പേജുകള്‍‌

ബന്ധനം



"ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ"

കുറേ ദിവസങ്ങൾക്ക് ശേഷം ഞാൻ ബാൽക്കണിയിലേക്കുള്ള വാതിൽ മെല്ലെ തുറന്നു. കൂട്ടിൽ നിന്നും പുറത്തു കടക്കാൻ വെമ്പിനിന്നിരുന്ന മൃഗത്തെ പോലെ, ഞങ്ങളുടെ ഉച്ച്വാസനിശ്വാസങ്ങളാൽ
വീർപ്പുമുട്ടിയിരുന്ന വായു പടിവാതിൽക്കൽ നിന്നിരുന്ന എന്നെ തള്ളിമാറ്റിക്കൊണ്ട് പുറത്തേക്കു കുതിച്ചു, സ്വാതന്ത്ര്യത്തിനായി. അതേസമയം പുറത്തു നിന്നും തണുത്ത വായു ആവേശത്തോടെ  അകത്തേക്ക് കയറി ചുമരുകളെ കുളിരണിയിപ്പിച്ചു. ബാൽക്കണിയിലെ കമ്പിയിൽ പിടിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. സർവ്വം ശാന്തം. മുൻപ്, ബഹളങ്ങൾ ഒഴിഞ്ഞ നേരമില്ലായിരുന്നു. നേരം പുലർന്നാൽ പാതിരാത്രിയാവുന്നതു വരെ കലപിലകൂട്ടിയിരുന്ന കുട്ടികളുടെ കളിചിരികളില്ല. വേലക്കാരികളെ ജോലിയേൽപ്പിച്ച് കസേരയിൽ അമർന്നിരുന്ന് കൂലങ്കഷമായി ചർച്ചകൾ നടത്തിയിരുന്ന കൊച്ചമ്മമാരെയും കാണാനില്ല. ചെറുമക്കൾക്ക് കൂട്ടിരിക്കാൻ വന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും പുറത്തില്ല. മുൻപൊക്കെ കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതുപോലുള്ള ബഹളം കേൾക്കുമ്പോൾ ഇതുപോലൊരു ശാന്തമായ അന്തരീക്ഷത്തിനു മനസ്സ് കൊതിച്ചിട്ടുണ്ട് പലവട്ടം. പക്ഷെ ഇപ്പോൾ? വല്ലപ്പോഴും മാത്രമേ ആൾക്കാർ നടന്നുപോകുന്നത് കാണുന്നുള്ളൂ. അതും അകത്തിരുന്നാണ് വീക്ഷിക്കാറ്. ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽ നിന്നിറങ്ങുന്ന ഡോക്ടർമാരെയും  നഴ്സുമാരെയും ഓർമ്മിപ്പിക്കുന്ന, പലനിറങ്ങളിലുള്ള തുണികളാൽ മുഖം മറച്ചുപിടിച്ചവരെ മാത്രമേ താഴെ കാണാറുള്ളു. നടക്കുമ്പോൾ എതിർവശത്തുനിന്നും ആരെങ്കിലും വരുന്നത് കണ്ടാൽ അവരുടെ മുഖങ്ങളിൽ തെളിയുന്നത് സ്നേഹത്തിന്റെ കണികകൾ നിറഞ്ഞ  ചിരിയല്ല, മറിച്ച് എന്തോ ഒരു ഭയം കലർന്ന സംശയത്തോടെയുള്ള നോട്ടങ്ങൾ. എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി നടത്തുന്ന തികച്ചും യാന്ത്രികമായ കുശലാന്വേഷണങ്ങൾ. ദൂരെ നിന്ന്  കാണുമ്പോൾ തന്നെ വഴിയുടെ രണ്ടറ്റത്തേക്ക് അവരറിയാതെ നീങ്ങുന്നു. കാര്യങ്ങൾ ചോദിക്കുമ്പോഴും പറയുമ്പോഴും എങ്ങനെയെങ്കിലും ഇതവസാനിപ്പിച്ച് അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന മുഖഭാവം. ഞാൻ അറിയാതെ എന്നിൽ നിന്നുമൊരു ദീർഘനിശ്വാസം ഉതിർന്നു.

താഴെ സർവ്വസ്വതന്ത്രനായി ഒരു കീരി നടന്നുപോകുന്നു. അതിനറിയുമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് മനുഷ്യരെന്നും പുറത്തിറങ്ങില്ല എന്ന്. നടക്കുന്നതിനിടയിൽ അതെന്നെ നോക്കി കളിയാക്കി ചിരിച്ചത് പോലെയെനിക്ക് തോന്നി. ഞാൻ ഒന്നും മിണ്ടാതെ മാനത്തേക്ക് നോക്കി. നല്ല തെളിഞ്ഞ മാനം. കുറച്ചുയരത്തിലായി ശാന്തമായി പറക്കുന്ന ഏതാനും പക്ഷികൾ. എത്ര കാലമായിട്ടുണ്ടാകും ഇങ്ങനെ നീലാകാശം നോക്കി നിന്നിട്ട്? മാസങ്ങൾ അതോ വർഷങ്ങളോ? ഉത്തരമറിയാതെ ഞാൻ കുഴങ്ങി. ഏതോ പൂവിന്റെ സുഗന്ധവുമായി കിഴക്കോട്ട് പായുകയായിരുന്നു കാറ്റ് എന്റെ നിസ്സഹായാവസ്ഥ കണ്ട് ഒരുനിമിഷം നോക്കിനിന്നോ? ആ മണം വളരെ പരിചിതമായി എനിക്ക് തോന്നിയെങ്കിലും ആ പൂവിന്റെ പേരുകണ്ടുപിടിക്കുന്നതിൽ ഞാൻ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. അകലെ എവിടെയോ നിന്നും ഒഴുകിയെത്തുന്ന ഒരു പാട്ട്. ഇപ്പോൾ തന്റെ പ്രവാഹത്തെ തടുക്കാൻ വേറെ ശബ്ദ വീചികൾ ഒന്നും ഇല്ല എന്ന് പാട്ടിനുമറിയാം. അപ്പുറത്തെ പറമ്പിലെ  തെങ്ങോലയിൽ സന്തോഷപൂർവ്വം ഊഞ്ഞാലാടുന്ന തത്ത. മതിലിനോട് ചേർന്ന് തലയാട്ടി ചിരിക്കുന്ന ഏതൊക്കെയോ പൂക്കൾ. ഇത്രയും ഭംഗിയുള്ള പൂക്കൾ ഇതിനു മുൻപും ഇവിടെയുണ്ടായിരുന്നോ? അറിയില്ല. ആ സുന്ദരമായ കാഴ്ച്ചയിൽ ഇത്തിരി നേരം എന്റെ മനസ്സ് ഉടക്കി. പൂവിന്റെ തലയാട്ടൽ എന്നെ ആശ്വസിപ്പിക്കാൻ പറയുന്ന വാക്കുകളായി എനിക്ക് തോന്നി. അലസതയോടെ അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്  തെരുവ് പട്ടികൾ, സർവ്വസ്വതന്ത്രർ. ചൂളം വിളിയോടെ എന്നെ നോക്കി കടന്നുപോയ ഏതോ ഒരു കിളി. അവരൊക്കെ സ്വതന്ത്രരാണ്. ഇഷ്ടമുള്ളിടത്ത് പോകാനും വരാനും കഴിയുന്നവർ. മനുഷ്യരുടെ ശല്യമില്ലാത്ത ഈ കാലം ആസ്വദിക്കുകയാണ് അവയൊക്കെ. ഇത്രയും കാലം എല്ലാം അടക്കിഭരിച്ചിരുന്ന മനുഷ്യൻ, ഉള്ളവനെന്നും ഇല്ലാത്തവനെന്നും ഭേദമില്ലാതെ ഇന്ന് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ഈ കാഴ്ച ഒരുപക്ഷെ അവയെയൊക്കെ സന്തോഷിപ്പിക്കുന്നുണ്ടാവും. വെറും മൃഗങ്ങൾ എന്ന് മനുഷ്യകുലം പുച്ഛിച്ചിരുന്ന ജീവിവർഗ്ഗമാകട്ടെ സർവതന്ത്ര സ്വതന്ത്രരും. ഒരു നിമിഷം പോലും സമയമില്ലാതിരുന്നവർക്കൊക്കെ ഇപ്പോൾ ഇഷ്ടം പോലെ സമയം പക്ഷെ ചെയ്യാൻ ഒന്നുമില്ലാതെ, വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ബന്ധനത്തിന്റെ വേദന എന്തെന്ന് ഇപ്പോൾ ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ മനസ്സിലാക്കിയിട്ടുണ്ടാകും.

ഞാൻ അസ്വസ്ഥതയോടെ മുഖംതിരിച്ചു. കുട്ടികളുടെ കലപിലകൾക്കായി എന്റെ മനസ്സ് കൊതിച്ചു. ഈ നിശബ്ദതയിൽ, ശാന്തതയിൽ നിറഞ്ഞിരിക്കുന്നത്  ഭയമാണെന്ന ചിന്ത എന്നെയും ഭയപ്പെടുത്തി. അധികനേരം ആ നിശബ്ദത എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ പതുക്കെ മുറിയിൽ കയറി വാതിലടച്ചു. നേരത്തെ മുറിയിലേക്ക് ഓടിക്കയറിയ വായു അതുകണ്ടു ഞെട്ടിയിട്ടുണ്ടാകും, പിന്നെ പതുക്കെ തേങ്ങിക്കാണും. അസ്വസ്ഥമായ മനസ്സോടെ ഞാൻ കൈകൾ കഴുകാനായി കുളിമുറിയിലേക്ക് നീങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ