പേജുകള്‍‌

അതിജീവനഗീതം


കൊറോണ എന്ന മഹാമാരിയുടെ തേരോട്ടത്തിൽ പതറിപ്പോയ മനുഷ്യമനസ്സുകൾക്ക് ഊർജ്ജം പകരാനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം പുലരുന്നതിനായുള്ള പ്രാർത്ഥനയും.



കുന്ദലഹള്ളി കേരള സമാജത്തിലെ അംഗങ്ങളായ ചില സുഹൃത്തുക്കൾ ഈ വരികൾക്ക് ഈണമിട്ട് പാടി യൂട്യൂബിൽ വീഡിയോ ആയി ഇറക്കിയിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ചാൽ അത് കാണാവുന്നതാണ്.

https://youtu.be/OkoZ7T1ELYo

ഈ വീഡിയോ 'കുന്ദലഹള്ളി കേരള സമാജം' എന്ന യൂട്യൂബ് ചാനലിലും ലഭ്യമാണ്; ലിങ്ക് താഴെ കൊടുക്കുന്നു.

https://www.youtube.com/watch?v=33Rl-eF4QCI&t=4s



അതിജീവനത്തിന്റെ നാളുകളോരോന്നും
അതിസൂക്ഷ്മമിനിയും നാം താണ്ടിടേണം
അധികഠിനമീ ജീവിതമെന്നിരിക്കിലും
അലസത പാടില്ലെന്നറിഞ്ഞുകൊൾക

അണുരൂപമായി അടയിരിക്കുമരിയെ
അടിയോടെ പിഴുതെറിഞ്ഞീടേണം നാം
ദൂരമേറെയുണ്ടെന്നതോർമ്മ വേണം
ഒരുമയോടെ ചേർന്നുനടന്നുകൊൾക

വീഴുന്നോർക്കെല്ലാം താങ്ങായി മാറുക
കരുതലിൻ പാഠങ്ങൾ ഓർത്തുകൊൾക
പ്രതിരോധത്തിന്റെ സൂത്രവാക്യങ്ങൾ
ഒരു നല്ല നാളേക്കായി പാലിക്കുക

വിളറാതെ തളരാതെ മുന്നോട്ടു പോവുക
ഇരുളും മെല്ലെ വെളിച്ചമായി മാറീടും
അണിനിരക്കാം നമുക്കീ മഹായുദ്ധത്തിൽ
പതറാതെ വീഴാതെ കൈകോർത്തിടാം

ദേശത്തിൻ അതിരുകൾ പൊങ്ങീടട്ടെ
സ്നേഹത്തിൻ അതിരുകൾ മാഞ്ഞീടട്ടെ
ദേഹങ്ങൾ അകലത്തായി നിന്നീടട്ടെ
ഹൃദയങ്ങൾ അകലാതെ നോക്കീടുക

ലോകം മുഴുവൻ സുഖം പകരാൻ
ഇത് നമ്മൾ മറക്കാതെ ചെയ്യേണ്ട ത്യാഗം
അചഞ്ചലമായി നാം പൊരുതീടെണം
അണയാത്ത ജ്വാലയായി പടർന്നീടേണം

വസുധൈവ കുടുംബകമെന്നാപ്തവാക്യം
മറക്കാതെ നമ്മൾ പരിപാലിക്കേണം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
അതാവട്ടെ നമ്മുടെ ഏക ലക്‌ഷ്യം

ഭീതിതൻ കാർമേഘം മാഞ്ഞുപോയി
ചിരിയുടെ സൂര്യൻ ഉദിച്ചിടട്ടെ
ലോകം മുഴുവൻ സുഖം പകരാനായി
സ്നേഹത്തിൻ ദീപങ്ങൾ തെളിഞ്ഞിടട്ടെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ