പേജുകള്‍‌

കൊറോണക്കാലത്തെ കവിതകൾ


 

കൊറോണ എന്ന മഹാമാരി മനുഷ്യകുലത്തിനാകെ നാശം വിതച്ചു മുന്നോട് പോകെ, അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ നാല്  വ്യത്യസ്ത കവിതകളായി അവതരിപ്പിക്കുന്നു.

1.

"ആര് ഞാൻ ആകണം എന്നുണ്ണി ചോദിച്ചു ..." എന്ന കവിതയുടെ താളത്തിനനുസരിച്ച് എഴുതിയത്.

എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
ചെയ്യുവാനുണ്ടേറെ ഒരു നല്ല പൗരനായി
കൈ രണ്ടും സോപ്പിനാൽ കഴുകീടുക
നിമിഷങ്ങൾ ഇരുപതാവും വരേയ്ക്കും
തൂവാല കൊണ്ടു  മുഖം മറച്ചീടാതെ
തുമ്മാരുതേ നീ ചുമയ്ക്കരുതേ 
തുനിഞ്ഞടല്ലേ പുറത്തേക്കിറങ്ങീടുവാൻ
അവശ്യകാര്യമൊന്നുമില്ലയെങ്കിൽ
മുഖം മറച്ചീടുവാൻ മടി തോന്നുമെങ്കിലും 
മടിച്ചുകൂടാ അകലം പാലിക്കുവാൻ
വീട്ടിലേക്കെന്നും തിരിച്ചെത്തും നേരത്ത്
കൈ കഴുകീടുവാൻ ഓർമ്മ വേണം
കാണുന്നതെല്ലാം വാങ്ങാതെ നോക്കണം
വേണ്ടുന്നതൊക്കെയും കരുതീടേണം
ആരോരുമില്ലാതെ പൊരിയും വയറിന്
പറയാതെ നൽകണം അന്നവും സ്നേഹവും
പെരുവഴിയിലുഴറുന്ന മാനവജീവനെ
കൈപിടിച്ചീടണം മാർഗ്ഗം തെളിക്കണം
വ്യാധിയിൽ പിടയുന്ന പാവമാം രോഗിയെ
നെഞ്ചോട് ചേർക്കണം ധൈര്യം കൊടുക്കണം
സർക്കാരിൻ മാർഗ്ഗനിർദ്ദേശങ്ങളെപ്പോഴും
പാലിക്കാൻ നീയെന്നും ശ്രദ്ധിക്കേണം
ബന്ധങ്ങൾ ഏറെയുണ്ടെങ്കിലുമെപ്പോഴും
അകലാതെ അകലത്ത് നിർത്തീടണം
സ്വാതന്ത്ര്യം വെടിയേണം വീട്ടിൽ കഴിയണം
ഒരു നല്ല നാളിനായ് ലോകത്തിനായി
ത്യാഗം സഹിച്ചീടാൻ വയ്യെങ്കിൽ എന്നുണ്ണി
ഭൂമിയിൽ പുതുദീപം തെളിയുകില്ല 
ഇത്തിരിക്കുഞ്ഞന്റെ വീറിന്റെ മുന്നിൽ
നാം വീണേക്കാം എങ്കിലും തോറ്റുകൂടാ
തളരാതെ നിൽക്കണം പേടിയെ വെടിയണം
കരുതലിൽ നാളുകൾ നീക്കീടേണം
പാഠം പഠിക്കുവാനേറെയുണ്ടെന്നത്
അറിയേണം നാമെല്ലാം ഇനിയെങ്കിലും
കാടുകൾ മേടുകൾ അരുവികളത്രയും
മർത്യന്ന് മാത്രമായി ഉള്ളതല്ല
അവനിയെ കൊല്ലാതെ ജീവിക്കാൻ കഴിയണം
അവനിയെ അമ്മയായി സ്നേഹിക്കേണം
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
സ്നേഹിക്ക ഓരോ പ്രാണനേയും
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
പാലിക്കൂ എപ്പോഴും പൗരധർമ്മം

2.
മഹാമാരിയിൽ പെട്ടുഴറും മനുഷ്യാ
മറക്കാതെ പാലിച്ചീടുക ഈ സൂത്രവാക്യം
കൈ കഴുകീടുക മുഖം മറച്ചീടുക
വീട്ടിൽ കഴിഞ്ഞീടുക ഒരിത്തിരി നാൾ
ബന്ധങ്ങൾ ഏറെയുണ്ടെന്നാകിലും
അകലാതെ അകലം പാലിക്കേണം
ഭയമല്ല വേണ്ടത് കരുതൽ മാത്രം
തളരാതെ പതറാതെ സൂക്ഷിക്കുക
ഒരു നല്ല പൗരനായി മനുഷ്യനായി
പുതുയുഗത്തിനായി പോരാടുക
ഇത്തിരിക്കുഞ്ഞന്റെ വീറിന്റെ മുന്നിൽ
വീണേക്കാം എങ്കിലും തോൽക്കരുത്

3.
അതിജീവനത്തിന്റെ നാളുകളോരോന്നും
അതിസൂക്ഷ്മമിനിയും നാം താണ്ടിടേണം
അധികഠിനമീ ജീവിതമെന്നിരിക്കിലും
അലസത പാടില്ലെന്നറിഞ്ഞു കൊൾക
ദൂരമേറെയുണ്ടെന്നതോർമ്മ വേണം
ഒരുമയോടെ ചേർന്നുനടന്നു കൊൾക
വീഴുന്നോർക്കെല്ലാം താങ്ങായി മാറുക
കരുതലിൻ പാഠങ്ങൾ ഓർത്തു കൊൾക
പ്രതിരോധത്തിന്റെ സൂത്രവാക്യങ്ങൾ
ഒരു നല്ല നാളേക്കായി പാലിക്കുക
വിളറാതെ തളരാതെ മുന്നോട്ടു പോവുക
ഇരുളും മെല്ലെ വെളിച്ചമായി മാറീടും
എല്ലാരും തുല്യരെന്ന പ്രപഞ്ചതത്വം
ഓർക്കുക ഒരു നല്ല ലോകത്തിനായി

(ഈ കവിതയെ വിപുലപ്പെടുത്തിയാണ് പിന്നീട് 'അതിജീവനഗീതം' രചിച്ചത്)

4.
മുരുകൻ കാട്ടാക്കടയുടെ 'നീ അടുത്തുണ്ടായിരുന്ന കാലം..' എന്ന വരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയത്..

നാം അകത്തുണ്ടായിരുന്ന കാലം
നാം പുറത്തേക്കിറങ്ങാത്ത കാലം
നാം അരികെയുണ്ടായിരുന്ന കാലം
നാം തമ്മിൽ തമ്മിൽ പുണർന്ന കാലം
നാം ഏറെ കഥകൾ പറഞ്ഞ കാലം
നാം ഏറെ ചിരിച്ചുരസിച്ച കാലം
ബന്ധങ്ങൾ അകലെയെന്നറിഞ്ഞ കാലം
ആ അകലം പതുക്കെ കുറച്ച കാലം
നാടിനെ കൊതിയോടെ ഓർത്ത കാലം
വീട്ടാർക്കായി കണ്ണീർ പൊഴിച്ച കാലം 
കിളികൾ തൻ ആരവം കേട്ടുണർന്നു
തെളിയും നീലാകാശം നോക്കി നിന്നു
വിജനമാം തെരുവിൻ നിശബ്ദതയും
കാറ്റിൻ സുഗന്ധവും നാമറിഞ്ഞു
സ്വാതന്ത്ര്യമില്ലാത്ത സ്വതന്ത്രരായി
പാരതന്ത്ര്യത്തിൻ സുഖം അറിഞ്ഞു
മാളികമേട്ടിലും പീടികതിണ്ണേലും
ബന്ധനം ബന്ധനമാണെന്നറിഞ്ഞു
നാടിന് മുഴുവൻ അതിർത്തി പൊങ്ങി
ജനം കൂട്ടിൽ കിടന്നു വലഞ്ഞുവല്ലോ
പണമല്ല വലുതെന്നറിഞ്ഞു ലോകം
ദേശവലിപ്പവും പാഴായിപ്പോയി
പണ്ഡിത പാമര കുബേര കുചേലന്മാർ
ജീവനെ മുറുകെ പിടിച്ചിരുന്നു
ലോകം മുഴുവൻ പരക്കം പാഞ്ഞു
മേനി നടിച്ചവർ തിരിച്ചറിഞ്ഞു
ആയുധസംഭരണമല്ല മുഖ്യം 
ആരോഗ്യപാലനമാണവശ്യം
കണ്ണിലെ ആർത്തിയോ മാഞ്ഞുപോയി
ഭയം ഒന്നുമാത്രം നിറഞ്ഞു നിന്നു
മാനവനാണെന്ന് ഊറ്റം കൊണ്ടവർ 
വെറും മാനവനാണെന്ന് ബോധ്യമായി
നയനങ്ങൾക്ക് അപ്രാപ്യമായ വിദ്വാൻ
പല നയനങ്ങളേയും അടച്ചുവെച്ചു
ലോകം മുഴുവൻ തപസ്സിരുന്നു
അരൂപിയാം അരിയെ പിടിച്ചുകെട്ടാൻ
ഈ കാലമത്രയും അകത്തിരുന്നു, നാം
ഒരുപാടു സ്വപ്‌നങ്ങൾ പങ്കുവെച്ചു
പാട്ടുകൾ പാടി കഥകൾ പറഞ്ഞും
ജീവിതം സുന്ദരമാക്കി മാറ്റി
ഭയം വേണ്ടതില്ലന്നറിഞ്ഞു നമ്മൾ
കരുതലിൽ കാലം കഴിച്ചു കൂട്ടി
പ്രതിരോധത്തിൻ ഉപായമാണീ ലോക്ക്-
ഡൌൺ കാലമെന്നറിഞ്ഞു നമ്മൾ
സ്വാതന്ത്ര്യമില്ലാതെ ഭാരതത്തിൽ
സ്വസ്ഥതയോടെ കഴിഞ്ഞു നമ്മൾ
നാം തമ്മിൽ ഏറെ അടുത്ത കാലം
നാം തമ്മിൽ ഏറെ അറിഞ്ഞ കാലം
അത് മഹാമാരിക്കാലമെന്നറിഞ്ഞു കൊൾക
അത് ലോക്ക്ഡൗൺ കാലമെന്നോർത്തു കൊൾക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ