പൊതുജനം പ്രതീക്ഷിക്കുന്നൊരുമാറ്റം
വിരൽത്തുമ്പിൽ മഷി പുരളുമ്പോഴൊക്കെയും 
മാറീടുന്നു കസേര കൈയ്യാളും മുഖങ്ങൾ പക്ഷെ  
മാറാതെ തുടരുന്നു ജനാധിപത്യലീലകളൊക്കെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ