മുക്കാൽ നൂറ്റാണ്ടു മുൻപൊരു പ്രഭാതം
ഒരു വെടിയൊച്ചയിൽ നിലച്ച ജീവൻ
അഹിംസയായി, സഹനമായി ത്യാഗമായി
പ്രകാശം പരത്തുന്നു ധരണിയിലിന്നും.
അരയിലൊരു മുണ്ട്, മാറിൽ മറ്റൊന്നും.
കേൾക്കാനെത്തിയവരോട് സംവദിച്ചും,
കാണാനെത്തിയവരോട് പുഞ്ചിരിച്ചും,
നിരാലംബർക്കൊരു ആലംബമായി.
അഹിംസയെന്ന മന്ത്രവുമായി സദാ-
ഊന്നുവടിയിലൂന്നിയ ദൃഢനിശ്ചവുമായി;
ഇടറാത്ത പാദവും പതറാത്ത വീര്യവും,
ഇന്ത്യയുടെ ആത്മാവ് കണ്ടറിഞ്ഞു.
മതാന്ധത മദപ്പാടുയർത്തുമ്പോൾ
മൗനത്തിനഗാധതയിൽ മുങ്ങി,
സ്നേഹമന്ത്രത്തിൻ പൊരുളുകളാൽ
സാഹോദര്യം വിരിയിച്ച വെൺപ്രാവ്.
ദ്വേഷം നിറഞ്ഞ കൺകളിലേക്ക്
പുഞ്ചിരിയാലൊരു നോട്ടമെറിഞ്ഞ്,
മാർപിളർക്കാനെത്തും ഒരു കുഞ്ഞു-
ലോഹത്തുണ്ടിനെ ഏറ്റുവാങ്ങിയ ഋഷി.
മൃത്യുവിൻ ഇരുളാർന്ന കയങ്ങളിൽ
നിന്നുയിർത്തെഴുന്നേറ്റു ശക്തനായി.
അധർമ്മം വാഴും മറുനാടുകളിലും
ദൃഢനിശ്ചയത്തിൻ പ്രതീകമായി.
വെട്ടിയും തിരുത്തിയും നിന്ദിച്ചും ധ്വസിച്ചും
മായ്ക്കാൻ ശ്രമിക്കുന്നു ചിലരെ,ങ്കിലും-
ഉയിർത്തെഴുന്നേറ്റിടുന്നു ധരിത്രിയിൽ
സ്നേഹമായി സഹനമായി സത്യമായി.
ഒരു ലോഹത്തുണ്ടിനാൽ ഒടുങ്ങിയ ജീവൻ
ജീവിക്കുന്നു നാൾക്കുനാളുർവ്വിയിൽ.
ആവതില്ല മായ്ച്ചീടുവാൻ ആർക്കുമേ
മാഞ്ഞുപോകുന്നതവർ മാത്രമെന്നറിയുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ