കൊറോണ എന്ന മഹാമാരി മനുഷ്യകുലത്തിനാകെ നാശം വിതച്ചു മുന്നോട്ട് പോകെ, അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ കവിതയായി അവതരിപ്പിക്കുന്നു.
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
ചെയ്യുവാനുണ്ടേറെ ഒരു നല്ല പൗരനായി
കൈ രണ്ടും സോപ്പിനാൽ കഴുകീടുക
നിമിഷങ്ങൾ ഇരുപതാവും വരേയ്ക്കും
തൂവാല കൊണ്ടു മുഖം മറച്ചീടാതെ
തുമ്മാരുതേ നീ ചുമയ്ക്കരുതേ
തുനിഞ്ഞടല്ലേ പുറത്തേക്കിറങ്ങീടുവാൻ
അവശ്യകാര്യമൊന്നുമില്ലയെങ്കിൽ
മുഖം മറച്ചീടുവാൻ മടി തോന്നുമെങ്കിലും
മടിച്ചുകൂടാ അകലം പാലിക്കുവാൻ
വീട്ടിലേക്കെന്നും തിരിച്ചെത്തും നേരത്ത്
കൈ കഴുകീടുവാൻ ഓർമ്മ വേണം
കാണുന്നതെല്ലാം വാങ്ങാതെ നോക്കണം
വേണ്ടുന്നതൊക്കെയും കരുതീടേണം
ആരോരുമില്ലാതെ പൊരിയും വയറിന്
പറയാതെ നൽകണം അന്നവും സ്നേഹവും
പെരുവഴിയിലുഴറുന്ന മാനവജീവനെ
കൈപിടിച്ചീടണം മാർഗ്ഗം തെളിക്കണം
വ്യാധിയിൽ പിടയുന്ന പാവമാം രോഗിയെ
നെഞ്ചോട് ചേർക്കണം ധൈര്യം കൊടുക്കണം
സർക്കാരിൻ മാർഗ്ഗനിർദ്ദേശങ്ങളെപ്പോഴും
പാലിക്കാൻ നീയെന്നും ശ്രദ്ധിക്കേണം
ബന്ധങ്ങൾ ഏറെയുണ്ടെങ്കിലുമെപ്പോഴും
അകലാതെ അകലത്ത് നിർത്തീടണം
സ്വാതന്ത്ര്യം വെടിയേണം വീട്ടിൽ കഴിയണം
ഒരു നല്ല നാളിനായ് ലോകത്തിനായി
ത്യാഗം സഹിച്ചീടാൻ വയ്യെങ്കിൽ എന്നുണ്ണി
ഭൂമിയിൽ പുതുദീപം തെളിയുകില്ല
ഇത്തിരിക്കുഞ്ഞന്റെ വീറിന്റെ മുന്നിൽ
നാം വീണേക്കാം എങ്കിലും തോറ്റുകൂടാ
തളരാതെ നിൽക്കണം പേടിയെ വെടിയണം
കരുതലിൽ നാളുകൾ നീക്കീടേണം
പാഠം പഠിക്കുവാനേറെയുണ്ടെന്നത്
അറിയേണം നാമെല്ലാം ഇനിയെങ്കിലും
കാടുകൾ മേടുകൾ അരുവികളത്രയും
മർത്യന്ന് മാത്രമായി ഉള്ളതല്ല
അവനിയെ കൊല്ലാതെ ജീവിക്കാൻ കഴിയണം
അവനിയെ അമ്മയായി സ്നേഹിക്കേണം
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
സ്നേഹിക്ക ഓരോ പ്രാണനേയും
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
പാലിക്കൂ എപ്പോഴും പൗരധർമ്മം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ