പേജുകള്‍‌

വയനാടൻ യാത്രാവിശേഷങ്ങൾ

 

വയനാട് - പ്രകൃതി രമണീയമായ സ്ഥലം. പേരിന്റെ അർഥം തേടിപ്പോയാൽ വയലുകളുടെ നാട് എന്നും. പച്ചപ്പട്ടുപുതച്ചു കിടക്കുന്ന പശ്ചിമ മലനിരകളും വയലേലകൾ നിറഞ്ഞ താഴ്വാരങ്ങളാലും അതീവസുന്ദരിയായിരുന്നു ഈ നാട്. ഈറ്റക്കാടുകളും വന്മരങ്ങളും പലതും മനുഷ്യന്റെ ആർത്തിയുടെ ഫലമായി നിലംപതിച്ചെങ്കിലും കോടമഞ്ഞിന്റെ പഴയ തണുപ്പില്ലെങ്കിലും ഇന്നും സന്ദർശകരുടെ ഹരമാണ് ഈ മലനാട്. കണ്ണിന് കുളിരണിയിക്കുന്ന കാഴ്ചകളും കാതിനിമ്പമേകുന്ന കിളിക്കൊഞ്ചലുകളും പാൽനുരയൊഴുക്കുന്ന കബനി നദിയും അതിലെ വെള്ളച്ചാട്ടങ്ങളും ചരിത്രമുറങ്ങുന്ന ഗുഹകളും സാഹസികത നിറച്ചുവെച്ച വിനോദസഞ്ചാരമേഖലകളും വായിൽ വെള്ളം നിറയ്ക്കുന്ന രുചികരമായ ഭക്ഷണങ്ങളും എന്നുവേണ്ട പറഞ്ഞാൽ തീരാത്തത്രയും വിഭവങ്ങളുണ്ട് സഞ്ചാരികൾക്ക് ഈ പ്രദേശം തിരഞ്ഞെടുക്കാൻ. പക്ഷെ ഇതിനേക്കാളുപരി എല്ലാവരും ഒത്തുചേർന്ന നിമിഷങ്ങൾ പങ്കിടാൻ ബാംഗളൂരിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരിടം എന്നതുമാത്രമായിരുന്നു ഈ പ്രദേശം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങൾ എന്നുപറഞ്ഞാൽ കേരളത്തിലെ പല പല ജില്ലകളിൽ നിന്നും ജീവിതവൃത്തിക്കായി ബാംഗ്ളൂരിൽ എത്തി പലയിടങ്ങളിലായി ചുറ്റിത്തിരിഞ്ഞ് ഒടുവിൽ ശരണ്യ സരോവർ എന്ന ഇടത്തരം ഭവനസമുച്ചയത്തിൽ താമസിക്കുന്ന പത്ത് വീട്ടുകാർ. ഊരുചുറ്റുന്ന കാര്യത്തിലും തിന്നുന്ന കാര്യത്തിലും പരസ്പരം കളിയാക്കുന്ന കാര്യത്തിലും തൊലിക്കട്ടിയുടെ കാര്യത്തിലും ഏതാണ്ട് സമാനമനസ്കരായ പത്ത് വീട്ടുകാർ! വൈദേശികാക്രമണമായിരുന്നു ആദ്യത്തെ ഉദ്ദേശം. പക്ഷേ, പടയും പടക്കോപ്പുകളുമില്ലെന്നറിഞ്ഞ് ഗോവ വഴി പോണ്ടിച്ചേരി കടൽത്തീരം സ്വപ്നത്തിൽ കീഴടക്കി ഒടുവിൽ ഉള്ള കാലാൾപ്പടയുമായി വയനാടൻ മലനിരയിലേക്ക് നീങ്ങാൻ വിധിക്കപ്പെട്ട പാവം ശിപ്പായിമാർ. എങ്കിലും കൈയ്യിലുള്ള തുരുമ്പിച്ച കോപ്പുകളുമായി, ആക്രമിക്കാൻ വന്ന കോഴിയോടും ആടുമാടുകളോടും നിർദ്ദയം പോരാടി അവരെ കീഴടക്കി ഏമ്പക്കവും വിട്ട് യുദ്ധച്ചെലവ് കണ്ടു കണ്ണുതള്ളിപ്പോയി എന്നത് പറയാതിരിക്കാനാവില്ല.  

ഏതാണ്ട് ഒരുമാസത്തെ തയ്യാറെടുപ്പുകളുണ്ടായിരുന്നു. ലക്‌ഷ്യം തീരുമാനിക്കാൻ തന്നെ കുറച്ചുദിവസങ്ങൾ വേണ്ടി വന്നു. അതിനുശേഷം എവിടെ പള്ളിയുറങ്ങുമെന്നതായിരുന്നു അടുത്ത ചിന്ത. സുലൈമാൻ പപ്പുവിനെപ്പോലെ പതിവായി താമരശ്ശേരി ചുരം കയറിയിറങ്ങുന്ന സന്ദീപിനെ ആ പണി ഏൽപ്പിച്ചു. പലവിധ കൂടിയാലോചനകൾക്കുശേഷം അതിന്റെ കാര്യത്തിലും തീരുമാനമായി. അവിടെ ചെന്നിട്ട് എന്ത്, എങ്ങനെ എന്നത് ചാറ്റ് ജി പി ടി യിൽ ഗവേഷണം നടത്തി മഞ്ജിമ തയ്യാറാക്കി. ദോഷം പറയരുതല്ലോ ശ്വാസം വിടാൻ പോലും സമയം കിട്ടരുതെന്ന ഉദ്ദേശത്തോടെയാണ് ജി പി ടി ചേട്ടൻ സംഭവം തയ്യാറാക്കിയത്, പക്ഷേ നമ്മളാരാ മൊതല്? ഏതായാലും ആക്രമണം കഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ മാത്രമേ നാടുചുറ്റാനിറങ്ങു എന്ന നമ്മുടെ പദ്ധതി അങ്ങേർക്ക് പിടികിട്ടിയിരുന്നില്ല. സഞ്ചരിക്കാനുള്ള ശകടം സംഘടിപ്പിക്കാനുള്ള ചുമതല എനിക്കായിരുന്നു. കൈയ്യിലുണ്ടായിരുന്ന ബന്ധം വെച്ച് ഒരാളെ മുട്ടി. മറുപടി കിട്ടുന്നയിടത്തോളം മുട്ടി ശല്യപ്പെടുത്തിയപ്പോൾ കാര്യം നടന്നു. അല്ലെങ്കിലും മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ. ഈ ശകടത്തിന്റെ പേരിൽ പിന്നീട് പലരും എന്റെ നെഞ്ചത്തോട്ട് കയറാൻ വന്നു എന്നത് മറ്റൊരുകാര്യം. പിന്നെ നമ്മുടെ പിള്ളേരായതുകൊണ്ട് ഒക്കെ ക്ഷമിച്ചു എന്നുപറഞ്ഞാൽ മതിയല്ലോ. യാത്ര ചെയ്യുമ്പോൾ കൊറിക്കാനുള്ള വക വാങ്ങാൻ ചിലരോട് പറഞ്ഞപ്പോൾ അവർക്കൊക്കെ മൊട. അതിനാൽ ഒന്നിൽ കൂടുതൽ ആൾക്കാർ എന്തൊക്കെയോ വാങ്ങിക്കൊണ്ടുവന്നു. കുറേ തിന്നു, കുറേ ബാക്കിയായി. ഏതായാലും ചൂടേറിയ ചർച്ചകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം ഒക്ടോബർ 31 നു രാവിലെ അഞ്ചരയോടെ ആ ശകടം മുപ്പത്തിമൂന്നു പേരെയും വഹിച്ചുകൊണ്ട് സുൽത്താൻ ബത്തേരിയിലേക്ക് കുതിച്ചു. കുതിപ്പിന്റെ ശക്തി കൊണ്ടായിരിക്കാം രണ്ടടി മുന്നോട്ടു വെക്കുമ്പോൾ ഒരടി പിന്നോട്ട് എന്ന രീതിയിലായിരുന്നു വാഹനം നീങ്ങിയിരുന്നത്. ഏതായാലും എട്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ വയറിന്റെ വിളി കേട്ടു. റോഡരികിൽ കണ്ട അധികം വലുതല്ലാത്ത എന്നാൽ കാഴ്ചയ്ക്ക് തെറ്റില്ലാത്ത ഒരു ഭക്ഷണശാലയുടെ മുന്നിൽ വാഹനം നിർത്തി. വാഹനം നിർത്തിയെങ്കിലും ആരും സംസാരം നിർത്തിയിരുന്നില്ല. അല്ലെങ്കിലും ഞങ്ങൾക്ക് വയർ നിറഞ്ഞാലും ഒഴിഞ്ഞാലും സംസാരിച്ച് നിറയാറുമില്ല, വാക്കുകൾ ഒഴിയാറുമില്ല. ഞങ്ങളെ ഒരുമിച്ചു കണ്ടതിന്റെ സന്തോഷം കൊണ്ടാണോ അതോ പണി പാളിയെന്ന് തോന്നിയതിനാലാണോ എന്നറിയില്ല ഒരു വല്ലാത്ത ഭാവത്തോടെയായിരുന്നു അവിടുത്തെ ജോലിക്കാർ ഞങ്ങളെ വരവേറ്റത് (ദേഹണ്ഡക്കാരൻ രണ്ടാഴ്ച അവധിയിൽപ്പോയി എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ഇവിടെ മാത്രമല്ല ഞങ്ങൾ കഴിക്കാൻ പോയ ഇടങ്ങളിലൊക്കെ!).

കുറച്ചുസമയത്തെ ബഹളത്തിനുശേഷം ഓരോരുത്തരായി ഇരിപ്പിടങ്ങളിൽ അമർന്നു. പ്ലെയിൻ ദോശ, നെയ്യ് ദോശ, മസാല ദോശ, നെയ്യ് മസാല ദോശ, ദോശയും വടയും , ഒരു ഇഡലി ഒരു വട, രണ്ട് ഇഡലി വട എന്നിങ്ങനെ എത്രമാത്രം സങ്കീർണ്ണമാക്കാൻ പറ്റുമോ അതൊക്കെ ചെയ്താണ് ഭക്ഷണം പറഞ്ഞത്. അയാളുടെ ദയനീയഭാവം കണ്ടിട്ട് ഞങ്ങളും ഭക്ഷണം കൊണ്ടുവരാനും കൊടുക്കാനുമൊക്കെ സഹായിച്ചു. ഏതായാലും ഏതാണ്ട് ഒന്നരമണിക്കൂർ നേരമെടുത്തു ഈ കലാപരിപാടി പൂർത്തിയാക്കി പുറത്തുകടക്കാൻ. വീണ്ടും ബസ്സിൽ. ഡ്രൈവർ ചവിട്ടാത്തതുകൊണ്ടാണോ അതോ ചവുട്ടിയാലും ഞാൻ ഓടില്ല എന്ന ബസ്സിന്റെ വാശി കാരണമാണോ എന്നറിയില്ല സൈക്കിൾ ഒഴിച്ച് ബാക്കി വാഹനങ്ങളൊക്കെ മുന്നിൽ പോകുന്നത് ഒരുതരം നിസ്സംഗതയോടെ കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. പിന്നിൽ നിന്നും ഉയർന്ന അഭിപ്രായങ്ങൾ ഞാൻ മനപ്പൂർവ്വം കേട്ടില്ലെന്നു നടിച്ചു. വയർ നിറഞ്ഞതിനാലാണോ അതോ ബസ്സിന്റെ വേഗതയിൽ മനം മടുത്തിട്ടോ പലരും നിദ്രയിൽ അഭയം പ്രാപിച്ചു. അതിന്റേതായ ശാന്തത ബസ്സിൽ കാണാനുമുണ്ടായിരുന്നു. ചിലർ യൂനോ കാർഡുമായി കളിക്കാനിറങ്ങി, തോറ്റുതുന്നംപാടി. നീങ്ങിയും നിരങ്ങിയും കേരള അതിർത്തിയിൽ എത്തിയപ്പോൾ പോലീസുകാർ ബസ്സിൽ പരിശോധനയ്ക്കായി കയറി. മനസ്സിൽ പൊട്ടിക്കാനായി ഒരു ലഡു കരുതിക്കൊണ്ടാണ് അവർ വന്നതെങ്കിലും സ്ത്രീകളേയും കുട്ടികളേയും കണ്ടപ്പോൾ 'തപ്പിയാൽ സാധനം കിട്ടുമെന്ന് അറിയാം, എങ്കിലും നോക്കുന്നില്ല' എന്ന് ആരെയൊക്കെയോ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് ലഡുവുമായവർ പിൻവാങ്ങി. കണക്കുകൂട്ടിയ സമയവും കഴിഞ്ഞ് ബത്തേരിയിലെ ഐറിസ് ഗ്രാൻഡ് ഹോട്ടലിൽ എത്തുമ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. മുറികളൊക്കെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ അവരവരുടെ മുറികളിൽ സ്ഥാനം പിടിച്ചു. വിശപ്പിന്റെ വിളി അസഹനീയമാകുന്നതിന് മുന്നേ എല്ലാവരും അങ്കത്തിനിറങ്ങി. അങ്കത്തട്ട്, 'മുട്ടിൽ' എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള 'ഓലൻ' ആയിരുന്നു. പോരാളികളെ ആവേശത്തോടെ സ്വീകരിക്കുമ്പോൾ അവിടുത്തെ ജോലിക്കാർ പോലും കരുതിക്കാണില്ല ഇങ്ങനെയൊരു പോരാട്ടം കാണേണ്ടിവരുമെന്ന്. ഏതായാലും ഒരു മണിക്കൂറിലേറെ നീണ്ട യുദ്ധത്തിൽ കോഴികളും പോത്തും ആടും (?) മീനുകളുമൊക്കെ ചത്തുമലച്ചു. അതിന്റെ ക്ഷീണവുമായാണ് കാരാപ്പുഴ അണക്കെട്ടും പരിസരപ്രദേശങ്ങളും കാണാൻ പോയത്. ഗൂഗിൾ മാപ്പിൽ നോക്കിയാൽ പല ശാഖകളും ഉപശാഖകളുമായി കിടക്കുന്ന ഒരു മുൾച്ചെടിയുടെ രൂപത്തിലാണ് കാരാപ്പുഴ നദി കിടക്കുന്നതെന്ന് കാണാം. ഇതിന്റെ ഒഴുക്ക് തടഞ്ഞാണ് 600 മീറ്ററിലേറെ നീളത്തിലും 28 മീറ്ററിലേറെ ഉയരത്തിലുമായി ജലസേചനത്തിനായുള്ള അണക്കെട്ട് പണിതിരിക്കുന്നത്. 25 വർഷത്തോളം എടുത്തു ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ. വലിയൊരു പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന നിറഞ്ഞ ജലാശയവും മനോഹരമായ ഭൂപ്രകൃതിയൊക്കെയാണെങ്കിലും സഞ്ചാരികൾക്ക് ഒരു ചെറിയ നിശ്ചിത ദൂരം മാത്രമേ അണക്കെട്ടിന്റെ മുകളിലൂടെ നടക്കാൻ അനുവാദമുള്ളൂ. എന്നിരുന്നാലും ആ കാഴ്ച നയനാനന്ദകരമായിരുന്നു. അണക്കെട്ടിനോട് ചേർന്നുള്ള ഉദ്യാനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനുള്ള പലതും ഒരുക്കിയിട്ടുണ്ടായിരുന്നു. വട്ടത്തിൽ കറങ്ങുന്നതും ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതും വലിയ ഊഞ്ഞാലും ചുറ്റുപാടും നന്നായി വീക്ഷിക്കാനുള്ള നിരീക്ഷണസ്ഥലവും തുടങ്ങി കുറെയേറെ സംഗതികൾ അവിടെയുണ്ടായിരുന്നു. വലിയ ഊഞ്ഞാൽ കണ്ടപ്പോൾ കൂട്ടത്തിലെ ചില മാമന്മാർക്ക് ആവേശം അടക്കാൻ കഴിഞ്ഞില്ല. 'നമ്മളിതെത്ര കണ്ടതാ' എന്ന ഭാവത്തിൽ വലിയ ഊഞ്ഞാലിൽ സാഹസികത കാണിക്കാൻ പോയവർ ഉള്ള ധൈര്യമെല്ലാം ചോർന്ന് നനഞ്ഞ കോഴിയെപ്പോലെ തിരിച്ചു വന്നപ്പോൾ 'വസൂ.., ദേ നിന്റെ മോ....ൻ" എന്ന് പറയാൻ 'ഒടുവിൽ' ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. ചാറ്റ് ജി പി ടി യുടെ കണക്കുകൂട്ടലുകൾ ആദ്യദിനം തന്നെ തെറ്റി. കാണാൻ ആഗ്രഹിച്ച മറ്റു രണ്ടു സ്ഥലങ്ങളും ഒഴിവാക്കി. കളിയും ചിരിയുമായി അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ പരിസരം ഇരുട്ടിലമരാൻ തുടങ്ങിയിരുന്നു. നേർത്ത കുളിരിന്റെ അകമ്പടിയോടെ എല്ലാവരും ബസ്സിൽ കയറി. ഉച്ചയ്ക്ക് അകത്തേക്ക് കയറ്റിവിട്ടത് കനമുള്ളതായതിനാൽ ആർക്കും വിശപ്പും ദാഹവുമുണ്ടായിരുന്നില്ല. അതിനാൽ അത്താഴം വേണ്ടെന്നും പകരം ലഘുഭക്ഷണം മതിയെന്നും ശ്രീമതികൾ ഒന്നാകെ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ ബസ് നേരെ ബത്തേരിയിലെ അല്ലെങ്കിൽ വയനാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളിലൊന്നായ 'വിൽട്ടൻ' ലക്ഷ്യമാക്കി കുതിച്ചു. ഹോട്ടലിൽ തിരക്ക് തുടങ്ങിയിരുന്നില്ല. അതിനാൽ പെട്ടെന്നുതന്നെ അവർ എല്ലാവർക്കും ഒരുമിച്ചിരിക്കാനുള്ള സൗകര്യവും ഒരുക്കിത്തന്നു. വിശപ്പില്ലാത്തതിനാൽ എത്രമാത്രം കുറച്ചാണോ പറയാൻ പറ്റുക അത്രയും കുറച്ചാണ് എല്ലാവരും ഭക്ഷണം പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് ചില ഭാഗങ്ങളിൽ നിന്നും എല്ലിൻ കഷണങ്ങൾ തകരുന്നതിന്റെ ശബ്ദവും ആവിപറക്കുന്ന ബിരിയാണി ഗന്ധവുമൊക്കെ ഉയർന്നിരുന്നെങ്കിലും അതൊക്കെ വെറും തോന്നലുകളായിരുന്നെന്ന് പിന്നീട് മനസ്സിലായി. ഭക്ഷണത്തിന്റെ കാശു കൂട്ടുന്നതിൽ ഹോട്ടലിലെ ജോലിക്കാർക്ക് തെറ്റുപറ്റിയതിനാലോ അതോ അപ്പുറത്തെ ആളുകളുടെ ബില്ല് കൂടി ചേർത്തതിനാലോ എന്നറിയില്ല ബില്ല് കിട്ടിയപ്പോൾ സന്ദീപിന്റെ മുഖം വിവർണ്ണമായത്. അല്ലാതെ ലളിതഭക്ഷണത്തിന് അത്രയും ഉയർന്ന തുക വരാൻ യാതൊരു സാധ്യതയുമില്ലല്ലോ. ഏതായാലും മാന്യന്മാരായതിനാൽ തർക്കവിതർക്കങ്ങൾക്ക് നിൽക്കാതെ ചോദിച്ച കാശും കൊടുത്ത് പകുതി നിറഞ്ഞ വയറും ചവച്ചുകൊണ്ടിരിക്കുന്ന വായയും നിർത്താത്ത ഏമ്പക്കവുമായി എല്ലാവരും ഹോട്ടലിലേക്ക് മടങ്ങി. അതിരാവിലെ എഴുന്നേറ്റതിനാലും ദീർഘയാത്ര ചെയ്തതിനാലും എല്ലാവരും ക്ഷീണിതനായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ പരദൂഷണങ്ങൾക്ക് മുതിരാതെ, വായയ്ക്കും വയറിനും വിശ്രമം അനുവദിച്ച് എല്ലാവരും കിടക്കയെ അഭയം പ്രാപിച്ചു. ശീതീകരണിയുടെ സുഖശീതളിമയിൽ വൈകാതെ ഏവരും നിദ്ര പ്രാപിക്കുകയും ചെയ്തിട്ടുണ്ടാകും എന്നുതന്നെയാണ് കരുതുന്നത്.

നാഴികമണിയിലെ കിളിക്കൊഞ്ചൽ എന്നെ സുഖകരമായ നിദ്രയിൽ നിന്നും  ഉണർത്തി. സമയം ആറര. ശീതീകരണിയുടെ തണുപ്പ് സഹിക്കാവുന്ന നിലയിലായിരുന്നു. പുലരിയിലെ കുളിരുമാസ്വദിച്ച് ഇത്തിരിനേരം കൂടി കിടക്കണമെന്നുണ്ടായിരുന്നെങ്കിലും എഴുന്നേറ്റു. പതുക്കെ ജാലകതിരശീല നീക്കി. മരതകപട്ടണണിഞ്ഞ മാമലകൾ കോടമഞ്ഞിന്റെ കിന്നരത്തലപ്പാവുമായി നിൽക്കുന്ന കാഴ്ച അനിർവചനീയമായിരുന്നു. സമയം കടന്നുപോകുന്നു. ഇന്നത്തെ യാത്ര കൃത്യമായി എവിടേക്കാണെന്ന് അറിയില്ല, ഏകദേശ ധാരണ ഉണ്ടെങ്കിലും. കഴിയുന്നതും രാവിലെതന്നെ ഇറങ്ങണമെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം തണുത്ത വെള്ളത്തിലൊരു കുളി. സൗമ്യയോട് പറഞ്ഞതിനുശേഷം ലുങ്കിയും മടക്കിക്കുത്തി വെളിയിലേക്കിറങ്ങി. പ്രഭാതകാഴ്ചകളും ഒരു ചൂട് ചായയുമായിരുന്നു ലക്‌ഷ്യം. വെളിയിലെ മഞ്ഞിനെ വക വെക്കാതെ നിരത്തിലേക്കിറങ്ങി. വയനാടൻ കാറ്റിന്റെ കുസൃതിക്കൈകൾ എന്നിൽ കുളിരുകോരിയിട്ടപ്പോൾ മടക്കികുത്തിയ ലുങ്കി താഴ്ത്തിയിടേണ്ടിവന്നു. നേരം പുലരുന്നതേയുണ്ടായിരുന്നുവെങ്കിലും സംസ്ഥാനപാതയിൽ വാഹനങ്ങളുടെ മോശമല്ലാത്ത തിരക്കുണ്ടായിരുന്നു. റോഡിന്റെ ഓരം പിടിച്ച് തണുപ്പാസ്വദിച്ച്‌ ഒറ്റയ്ക്കൊരു നടത്തം. അധികം പോകേണ്ടി വന്നില്ല ചായക്കട കാണാൻ. സമോവറിൽ ഉണ്ടാക്കിയ ചൂടുചായ പതുക്കെ മൊത്തിക്കുടിച്ചതിനു ശേഷം തിരികെ മുറിയിലേക്ക്. കോടമഞ്ഞിന്റെ സ്നേഹാശ്ലേഷത്തിൽ അമർന്ന് ഒരു സ്വപ്‌നാടകനെപ്പോലെ പതുക്കെ പതുക്കെ. ഹോട്ടലിന്റെ മുറ്റത്തു നിന്നും മുത്തുമാല പോലെ കിടക്കുന്ന സഹ്യമലനിരകളെ കുറച്ചുനേരം നിർന്നിമേഷനായി നോക്കിനിന്നു. സൂര്യന്റെ സ്വർണ്ണവർണ്ണം മൗലിയിൽ അണിയാനായി മഞ്ഞിൻ തലപ്പാവ് ധൃതിയിൽ ഊരിമാറ്റുകയാണവ. ആ മാസ്മരിക കാഴ്ച എല്ലാവരും കാണട്ടെ എന്ന് കരുതി ഒരു സന്ദേശം കൊടുത്തയച്ചു ഉടനെ. ആരൊക്കെ സന്ദേശം കണ്ടു ആരൊക്കെ കാഴ്ച കണ്ടു എന്നറിയില്ല. 

എട്ടുമണിക്കാണ് പ്രഭാതഭക്ഷണം കിട്ടുക എന്നത് നേരത്തെ ചോദിച്ചു മനസ്സിലാക്കിയിരുന്നു. സമയമായപ്പോൾ ഓരോരുത്തരായി വരാൻ തുടങ്ങി. നേരത്തെ വന്നവരും വൈകി വന്നവരും ഉണ്ടായിരുന്നു കൂട്ടത്തിൽ. ഇഡ്ഡലിയും ദോശയും ബ്രെഡ്ഡും പഴങ്ങളും പഴച്ചാറും ചായയും കാപ്പിയും അങ്ങനെ കഴിക്കാൻ പറ്റുന്നതൊക്കെ 'ചെറുതായി' കഴിച്ചു. അല്ലെങ്കിലും രാവിലത്തെ ഭക്ഷണം ഒഴിവാക്കരുതെന്നാണല്ലോ പ്രമാണം. ഒൻപത് മണിക്ക് യാത്ര തുടങ്ങണമെന്നാണ് ഇന്നലെ തീരുമാനിച്ചിരുന്നു, എങ്കിലും കുറച്ച് വൈകിയാണ് പുറപ്പെട്ടത്. പൂക്കോട് തടാകമാണ് ലക്‌ഷ്യം. കല്പറ്റയ്ക്ക് അടുത്താണീ സ്ഥലം. ഒരു മണിക്കൂറിന്റെ ദൂരമുണ്ട്. ഇന്നലെ നതാഷയും   മഞ്ജിമയുമൊക്കെ പിന്നിലിരുന്ന് പ്രാകിയത് ഡ്രൈവർ കേട്ടോ എന്ന് തോന്നി, കാരണം കുറച്ചുകൂടി വേഗത്തിലാണ് ബസ് സഞ്ചരിച്ചിരുന്നത്. പാട്ടും മേളവുമായി ഹരിത കഞ്ചുകമണിഞ്ഞ ഭൂമികയിലൂടെ, കൂടെയോടുന്ന മലനിരകളെ പിന്നിലാക്കി കറുത്ത പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ പൂക്കോട് തടാകം ലക്ഷ്യമാക്കി ഞങ്ങൾ കുതിച്ചു. ഈ യാത്രയിലുടനീളം ഞങ്ങൾ മുതിർന്നവർ സംസാരവും കളിചിരികളുമായി കടന്നുപോകുന്ന ഓരോ നിമിഷത്തെയും അവിസ്മരണീയമായ ഓർമ്മകളാക്കാൻ ശ്രമിച്ചപ്പോൾ കുട്ടികൾ ചതുരപ്പെട്ടിയിൽ കണ്ണും നട്ട് ചുറ്റുമുള്ളതൊന്നും കാണാതെ, കളിചിരികൾ ഇല്ലാതെ ഇരിക്കുന്നത്  കണ്ടപ്പോൾ സങ്കടവും നിരാശയും ദേഷ്യവും തോന്നി. ചില അവസരങ്ങളിൽ ഞാൻ അത് പ്രകടിപ്പിക്കുകയും ചെയ്തു. വയനാട് യാത്രയിൽ നിങ്ങളെന്ത് കണ്ടു എന്നവരോട് ചോദിച്ചാൽ 'വീഡിയോ ഗെയിം' എന്നുള്ള ഉത്തരമായിരിക്കും അവർക്കുണ്ടാവുക. ബസ്സിൽ നിന്നിറങ്ങി കുറച്ചു ദൂരം നടക്കാനുണ്ടായിരുന്നു. സന്ദർശകരുടെ തിരക്ക് തുടങ്ങുന്നതേയുള്ളൂ. ടിക്കറ്റ് എടുത്ത് അകത്ത് കയറി. ബോട്ട് യാത്രയായിരുന്നു ലക്ഷ്യമെന്നതിനാൽ നേരെ അങ്ങോട്ട് നീങ്ങി. പല തരത്തിലുള്ള ബോട്ട് യാത്രകൾ ഉണ്ടായിരുന്നെങ്കിലും ഏറ്റവും ചെലവ് കുറച്ച് എല്ലാവരെയും ഉൾക്കൊള്ളിക്കാൻ പറ്റുന്ന രീതിയിലുള്ള ബോട്ടുകളാണ് തിരഞ്ഞെടുത്തത്. പക്ഷേ ബോട്ടുകൾ ആവശ്യത്തിനുണ്ടായിരുന്നെങ്കിലും ഡ്രൈവർമാർ കുറവായിരുന്നു. അതിനാൽ ഞങ്ങൾ കുറച്ചുപേർക്ക് കരയിൽ അരമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. കൂട്ടത്തിൽ ചിലർക്കൊക്കെ കെട്ടിയോനും മക്കളുമൊക്കെയായി പോകണമെന്നുണ്ടായിരുന്നെങ്കിലും ബോട്ടുകളിൽ കയറാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നതിനാൽ ആ ആഗ്രഹം രണ്ടായി മടക്കി കീശയിൽ വെക്കേണ്ടി വന്നു. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകമാണിതെന്നും അതിനാൽ തന്നെ യന്ത്രവത്കൃത യാനങ്ങൾ ഇവിടെ പാടില്ല എന്നും ഡ്രൈവർ പറഞ്ഞുതന്നപ്പോൾ അതൊരു പുതിയ അറിവായി തോന്നി. ആദിവാസികൾക്ക് മാത്രമേ മീൻ പിടിക്കാനുള്ള (അതും പരമ്പരാഗതമായ രീതിയിൽ) അവകാശമുള്ളൂ എന്നുകൂടി പറഞ്ഞു അയാൾ. തടാകത്തിൽ നിറയെ പായൽ പോലുള്ള ചെടിയായിരുന്നു. ആ ചെടികളിൽ  വിരിഞ്ഞ ഒരായിരം പൂക്കൾ ഒരുമിച്ചു ചുറ്റും നിരന്നപ്പോൾ, തടാകം  ഇളംചുവപ്പു നിറമുള്ള പാവാടയുടുത്ത സുന്ദരിയായി മാറി. ആ സൗന്ദര്യത്തെ തെല്ലും അലോസരപ്പെടുത്താതെ യുവാവായ ഞങ്ങളുടെ ഡ്രൈവർ പതുക്കെ  പതുക്കെ ബോട്ട് മുന്നോട്ടു നീക്കി. തടാകത്തിന് ചുറ്റും നടക്കാനുള്ള പാതയുണ്ടായിരുന്നു. സൈക്കിൾ ഉണ്ടായിരുന്നെങ്കിൽ ഇളംകാറ്റിന്റെ തലോടലേറ്റ്, കാടിന്റെ ഗന്ധമറിഞ്ഞ് ഒരു കാമുകനെപ്പോലെ ആ വന്യസൗന്ദര്യം നുണയാമായിരുന്നു എന്നുതോന്നി. നേരത്തെ കയറിപ്പോന്നവർ ഞങ്ങളേയും കാത്തിരിക്കുന്നുണ്ടാവും എന്നുതോന്നിയതിനാൽ അനുവദിച്ച സമയത്തിലും നേരത്തെ ഞങ്ങൾ മടങ്ങി. ഡ്രൈവർക്ക് നന്ദി പറഞ്ഞ്  ഞങ്ങൾ കരയിലേക്കിറങ്ങിയപ്പോൾ അടുത്ത യാത്രക്കാരേയും കൊണ്ട് മറ്റൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. അല്ലെങ്കിലും നമ്മളൊക്കെ വെറും യാത്രക്കാർ മാത്രമല്ലേ. എവിടെനിന്നോ വന്ന് കുറച്ചുനേരം ഒന്നിച്ചിരുന്നു എവിടേക്കോ മടങ്ങുന്ന പഥികർ! ഞങ്ങൾ എത്തുമ്പോഴേക്കും മറ്റുള്ളവർ അവിടെക്കിട്ടുന്ന പലഹാരങ്ങൾ കഴിക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളും എന്തൊക്കെയോ വാങ്ങിക്കഴിച്ചു. വാനരമാരുടെ നിരയായിരുന്നു ചുറ്റിലും. ശ്രദ്ധിച്ചില്ലെങ്കിൽ കൈയിലുള്ളത് പോകും. കുട്ടികൾ ഭയത്തോടെ പാത്തും പതുങ്ങിയുമാണ് ഐസ്ക്രീമും മറ്റും കഴിച്ചത്. അങ്ങനെയാണെങ്കിൽക്കൂടിയും അവറ്റകളുടെ സാന്നിദ്ധ്യം കുട്ടികൾക്ക് രസകരമായിത്തോന്നി, ഞങ്ങൾ മുതിർന്നവർക്കും. ഇനി പുറത്തേക്ക് ഇറങ്ങുകയാണ്. പോകുന്ന വഴിക്ക് കൗതുകമുണർത്തുന്ന കരകൗശലവസ്തുക്കൾ വിൽക്കാൻ വച്ചിരിക്കുന്ന കടകൾ ഉണ്ട്. കുട്ടികളുടെ വാശിക്ക് മുന്നിൽ കീഴടങ്ങി ചിലതൊക്കെ എല്ലാവരും വാങ്ങി. അല്ലെങ്കിലും ഇത്തരമൊരു യാത്രയിൽ മനസ്സമാധാനമാണല്ലോ ഏറ്റവും മുഖ്യം. ആ വഴിയിൽക്കൂടിയാണ് അടുത്ത ലക്ഷ്യത്തിലേക്ക് എന്നതിനാൽ ഡ്രൈവറെ വിളിച്ച് ബസ്സുമായി ഇങ്ങോട്ടു വരാൻ പറയുകയും ഞങ്ങൾ 'എൻ ഊര്' പേരിൽ എന്ന മലമുകളിൽ സ്ഥാപിച്ചിട്ടുള്ള ആദിവാസികേന്ദ്രം കാണാൻ നീങ്ങുകയും ചെയ്തു.

അധികം ദൂരമുണ്ടായിരുന്നില്ല അടുത്ത സ്ഥലത്തേക്ക്. ഗൂഗിൾ മാപ് കൃത്യമായി വഴി കാണിച്ചുതരുന്നുണ്ടായിരുന്നു. 'എൻ ഊരി'ലേക്ക് നേരിട്ട് പോകാൻ പറ്റില്ല. ബസ്സിൽ നിന്നുമിറങ്ങി അതിന്റെ നടത്തിപ്പുകാർ ഏർപ്പാടാക്കിയ ജീപ്പിൽ മാത്രമേ മലമുകളിലേക്ക് പോകാൻ കഴിയുകയുള്ളൂ. കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമാണിത്. ലക്കിടിക്കടുത്തുള്ള സുഗന്ധഗിരിക്കുന്നിലാണ് സഞ്ചാരികൾക്കായി ഈ പൈതൃകഗ്രാമം അണിഞ്ഞൊരുങ്ങിയത്. കേരളത്തിലെ ഗോത്രജനതയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയും അവരുടെ പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കാനുമായി സർക്കാർ ഒരുക്കിയതാണ് ഈ ഗ്രാമം. ബസ്സിൽ നിന്നിറങ്ങി ഞങ്ങൾ മൂന്നാലുപേർ ടിക്കറ്റ് കൊടുക്കുന്ന സ്ഥലത്ത് ചെന്ന് കാര്യങ്ങൾ തിരക്കി. സമയം മദ്ധ്യാഹ്നം. പകലോന്റെ രശ്മികൾക്ക് നല്ല തീക്ഷ്ണതയുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും മുതിർന്നവരും അടങ്ങിയ സംഘമായതിനാൽ വൈകുന്നേരം പോകുന്നതായിരിക്കും നല്ലതെന്നൊരു നിർദ്ദേശം അവർ മുന്നോട്ടുവെച്ചപ്പോൾ സ്വീകരിക്കാതിരിക്കാൻ തോന്നിയില്ല. 'നാലുമണിക്ക് മുൻപായി വന്നോളൂ' എന്നവർ പറയുകയും ചെയ്തു. ഞങ്ങൾ തിരിച്ച് നടന്നു. പക്ഷേ ഞങ്ങളെ ഇറക്കിയതിനുശേഷം സൗകര്യമായി നിർത്തിയിടാനുള്ള സ്ഥലം നോക്കി ബസ് കുറേ മുന്നോട്ടുപോയിരുന്നു. അവരെ തിരിച്ചുവിളിക്കേണ്ടി വന്നു. അത്രയും നേരം റോഡരികിൽ കൊച്ചുവർത്തമാനം പറഞ്ഞുനിന്നു. അടുത്തത് ഗ്ലാസ് ബ്രിഡ്ജ് (സ്ഫടികപ്പാലം) ആണെന്ന് പറഞ്ഞപ്പോൾ സ്ഥലം അറിയാമെന്നും അതിന്റെ അടുത്താണ് ബസ് നിർത്തിയിട്ടിരുന്നതെന്നും ഡ്രൈവർ പറഞ്ഞു. പെട്ടെന്ന് തന്നെ മേല്പറഞ്ഞ സ്ഥലത്തെത്തി. ഇറങ്ങുമ്പോൾ തന്നെ കാണാം ഒരു ചെറിയ കുന്നിൻ മുകളിലായി ഒരറ്റം വലിയ തൂണുകളിൽ ബന്ധിതമായും മറ്റേ അറ്റം വായുവിലേക്ക് നീണ്ട് ചൂണ്ടുവിരൽ പോലെ ഭൂമിക്ക് തിരശ്ചീനമായി നിൽക്കുന്ന സ്ഫടികനിർമ്മിതി. അതിന്റെ അഗ്രഭാഗം, ചുറ്റുമുള്ള കാഴ്ചകൾ കാണാനുതകുന്ന രീതിയിൽ വൃത്താകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ബസ് നിറയെ ആൾക്കാർ വരുന്നത് കണ്ടപ്പോൾ തീർച്ചയായും പാലം പണിക്കാരുടെ മനസ്സിൽ ഒന്നല്ല ഒരുപാട് ലഡ്ഡു പൊട്ടിയിട്ടുണ്ടാവും പക്ഷേ നമ്മളാരാ മൊതല്? പാലത്തിലൂടെയുള്ള നടത്തമാണ് നമ്മുടെ ഉദ്ദേശം. പക്ഷേ അവർ അവിടെ തയ്യാറാക്കിവെച്ചിരിക്കുന്ന മറ്റു സാഹസിക വിനോദങ്ങളുമൊക്കെ വിവരിച്ചു. സംഭവം കൊള്ളാം, പക്ഷേ കാശ് ഇത്തിരി കനത്തതായിരുന്നു. അതിനാൽ നടത്തം മാത്രം മതിയെന്നുവെച്ചു. അതുതന്നെ വിലപേശി കുറയ്ക്കാൻ ഫെബിനും സന്ദീപിനുമൊക്കെ സാധിച്ചു. പാലത്തിൽ കയറണമെങ്കിൽ പടവുകളിലൂടെ മുകളിലോട്ടു കയറണം. നേരത്തെ പാലത്തിൽ കയറിയ കൂട്ടർ ഇറങ്ങാനായി ഞങ്ങൾ കാത്തിരുന്നു. ആ നേരം കൊണ്ട് ഡ്രോണിൽ വീഡിയോ എടുത്തുതരാമെന്നുപറഞ്ഞ് അതിന്റെ നടത്തിപ്പുകാരിൽ ചിലർ ഞങ്ങളെ സമീപിച്ചു. അവരുടെ പ്രലോഭനത്തിൽ വീണുവെന്ന് പറഞ്ഞാൽ മതിയല്ലോ. പാലത്തിൽ കയറുന്നതിനു മുൻപ് ഒരു തുണിയുടെ ആവരണം കാലിനു മുകളിലൂടെ ധരിക്കണം.ഇല്ലെങ്കിൽ ചെരുപ്പും ഷൂവുമൊക്കെ ഗ്ലാസ് പ്രതലത്തിൽ വരയും കുറിയും തീർക്കും, അത് താഴോട്ടുള്ള കാഴ്ചയ്ക്ക് മങ്ങൽ സൃഷ്ടിക്കും. ഓരോരുത്തരായി കയറി. ആവേശത്തോടെ കയറിയവർ കുറച്ചുദൂരം മുന്നോട്ടുപോയി. വെറുതെ താഴോട്ടു നോക്കിയപ്പോൾ ദേഹമാസകലം ഒരു വിറയൽ. മാനത്താണ് നിൽപ്പ്. ഇതെങ്ങാനും പൊട്ടിയാൽ?? ആ ചിന്തയിൽ തന്നെ പലരുടെയും ഉള്ളുകാളി. ധീരന്മാരെന്ന് കരുതിയവരൊക്കെ നിരങ്ങിയും പിച്ചവെച്ചും നടക്കുന്നത് കണ്ടപ്പോൾ ചിരിപൊട്ടി. എങ്കിലും അറിയാതെ കണ്ണുകൾ താഴോട്ട് തെന്നിയപ്പോൾ ആ ചിരി മാഞ്ഞുപോയി. ചിലരെയൊക്കെ നിർബന്ധിച്ച് കൊണ്ടുപോകേണ്ടി വന്നു അറ്റം വരെ. ചിലർ 'ഞാൻ വരില്ല' എന്നൊക്കെ പറഞ്ഞ് നിലത്ത് കുത്തിയിരുന്നെങ്കിലും ധൈര്യം നൽകി മുന്നോട്ടു കൊണ്ടുപോയി. അവിടെ നിന്നും മുന്നോട്ടുള്ള കാഴ്ച അപാരമായിരുന്നു (നിങ്ങൾ താഴോട്ട് നോക്കുന്നില്ലെങ്കിൽ). ഞങ്ങൾ നേരത്തെ പോകാൻ വിചാരിച്ചിരുന്ന 'എൻ ഊര്' അങ്ങ് ദൂരെയുള്ള മലമുകളിൽ കാണാമായിരുന്നു. അവിടുത്തെ ആദിവാസിക്കുടിലുകൾ ഒരു പൊട്ടുപോലെ തോന്നിച്ചു. സുഗന്ധഗിരിക്കുന്നുകളും സഖിമാരും ഒരു മാലയിലെ മുത്തുകൾ പോലെ മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നുണ്ടായിരുന്നു. പൂണൂൽപോലെ ഊർന്നുവീഴുന്ന അരുവികളും പച്ചപ്പാർന്ന താഴ്വാരങ്ങളും. അവിടെ നിന്നും കോരിയെടുത്ത കുളിരുമായി വന്ന വയനാടൻ തെന്നൽ ഞങ്ങളേയും വലംവെച്ച് എങ്ങോ പറന്നുപോയി. കാഴ്ചയുടെ, അനുഭൂതിയുടെ അനർഘനിമിഷങ്ങൾ! അതിനിടയിൽ ഡ്രോൺ മൂളിപറന്നുവന്നു. ഇടത്തും വലത്തും മുന്നിലും ചാഞ്ഞും ചരിഞ്ഞും പൊങ്ങിയും താണുമൊക്കെ ഞങ്ങളെ ഒപ്പിയെടുത്തു. കുഞ്ഞമ്മാമന്റെ ഷാരൂഖ് ശൈലി ഡ്രോണിനും 'ക്ഷ' പിടിച്ചൂന്ന് തോന്നി. അനുവദിക്കപ്പെട്ടതിൽ കൂടുതൽ നേരം ഞങ്ങൾ അവിടെ ചെലവഴിച്ചു. ആദ്യത്തെ ഭയം കുറേയൊക്കെ മാറിയിരുന്നു. ഒറ്റയ്ക്കും കൂട്ടായും കുടുംബസമേതവും ചിത്രങ്ങൾ പകർത്തി. പിന്നിൽ സഹ്യമലകൾ ആ ചിത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കി. ഞങ്ങളുടെ കളിചിരികൾക്ക് സാക്ഷ്യം വഹിച്ചു. 

സമയം രണ്ടാവാറായി. അങ്കത്തട്ടിൽ നിന്നും ആരവങ്ങൾ പതുക്കെ കേൾക്കാൻ തുടങ്ങി. ഇനിയും അങ്കം വൈകിയാൽ ശരിയാവില്ല, എല്ലാവർക്കും മനസ്സിലായി. അങ്കത്തട്ട് നോക്കി ബസ് പ്രയാണം തുടങ്ങി. ആളൊഴിഞ്ഞൊരെണ്ണം കണ്ടെങ്കിലും ആർക്കും തൃപ്തിയായില്ല. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ 'വിൽട്ടൻ' ഞങ്ങളേയും കാത്തിരിക്കുന്നു. തിരക്കുണ്ടായിരുന്നു. തൊട്ടടുത്തുതന്നെ പച്ചക്കറി മാത്രമുള്ള അങ്കത്തട്ടുണ്ടായിരുന്നു. അവിടെപോകാമെന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ പുച്ഛത്തോടെ നോക്കി. ഞാനാ ആഗ്രഹം ചീന്തിയെറിഞ്ഞു. താമരശ്ശേരി ചുരവും കടന്നതതെങ്ങോ അപ്രത്യക്ഷമായി. അങ്കത്തട്ടുകൾ പലതായിരുന്നു. അതിനാൽ തന്നെ ഓരോ അങ്കവും വ്യക്തമായും കൃത്യമായും കാണാനും അറിയാനും കഴിഞ്ഞില്ല. പക്ഷേ ഗംഭീരമായ പോരാട്ടമായിരുന്നുവെന്ന് ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ മനസ്സിലായി. ഏതായാലും അതിന്റെ ആലസ്യം തീർക്കാനായി ഒരു വിളിപ്പാടകലെയുള്ള താമരശ്ശേരി ചുരം കാണാൻ നടന്നുപോയി. അറ്റം കാണാൻ കഴിയാത്ത,  വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു കൂറ്റൻ പെരുമ്പാമ്പ് ഇര കാത്തുകിടക്കുകയാണെന്ന് തോന്നും, പച്ചയാർന്ന ഭൂമികയിൽ കറുത്തനൂലുപോലെ. അത് സഞ്ചാരികളെ ആകർഷിക്കുകയാണ്. ഇതാണ് പപ്പു പറഞ്ഞ 'നമ്മടെ താമരശ്ശേ..രി ചൊരം..". അങ്ങോട്ടുള്ള നടത്തത്തിനിടയിൽ ബ്രിട്ടീഷുകാർക്ക് ഈ വഴി ആദ്യമായി കാണിച്ചുകൊടുത്ത് പിന്നീട് രക്തസാക്ഷിയായിത്തീർന്ന കരിന്തണ്ടന്റെ പേരിലുള്ള ക്ഷേത്രം കണ്ടു. ഇവിടെനിന്നും കുറച്ചുമാറിയാണ് അദ്ദേഹത്തിന്റെ ആത്മാവിനെ ചങ്ങലയ്ക്കിട്ട മരം സ്ഥിതിചെയ്യുന്നത്. തിരിച്ചുനടക്കുമ്പോൾ വഴിയരികിലെ ഓട്ടോ ഡ്രൈവർമാർ എന്തോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടെങ്കിലും ശ്രദ്ധിച്ചില്ല. ബസ്സിന്റെ അടുത്തെത്തിയപ്പോൾ മനസ്സിലായി കലഹം ഞങ്ങളുടെ ഡ്രൈവർമാരോടാണ്. തിരിക്കാൻ പോയ ബസ് ഒരു ഓട്ടോയിൽ തട്ടിയത്രേ. അതാണെങ്കിൽ നിർത്താതെ പോയി ഡ്രൈവർ തന്റെ മാന്യത കാണിക്കുകയും ചെയ്തു. ഏതായാലും ഞങ്ങളിടപെട്ട് എല്ലാം  കോംപ്ലിമെന്റാക്കി. വീണ്ടും ബസ്സിലേക്ക്. അങ്കം ജയിച്ച വീരന്മാർ ഉടവാളും അരയിൽ തിരുകി വിജയശ്രീലാളിതന്മാരായി രാജരഥത്തിൽ അമർന്നിരുന്നു. നാൽക്കാലികൾ എത്രയെണ്ണം ചത്തുമലച്ചുവെന്ന് കൃത്യമായൊരു കണക്കെടുക്കാൻ പറ്റിയിരുന്നില്ല, പക്ഷേ വെട്ടിവീഴ്ത്തപ്പെട്ടുവെന്ന് വ്യക്തം. വീണ്ടും 'എൻ ഊര്' ലക്ഷ്യമാക്കി നീങ്ങി. ബസ്സിറങ്ങി വിവരമന്വേഷിക്കാൻ നീങ്ങി. എന്താണെന്നോ എന്തിനാണെന്നോ അറിയാതെ കൂടെച്ചാടിയ ചില പത്നിമാരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീപ്പ് കാത്തുനിൽക്കുന്നവരുടെ നീണ്ടനിര കാണാമായിരുന്നു. അന്വേഷിച്ചപ്പോൾ ചുരുങ്ങിയത് മുക്കാൽ മണിക്കൂർ കാത്തിരിക്കേണ്ടിവരുമെന്ന് അറിഞ്ഞു. അതും കഴിഞ്ഞ് മുകളിൽ കയറി തിരിച്ചിറങ്ങുമ്പോൾ ഒരുപാട് വൈകുമെന്ന് മനസ്സിലായപ്പോൾ മനസ്സില്ലാമനസ്സോടെ ഊരുപേക്ഷിക്കേണ്ടിവന്നു.

അടുത്തത് തേനീച്ച മ്യൂസിയം. ഗൂഗിൾ ചേച്ചിയുടെ സഹായത്തോടെ അവിടേക്ക് പോകുമ്പോൾ അപ്രതീക്ഷിതമായി വേറൊരു തേനീച്ച മ്യൂസിയം കണ്ണിൽപ്പെട്ടു. ഉടനെ ചാടിയിറങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ മ്യൂസിയം എന്നൊക്കെ എഴുതിവെച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതിനെപ്പറ്റി പിന്നീട് അവരോട് ചോദിച്ചപ്പോൾ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ.." എന്ന മട്ടിലാണവർ മറുപടി നൽകിയത്! ടിക്കറ്റ് എടുത്ത് അകത്ത് കയറി. അവിടെയുള്ള കാര്യങ്ങൾ പറഞ്ഞുതരാൻ ഒരാളുണ്ടായിരുന്നു. തേൻ എങ്ങനെ ശുദ്ധീകരിക്കാം എന്ന പ്രക്രിയ വിവരിച്ചുകൊണ്ടാണ് അയാൾ തുടങ്ങിയത്. അതിനുള്ള ഉപകരണങ്ങളും കാണിച്ചുതന്നു. അതുകഴിഞ്ഞ് തേനീച്ചയുടെ സ്വഭാവത്തെപ്പറ്റിയും തേൻ ശേഖരിക്കുന്നതിനെപ്പറ്റിയും കൂട്ടിൽ എങ്ങനെയാണ് ഇവ കഴിയുന്നതെന്നും റാണി ഈച്ചയെ എങ്ങനെയാണ്  തിരഞ്ഞെടുക്കുന്നത് എന്ന് തുടങ്ങി തേനീച്ചയുടെ സഞ്ചാരപഥവും വിവിധതരം തേനുകളും അവയുടെ ഗുണഫലവുമൊക്കെ അയാൾ വിവരിച്ചപ്പോൾ പലതും പുതിയ അറിവാണല്ലോ എന്ന് ഞങ്ങൾ വിസ്മയപ്പെട്ടു. നമ്മുടെ പ്രിയതാരം മമ്മൂട്ടി ഉപയോഗിക്കുന്ന തേനും അദ്ദേഹം കാണിച്ചുതരുകയുണ്ടായി. അതുകേട്ടപ്പോൾ പലർക്കുമത് വാങ്ങിയാൽ കൊള്ളാമെന്നു തോന്നിയെങ്കിലും വില കേട്ടപ്പോൾ "മമ്മൂട്ടിക്ക് എന്തുമാകാമല്ലോ" എന്ന് സ്വയം സമാധാനിപ്പിച്ച്, നെടുവീർപ്പിട്ട് ആ ആഗ്രഹം പറത്തിക്കളഞ്ഞു. പലതരം തേനുകളുടെ സ്വാദ് പലവട്ടം നോക്കിയും, 'ഇത് തമ്മിലെന്താ വ്യത്യാസ'മെന്ന് തമ്മിൽ തമ്മിലും ഉറക്കെയും ചോദിച്ചും  അവയുടെ ഗുണങ്ങൾ ചോദിച്ചും (ഒടുവിലൊന്നും മനസ്സിലായിട്ടില്ല എന്നത് വേറെ കാര്യം) മനസ്സിലിട്ട്‌ പലതരം കണക്കുകൂട്ടലുകൾ നടത്തിയും മായ്ച്ചും പങ്കാളിയുമായി ആലോചിച്ചുമൊക്കെ ഓരോരുത്തരും ഒടുവിൽ തേൻ വാങ്ങിക്കുക തന്നെ ചെയ്തു. കൂടാതെ, കരകൗശല വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ചായ-കാപ്പിപ്പൊടികളും കളിക്കോപ്പുകളുമടക്കം ഒരുപിടി സാധനങ്ങൾ വേറെയും അവിടെയുണ്ടായിരുന്നു. സി ഐ ഡി മൂസയിലെ ബിന്ദു പണിക്കറുടെ അവസ്ഥയിലായിരുന്നു കുട്ടികൾ അതുകണ്ടപ്പോൾ. ഏതായാലും മോശമല്ലാത്ത ഒരു തുക ചെലവാക്കേണ്ടി വന്നുവെന്നു പറഞ്ഞാൽ മതിയല്ലോ. പുറത്തു കളിക്കാൻ ഒരുകൂട്ടമുണ്ടായിരുന്നു. വേണ്ടതൊക്കെ വാങ്ങിക്കഴിഞ്ഞപ്പോൾ കുട്ടികൾ കളിക്കാനോടി. കളിക്കുന്ന സ്ഥലത്തിനോട് ചേർന്ന് താഴേക്കുള്ള വഴിയിലൂടെ ഞങ്ങൾ നാലഞ്ചുപേർ നടന്നു. കരയോട് കഥ പറഞ്ഞൊഴുകുന്ന കല്ലോലിനിയുടെ കളകളാരവം കേട്ടും കണ്ടും നിന്നു. അവിടെ ഏറുമാടം പോലെ ഉയർത്തിക്കെട്ടിയ വേദിയുണ്ടായിരുന്നു. അതിൽ കയറിയാൽ അംബരചുംബികളായ പർവ്വതനിരകളെ കാണാം. വയനാട്ടിലെ ഏറ്റവും  ഉയർന്ന സ്ഥലമായ ചേമ്പ്ര കൊടുമുടി മുന്നിൽ ആകാശത്തേക്ക് കൈകൂപ്പി ധ്യാനിച്ചു നിൽക്കുന്നത് കാണാം. തന്റെ ശിരസ്സിൽ ചവുട്ടി ഈ ലോകം കാണാൻ, മേഘങ്ങളിൽ ഊഞ്ഞാലാടാൻ, ഔന്നത്യത്തിന്റെ നെറുകയിൽ നിന്ന് ജീവിതം കാണാൻ സഞ്ചാരികളെ വിളിക്കുകയാണോ എന്ന് തോന്നിപ്പോകും. താഴെ നിൽക്കുമ്പോൾ എല്ലാവരും എത്ര നിസ്സാരന്മാരെന്ന് ഓർമ്മിപ്പിക്കാൻ. ആരാണാദ്യം ആകാശത്തെ സ്വന്തമാക്കുന്നതെന്ന മത്സരത്തിലാണോ മലകളെന്ന് തോന്നുന്ന കാഴ്ചകൾ. ഈ മലയുടെ അപ്പുറത്താണത്രേ നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും മരണത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് എടുത്തെറിയപ്പെട്ട മനുഷ്യർ വാണിരുന്ന പൈതൽമല. നാളെയെക്കുറിച്ചുള്ള കണക്കുക്കൂട്ടലുകളുമായി പതിവുപോലെ ഉറങ്ങാൻ കിടന്നവർ. ഉള്ളുവിങ്ങി മലകൾ അലറിവിളിച്ചപ്പോൾ ഇല്ലാതായത് ഒന്നിലേറെ ഗ്രാമങ്ങളായിരുന്നു. മനുഷ്യർ മാത്രമല്ല മൃഗങ്ങളും മരങ്ങളും നിന്നനില്പിൽ അപ്രത്യക്ഷരായി. ജീവിച്ചിരിക്കുന്നവരെ നിത്യദുഃഖത്തിലാഴ്ത്തി സീതാദേവി മറഞ്ഞതുപോലെ എവിടേയ്‌ക്കോ അവർ പോയ്‌ മറഞ്ഞു. ആ സംഭവത്തിന്റെ നേരിയ ഓർമ്മപോലും ഞങ്ങളിൽ നടുക്കമുണർത്തി. പടിഞ്ഞാറൻ ചക്രവാളത്തിൽ വർണ്ണങ്ങൾ വാരിവിതറിക്കൊണ്ട് അക്കരെക്കാഴ്ചകൾക്കായി കതിരോൻ പോവുകയാണ്. ഇരുട്ടിന്റെ കൈകൾ ആ വർണ്ണങ്ങൾ പതുക്കെ മായ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടുത്തെ കാഴ്ചകൾ മതിയാക്കാറായി എന്നർത്ഥം. എല്ലാവരും കൂടി ചേർന്നുനിന്നൊരു ഫോട്ടോ, മനസ്സുകൊണ്ടും ശരീരം കൊണ്ടും. 

അടുത്ത യാത്ര ഇത്തിരി ദൂരേയ്ക്കാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള സാറാന്റിയുടെ വീട്ടിലേക്ക്. ശ്രീനാഥിന്റെ ആന്റിയായാണ് ഞങ്ങളൊക്കെ അവരെ പരിചയപ്പെട്ടത്. പക്ഷേ പിന്നെപ്പിന്നെ അവർ ഞങ്ങളുടെയൊക്കെ ആന്റിയും അമ്മയുമൊക്കെയായി മാറി. രാവിലെയും വൈകീട്ടുമൊക്കെയായി ദിവസത്തിൽ ഒരുതവണയെങ്കിലും കാണും അവരെ. തുടർച്ചയായി കുറച്ചു ദിവസം കണ്ടില്ലെങ്കിൽ ഉറപ്പിക്കാം വയനാട്ടിലെ തന്റെ വീട്ടിലേക്ക് അവർ പോയിട്ടുണ്ടെന്ന്. ഈ യാത്ര തീരുമാനിച്ചപ്പോൾ തന്നെ അവർ ശ്രീനാഥിനോട് പറഞ്ഞതാണത്രേ അവരുടെ വീട്ടിൽ ചെല്ലാൻ. എല്ലാവർക്കും ഭക്ഷണമൊക്കെ നൽകി സൽക്കരിക്കാനാണ് അവർ ഉദ്ദേശിച്ചത്. പക്ഷേ ഇത്രയും വലിയ കൂട്ടത്തിന് ആഹാരമൊരുക്കാനുള്ള ബുദ്ധിമുട്ട് ഓർത്തപ്പോൾ സ്നേഹപൂർവ്വമത് വിലക്കുകയാണുണ്ടായത്‌. അവരുടെ അനിയന്റെ മകനും കുടുംബവുമൊക്കെയുള്ള വീട്ടിലേക്കാണ് യാത്ര. സാറ ആന്റി കല്യാണം കഴിച്ചിട്ടില്ല. അനിയന് പെങ്ങളെന്നുവെച്ചാൽ ജീവനായിരുന്നത്രേ. അനിയൻ പോയെങ്കിലും നാത്തൂനും മകനും മരുമകളുമൊക്കെയടങ്ങുന്ന വീട് ആന്റിയെ കാത്തിരിക്കുന്നുണ്ട്. അനിയന്റെ കാര്യം ബസ്സിൽ വെച്ചെന്നോട് പറഞ്ഞപ്പോൾ ആ കണ്ഠമിടറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയും ഇടയ്ക്ക് ആളുകളോട് ചോദിച്ചും ഞങ്ങൾ അങ്ങോട്ട് നീങ്ങി. ചിലയിടങ്ങളിൽ റോഡ് ചെറുതായിരുന്നു. വലിയ ബസ്സിനെ ഉൾക്കൊള്ളാൻ ഇത്തിരി പ്രയാസപ്പെട്ടു. എങ്കിലും അധികം ബുദ്ധിമുട്ടാതെ ഞങ്ങൾ അവിടെയെത്തി. എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഉള്ളിലെ സ്നേഹം കണ്ണുകളിൽ തെളിഞ്ഞിരുന്നു. രാവ് ഭൂമിയെ പൊതിഞ്ഞിരുന്നു. പകൽ വന്നിരുന്നെങ്കിൽ നല്ല കാഴ്ചയാണ് ചുറ്റും എന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ നിരാശ തോന്നി. വീടിനകത്ത് ചുമരിൽ അനിയന്റെ ചിത്രത്തിന് മുന്നിൽ ആന്റി ഒരു നിമിഷം നിന്നു. എന്നിട്ടെന്നോട് പറഞ്ഞു, 'ഇതാണ് അനിയൻ'. പക്ഷേ മുഴുമിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഉതിർന്നുവീണ കണ്ണീർ ഞാൻ കാണാതിരിക്കാൻ അവർ ശ്രമിച്ചു. ചില വേർപാടുകൾ കാലത്തിനും നികത്താനാവാത്തതാണ്. "എന്റെ കൂട്ടുകാരാ"ണിവരെന്ന് ആന്റി ഞങ്ങളെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയപ്പോൾ "അല്ല മക്കളാ"ണെന്ന്‌ ഞങ്ങൾ തിരുത്തി. അതിഥികളെ സൽക്കരിക്കാൻ അവർ മത്സരിച്ചു. ആ സൽക്കാരം മനസ്സുകൊണ്ടും വയറുകൊണ്ടും ഞങ്ങൾ ഏറ്റുവാങ്ങി. ഉണ്ണിയപ്പവും അച്ചപ്പവും കുഴലപ്പവും ചായയും ഒക്കെയായി അവരുടെ സ്നേഹം ഞങ്ങളുടെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങി. നേരം വൈകുന്നു. കൂട്ടത്തിലെ ചിലർ രാത്രി സിനിമക്ക് പോകാനുള്ള പദ്ധതിയിട്ടുണ്ടായിരുന്നു. അവർ അതിനുള്ള മുറവിളി തുടങ്ങി. ആദ്യമൊക്കെ അവഗണിച്ചെങ്കിലും വെറുതെ എന്തിനാ പിരാക്ക് വാങ്ങുന്നതെന്ന് കരുതി മടക്കയാത്രയ്ക്ക് തയ്യാറെടുത്തു. വീട്ടുമുറ്റത്തുനിന്നും എല്ലാവരും ചേർന്നൊരു ചിത്രം. മഴവില്ലുപോലെ മനസ്സിന്റെ മാനത്ത് ഇന്നും തെളിഞ്ഞുനിൽപ്പുണ്ടത്. കണ്ടിട്ട് അധികനേരം ആയില്ലെങ്കിലും ആരൊക്കെയോ ആണെന്നൊരു തോന്നൽ. എങ്കിലും പിരിയാതിരിക്കാൻ പറ്റില്ലല്ലോ. സിനിമാക്കാരുടെ തിരക്ക് കൂട്ടൽ അസഹനീയമാകുന്നു. കവല വരെ വന്നു ഞങ്ങളെ അവർ യാത്രയാക്കി. ഗൂഗിൾ കാണിച്ചുതന്ന വഴിയിലൂടെ എങ്ങനെയൊക്കെയോ മടക്കം. പാടത്ത് മറിഞ്ഞുവീഴാത്തത് കാരണവന്മാരുടെ പുണ്യം! സംസ്ഥാനപാതയിൽ ബസ്  എത്തുന്നത് വരെ ഒരു സമാധാനമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഇടയ്ക്കിടെ സമയം നോക്കി ഞെളിപിരി കൊള്ളുന്ന സിനിമാക്കാർ ഒരുവശത്ത്. ബസ് വഴിയിൽ കുടുങ്ങുമോ എന്ന ആശങ്ക മറുവശത്ത്. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ തുടങ്ങുന്നതിനു മുൻപ് അവിടെ എത്തരുതേ എന്ന ദുഷ്ടലാക്കോടെയുള്ള പ്രാർത്ഥനയും എന്റെ വഴിക്കു ഞാൻ നടത്തുന്നുണ്ടായിരുന്നു. അല്ലെങ്കിലും പിള്ളകളെ നോക്കാതെ സിനിമക്ക് പോകുന്ന തള്ളമാരോട് (തന്തമാരോടും) എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഒക്കത്തിനും കാരണം ഒരു സിനിമയും മുടങ്ങാതെ കണ്ടുകൊള്ളാമേ എന്ന് നേർച്ച നേർന്ന പയ്യനാണ്. അവന്റെ വാക്ക് കേട്ടാണ് മുതിർന്നവർ പോലും ഇതിലേക്ക് എടുത്തുചാടിയത്. എന്റെ പ്രാർത്ഥനകൾ തെല്ലും വകവെക്കാതെ 9 മണിക്ക് മുൻപേ ഹോട്ടലിൽ എത്താനുള്ള സാഹചര്യം ദൈവം ഉണ്ടാക്കി എന്നതാണ് സത്യം. മുറികളിൽ പോയി അത്തറും പൂശി പൗഡറും വാരിത്തേച്ച് വരാനുള്ള സമയം മാത്രമേ അവിടെ കാത്തുനിൽക്കേണ്ടി വന്നുള്ളൂ. അടുത്തുതന്നെയായിരുന്നു സിനിമാകൊട്ടക. ഭക്ഷണത്തേക്കാൾ (മക്കളെക്കാളും) വലുത് സിനിമയായതിനാൽ ആ മഹാന്മാരും മഹതികളും വെറും വയറ്റിലാണ് കൊട്ടകയ്ക്കുള്ളിലേക്ക് കയറിപ്പോയത്. കാണാൻ പോകുന്നത് പേടിക്കുന്ന സിനിമയാണത്രേ, അപ്പോ വയറ്റിൽ ഒന്നും ഇല്ലാത്തതാണ് നല്ലത് എന്നവർ ചിന്തിച്ചുകാണും. അവർക്ക് വേണ്ടെങ്കിൽ വേണ്ട, ബാക്കിയുള്ള ഞങ്ങൾക്ക് വേണമല്ലോ. എല്ലാവർക്കും ലളിതമായി മതിയായിരുന്നു, അതും പച്ചക്കറി ഭക്ഷണം. അതിനാൽ അത്തരത്തിലുള്ള വിഭവങ്ങൾ കിട്ടുന്ന ഭക്ഷണശാല ഞങ്ങൾ തപ്പിയെടുത്തു. കട അടക്കാറായിരുന്നു, എന്നാലും ലക്ഷ്മീദേവി പാതിരാത്രി വന്നാലും തിരിഞ്ഞുനിൽക്കരുതെന്നാണല്ലോ. അതിനാൽ വൈകിയിട്ടും ഞങ്ങൾ പറഞ്ഞ ഭക്ഷണങ്ങൾ ഉണ്ടാക്കിത്തന്നു. ബില്ല് കൈയ്യിൽ കിട്ടിയപ്പോൾ . തന്റെ കണ്ണുകളെ വിശ്വസിക്കാൻ സന്ദീപിന് കഴിഞ്ഞില്ല. ഇനി കണക്കുകൂട്ടിയതിലുള്ള വല്ല പിശകും? തിരിച്ചും മറിച്ചും സന്ദീപ് നോക്കി. ഇല്ല, ഒരു തെറ്റുമില്ല. പാത്തും പതിനഞ്ചും ആയിരങ്ങൾ കണ്ടു ശീലിച്ച കണ്ണുകൾക്ക് മൂന്നു-നാലും ആയിരങ്ങൾ ഒന്നുമല്ലല്ലോ. ഇരുപതിലധികം ആൾക്കാർ കഴിച്ചിട്ടാണ് ഇത്രയും കുറച്ച് വന്നത്. കഴിക്കാതെ പോയവർ വെറും പത്തു മാത്രം. ആലോചിച്ചപ്പോൾ എല്ലാവർക്കും ഒരു കാര്യം  മനസ്സിലായി. മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി ആരൊക്കെയായിരുന്നുവെന്ന്! ഹോട്ടലിൽ തിരിച്ചെത്തിയെങ്കിലും ഉടനെ ആരും കിടന്നില്ല. ചെറിയ കുട്ടികൾ എല്ലാവരും ഒരു മുറിയിലിരുന്ന് കളിക്കാൻ തുടങ്ങി. മുതിർന്ന കുട്ടികൾ അവരുടേതായ നാലുചതുരത്തിനുള്ളിൽ ആഴ്ന്നിറങ്ങി. ബാക്കിയുള്ള, ഞാൻ ഉൾപ്പെടെയുള്ള ചിലർ സിനിമ കാണാൻ പോയവരേയും അല്ലാത്തവരെയുമൊക്കെ കുറ്റം പറഞ്ഞും (അതിന്റെ സുഖം   ഒന്നുവേറെത്തന്നെ!) പരദൂഷണം നടത്തിയും നേരം  കളഞ്ഞു. അല്ലെങ്കിലും ഇങ്ങനെയുള്ള ചില കലാപ്രകടനം നടത്തുമ്പോൾ സമയം പോകുന്നത് അറിയത്തേയില്ല എന്നാണല്ലോ നമ്മുടെയൊക്കെ അനുഭവം. അങ്ങനെ ഏതാണ്ട് 12 മണിവരെ ഇരുന്നപ്പോഴേക്കും സിനിമാക്കാർ എത്തി. അവരുടെ വിവരണം കുറച്ചുസമയം കേട്ടതിനുശേഷം നിദ്രതൻ പാലാഴി നീന്തി കടക്കാനായി എല്ലാവരും പോയി. നാളെ രാവിലെ ഭക്ഷണം കഴിഞ്ഞയുടൻ ബാംഗ്ലൂരിലേക്ക് മടങ്ങാനുള്ളതാണ്. വലിച്ചുവാരി പുറത്തിട്ടതും വാങ്ങിയ സാധനങ്ങളുമൊക്കെ പെട്ടിയിൽ എടുത്തുവെക്കണം. അതിനാൽ ഏറെ വൈകുന്നതുവരെ ഉറങ്ങാൻ പറ്റില്ല. പെട്ടെന്ന് തന്നെ പുതപ്പിനുള്ളിലേക്ക് നൂണിറങ്ങി കണ്ണുമടച്ചു കിടന്നു. 

വേഗം ഉറങ്ങിയിരിക്കണം, കാരണം മൊബൈലിലെ കിളി ചിലയ്ക്കുമ്പോഴാണ് പിന്നീട് കണ്ണ് തുറന്നത്. തിരശീല നീക്കി ഇന്നും ജനാലയിലൂടെ പുറത്തേക്ക് നോക്കി. വിണ്ണിലെ പാലാഴി മണ്ണിലേക്കിറങ്ങിയതുപോലെ പരിസരമാകെ വെള്ളപുതച്ചു കിടക്കുന്നു! തൊട്ടുമുന്നിലുള്ളതുപോലും കാണാനാവുന്നില്ല. ഏതായാലും ബാക്കി പരിപാടികൾ തീർത്ത് ഞാൻ പുറത്തിറങ്ങി. ഇന്നലെ തുറന്നുകിടന്നിരുന്ന ചായക്കടകൾ അടഞ്ഞിരിക്കുന്നത് കണ്ടു. ഞായറാഴ്ച ആയതുകൊണ്ടായിരിക്കും. ഞാൻ മുന്നോട്ടു നടന്നു. ആദ്യം കണ്ട ചായക്കടയിൽ കയറി. അവിടെ നമ്മുടെ ഡ്രൈവർമാർ ചായ കുടിക്കുന്നുണ്ടായിരുന്നു. ചൂടുചായ കുടിച്ചിറങ്ങുമ്പോൾ അജയ് വരുന്നത് കണ്ടു. അവൻ വേറൊരു കടയിൽ നിന്നും ചായ കുടിച്ചിട്ടാണ് വരുന്നത്. എങ്കിലും ഞങ്ങൾ കുറച്ചുദൂരം കൂടി ആ മഞ്ഞിൽകൂടി മുന്നോട്ടുനടന്നു. പിന്നീട് തിരിച്ച് ഹോട്ടലിലേക്ക്. കോടമഞ്ഞ് കാരണം നേരാംവണ്ണം ഒന്നും കാണുന്നുണ്ടായിരുന്നില്ല. എട്ടുമണിയോടെ ഓരോരുത്തരായി ഭക്ഷണം കഴിക്കാൻ എത്തിത്തുടങ്ങി. എല്ലാവരുടേയും ഭക്ഷണവും കഴിഞ്ഞ് ഹോട്ടലിലെ കണക്കും തീർത്ത് മടക്കയാത്രയ്‌ക്കൊരുങ്ങുമ്പോൾ സമയം 9 : 30 ആയിട്ടുണ്ടാവണം. 'വിൽട്ട'ണിൽ എത്തിയപ്പോൾ ഈത്തപ്പഴത്തിന്റെ അച്ചാർ വാങ്ങാൻ എല്ലാവർക്കും പൂതി. കുറച്ചുമുന്നിലുള്ള അവരുടെ തന്നെ ബേക്കറിയിൽ കിട്ടും എന്നറിഞ്ഞപ്പോൾ അങ്ങോട്ട് പോയി. പക്ഷേ സാധനം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരാഗ്രഹം കൂടി നാലായി മടക്കി പെട്ടിയിലിട്ടുവെച്ചു. കാടും മേടും കടന്ന് ബസ് കുതിക്കുകയാണ്. പാട്ടും അന്താക്ഷരിയുമൊക്കെ തകൃതിയായി നടക്കുന്നു. അപ്പോഴാണ് വിടർന്ന ചിരിയോടെ തലയാട്ടി നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ വഴിയരികിൽ നിന്നും വിളിച്ചത്. ബസ് നിർത്തിയതും കുട്ടിയേയും പെട്ടിയേയും മറന്ന് എല്ലാവരും അങ്ങോട്ടോടി. 'എന്റെ തല എന്റെ ഉടൽ' അതുമാത്രമായിരുന്നു മിക്കവരുടെയും ലക്‌ഷ്യം. കെട്ടിടത്തിൽ ബോംബ് വെച്ചൂന്ന് കേട്ടപ്പോൾ ടി വി യും മിക്സിയും എടുത്ത് കുട്ടിയെ എടുക്കാതെ ഓടുന്ന ബിന്ദു പണിക്കർ ഇവരുടെ മുന്നിൽ ഒന്നുമല്ലായെന്ന് തോന്നിപ്പോയി. ആവശ്യത്തിലേറെ പടം പിടിച്ചതും അവിടെ നിന്നും ഇറങ്ങി. ഗുണ്ടൽപ്പേട്ടും കടന്ന് ഉച്ചയോടെ മൈസൂർ എത്തി. അപ്പോഴേക്കും അങ്കത്തട്ടിന്റെ കാര്യത്തിൽ തീരുമാനം ആയിരുന്നു. "പൂജാരി ദി ഫിഷ് ലാൻഡ്" ആയിരുന്നു വേദി. പൊരിഞ്ഞ യുദ്ധം തന്നെയായിരുന്നു. പക്ഷേ ഇത്തവണ ബില്ല് കിട്ടിയപ്പോൾ ശരിക്കും ഞെട്ടി. കണക്കുകൂട്ടിയും തർക്കിച്ചും കുറച്ച് കാശ് തിരിച്ചുവാങ്ങി. പക്ഷേ എന്നിട്ടും എവിടെയൊക്കെയോ ഒരു വശപ്പിശക് തോന്നി. ഞങ്ങൾ പുരുഷന്മാർ കാശിന്റെ കാര്യം നോക്കുമ്പോൾ ശ്രീമതികൾ റീൽസ് എടുത്ത് തകർക്കുകയായിരുന്നു. മൂകസാക്ഷികളായി ഡ്രൈവർമാരും. റീൽസിൽ നിന്നും പുറത്തുകടത്തി ബസ്സിൽ കയറ്റാൻ കുറച്ചധികം പാടുപെടേണ്ടിവന്നു. ബസ് ബാംഗ്ലൂർ ദേശീയപാതയിലൂടെ കുതിക്കുകയാണ്. ഇടയ്ക്ക് ചായ കുടിക്കാൻ നിർത്തി. എല്ലാവരും ശരിക്കും ആസ്വദിച്ചു കഴിഞ്ഞ രണ്ടുദിവസം. പക്ഷേ മടങ്ങുന്നതിന്റെ സങ്കടം ഒരുപാടൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്നും ഇതിൽ പലരുടേയും മുഖം ഒന്നോ പലതവണയോ കാണാറുണ്ട്, ഇനി കാണുകയും ചെയ്യും. അതിനാൽ പിരിയുന്നു എന്ന തോന്നൽ ആർക്കും ഉണ്ടായിരുന്നില്ല. വീട്ടിലെത്തുമ്പോൾ രാത്രിയായി. സന്ദീപ്-രമ്യയുടെ വിവാഹവാർഷികം ഇന്നാണെന്ന വിവരം അപ്രതീക്ഷിതമായി അറിഞ്ഞതിനാൽ അവരറിയാതെ ഞങ്ങൾ കേക്കുമായി പോയി ഞെട്ടിച്ചു.  എന്തരൊക്കെ കിട്ടാനുണ്ടോ അതൊക്കെ വാങ്ങിയും എന്തരൊക്കെ കൊടുക്കാനുണ്ടോ അതൊക്കെ കൊടുത്തും ഞങ്ങൾ കണക്കുകൾ പൂട്ടിക്കെട്ടി. പതിവുപോലെ ജോലിക്കു പോയും കുട്ടികൾ സ്കൂളിൽ പോയും ജീവിതം സാധാരണനിലയിലായി. കൂട്ടിയും കിഴിച്ചും ക്രിസ്തുമസ് ആഘോഷത്തിനായി ഞങ്ങളൊരു തീയതി കണ്ടുവെച്ചിട്ടുണ്ട്. ഡിസംബറിൽ നടക്കാൻ പോകുന്ന ആ ഒത്തുചേരലിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങളിപ്പോൾ.

കണ്ടതിലേറെ കാണാത്തതായുണ്ട്. കേട്ടതിലേറെ, വായിച്ചതിലേറെ പറയാനുണ്ട്. എങ്കിലും ഒന്നിച്ചുകഴിഞ്ഞ അസുലഭനിമിഷങ്ങൾ മറക്കാൻ കഴിയുന്നതല്ല. മഞ്ചാടിമണി പോലെ ഒന്നിച്ചിരുന്നതും, വളപ്പൊട്ടുകൾ പോലുള്ള കളിചിരികളും ഓർമ്മപുസ്തകത്തിലെ മയിൽപ്പീലിപോലെ കിടക്കുകയാണ്. ഇടയ്ക്കിടെ താളുകൾ പിന്നോട്ട് മറിച്ചു നോക്കാൻ. ഒന്നുതഴുകി ആ ഓർമ്മകളിലേക്ക് ഊളിയിട്ട് വീണ്ടും അവിടെത്തന്നെ വെക്കും, മറ്റൊരു ദിവസത്തേക്കായി. കാലമെത്ര കഴിഞ്ഞാലും പൊടിയാതെ നിറം മങ്ങാതെ അതവിടെ കിടക്കും. ചിലപ്പോൾ, നമ്മളൊക്കെ പണ്ട് ആഗ്രഹിച്ചതുപോലെ ഒരു കുഞ്ഞുപീലിയെ പെറ്റിട്ടുണ്ടാവും. ഓർമ്മകളിൽ നിന്നും പുതിയോർമ്മകൾ! ഓർമ്മകൾ അയവിറക്കുന്ന ഓർമ്മകളുമായി കാലം അങ്ങനെ മുന്നോട്ട് നീങ്ങട്ടെ. അതിനിടയിൽ കൂടുതൽ ഒത്തുചേരലുകൾക്ക് കാലം സാക്ഷ്യം വഹിക്കട്ടെ. 

**ശുഭം***

എന്റെ നാട്

 

സപ്തഭാഷകൾ കവിത പാടുന്ന സപ്തസംഗമ ഭൂമിക 

നീല സാഗരം ഏറ്റു പാടുന്ന സ്നേഹഗീതത്തിൻ ഭൂമിക

ഇളകി ഒഴുകുന്ന പന്തീരാറുകൾ കുളിര്‌ തീര്‍ക്കുന്ന ഭൂമിക 

ചരിതം ഉറങ്ങുന്ന ശിലകള്‍ തീര്‍ത്ത പല കോട്ട വാഴുന്ന ഭൂമിക 


സഹ്യശൃംഗങ്ങൾ മുത്തുമാലയായി അതിര് കാക്കുന്ന ചാരുത 

പ്രണയമായൊഴുകിയാഴിയിൽച്ചേരും പുഴകൾ തീർക്കുന്ന ചാരുത

കുഞ്ഞിളംകാറ്റിൽ നർത്തനം ചെയ്യും നെൽക്കതിരിന്റെ ചാരുത 

ഹരിതകഞ്ചുകം തണൽ ഏകിടുന്ന പൂമരങ്ങൾ തീർക്കുന്ന ചാരുത


വിൺനാട്ടിൽ വാഴുമീശ്വരോരൊക്കെയും തെയ്യമാകുന്ന മണ്ണിത്

കാവും പള്ളിയും കൈകൾ കോർത്തിടും സോദരത്വത്തിൻ മണ്ണിത്

വാൾത്തലപ്പിന്റെ വീര്യമുറയുന്ന തുളുനാടൻ കളരിയുടെ മണ്ണിത്

കൈരളി തൻ മൗലിയിൽ പൊൻശോഭയേകുന്ന മണ്ണിത്

ഭയം

 

1 .

നാലമ്പലത്തിനകത്തേക്ക് ജനം തിക്കി തിരക്കുകയാണ്. 

പൂഴി മുകളിലോട്ടു എറിഞ്ഞാൽ താഴേക്ക് വീഴില്ല. 

എന്നാലും എങ്ങനെയെങ്കിലും മുന്നിലോട്ടു പോകാൻ വെമ്പുന്ന ആളുകൾ.

ശകാരങ്ങളും പിറുപിറുക്കലുകളും കുഞ്ഞുങ്ങളുടെ കരച്ചിലും കൂടി ശബ്ദമുഖരിതമായ അന്തരീക്ഷം. 

വിയർത്തൊലിക്കുന്ന ശരീരങ്ങൾ.

പെട്ടെന്ന്, ഒരു മണി കിലുക്കവും കനത്ത പാദപതനവും.

ഒരു നിമിഷം! ആളുകൾ നിശബ്ദരായി. അവരുടെ കണ്ണുകളിൽ പരിഭ്രമം. എങ്ങനെയെങ്കിലും പുറത്തേക്ക് എത്തിയാലും മതിയെന്ന തോന്നൽ. 

എങ്ങോട്ടു പോകും? അവർ തമ്മിൽ തമ്മിൽ നോക്കി!

ദിശയറിയാത്ത ഒഴുക്കിനെപ്പോലെ അവർ അങ്ങോട്ടുമിങ്ങോട്ടും വെപ്രാളത്തോടെ നീങ്ങാൻ ശ്രമിച്ചു.

ഒടുവിൽ തനിക്കായി സൃഷ്ടിക്കപ്പെട്ട വഴിയുടെ ഇരുവശത്തുമുള്ള വിളർത്ത മുഖങ്ങളെ നോക്കാതെ അവൻ പതുക്കെ തലകുലുക്കി കടന്നുപോയി.


2 .

ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളെ പരിഹസിച്ച് കടന്നുപോകുന്ന സമയം. 

മുട്ടി മുട്ടിയില്ല എന്ന മട്ടിൽ റോഡിൽ വാഹനങ്ങൾ.

കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും പഴുതില്ല.

വാഹനങ്ങളിൽ നിന്നും അടിക്കടിയുയരുന്ന അക്ഷമയുടെ കാഹളം.

മുന്നിൽ തെളിയുന്ന ഗൂഗിൾ മാപ്പിലെ ചുവന്ന വരയെ നോക്കി ഈ വഴി വന്നതിന് സ്വയം പഴിക്കുന്നവർ. 

നേരത്തെ വീട്ടിൽ നിന്നും ഇറങ്ങാത്തതിൽ കുറ്റപ്പെടുത്തുന്നവർ.

ഒച്ചിനെക്കാൾ പതുക്കെ ഇഴയുന്ന വാഹനങ്ങളുടെ നീണ്ട നിര സൃഷ്ടിക്കുന്നു അസ്വസ്ഥകൾ.

അപ്പോൾ, കുറച്ചുപിന്നിലായി നീലവെളിച്ചം മിന്നി, നിർത്താതെയുള്ള ചൂളംവിളിയും. 

അറിയാതെ ആളുകൾ പിറുപിറുക്കുന്നത് നിർത്തി. സമയം വൈകിയതും മറന്നു. കാഹളം നിലച്ചു.

പിന്നെ, പുഴ മാറിയുണ്ടായതുപോലെ അവിടെയുമൊരു വഴി.

അതിലൂടെ ഒരല്പപ്രാണനേയും കൊണ്ട് ഒരു വാഹനം കുതിച്ചുപായുന്നത് കണ്ടപ്പോൾ അവരിൽ നിന്നുമൊരു ദീർഘനിശ്വാസം ഉതിർന്നു.

യുദ്ധവും സമാധാനവും

 


യുദ്ധം, ഒരു ചെറുവാക്കുമതുപോലൊരു- 

കാരണവും വിതയ്ക്കുമതിദുരിതം പാരിൽ!

സമാധാനം, നീളമേറിയവാക്കുപോലെ, 

നീളും ശ്രമവുമതിൻ തീരത്തണഞ്ഞീടാൻ! 

മഴക്കുളിർ

 

"ഹോ! എന്തൊരു നശിച്ച മഴ, മനുഷ്യന് പുറത്തിറങ്ങാൻ കൂടി വയ്യാതായി"  

തന്റെ വൈകുന്നേരത്തെ സൗഹൃദരസം മുറിഞ്ഞതിന്റെ ദേഷ്യം അച്ഛന്‌. 

"ഛീ! ഈ വൃത്തികെട്ട തേരട്ടകളും അച്ചിലും കാണുമ്പോള്‍ എനിക്ക് അടുക്കളയിലേക്ക് കയറാനേ തോന്നുന്നില്ല." 

വലിഞ്ഞുകയറി വന്ന ഒരു തേരട്ടയെ കടലാസ്സിൽ കോരിയെടുത്ത് പുറത്തേക്കു വലിച്ചെറിഞ്ഞ അമ്മയുടെ മുഖത്ത് മാത്രമല്ല വാക്കിലും വെറുപ്പ്. 

വൈകുന്നേരത്തെ ക്രിക്കറ്റും മറ്റുപരിപാടികളും മുടങ്ങിയതിൽ ചേട്ടനും നിരാശ. ഇൻസ്റ്റയിൽ ഇടാൻ പുതിയ റീലുകളൊന്നും കിട്ടില്ല എന്ന സങ്കടം വേറെ.

കനത്ത മഴ കാരണം ജില്ലയില്‍ കളക്ടർ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച വാര്‍ത്ത കേട്ടതും ചേച്ചി വീണ്ടും പുതപ്പിൽ നുഴഞ്ഞു കയറി. ഇനി ഉച്ചയ്ക്ക് മുൻപ് പ്രതീക്ഷിക്കേണ്ട.

എല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ ഉണ്ണിക്കുട്ടന്‍ ഇറയത്തെ പടിയിലിരുന്ന്  മുറ്റത്ത്‌ നിറഞ്ഞ വെള്ളത്തില്‍ തന്റെ കടലാസ് തോണി മെല്ലെ ഇറക്കി. 

മഴയുടെ താളത്തിൽ മഴവെളളത്തിന്റെ ഓളത്തിലത് ചാഞ്ചാടിയാടി  പോകുന്നത് അവനിലൊരു കുഞ്ഞിളംചിരി വരച്ചു. കുളിർതെന്നൽ അവനെ അടിമുടി കുളിരണിയിപ്പിച്ച് കടന്നുപോയി. മഴത്തുള്ളികൾ തന്റെ തോണിക്ക്‌ ചുറ്റും നൃത്തം വെക്കുന്നത് ഉണ്ണിക്കുട്ടൻ  കൗതുകത്തോടെ നോക്കിനിന്നു.

"എത്ര ആർത്തലച്ചുപെയ്താലും, പാടവും പറമ്പും നിറഞ്ഞുകവിഞ്ഞാലും മഴയല്ലേ, മഴത്തുള്ളിയുടെ ചെറുകുളിരല്ലേ, അതിനെ വെറുക്കാൻ ഈ ഉണ്ണിക്കുട്ടനാവില്ല" അവൻ സ്വയം പറഞ്ഞു. 

തന്റെ കൈയ്യിലുണ്ടായിരുന്ന  ഒരു കടലാസ്സ് തോണി കൂടി അവൻ മെല്ലെ വെള്ളത്തിലേക്കിറക്കി, ചുണ്ടിലൂറിയ ചിരിയുമായി. 

നീയും ഞാനും

 

നീ മരിക്കുന്നത് ഞാൻ അറിയുന്നില്ല.

എനിക്ക് നിന്നെ അറിയാത്തതിനാൽ നീ 

മരിച്ചാലും ഇല്ലെങ്കിലും ഞാൻ ജീവിക്കും.

നിന്റെ സാമീപ്യം ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലതിനാൽ 

നിന്റെ ശൂന്യതയും ഞാൻ അറിയുന്നില്ല.

എന്റെ കൈകളും മനസ്സും നിന്റെ തലോടൽ കൊതിച്ചിട്ടേയില്ല.

ദൃശ്യമോ അദൃശ്യമോ ആയ ഒരു ചെറുനൂലിഴ 

കൊണ്ടുപോലും നമ്മൾ ബന്ധിക്കപ്പെട്ടിരുന്നില്ല.

എനിക്ക് നിന്നെ അറിയാത്തതിനാൽ നമുക്കിടയിലുണ്ടായിരുന്ന 

മൗനവും  ഞാൻ അറിഞ്ഞേട്ടേയില്ല.

എന്നത്തെപ്പോലെ നാളേയും ഞാൻ ജീവിതത്തിൽ പറന്നു നടക്കും.

മരിച്ചത് നീ മാത്രമായിരുന്നു, ഞാനല്ല.

എന്നും നീ നീയും ഞാൻ ഞാനുമായിരുന്നു.

ആശയറ്റവർ

 

ആശയേകുന്നതിനാലാണോ, 

ആശയറ്റവളെന്നതിനാലാണോ, 

ആശയെന്ന പേരുചൊല്ലി വിളിപ്പൂ 

ആശിക്കാനരുതാത്ത,യീ ഞങ്ങളെ?


അധികാരക്കസേരകൾ മേനിപറയും, 

ആശമാരെന്റെതെന്നെ,ന്റേതെന്ന്. 

അദ്ധ്വാനത്തിൻ കണക്കെടുപ്പിൽ, 

ആശയ്ക്ക് മിച്ചം നിരാശമാത്രം!


ആശയേകുവതെന്തിനുവൃഥാ,

ആശിപ്പാൻ മാത്രമെന്നറിഞ്ഞിട്ടും?

അരുതരുതേയീയധരവ്യായാമം

അധഃസ്ഥിതരാമേതുസഹജീവിയോടും!


അബലകളല്ല, അരാഷ്ട്രീയരല്ല,

അശരണരെങ്കിലും അടിമയല്ല;

ആഞ്ഞടിക്കും പരിഹാസക്കാറ്റിലും

അണയാത്ത തീജ്വാലയീയാശമാർ!

 

അകലെയാണാശ്വാസതീര,മെങ്കിലും

അവിശ്രമം തുഴയുന്നീ ജീവിതാഴിയിൽ.

ആഴിയിലേറും ചുഴികളും തിരകളും  

ആടിയുലഞ്ഞതിൽ മുങ്ങിപ്പോകാം.  


ആർദ്രമാനസറൊരു കൈ നീട്ടുമോ

ആഴിയിൽ നിന്നൂഴിയിലാക്കീടുവാൻ?

ആരുമേ വന്നീടില,യെങ്കിലും ഞങ്ങൾ- 

ആർജ്ജവമോടെ പൊരുതി ജയിപ്പൂ!

ഹൈദരാബാദ് യാത്ര - കണ്ടതും ബാക്കിയായതും

 

നാലുദിവസത്തെ അവധി ഒരുമിച്ച് വന്നപ്പോൾ ഹൈദരാബാദ് പോകാമെന്ന് സുഹൃത്തുക്കളായ അജയും ശാരിയും പറഞ്ഞപ്പോൾ ഏറെയൊന്നും ആലോചിച്ചില്ല (അല്ലെങ്കിലും രണ്ടോ മൂന്നോ ദിവസം ഒരുമിച്ചവധി കിട്ടിയാൽ എവെങ്കിടെയെങ്കിലും പോയില്ലെങ്കിൽ ശാരിക്ക് കിടക്കപ്പൊറുതി ഉണ്ടാവില്ല). മൂന്നാമനായ സന്ദീപിനെ പറഞ്ഞ് സമ്മതിപ്പിക്കേണ്ട ജോലി പതിവുപോലെ മേല്പറഞ്ഞവരും സന്ദീപിന്റെ നല്ലപാതിയായ രമ്യയും എന്നെ ഏൽപ്പിച്ചു. എന്റെ ഭാര്യയായ സൗമ്യ ഇത്തരം കാര്യങ്ങൾക്ക് എപ്പോ തയ്യാറായി എന്ന് ചോദിച്ചാൽ മതി. ഏതായാലും അധികം ബുദ്ധിമുട്ടാതെ കാര്യങ്ങൾ ശട ശടേന്ന് നീങ്ങി. പോകാനും വരാനുമുള്ള തീവണ്ടി ടിക്കറ്റ്, രാമോജി കാണാനുള്ള ടിക്കറ്റ് എന്നിവയൊക്കെ പെട്ടെന്നുതന്നെ ശരിയാക്കി. മാനത്തേക്ക് തല ഉയർത്തിനിൽക്കുന്ന ചാർമിനാറിന്റെ ആകാരഭംഗി മുൻപേ മനസ്സിൽ കയറിപ്പറ്റിയതാണ്. കൂടാതെ സിനിമാ ചിത്രീകരണങ്ങളുടെ കൂടാരമായ രാമോജി സ്റ്റുഡിയോയും. വന്ദേഭാരത് വരുന്നതിനു മുൻപ് തീവണ്ടികളിൽ കേമനായിരുന്ന രാജധാനിയിലായിരുന്നു ഞങ്ങളുടെ (എന്നുവെച്ചാൽ മുതിർന്ന ആറുപേരും സന്താനങ്ങളായ പ്രാർഥന, തീർത്ഥ, വൈശു എന്ന വൈശാഖ്, കീത്തു എന്ന കീർത്തന എന്നിവരും) യാത്ര. പോകുന്നതിന് മുൻപ് തന്നെ നഗരക്കാഴ്ചകൾക്കായി ഒരു ടെമ്പോ ട്രാവലർ ഏർപ്പാടാക്കി വെച്ചിരുന്നു. അഞ്ചോ ആറോ സ്റ്റേഷനുകൾ മാത്രമേ ബാംഗ്ലൂരിനും സെക്കന്ദരാബാദിനും ഇടയിൽ രാജധാനിക്കുണ്ടായിരുന്നുള്ളൂ. ഉണക്കചപ്പാത്തിയും ചോറുമടങ്ങിയ, കൊള്ളില്ലെങ്കിലും ആവശ്യത്തിലേറെയുള്ള ഭക്ഷണവും കഴിച്ചായിരുന്നു യാത്ര. രാവിലെ ഏഴുമണിയോടെ വണ്ടിയിറങ്ങി. നേരത്തേ ഏർപ്പാട് ചെയ്തിരുന്ന വാഹനത്തിൽ കയറി നേരെ ഹോട്ടലിലേക്ക്. 'അഗോഡ'യിൽ ഹോട്ടലിന്റെ ഫോട്ടോ നോക്കി തിരഞ്ഞെടുത്തത് അബദ്ധമായെന്ന് ആദ്യകാഴ്ചയിൽ തന്നെ ബോധ്യമായി. തണുപ്പൻ സ്വീകരണം പുത്തരിയിലെ കല്ലുകടിയായി. നേരത്തെ വന്നതിന് അധികം കാശുവേണമെന്ന് പറഞ്ഞപ്പോൾ ഒരു മുറി മാത്രം നേരത്തേയെടുത്തു. കുളിയും തേവാരവും ഭോജനവും കഴിഞ്ഞ് നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടു. പഴയ ഹൈദരാബാദിന്റെ ഭാഗത്താണ് ഞങ്ങളുടെ താമസം. ഇന്ന് കാണേണ്ട കാഴ്ചകളും അതിലാണ്. വീതി കുറഞ്ഞ തിരക്കേറിയ റോഡിലൂടെ ഞെങ്ങിയും ഞെരങ്ങിയും മുന്നോട്ട്. സമയം അധികമൊന്നും ആയില്ല. വാഹനത്തിലെ ശീതീകരണിയെ  തോൽപ്പിച്ചു കൊണ്ട് സൂര്യൻ കത്തിജ്വലിക്കുകയാണ്. വാഹനങ്ങൾ ഓടിക്കുന്നതിൽ ബാംഗ്ലൂരിലുള്ളവരെ തോൽപ്പിക്കും ഹൈദരാബാദികൾ. ട്രാഫിക് നിയമം അതിന്റെ വഴിക്കും ഞങ്ങൾ ഞങ്ങളുടെ വഴിക്കും എന്നണതാണ് രീതി. കാൽനടക്കാർ റോഡ് മുറിച്ചു നടക്കുന്നത് കണ്ടാൽ വാഹനങ്ങൾക്ക് വേഗത കൂടും. അത്രയ്ക്കുണ്ട് സഹകരണം. വൃത്തികെട്ട അഴുക്കു നിറഞ്ഞ ഒരു ഭാഗത്തേക്കാണ് ഞങ്ങൾ എത്തിയത്. ഞങ്ങളുടെ മുഖഭാവം കണ്ടിട്ടോ അതോ സ്വയം ജാള്യത തോന്നിയിട്ടോ ഡ്രൈവർ പറഞ്ഞു, 'ഈ സ്ഥലം മാത്രമേ ഇങ്ങനെ വൃത്തികേടുള്ളൂ, ബാക്കിയൊന്നും കുഴപ്പമില്ല'. മറുപടി മനസ്സിൽ മാത്രം പറഞ്ഞു ഞങ്ങൾ ഇറങ്ങി. സഞ്ചാരികളെ വട്ടമിട്ടുപറക്കുന്ന കച്ചവടക്കാരെ കടന്ന് ഞങ്ങൾ ചെന്നെത്തിയത് ചാർമിനാർ എന്ന ലോകപ്രശസ്തമായ നിർമ്മിതിക്ക് മുന്നിൽ. ദുർഗന്ധപൂരിതവും വൃത്തികേടും നിറഞ്ഞ സ്ഥലത്ത് ചേറിലെ താമരപോലെ അതങ്ങനെ ആകാശത്തേക്ക് നീണ്ടുനിവർന്നു നിൽക്കുകയാണ്. മുഗൾ വാസ്തുകലയുടെ മറ്റൊരു മകുടോദാഹരണമാണ് ഇതെന്നതിൽ തർക്കമില്ല. സഞ്ചാരികളുടെ നീണ്ട നിര. ചുറ്റും നടന്ന് അടിമുടി ആസ്വദിച്ചു. ഫോട്ടോ എടുത്തു. എവിടെയായാലും ഭക്തി വിട്ടു കളിക്കാത്ത സന്ദീപ് ചാർമിനാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഭാഗ്യലക്ഷ്മി ദേവിയുടെ കോവിലിൽ ചെന്ന് പ്രാർത്ഥിച്ചു. ഈ കോവിൽ കാരണമായിരിക്കും ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗർ' എന്നാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. ചൂടും തിരക്കും വൃത്തിഹീനമായ ചുറ്റുപാടും കാരണം എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലായിരുന്നു എല്ലാവരും. അതിനിടയിൽ ഒരു വിരുതൻ പത്ത് രൂപക്ക് ഫോട്ടോ എടുത്തു തരാം എന്ന് പറഞ്ഞ് സമീപിച്ചു. അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. എല്ലാവരെയും കുറച്ചു ദൂരെ നിർത്തി ചാർമിനാർ മുഴുവനായി കാണുന്ന രീതിയിൽ നമ്മുടെ ഫോണിൽ ഫോട്ടോ എടുക്കുന്ന ഏർപ്പാട്. ഒരു ക്ലിക്കിന് പത്ത് രൂപ! എങ്ങനെയൊക്കെയാണ് ആൾക്കാർ കാശുണ്ടാക്കുന്നതെന്ന് ഓർത്തപ്പോൾ 'നമുക്കെന്താടാ വിജയാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്' എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചുപോയി.

അടുത്ത യാത്ര ചോമഹൽ എന്നറിയപ്പെടുന്ന കൊട്ടാരത്തിലേക്കായിരുന്നു. ഇക്കുറിയും ഞെങ്ങിയും ഞെരങ്ങിയും തന്നെയായിരുന്നു യാത്ര. കൈയ്യിലുള്ള വെള്ളക്കുപ്പികൾ ഒഴിയാൻ തുടങ്ങിയിരിക്കുന്നു. ഹൈദരാബാദിന്റെ ഭരണകർത്താക്കളായിരുന്ന നിസാം രാജാക്കന്മാരുടെ കൊട്ടാരമാണ് ചോമഹൽ. വിശാലമായ കൊട്ടാരവളപ്പിൽ നാലു വലിയ മന്ദിരങ്ങളുണ്ട്. സന്ദർശകർ ഇവിടെയും ധാരാളമായി ഉണ്ടായിരുന്നെങ്കിലും സ്ഥലബാഹുല്യം ആ തിരക്കിനെ മറച്ചുപിടിച്ചു. ടിക്കറ്റ് എടുത്ത് അകത്തു കടന്നു. നീണ്ട വരാന്തകളും പുൽത്തകിടികളും കണ്ട് ഗാംഭീര്യമാർന്ന രാജദർബാറിലേക്ക് കയറി. വിദേശരാജ്യങ്ങളിലെ കൂറ്റൻ അലങ്കാരദീപങ്ങൾ അതിന്റെ മേൽക്കൂരയിൽ നിന്നും ഞാന്നു കിടക്കുന്നുണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്രമാവുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്തിന്റെ ഉടമസ്ഥയിരുന്നത്രെ അന്നത്തെ നിസാം. രാജാവിന്റെ പട്ടാഭിഷേകം ഈ ദർബാറിൽ വച്ചായിരുന്നത്രെ നടന്നിരുന്നത്. രാജാവിന്റെ ഇരിപ്പിടത്തിന്റെ അടുത്തേക്ക് സന്ദർശകർക്ക് പ്രവേശനം ഇല്ലായിരുന്നു. അകത്തെ മുറിയിലെ ചുമരിൽ അവസാനത്തെ മൂന്നുനാലു നൈസാം രാജാക്കന്മാരുടെ ചിത്രങ്ങൾ വരച്ചുവെച്ചിട്ടുണ്ടായിരുന്നു. കൂടാതെ അവരെക്കുറിച്ചുള്ള വിവരണങ്ങളും കുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. ആഡംബരമോഹികളായിരുന്നു ഈ രാജാക്കന്മാരെങ്കിലും ഹൈദരാബാദിന്റെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ശക്തമായ സംഭാവനകൾ നൽകിയ ഭരണകർത്താക്കൾ കൂടിയായിരുന്നു അവരൊക്കെയും. നടന്നു കാണാൻ ഒരുപാടുണ്ടായിരുന്നു. ഊൺ മേശയും പാത്രങ്ങളും ഗംഭീരവും മനോഹരവുമായിരുന്നു. അതിനേക്കാളൊക്കെ ഗംഭീരമായിരുന്നു ആയുധങ്ങളുടെ നീണ്ട നിര. ഒരുപക്ഷെ വേറെയൊരു മ്യൂസിയത്തിലും ഇത്രയ്ക്കും വിപുലമായ ആയുധശേഖരം നമുക്ക് കാണാൻ കഴിയില്ല. പല തരത്തിലും വലിപ്പത്തിലുമുള്ള വാളുകൾ, കുന്തങ്ങൾ, കത്തികൾ, തോക്കുകൾ, അമ്പും വില്ലും ഉൾപ്പെടെ ഇതുവരെ കാണാത്ത രീതിയിലുള്ള, പേരറിയാത്ത ഒരുപാട് മികവാർന്ന ആയുധങ്ങൾ ചുമരിലും തറയിലുമായി പ്രദർശിപ്പിച്ചിരുന്നു. അവയൊക്കെ വളരെ മനോഹരമായി പൂക്കളുടെയും മറ്റുമൊക്കെ രൂപത്തിൽ അടുക്കിവെച്ചിട്ടുണ്ടായിരുന്നു. ഏറെ കൗതുകകരമായ കാഴ്ചയായിരുന്നു ഇതെന്ന് നിസ്സംശയം പറയാം. പിന്നീട്  ഞങ്ങൾ പോയത് പഴയകാല കാറുകൾ കാണാനായിരുന്നു. പോയകാലഗരിമ വെളിപ്പെടുത്തുന്ന കാറുകളുടെ പ്രദർശനവും വിസ്മയിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കാറുകളുടെ ഇടയിലെ രാജാക്കന്മാരും ചക്രവർത്തികളുമായിരുന്നു ചില്ലുകൂടുകളിൽ വിശ്രമിച്ചിരുന്നത്. ഫോട്ടോ എടുക്കാൻ നോക്കിയെങ്കിലും പ്രകാശത്തിന്റെ അപര്യാപ്തതയും കണ്ണാടിക്കൂട്ടിലെ പ്രതിഫലനവുമൊക്കെ കാരണം എടുത്ത ഫോട്ടോകൾക്ക് വ്യക്തതയുണ്ടായിരുന്നില്ല. കൊട്ടാരവളപ്പിലെ നീണ്ട നടത്തം എല്ലാവരേയും ക്ഷീണിപ്പിച്ചു. കൂട്ടം ചേർന്നും അല്ലാതെയും കുറച്ചു ഫോട്ടോ പരിപാടി അതിനിടയിൽ നടന്നു. രാജകുടുംബങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദർശനവും വേറൊരു കെട്ടിടത്തിൽ ഉണ്ടായിരുന്നു. അതൊക്കെ കണ്ടുനടക്കുമ്പോൾ സമയം പോകുന്നതറിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ നൈസാം രാജാക്കന്മാരുടെ ആഡംബരപ്രിയവും സാമ്പത്തികഭദ്രതയുമൊക്കെ എടുത്തുകാണിക്കുന്നതായിരുന്നു കൊട്ടാരത്തിലെ പ്രദർശനവസ്തുക്കളെല്ലാം. വെയിലേറ്റു വാടിയിരുന്നെങ്കിലും കുട്ടികൾ ഉത്സാഹഭരിതരായിരുന്നു. ആ വാട്ടത്തോടെ ഞങ്ങൾ കൊട്ടാരത്തിനോട് വിടപറഞ്ഞു. 

ഈ നാട്ടിലെ പ്രശസ്തമായ മ്യൂസിയത്തിലേക്കാണ് അടുത്ത യാത്ര. കൊട്ടാരവളപ്പിൽ നിന്നും അധികം ദൂരമൊന്നുമുണ്ടായിരുന്നില്ല. സന്ദർശകരുടെ ബാഹുല്യം വളരെ പ്രകടമായിരുന്നു. സന്ദീപ് വാങ്ങിക്കൊണ്ടുവന്ന ഓരോ ഐസ്ക്രീം കഴിച്ചുകഴിഞ്ഞപ്പോൾ എല്ലാവരും ഉത്സാഹഭരിതരായി. മൊബൈൽ ഫോൺ പോലും ടിക്കറ്റ് ഇല്ലാതെ അകത്തേക്ക് കയറ്റാൻ പറ്റില്ല, അതാണ് നിയമം. ദേഹപരിശോധന ഉള്ളതുകാരണം സ്ത്രീകളേയും കുട്ടികളേയും ഒരുമിച്ചും പുരുഷന്മാരെ വേറൊരു വഴിയിലൂടെയുമാണ് അകത്തേക്ക് കയറ്റുന്നത്. കൊട്ടാരവളപ്പിലെ നടത്തത്തിന്റെ ക്ഷീണം ഇപ്പോഴാണ് അറിയാൻ തുടങ്ങിയത്. പലതരത്തിലുള്ള വസ്തുക്കളുടെ പ്രദർശനമായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. അതിൽ പഴയ ആയുധങ്ങളും പാത്രങ്ങളും കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും നാണയങ്ങളും പാവകളും എന്നിങ്ങനെ പറഞ്ഞാലും തീരാത്തത്രയും തരത്തിലുള്ള വസ്തുക്കളായിരുന്നു കാണാനുണ്ടായിരുന്നത്. അതും മൂന്നു കെട്ടിടങ്ങളിലായി. വളരെ വിശാലമായ ഒരു മ്യൂസിയമായിരുന്നുവത്. പല നാടുകളിലെ, പല കാലഘട്ടത്തിലെ പല തരത്തിലുള്ള വസ്തുക്കൾ അവിടെ ഭംഗിയായി ഒരുക്കിവെച്ചിരുന്നു. വലിയ സ്ഥലമായതിനാൽ പുറത്തുള്ള തിരക്ക് അകത്ത് അനുഭവപ്പെട്ടില്ല. സൂക്ഷ്മമായി കണ്ടുതീർക്കണമെങ്കിൽ മണിക്കൂറുകൾ വേണ്ടിവരും. എങ്കിലും ഒരോട്ടപ്രദക്ഷിണമായാണ് ഞങ്ങൾ കണ്ടത്. കുട്ടികൾ മടുത്തിരുന്നു, പിന്നെ വിശപ്പും തളർച്ചയും. അതിനാൽ തന്നെ മുഴുവനും കാണാൻ നിൽക്കാതെ ഇറങ്ങേണ്ടിവന്നു. ഹൈദരാബാദി ശൈലിയിലുള്ള ഭക്ഷണം കിട്ടുന്ന ഹോട്ടലിൽ പോകാമെന്നായിരുന്നു ഡ്രൈവറോട് പറഞ്ഞത്. 'ഇന്ദു' അങ്ങനെയൊരു ഹോട്ടലായിരുന്നു. ബിരിയാണിയും ചപ്പാത്തിയുമൊക്കെയായി ഓരോരുത്തർക്ക് വേണ്ട ഭക്ഷണം കഴിച്ചു. എല്ലാത്തിനും ഉപ്പും എരിവും ഒരുപാട് കൂടുതൽ (ഹൈദരാബാദിലെ പല ഹോട്ടലുകളിൽ നിന്നായി കഴിച്ച ഭക്ഷണങ്ങൾക്കെല്ലാം ഈ പറഞ്ഞ ഉപ്പും മുളകും കൂടുതലായിരുന്നു എന്ന് പിന്നീട് മനസ്സിലായി). ഭക്ഷണശേഷം ബിർള മന്ദിരം കാണാൻ പോയി. വെണ്ണക്കല്ലിൽ പണിതുയർത്തിയ ബാലാജി മന്ദിരം. പൂജയൊക്കെയുള്ള അമ്പലമാണെങ്കിൽക്കൂടി ഒരു വിനോദകേന്ദ്രം സന്ദർശിക്കുന്ന വികാരമേ സഞ്ചാരികൾക്കുള്ളൂ. അങ്ങനെയായിരുന്നു അവിടുത്തെ അന്തരീക്ഷം. ഒരു കുന്നിൻ മുകളിലാണത് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും നോക്കിയാൽ പുതിയ നിയമസഭാമന്ദിരവും അതിന്റെ വളപ്പും കാണാം. അതിന്റെ മുന്നിലായി റോഡിൻറെ മറുഭാഗത്ത് ഹുസൈൻ സാഗർ തടാകം. ഹൈദരാബാദ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിൽ നിസ്തൂലമായ സ്ഥാനമുണ്ട് ഈ തടാകത്തിന്. അതിന്റെ മധ്യത്തിലായി ശ്രീബുദ്ധന്റെ ദീർഘകായ പ്രതിമ. അതിനെ വലംവെച്ചു നീങ്ങുന്ന ചെറുതും വലുതുമായ ബോട്ടുകൾ. കുറച്ചകലെയായി ഡോ. അംബേദ്കറുടെ വെങ്കലപ്രതിമ. തടാകം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടി നിൽക്കുന്ന ഭീമാകാരമായ ആ ശില്പത്തിന്റെ ചാതുര്യം അവർണ്ണനീയം തന്നെ. അരുണകിരണങ്ങളാൽ വെങ്കലത്തിന്റെ തിളക്കം ആ ശില്പത്തിന് അഴകിന്റെ മറ്റൊരു ആട സമ്മാനിച്ചു. ശില്പിയുടെ കരവിരുതിനെ പുകഴ്ത്താതിരിക്കാൻ കഴിഞ്ഞില്ല. മറ്റൊരുഭാഗത്ത് തടാകക്കരയിൽ തെലുങ്കാന പ്രക്ഷോഭത്തിൽ പലപ്പോഴായി കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച വലിയ മൺചെരാതിന്റെ മാതൃക. കെടാവിളക്ക് പോലെ അത് തെലുങ്കരുടെ ഹൃദയത്തിൽ ജ്വലിച്ചു നിൽക്കുകയാണ്. അതിനുതാഴെ ഉദ്യാനത്തിന്റെ അകത്തേക്കും പുറത്തേക്കും ഒഴുകിനീങ്ങുന്ന ജനസാഗരം. ഞങ്ങളെ തഴുകി കടന്നുപോകുന്ന കുളിർതെന്നൽ. കുറച്ചുനേരം ആ കാഴ്ച കണ്ടുനിന്നു. ബിർള മന്ദിരത്തിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ വേറൊരു മ്യൂസിയവും പ്ലാനറ്റോറിയവും ഉണ്ട്. പക്ഷെ അവിടുത്തെ പ്രദർശനത്തിന്റെ സമയം ഇനിയും വൈകുമെന്നതിനാൽ എല്ലാവരും ഹുസൈൻ സാഗറിലേക്ക് നീങ്ങി. ഞങ്ങൾക്ക് ഇറങ്ങാനായി  വണ്ടി ഒതുക്കാൻ പോലും ഡ്രൈവർ ഏറെ ബുദ്ധിമുട്ടി, അത്രയ്ക്ക് തിരക്ക് നിറഞ്ഞതായിരുന്നു അവിടം. ടിക്കറ്റ് എടുത്ത് അകത്തു കടന്നയുടൻ നേരെ ബോട്ട് സഫാരി ലക്ഷ്യമാക്കി നീങ്ങി. പലതരത്തിലുള്ള ബോട്ട് യാത്രയുണ്ട്. ചെറിയ കുട്ടികൾ ഉള്ളതിനാൽ സ്പീഡ് ബോട്ട് വേണ്ട എന്ന് തീരുമാനിച്ചു. ബുദ്ധനെ സ്ഥാപിച്ചിട്ടുള്ള പ്രതലത്തിൽ ഇറങ്ങാനും ഫോട്ടോ എടുക്കാനും കഴിയുന്ന ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തത്. തിരക്കുണ്ടായിരുന്നു എങ്കിലും വലിയ ബോട്ട് ആയതിനാൽ അധികം കാത്തുനിൽക്കേണ്ടി വന്നില്ല. തൊട്ടപ്പുറത്ത് ഡാൻസ് ബോട്ടിലെ ജീവനക്കാർ ആൾക്കാരെ വിളിച്ചു കയറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ യാത്ര തുടങ്ങി. വലിയ ബോട്ട് ആയതിനാൽ പതുക്കെയാണ് യാത്ര. കുട്ടികൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്നവരുടെ ശരീരഭാഷയിൽ നിന്നും മനസ്സിലായി. കുറച്ചകലെയുള്ള ബുദ്ധപ്രതിമയുടെ സമീപത്തായി ഇറങ്ങി. ഫോട്ടോ എടുക്കാനായി തിക്കുംതിരക്കും കൂട്ടുന്ന സഞ്ചാരികളുടെ ബഹളം. ആ ബഹളത്തിൽ ഞങ്ങളും മുഴുകി. നിന്നും ഇരുന്നും ചെരിഞ്ഞും ചാഞ്ഞും കുറേ ഫോട്ടോയെടുത്തു. നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പതിനഞ്ചു മിനിറ്റിനുള്ളിൽ ബോട്ട് മടങ്ങി. കരയിലെത്തിയപ്പോൾ സാഹസിക റെയ്ഡുകളിൽ കയറാൻ കുട്ടികൾ വാശിപിടിച്ചപ്പോൾ അവരെ അതിനനുവദിച്ചു. താല്പര്യമില്ലാത്തതിനാൽ ഞങ്ങൾ മുതിർന്നവർ മാറിനിന്നു അല്ലാതെ പേടികൊണ്ടല്ല. ലേസർ പ്രദർശനം കാണാൻ പോയെങ്കിലും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്ത പ്രദർശനമുള്ളൂ എന്നറിഞ്ഞപ്പോൾ കൂടുതൽ നിരാശരായത് കുട്ടികളായിരുന്നു. ആൾക്കാർ കൂട്ടമായി മടങ്ങുകയാണ്. നടക്കാൻ തന്നെ സ്ഥലമില്ലാത്തിടത്ത് വാഹനങ്ങൾ കൂടിയായപ്പോൾ ആകെ കുഴങ്ങി. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കുറേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഏറെനേരം കാത്തുനിന്നിട്ടും ഞങ്ങളുടെ വാഹനം കാണാതായപ്പോൾ റോഡ് മുറിച്ചു കടന്നു അപ്പുറം നില്ക്കാൻ തീരുമാനിച്ചു. റോഡ് മുറിച്ചു കടക്കുക എന്നത് ഇവിടെയൊരു ഭഗീരഥപ്രയത്നമാണ്. ആരും വാഹനങ്ങൾ നിർത്തി തരില്ല. കഷ്ടപ്പെട്ട്  അപ്പുറം കടന്നപ്പോൾ അതാ വാഹനം മറുഭാഗത്തെത്തിയിരിക്കുന്നു! വീണ്ടും തിരിച്ചു കടക്കേണ്ടിവന്നു. അന്തരീക്ഷത്തിൽ കാഹളം നിറയുന്നു, കാതുകൾക്ക് അസഹനീയതയുടെ നിമിഷങ്ങൾ! പടിഞ്ഞാറൻ ചക്രവാളത്തിൽ വെള്ളിവെളിച്ചത്തിന്റെ വരകൾ സന്ധ്യയുടെ ചോരയിൽ മുങ്ങാൻ തുടങ്ങിയിരുന്നു. ഇരുളും കാർമേഘവും ഒരുമിച്ചുകൂടി ആകാശത്തെ കൂടുതൽ കറുപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സമയം ത്രിവർണ്ണശോഭ വാരിവിതറി പുതിയ നിയമസഭാമന്ദിരം ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങളുടെ നയനങ്ങളെ വിസ്മയിപ്പിച്ചു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തേഴാം വാർഷികമാണ്, അതിന്റെ ഒരോർമ്മപ്പെടുത്തലായിരുന്നു ആ വർണ്ണവിസ്മയം. ആ വർണ്ണാഭയെ തൊട്ടുരുമ്മിക്കൊണ്ട് ഞങ്ങളുടെ വാഹനം പതുക്കെ മുന്നോട്ട് നീങ്ങി. തൊട്ടപ്പുറത്താണ് പ്രസിദ്ധമായ എൻ ടി ആർ പൂന്തോട്ടം. അവിടെയാണ് സിനിമയിലും പിന്നീട് ആന്ധ്രരാഷ്ട്രീയത്തിലും മുടിചൂടാമന്നനായിരുന്ന എൻ ടി ആർ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം നിത്യതയിലമർന്ന സ്ഥലം ഡ്രൈവർ കൃത്യമായി ചൂണ്ടിക്കാണിച്ചുതന്നു. കുറച്ചുകൂടി മുന്നോട്ടു നീങ്ങി തിരക്ക് കുറഞ്ഞ ഒരിടത്ത് ഞങ്ങൾ ഇറങ്ങി. ഉദ്യാനം വെറുതേയൊന്ന് ചുറ്റിക്കാണാം എന്ന് വിചാരിച്ചു. ടിക്കറ്റ് എടുത്ത് അകത്ത് കയറിയപ്പോഴേക്കും നിയമസഭാമന്ദിരം പൂർണ്ണമായും ത്രിവർണ്ണത്തിൽ മുങ്ങിക്കുളിച്ചിരുന്നു. ആ കാഴ്ച്ചയിൽ മുങ്ങി ഏതാനും നിമിഷം. ചില ഫോട്ടോകൾ കൂടി. ഇരുട്ടിന് കട്ടി കൂടിവന്നു. അപ്രതീക്ഷിതമായാണ് മഴത്തുള്ളികൾ ഭൂമിയെ ചുംബിക്കാനിറങ്ങിയത്. മൃദുചുംബനമെന്ന്‌ കരുതി അവഗണിച്ചെങ്കിലും ശക്തി കൂടിയപ്പോൾ ഞങ്ങൾക്ക് അവിടെനിന്നും ഇറങ്ങി വാഹനം ലക്ഷ്യമാക്കി നടക്കേണ്ടിവന്നു. കുടകളുണ്ടായിരുന്നു, അതിനാൽ അധികം നനയേണ്ടി വന്നില്ല. നേരത്തെ കണ്ട അംബേദ്ക്കറുടെ കൂറ്റൻ വെങ്കലപ്രതിമയ്ക്ക് മുന്നിലൂടെ ഞങ്ങൾ കടന്നുപോയി. പോകുമ്പോൾ ഞാൻ ആ ശില്പത്തെ ആപാദചൂഡം നോക്കി. അംബേദ്‌ക്കറുമായി അത്രയ്ക്ക് സാമ്യമുണ്ടായിരുന്നു അതിന്. ശില്പിക്ക് പ്രണാമം ഒരിക്കൽക്കൂടി. തിരക്കേറിയതും എന്നാൽ ചിലയിടത്തെങ്കിലും ഇടുങ്ങിയതുമായ റോഡുകളിലൂടെ സഞ്ചരിച്ച് ഹോട്ടലിൽ എത്തുമ്പോഴും മഴ നിലച്ചിരുന്നില്ല. പറഞ്ഞുവെച്ചിരുന്ന ബാക്കി മുറികളുടെ താക്കോൽ വാങ്ങി. ഓരോ കുടുംബം ഓരോ മുറികളിലായി ചേക്കേറി. കുളിച്ച് വേഷം മാറിയപ്പോഴേക്കും എല്ലാവർക്കും ഉന്മേഷം തിരിച്ചുകിട്ടിയിരുന്നു. മഴ നിലച്ചിരുന്നു എങ്കിലും അത് ബാക്കിവെച്ച നേർത്ത തണുപ്പിന്റെ ശീലുകൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. തൊട്ടടുത്ത തന്നെയുള്ള 'ഗ്രാൻഡ്' ഹോട്ടലിൽ കഴിക്കാൻ പോയി. റൊട്ടിയും ബിരിയാണിയും ചൂട് ചായയും കഴിച്ചു. കാശ് കൊടുക്കുന്ന നേരത്ത് ഇത്ര രൂപ ടിപ്പ് വേണം എന്ന് ചോദിക്കുന്ന ജോലിക്കാരേയും കണ്ടു. ഏതായാലും അവർ പറഞ്ഞത്രയും കൊടുത്തില്ല. കാശ് കൊടുക്കാനായി അജയും സന്ദീപും മത്സരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഈ നാട്ടുകാരനല്ല എന്ന മട്ടിൽ മാറിനിന്നു. നാട്ടിൽ നിന്നും  പുറപ്പെടുന്നതിന് മുൻപുതന്നെ ഒരു ജോഡി ചെരുപ്പ് കൂടി എടുത്തുവെക്കാൻ അജയ് പറഞ്ഞെങ്കിലും 'ഞാൻ ഷൂ ഇട്ടു നടന്നോളാം' എന്ന മറുപടിയിൽ അജയിനെ നിശ്ശബ്ദനാക്കിയിരുന്നു ശാരി. ആദ്യദിവസത്തെ നടത്തം കഴിഞ്ഞപ്പോൾ തന്നെ ശാരി തന്റെ വാദം നാലായി മടക്കി ഓടയിലിട്ടു. നേരത്തെ പെയ്ത മഴയിൽ അതെങ്ങാണ്ടോ ഒഴുകിപോകുകയും ചെയ്തു. 'ഭാര്യയെ ഏറെ സ്നേഹിക്കുന്നവർ ചെരുപ്പ് വാങ്ങിക്കൊടുക്കാതിരിക്കില്ല' എന്ന ആപ്തവാക്യത്തിൽ വിശ്വസിച്ചിരുന്ന അജയ് ആവട്ടെ, ചെരുപ്പ് വേണമെന്ന ശാരിയുടെ ഇപ്പോഴത്തെ ആവശ്യത്തെ ഒരു ചെറുപുഞ്ചിരിയാൽ അംഗീകരിക്കുകയും ചെയ്തു (മനസ്സമാധാനമാണല്ലോ കാശിനേക്കാളും വലുത്!). ഞങ്ങൾ ചെരുപ്പ് കട ലക്ഷ്യമാക്കി ഒഴിഞ്ഞുകിടന്ന റോഡിലൂടെ ആശ്വാസത്തോടെ നടന്നു. കണ്ണാടിക്കൂട്ടിൽ അടുക്കിവെച്ചിരിക്കുന്ന പളപളാ മിന്നുന്നതും അല്ലാത്തതുമായ പാദരക്ഷകൾ കണ്ടപ്പോൾ രമ്യക്കും സന്ദീപിനുമൊക്കെ ചാഞ്ചല്യമുണ്ടായി. എല്ലാം കഴിഞ്ഞ് മുറിയിൽ എത്തുമ്പോഴേക്കും നേരം ഒരുപാടായിരുന്നു. അടുത്ത ദിവസം നേരത്തെ എഴുന്നേൽക്കാനുള്ളതിനാൽ പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു. നിദ്രാദേവി വൈകാതെ അനുഗ്രഹിക്കുകയും ചെയ്തു.

8 മണിക്ക് തന്നെ റാമോജിയിലേക്കുള്ള ബസ് വന്നു. സിനിമാ ചിത്രീകരണത്തിന് പേര് കേട്ട, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ആണ് രാമോജി ഫിലിം സ്റ്റുഡിയോ. സിനിമകളെപ്പറ്റി അറിയാൻ തുടങ്ങിയപ്പോൾ, ഇതൊക്കെ റാമോജിയിൽ നിന്നും ചിത്രീകരിച്ചതാണെന്ന് കേട്ടപ്പോൾ മുതൽ ഒരുപക്ഷെ മനസ്സിലൊരു ആഗ്രഹമായി കുടിയേറിയതാണ് അവിടുത്തേക്കുള്ള ഒരു യാത്ര. ഒരേ സമയം പല സിനിമകൾ ചിത്രീകരിക്കാൻ വേണ്ട സൗകര്യമുള്ള സ്റ്റുഡിയോ ആണത്രേയിത്. സിനിമക്ക് വേണ്ട എന്തും അവിടെ നിന്നും ചെയ്യാം എന്നാണ് കേട്ടിട്ടുള്ളത്. 'ബാഹുബലി' സിനിമ കൂടി കണ്ടപ്പോൾ അവിടം സന്ദർശിക്കണമെന്ന ആഗ്രഹത്തിന്റെ തീവ്രത കൂടി. ഒരു മണിക്കൂറിലധികം ദൂരമുണ്ട് അങ്ങോട്ടേക്ക്. പ്രവേശനകവാടത്തിനരികിൽ ബസ്സിറങ്ങി. ഇനിയിവിടെ നിന്നും ടിക്കറ്റ് കൈപ്പറ്റണം. പിന്നത്തെ യാത്ര വേറെ ബസ്സിലായിരിക്കുമത്രേ. കഷ്ടിച്ച് അരമണിക്കൂറോളം അവിടെ ചിലവഴിച്ചിട്ടുണ്ടാകും. ശീതീകരിച്ച ബസ്സിലായിരുന്നു തുടർന്നുള്ള യാത്ര. സഹായി (ഗൈഡ്) ഉണ്ടായിരുന്നു. അദ്ദേഹം ഓരോരുത്തരുടേയും പേര് വിളിച്ച് എല്ലാവരും ബസ്സിൽ  കയറിയിട്ടുണ്ടെന്ന് ഉറപ്പിച്ചു. തുടർന്ന് സ്റ്റുഡിയോയുടെ ചരിത്രം ചുരുക്കിപ്പറഞ്ഞു, പിന്നെ ഇന്ന് കാണാൻ പോകുന്ന കാഴ്ചകളും. 1666 ഏക്കറോളം വിശാലമായ സ്ഥലത്താണത്രെ ഈ സംരഭം സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 15 മിനിറ്റിന്റെ യാത്രയ്ക്ക് ശേഷം സ്റ്റുഡിയോയുടെ കേന്ദ്രഭാഗത്തെത്തി. ഇവിടെ ഉദ്‌ഘാടനച്ചടങ്ങുകൾ ഉണ്ടെന്നും അതുകണ്ടയുടനെ തിരിച്ചുവരണമെന്നും പറഞ്ഞു. എല്ലാവരും അത് കാണാൻ പോയി. നൃത്തങ്ങളോടെയുള്ള ചെറിയ ചടങ്ങ്. അര മണിക്കൂറിനുള്ളിൽ എല്ലാവരും തിരിച്ചെത്തി. ഇനി സ്റ്റുഡിയോയുടെ അകത്തുള്ള ബസ് യാത്രയാണ്. ഓരോ വഴിയെത്തുമ്പോഴും അവിടെ നിന്നും ചിത്രീകരിച്ച സിനിമകളും പാട്ടും ഗൈഡ് പറഞ്ഞു കൊണ്ടിരുന്നു. കൂടാതെ ആ സ്ഥലത്തിന്റെ പ്രത്യേകതയും. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ് ഇവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്. താജ്മഹൽ പോലുള്ള ചരിത്രസ്മാരകങ്ങളുടെ മാതൃകകളും കണ്ടു. യൂറോപ്പ്യൻ തെരുവുകളും വിമാനത്താവളങ്ങളും ആശുപത്രിയും സ്കൂളും അങ്ങനെ എല്ലാം ഉണ്ടായിരുന്നു. ഒരു കെട്ടിടത്തിന്റെ നാലു ഭാഗത്തും നാലു തരം കാഴ്ചകളായിരിക്കും. ചിലയിടങ്ങളിൽ ഇറങ്ങി നടന്ന് കാഴ്ച കണ്ടു. 'അവതാർ' പോലുള്ള സിനിമകൾ എങ്ങനെയാണ് സൃഷ്ടിക്കുന്നതെന്ന്  ലളിതമായി കാണിച്ചുതന്നു. ഗ്രാഫിക്സ്-ന്റെ അനന്തസാദ്ധ്യതകൾ അവിടെ കണ്ടു. മഹിഷ്മതി കൊട്ടാരം കണ്ടു. ബല്ലാലദേവന്റെ കൂറ്റൻ പ്രതിമയും ആനയും ഉൾപ്പടെ ബാഹുബലി സിനിമയിൽ ഉപയോഗിച്ച മിക്ക വസ്തുക്കളും അവിടെ അതേപടി നിലനിർത്തിയിരുന്നു. രാവിലെ ടിക്കറ്റിന്റെ കൂടെ കിട്ടിയ കൂപ്പൺ ഉപയോഗിച്ച് ജ്യൂസും കളിപ്പാട്ടങ്ങളും വാങ്ങി. വീണ്ടും കാഴ്ചകളുടെ ലോകത്തിലേക്ക് യാത്ര തുടർന്നു. ചിത്രശലഭങ്ങളും പക്ഷികളും നിറഞ്ഞ ഉദ്യാനം ഏറെ ആകർഷണീയമായിരുന്നു. അധികം നടക്കാത്തതിനാലും ശീതികരിച്ച ബസ് ആയതിനാലും ക്ഷീണം അറിഞ്ഞില്ല. അപ്പോഴേക്കും നേരം ഉച്ചയായി. ഉച്ചഭക്ഷണം കുശാലായിരുന്നു. അതുൾപ്പെടെയുള്ള ടിക്കറ്റാണ് എടുത്തിരുന്നത്. സാമാന്യം നല്ലൊരു മഴ അതിനിടയിൽ പെയ്തൊഴിഞ്ഞു. ബസ് യാത്ര കഴിഞ്ഞു. ഇനിയുള്ളത് നടന്നു കാണാനുള്ളതാണ്. സിനിമ ചിത്രീകരണം, ശബ്ദചിത്രീകരണം ഒക്കെ കാണിച്ചു തന്നു. സപ്താത്ഭുതങ്ങളിലൂടെ ഒരു ട്രെയിൻ യാത്രയും. നൃത്തവും സ്റ്റണ്ട് ഷോയും ഒക്കെ കഴിഞ്ഞപ്പോഴേക്കും 5 മണിയായി. ഒരു ചായ കുടിച്ച് ക്ഷീണം മാറ്റി. കുട്ടികൾ കുറച്ചുനേരം വിനോദങ്ങളിലേർപ്പെട്ടു. ആറരയ്ക്ക് മടങ്ങി. പ്രവേശനകവാടത്തിനരികിൽ ബസ് കാത്തിരിക്കുന്നതിനിടയിൽ വീണ്ടുമൊരു മഴ. മരത്തിന്റെ അടിയിൽ കയറി നിന്ന് നനയാതെ കഴിച്ചുകൂട്ടി. തിരക്കുപിടിച്ച റോഡിലൂടെ യാത്ര ചെയ്ത് തിരിച്ചെത്തുമ്പോഴേക്കും രാത്രിയായി. 'ഗ്രാൻഡി'ൽ നിന്നും തന്നെയായിരുന്നു ഭക്ഷണം. നാളെ വൈകുന്നേരം ഈ നഗരത്തിനോട് വിട പറയും, അതിനാൽ എല്ലാം പെട്ടിയിൽ എടുത്തു വെച്ചതിനുശേഷമാണ് ഉറങ്ങാൻ കിടന്നത്. ഒരു സിനിമ കണ്ട പ്രതീതിയായിരുന്നു ഇന്നത്തെ കാഴ്ചകൾ അവസാനിക്കുമ്പോൾ. കലാഹൃദയമുള്ള അതിലുപരി നല്ലൊരു കച്ചവടതന്ത്രമറിയാവുന്ന രാമോജി എന്ന വലിയ മനുഷ്യൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമായിരുന്നു വിശാലമായ ആ സ്റ്റുഡിയോ. ഒരു തിരക്കഥയും അഭിനേതാക്കളുമുണ്ടെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇവിടെ നിന്നും ചെയ്യാവുന്നതാണെന്ന് മനസ്സിലായി. ഒരുപാട് മനുഷ്യരുടെ സ്ഥിരമായ പ്രയത്നത്തിലാണ് ഇത്രയും മനോഹരമായി ഇവിടുത്തെ കാര്യങ്ങൾ നടന്നുപോകുന്നത്. പക്ഷേ എന്നാലും, സർക്കാരിന്റെ കൈവശമുണ്ടായിരുന്ന വനഭൂമി അതും ആയിരത്തിലധികം ഏക്കർ എങ്ങനെ ഒരു സ്റ്റുഡിയോ പണിയാൻ റാമോജിക്ക് കിട്ടി എന്നത് എന്നെ കുഴക്കിയ സംശയം തന്നെയായിരുന്നു.

ഇന്നാണ് മൂന്നാംദിവസം. ആദ്യദിവസം കൂടെവന്നിരുന്ന വണ്ടിക്കാരനോട് ഇന്നും വരാൻ പറഞ്ഞിരുന്നു. ഹൈദരാബാദിലെ സുഹൃത്തായ രഘുവിനെ വിളിച്ച് പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളും അതിനായി വാഹനത്തിനു വേണ്ടിവരുന്ന കാശും ഒക്കെ പറഞ്ഞുറപ്പിക്കാൻ ഏൽപ്പിച്ചിരുന്നു. മുറികളെല്ലാം ഒഴിവാക്കി പെട്ടികളും ബാഗുമൊക്കെയെടുത്താണ് ഞങ്ങൾ ഇറങ്ങിയത്. പോകുന്ന വഴിക്കുള്ള ഭക്ഷണശാലയിൽ നിർത്താൻ ഡ്രൈവറിനോട് പറഞ്ഞിരുന്നു. അങ്ങനെ കാമത്ത് ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി. നല്ല കന്നഡ ശൈലിയിലുള്ള ഭക്ഷണം, ആസ്വദിച്ചു കഴിച്ചു. അതിനു തൊട്ടടുത്താണ് ആദ്യദിവസം ഉച്ചഭക്ഷണം കഴിച്ച 'ഹോട്ടൽ ഇന്ദു'. ഇനി യാത്ര നേരെ ഗോൽകൊണ്ട കോട്ടയിലേക്ക്. ആരും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത അനേകം സംഭവപരമ്പരകൾക്ക് സാക്ഷ്യം വഹിച്ച ചരിത്രത്തിലേക്കുള്ള വാതിലായി മാറിയ ഗോൽകൊണ്ട കോട്ട. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദു രാജാവിൽ നിന്നും തുടങ്ങി മുഗൾ വംശത്തിലേക്ക് നീണ്ട അധിനിവേശത്തിന്റെ, കച്ചവടത്തിന്റെ അറിയാക്കഥകൾ ഉറങ്ങുന്ന സ്ഥലം. തിരക്ക് പിടിച്ച വീതി കുറഞ്ഞ റോഡ്. അതിനാൽ ഞങ്ങളെ ഇറക്കിയതിനു ശേഷം ഡ്രൈവർ വാഹനം നിർത്തിയിടാനായി വേറെ സ്ഥലം അന്വേഷിച്ചുപോയി. പത്തു മണിക്ക് തന്നെ എത്തിയിരുന്നെങ്കിലും വെയിലിന് ചൂട് തുടങ്ങിയിരുന്നു. കുന്നിൻ മുകളിലാണ് ഈ കോട്ട. നിരവധി നിർമ്മിതികൾ അതിനകത്തുണ്ട്. സഹായിയെ എടുക്കാത്തതിനാൽ അതിന്റെ വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞില്ല. പതുക്കെ നടക്കാൻ തുടങ്ങി. മലയിലായതിനാൽ ഓരോ ഘട്ടം കഴിയുമ്പോഴും കയറ്റമാണ്. ആളുകൾ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതിനുമുൻപ് ഒരുപാട് കോട്ടകൾ കണ്ടിരുന്നതിനാൽ വിസ്മയം തോന്നിയിരുന്നില്ല. എന്നാലും കണ്ടിരിക്കാവുന്ന സ്ഥലം തന്നെയാണ് ഇതെന്ന് തോന്നി. നടന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇളയ മകൾ നടക്കാൻ വയ്യ എന്ന് പറഞ്ഞ് ബഹളം വെക്കാൻ തുടങ്ങി. കുറച്ചുനേരം ചുമലിലെടുത്ത് നടന്നു. കുത്തനെയുള്ള കയറ്റമായതിനാൽ മോളെ എടുത്തു നടക്കേണ്ടിവരും എന്നതിനാൽ ഞാൻ പിന്തിരിഞ്ഞു. നടക്കാൻ മടിയായ സൗമ്യ, രമ്യ, വൈശു എന്നിവർ എന്റെ കൂടെ ചേർന്നു. സന്ദീപ്, അജയ്, ശാരി പ്രാർഥന, തീർത്ഥ എന്നിവർ മുകളിലേക്ക് കയറിപ്പോയി. ഞങ്ങൾ തിരിച്ചുവന്ന് താഴെ ഇരുന്നു. അവിടെ പ്രവേശനകവാടത്തിന്റെ നടുക്ക് നിന്ന് കൈകൊട്ടി സഹായികൾ എന്തോ വിവരിക്കുന്നത് കണ്ടു. ആദ്യമൊന്നും മനസ്സിലായില്ല. അതെന്തന്നറിയാൻ പരീക്ഷിച്ചപ്പോഴാണ് മനസ്സിലായത് മധ്യത്തിൽ നിന്ന് കൈകൊട്ടിയാൽ മുകളിൽ അതിന്റെ പ്രതിധ്വനി കേൾക്കാം എന്നത്. ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ഇരുന്നിട്ടുണ്ടാവും. നേരത്തെ പോയവർ വിയർത്തു കുളിച്ചു തിരിച്ചുവന്നു. കുറച്ചു ഫോട്ടോസ് എടുത്തു. പുറത്തിറങ്ങി. അടുത്തുള്ള കടയിൽ നിന്നും തണുത്ത പാനീയം കഴിച്ചു. റോഡിലെ തിരക്ക് കൂടിയിരുന്നു. വണ്ടിയുമായി വരാൻ ഡ്രൈവർ കുറച്ചു ബുദ്ധിമുട്ടി. ഇളംവെയിലിൽ തന്നെ എല്ലാവരും ക്ഷീണിതരായി. വളയ്ക്കും മറ്റും പ്രസിദ്ധമായ ബംഗ്ലാ മാർക്കറ്റിലേക്കാണ് അടുത്ത യാത്ര. ഒന്നാം ദിവസം പോയ ചാർമിനാർ പരിസരമാണ് ഈ സ്ഥലം. നീണ്ട അവധിദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ സാമാന്യത്തിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു റോഡിൽ. വളരെ വീതി കുറഞ്ഞ വീഥിയിലൂടെ ഏറെനേരമെടുത്തു ഞങ്ങൾ വീണ്ടും ചാർമിനാറിന്റെ മുന്നിലെത്താൻ. ഉച്ചക്കുശേഷം പോകണം എന്ന് കരുതിയ സ്ഥലത്തേക്കുള്ള യാത്ര അസാധ്യമെന്ന് മനസ്സിലായി. ചാർമിനാർ കാണാനും നല്ല തിരക്ക്. വളകളും മാലകളും മറ്റും വിൽക്കാൻ വച്ചിരുന്ന തെരുവിലേക്കിറങ്ങി. പല കടകൾ കയറിയിറങ്ങി എന്തൊക്കെയോ കുറച്ചു വാങ്ങി. സൂര്യതാപം അസഹനീയമായി. എല്ലാവരും തളർന്നു. ഒരു കടയിൽ കയറി വീണ്ടും തണുത്ത വെള്ളവും പാനീയങ്ങളും വാങ്ങിക്കുടിച്ചു. കുറച്ചുനേരം ചുറ്റിക്കറങ്ങിയതിനുശേഷം വാഹനത്തിന്റെ അടുത്തേക്ക് പോയി. അടുത്ത പരിപാടി നടക്കില്ല എന്ന് തിരിച്ചറിഞ്ഞാൽ ഉച്ചഭക്ഷണം ഗംഭീരമാക്കാം എന്ന് കരുതി. ഹൈദരാബാദിൽ വന്നാൽ പോകാൻ മറക്കരുത് എന്ന് പറഞ്ഞുകേട്ട 'പാരഡൈസ്' ഹോട്ടലിലേക്ക് പോയി. നടക്കാൻ പോലും സ്ഥലമില്ലാത്ത റോഡിലൂടെ വളരെ കഷ്ടപ്പെട്ടാണ് ഡ്രൈവർ വണ്ടിയോടിച്ചത്. റോഡിലൂടെ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഒരാൾ പോലും പാലിക്കുന്നുണ്ടായിരുന്നില്ല. 'പാരഡൈസി'ന്റെ മുന്നിലെത്തുമ്പോഴേക്കും റോഡിന്റെ സ്വഭാവം മാറി. കുറച്ചുകൂടി നല്ല വീതിയുള്ള വൃത്തിയുള്ള റോഡ്. ഹോട്ടലിൽ തിരക്ക് അധികമുണ്ടായിരുന്നില്ല. എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റി. ഹൈദരാബാദ് ബിരിയാണിയും മറ്റുമായി എന്തൊക്കെയോ കഴിച്ചു. എരിവിനെ പേടിച്ച് ഞാൻ ബിരിയാണി കഴിച്ചില്ല. ഡ്രൈവർക്ക് അയാൾ ആവശ്യപ്പെട്ടതുപോലെ ഒരു ബിരിയാണി പൊതിഞ്ഞു വാങ്ങി. സമയം നീങ്ങിപ്പോകുന്നു. ഇനിയേതായാലും റെയിൽവേ സ്റ്റേഷനിലേക്ക് പോകാം എന്ന് തീരുമാനിച്ച് എല്ലാവരും വാഹനത്തിൽ കയറി. കറാച്ചി ബിസ്‌ക്കറ്റിന്റെ കട കണ്ടാൽ നിർത്തണമെന്ന് ഡ്രൈവറെ ചട്ടം കെട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ചില വഴികൾ താണ്ടി പിന്നെ കാണാത്ത വഴികളിലൂടേയും അയാൾ വണ്ടിയോടിച്ചു. പറഞ്ഞതുപോലെ കറാച്ചിക്കടയുടെ മുന്നിൽ വണ്ടിനിർത്തി. കുട്ടികൾ ഉത്സാഹത്തോടെ കടയിലേക്ക്. ഏതുവാങ്ങണമെന്നറിയാതെ കുഴങ്ങിയ ഞങ്ങൾക്ക് കടക്കാരൻ എല്ലാം വിശദമായി പറഞ്ഞുതന്നു. ഒടുവിൽ വീട്ടിലേക്കും ഓഫീസിലേക്കും തീവണ്ടിയിൽ നിന്ന് കഴിക്കാനും ഒക്കെയായി എല്ലാവരും പലതരം ബിസ്‌ക്കറ്റുകൾ വാങ്ങി. ഇനി നേരെ തീവണ്ടിയാപ്പീസിലേക്ക്. മൂന്നു മണി കഴിഞ്ഞിരുന്നു. തീവണ്ടി വരുന്ന പ്ലാറ്റുഫോം നോക്കി മനസ്സിലാക്കി അങ്ങോട്ടുപോയി. വാഹനത്തിന്റെ കാശു കൊടുക്കാൻ സന്ദീപ് മത്സരിച്ചിരുന്നതിനാൽ ഞാനും അജയും അതിന് മിനക്കെട്ടില്ല. ഇന്നേതായാലും ഡ്രൈവർക്ക് കുശലാണ്. പറഞ്ഞതിന്റെ പകുതി ദൂരം മാത്രമേ പോയുള്ളൂ, കാശാണെങ്കിൽ മുഴുവനും കിട്ടുകയും ചെയ്തു. ഇവിടെ നിന്നും കാണാം എന്ന് സുഹൃത്ത് രഘുവരൻ പറഞ്ഞിരുന്നെങ്കിലും അപ്രതീക്ഷിതമായി ഓഫീസ് ജോലിയിൽ പെട്ടതിനാൽ വരാൻ കഴിയില്ല എന്നവൻ നിസ്സഹായതയോടെയും എന്നാൽ ഏറെ ദുഃഖത്തോടെയും അറിയിച്ചു. സാരമില്ല, പിന്നീടൊരിക്കലാവാം എന്ന് ഞാനും സമാധാനിപ്പിച്ചു. സ്റ്റേഷനിൽ പണി നടക്കുന്നതിനാൽ ഇത്തിരി സർക്കസ് കാണിക്കേണ്ടിവന്നു ശരിയായ പ്ലാറ്റുഫോമിലെത്താൻ. ഇത്തിരി വൈകി എന്നാൽ അധികം വൈകാതെ രാജധാനി എക്സ്പ്രസ്സ് വന്നു. പെട്ടികളും കുട്ടികളുമായി ഞങ്ങൾ എല്ലാവരും യന്ത്രപാമ്പിന്റെ അകത്തേക്ക്. ഇരിപ്പിടം കണ്ടുപിടിച്ച് പെട്ടികൾ ഒതുക്കിവെച്ച് കുട്ടികളെ അടക്കിയിരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് ഞങ്ങൾ മുതിർന്നവർ ആശ്വാസനിശ്വാസത്തോടെ ചാഞ്ഞിരുന്നു. കണ്ടകാഴ്ചകൾ അവലോകനം ചെയ്ത് രണ്ടുദിവസത്തെ അനുഭവം പറഞ്ഞും നേരത്തെ വാങ്ങിയ ബിസ്‌ക്കറ്റിന്റെ രുചി നോക്കിയും ചായ കുടിച്ചും ഇടയ്ക്കിടെ ഇരിപ്പിടങ്ങൾ മാറിയും രാത്രി കിട്ടിയ ഒണക്ക ചപ്പാത്തിയോട് യുദ്ധം ചെയ്തും ഒടുവിൽ താന്താങ്ങളുടെ ശയ്യാതലത്തിൽ നീണ്ടുനിവർന്നു കിടന്നും ഞങ്ങൾ പത്തു സരോവരനിവാസികൾ വീണ്ടും ബാംഗ്ളൂരിന്റെ, ഹഗദുരിന്റെ ശരണ്യ സരോവറിന്റെ നാലുചുവരുകൾക്കിടയിലെ ഞങ്ങളുടെ ലോകത്തേക്ക് അടുത്ത ദിവസം രാവിലെ മടങ്ങിയെത്തി.

തലക്ക് മുകളിൽ കത്തിജ്വലിക്കുന്ന സൂര്യൻ, വീശിയടിക്കുന്ന ചൂടുകാറ്റ്, വിയർത്തൊലിച്ച ശരീരം, തളർന്ന മിഴികളും കുഞ്ഞുമുഖങ്ങളും, പിന്നെ ഒഴിഞ്ഞ കുറേ വെള്ളക്കുപ്പികളും, എവിടെയോ ഒരിത്തിരി കുളിരായി രാമോജി സ്റ്റുഡിയോയും. ഏറെയാഗ്രഹിച്ച ഹൈദരാബാദ് യാത്ര കഴിഞ്ഞപ്പോൾ പക്ഷെ ബാക്കിയായത് ഇത്രമാത്രം. കാലങ്ങളോളം മനസ്സിലിട്ടു താലോലിക്കാൻ നല്ലൊരു കാഴ്ച പ്രദാനം ചെയ്തില്ലെങ്കിലും എന്നും മനസ്സിന്റെ ചുമരിൽ ചില്ലിട്ടു വെക്കാൻ കൂടപ്പിറപ്പുകളെപ്പോലെ ആവോളം സ്നേഹം പങ്കിട്ട ഏതാനും ഹൃദയങ്ങളും ഒരുമിച്ചുള്ള ഹൃദ്യമായ നിമിഷങ്ങളും ഏറെയുണ്ടായിരുന്നു. കാഴ്ചകൾ മറന്നാലും മറക്കാത്ത അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച യാത്ര! അങ്ങനെയുള്ളതാവട്ടെ ഇനിയുള്ള യാത്രകളും എന്നല്ലാതെ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്!

2024 - ഒരു തിരിഞ്ഞുനോട്ടം

ഡിസംബർ 31 ന് ഇറങ്ങിയ ഉത്തരദേശം സായാഹ്നപത്രത്തിൽ ഈ ലേഖനം ചെറിയ ഏറ്റക്കുറച്ചിലുകളോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അത് വായിക്കാൻ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:

https://utharadesam.com/articles/made-me-cry-last-year-594366

ഓരോ വർഷത്തേയും സംഭവബഹുലമായ കണക്കെടുപ്പ് നടത്തുമ്പോൾ അടുത്ത വർഷം എങ്ങനെയായിരിക്കുമെന്ന് വെറുതെ ചിന്തിച്ചുപോകാറുണ്ട്. പക്ഷെ ആ ചിന്തകളെയൊക്കെ കടത്തിവെട്ടുന്ന സംഭവപരമ്പരകളായിരിക്കും സംസ്കാര സമ്പന്നമായ പ്രബുദ്ധരായ ഹരിതഭംഗിയാർന്ന (എന്നൊക്കെ) കേരളത്തിൽ പക്ഷെ നടക്കാറുള്ളത് എന്നതാണ് സത്യം. 2024 ഇതിൽ നിന്നും വ്യത്യസ്തമല്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും പിടിച്ചു കുലുക്കിയ എക്‌സാലോജിക്-CMRL ഇടപാടുമുതൽ സർക്കാരിന്റെ സാമ്പത്തിക ധൂർത്തും പെൻഷന് വേണ്ടി മറിയക്കുട്ടി ചേട്ടത്തി നടത്തിയ സമരവും റാഗിംഗിന് വിധേയനായ സിദ്ധാർത്ഥിന്റെ മരണവും എ ഡി എമ്മിന്റെ ദുരൂഹമായ ആത്മഹത്യയും കാഫിർ ചിത്ര വിവാദവും വയനാട് ദുരന്തവും പാലക്കാട്ടെ നീലട്രോളി നാടകവും വൈദ്യുതി നിരക്ക് വർദ്ധനയുമടക്കം എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾ ഒന്നിനുപിറകെ ഒന്നായി പിറവിയെടുത്ത് ഇപ്പോഴും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന വർഷത്തിന്റെ കണക്കെടുപ്പ് നടത്തുക എന്നത് തികച്ചും ദുഷ്കരമായ കാര്യമാണെന്നിരിക്കിലും പ്രധാന സംഭവവികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നതിൽ തെറ്റില്ല എന്നാണെന്റെ മതം.

കൊടുക്കാൻ പണമില്ലാത്തതിനാൽ കൊട്ടിഘോഷിച്ച എ ഐ കാമറ പദ്ധതിയുടെ പ്രവർത്തനം താളം തെറ്റുന്ന കാഴ്ചയോടെയാണ് വർഷം തുടങ്ങിയത്. ബിഷപ്പുമാർക്കെതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശം, ലോകസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പോടെയുള്ള  മോദിയുടെ പ്രമാദമായ തൃശൂർ സന്ദർശനം, ഗവർണർ-സർക്കാർ പോര്, പുലർച്ചെ വീടുവളഞ്ഞുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്  എന്നിവ  വരാനിരിക്കുന്ന മാസങ്ങൾ എങ്ങനെയുള്ളതായിരിക്കുമെന്ന ഒരേകദേശരൂപം മലയാളികൾക്ക് കണക്കുകൂട്ടാൻ പറ്റുന്നതരത്തിലുള്ളതായിരുന്നു. സാമ്പത്തികഞെരുക്കത്തിന്റെ ബാക്കിപത്രമായി നിരവധി പെൻഷനുകൾ മാസങ്ങളോളം മുടങ്ങിയതും   സപ്ലൈകോ നോക്കുകുത്തിയായി മാറിയതും ക്ഷേമപെൻഷനുകൾ കിട്ടാതെയുള്ള ആത്മഹത്യയും കുത്തിയിരുപ്പ് സമരങ്ങളും അതിനെ തുടർന്ന് പത്രത്തിൽ വന്ന നുണക്കഥകളുമൊക്കെ മലയാളികളുടെ ദിവസങ്ങളെ വിരസമാക്കാതെ നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പക്ഷെ പഴശ്ശിയുടെ യുദ്ധം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. മുഖ്യമന്ത്രി പിണറായി വിജയനേയും മകൾ വീണയേയും പിടിച്ചു കുലുക്കിയ CMRL മായി എക്‌സാലോജിക്‌ നടത്തിയ സാമ്പത്തികഇടപാടുകളുടെ സത്യാവസ്ഥ വർഷാവസാനമായിട്ടും വിശദീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. നേതാവിനേയും കുടുംബത്തേയും രക്ഷിക്കാൻ പാർട്ടി തന്നെ മുന്നിട്ടിറങ്ങുകയും കോടതികൾ കയറിയിറങ്ങുകയും ചെയ്‌തെങ്കിലും ഊരിപ്പോരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം തടയാനുള്ള ഹർജിയുമായി ഇതിലെ ഇടപാടുകാർ ഓരോരുത്തരായി പല കോടതികളിൽ ഇപ്പോഴും വ്യവഹാരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷമാകട്ടെ ഇതൊക്കെ നിരന്തരം സർക്കാരിനെ ആഞ്ഞടിക്കാനുള്ള വടികളായി ഉപയോഗിക്കുകയും ചെയ്യുന്നു. എവിടെയുമെത്താത്ത കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 'ഇപ്പൊ തേങ്ങാ ഉടയ്ക്കും' എന്ന് ഇ ഡി പലതവണ പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. സിപിഎം നേതാക്കളെ പലതവണ ചോദ്യം ചെയ്‌തെങ്കിലും എല്ലാം ബിജെപിയെ സഹായിക്കാനായി കേന്ദ്രം നടത്തിയ പ്രഹസനങ്ങളാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്തു. ഏറെ വിവാദമായ കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ സാക്ഷിയാക്കിയതും അന്വേഷണം ഇ ഡിക്ക് കൈമാറിയതുമൊക്കെ രണ്ടുപാർട്ടികളും തമ്മിലുള്ള ഒത്തുകളിയാണെന്ന യുഡിഫ് ന്റെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ളതായി മാറി. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാതെ  കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതും ലാവലിൻ കേസ് ഇപ്പോഴും തീരുമാനമാകാതെ മാറ്റിവെക്കുന്നതുമെല്ലാം ചേർത്ത് വായിക്കുമ്പോൾ യു ഡി എഫിന്റെ ആരോപണത്തെ വെറുതെ തള്ളിക്കളയാനും പറ്റില്ല. എക്‌സാലോജിക്കിനെതിരെയുള്ള അന്വേഷണം കുറേക്കാലം മൂടിവെച്ചതും ഇപ്പോഴും ഇഴയുന്നതും നമുക്ക് കാണാവുന്നതാണ്. കിഫ്ബിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ പലതവണ മുൻമന്ത്രിയായ തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് നൽകിയെങ്കിലും കോടതിവിധികൾ വഴി അതൊക്കെ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുമാത്രമല്ല ചോദ്യം ചെയ്യാനുള്ള കാരണം കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ ഏജൻസിക്ക് സാധിച്ചുമില്ല.

ഗവർണർ-സർക്കാർ പോരിന് മൂർച്ച കൂടിയതും പോയവർഷം നാം കണ്ടു. നയപ്രഖ്യാപനപ്രസംഗം ഒരു മിനുട്ടിൽ ഒതുക്കിയും SFI ക്കാർക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ചും സർവ്വകലാശാലകളിലെ വി സി നിയമനങ്ങളിൽ സ്വന്തം തീരുമാനം നടപ്പിലാക്കിയും കോടതികളിൽ പരസ്പരം പോരടിച്ചും ഗവർണ്ണർക്കെതിരെ മന്ത്രിമാർ പ്രസ്താവനകൾ ഇറക്കിയും തങ്ങൾ ഇരിക്കുന്ന കസേരയുടെ മഹത്വം കളഞ്ഞുകുളിക്കാൻ ഇരുവിഭാഗവും മത്സരിച്ചു. ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ചും വി സി മാരെ പിരിച്ചുവിട്ടും സഹവർത്തിത്വത്തിൽ കഴിയേണ്ട രണ്ടധികാരകേന്ദ്രങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഗവർണറെ അറിയിക്കാതെ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തുന്നിടത്തോളമെത്തി കാര്യങ്ങൾ. കേരളത്തിന്റെ വനാതിർത്തി മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായതും പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിനിറങ്ങിയതും പതിവുപോലെ പ്രസ്താവനകളുമായി മന്ത്രിമാർ ഇറങ്ങിയതും പറയാതിരിക്കാനാവില്ല. അരിക്കൊമ്പനും ചക്കക്കൊമ്പനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായപ്പോൾ ഹൈക്കോടതി വഴി അവയെ നാടുകടത്തിയതും നമ്മൾ ടിവിയുടെ മുന്നിലിരുന്ന് ആഘോഷിച്ചു. കേരളഗാനത്തിന്റെ പേരിൽ സാഹിത്യഅക്കാദമിയിലെ ചിലർ കവിയും ഗാനരചയിതാവുമായ ശ്രീ ശ്രീകുമാരൻ തമ്പിയെ അപമാനിച്ചതും സാഹിത്യകേരളത്തിന് അപമാനകരമായ സംഭവമായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികപരാധീനതക്ക് കാരണം കേന്ദ്രമാണെന്ന് സർക്കാരും സർക്കാരിന്റെ ധൂർത്താണെന്ന് പ്രതിപക്ഷവും പാടിക്കൊണ്ടിരിക്കുന്നു. ഭിന്നശേഷിക്കാർക്കുൾപ്പെടെയുള്ള പെൻഷനുകൾ മുടങ്ങിയതും രോഗികൾക്കുള്ള സഹായം നിലച്ചതുമൊക്കെ വലിയസംവാദത്തിലേക്കാണ് നയിച്ചത്. കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കം ഇപ്പോൾ പരമോന്നതകോടതിയുടെ മുന്നിലാണ്. മന്ത്രിമന്ദിരങ്ങളിലെ അറ്റകുറ്റപണിയുടെ പേരിൽ ലക്ഷങ്ങൾ പൊടിക്കുന്നതും ലോകകേരളസഭയെന്ന അനാവശ്യചെലവുകളുമൊന്നും കുറയ്ക്കാൻ ഈ സന്നിഗ്ധഘട്ടത്തിലും സർക്കാർ തയ്യാറാകുന്നില്ല എന്നത് മറ്റൊരു വിരോധാഭാസം.

വിദേശസർവ്വകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തനാനുമതി നൽകാനുള്ള നിർദ്ദേശം പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയത് ഇടതു ഗവർമെന്റിന്റെ നിലപാട് മാറ്റത്തിന് തെളിവായി. ഉമ്മൻ‌ചാണ്ടി സർക്കാരിനെതിരെ സമരം ചെയ്തവർ അതേകാര്യത്തിനായി ഇടതുസർക്കാരിനെ ന്യായീകരിക്കാൻ ഇറങ്ങുന്ന കാഴ്ചയും നാം കണ്ടു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ മുന്നണികൾ അരയും തലയും മുറുക്കി ഇറങ്ങി. മതേതരരക്ഷകരായും അഴിമതി വിരുദ്ധതയും മാസപ്പടിക്കാശും സാമ്പത്തികപരാധീനതകളുമൊക്കെ പ്രചാരണവിഷയമായി. അതിനിടയിലാണ് തൃശൂർ പൂരം കലക്കിയത്. അത് ബിജെപിക്കൊരു പിടിവള്ളിയായിരുന്നു. കാഫിർ സ്ക്രീൻഷോട്ടുകളും അശ്ലീലവീഡിയോ വിവാദവും അങ്ങനെ ചാനലുകൾക്കും  കൊയ്ത്തുകാലമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഒടുവിൽ 18 മണ്ഡലത്തിൽ യുഡിഎഫും ഓരോന്ന് വീതം എൽഡിഎഫ് ,ബിജെപിയും സ്വന്തമാക്കി. തൃശൂരിൽ നിന്നും ജയിച്ച സുരേഷ് ഗോപി കേരളത്തിൽ ആദ്യമായി ബിജെപിക്ക് ഒരു എംപിയെ സമ്മാനിച്ചു. 

ഇന്ത്യയുടെ ബഹിരാകാശദൗത്യമായ 'ഗഗൻയാനി'ലേക്ക് മലയാളിയായ പ്രശാന്ത് നായർ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന് അഭിമാനം നൽകുന്ന കാര്യമായിരുന്നു. എന്നാൽ ക്രൂരമായ റാഗിംഗിന്റെ ഭാഗമായി സിദ്ധാർഥ് എന്ന വിദ്യാർത്ഥി മരണപ്പെട്ടപ്പോൾ കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയും ഉണ്ടായി. ഭരണക്ഷിയിൽപെട്ട പ്രതിസ്ഥാനത്തുള്ള വിദ്യാർത്ഥികളെ സംരക്ഷിക്കാൻ അധികാരത്തിലിരിക്കുന്നവർ തന്നെ മത്സരിച്ചിറങ്ങുന്ന കാഴ്ചയും കണ്ടു. മർദ്ദനത്തിന് സാക്ഷിയായ വിദ്യാർത്ഥികളിൽ ഒരാൾപോലും വാ തുറന്നില്ല എന്ന കാര്യം  അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. നേരറിയാൻ സിബിഐ വന്നെങ്കിലും സിദ്ധാർത്ഥിന്റെ മാതാപിതാക്കൾക്ക് നീതി ഇന്നും അകലെത്തന്നെ. 

പി സി ജോർജ്, പദ്മജ വേണുഗോപാൽ, അനിൽ ആന്റണി എന്നിവരൊക്കെ മറുകണ്ടം ചാടി ബിജെപിയിൽ ചേർന്നതും പോയവർഷത്തെ വാർത്താപ്രാധാന്യം നേടിയ സംഭവങ്ങളായിരുന്നു. ഇതുവരെ പാടിയ ആദർശങ്ങളൊക്കെ വലിച്ചെറിഞ്ഞ് പുതിയ പ്രത്യയശാസ്ത്രത്തെ പുൽകാൻ ഇവർക്കൊന്നും അധികം സമയം വേണ്ടിവന്നില്ല. വടകരയിൽ നിന്നും തൃശൂരിലേക്ക് മനസ്സില്ലാമനസ്സോടെ മാറേണ്ടിവന്ന മുരളീധരനെ കോൺഗ്രസിൽ നിന്നകറ്റാൻ ശ്രമിച്ചെങ്കിലും ഇതുവരെ അദ്ദേഹം ആ ചൂണ്ടയിൽ കൊത്തിയിട്ടില്ല. എങ്കിലും ഇടയ്ക്കിടെ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി നിറഞ്ഞു നിൽക്കാനും മുരളീധരൻ മറന്നില്ല. ബിജെപി സ്ഥാനാർത്ഥികളെ പുകഴ്ത്തിയും ജാവേദ്ക്കറെ കണ്ടകാര്യം തിരഞ്ഞെടുപ്പ് ദിവസം ഇ പി ജയരാജൻ സമ്മതിച്ചതും ഇടതിനേറ്റ വലിയ പ്രഹരമായിരുന്നു. അതിന്റെ പ്രതിഫലനമായി ഏതാനും മാസങ്ങൾക്ക് ശേഷം ജയരാജന് എൽഡിഎഫ് കൺവീനർ സ്ഥാനം പോവുകയും ചെയ്തു. ഇ പി യുമായും അനിൽ ആന്റണിയുമായും ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ നടത്തിയ സ്തോഭജനകമായ വെളിപ്പെടുത്തലുകളും ഒരുപക്ഷെ നടപടിക്ക് പ്രേരകമായിട്ടുണ്ടാകാം.

സംസ്ഥാനത്തെ നിരവധി ബാങ്ക് തട്ടിപ്പുകൾ പുറത്തുവന്ന വർഷം കൂടിയായിരുന്നു കടന്നുപോയത്. കരുവന്നൂർ മാത്രമല്ല പല സഹകരണ ബാങ്കുകളിലും വലിയതോതിൽ വായ്പാതട്ടിപ്പുകൾ നടന്ന സംഭവങ്ങൾ പുറത്തുവരാൻ തുടങ്ങി. ഇടതും വലതും എന്നുവേണ്ട എല്ലാ രഷ്ട്രീയപാർട്ടികൾക്കും അതിൽ പങ്കുണ്ടെന്നതായിരുന്നു സത്യം. കരുവന്നൂരിൽ അന്വേഷണം ഏറ്റെടുത്ത ഇ ഡി സിപിഎം അക്കൗണ്ടുകൾ മരവിപ്പിക്കുകയും കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയതും പാർട്ടിക്കേറ്റ വലിയ ക്ഷീണമായിരുന്നു. വിഷയം ഏറ്റെടുത്ത് ജാഥ നടത്തിയ സുരേഷ്‌ഗോപിയുടെ വിജയത്തിന് കരുവന്നൂരും ഒരു കാരണമായിരുന്നു. CIA വിജ്ഞാപനത്തിനെതിരെ പ്രസ്താവനകളുമായി യുഡിഎഫ്, എൽഡിഎഫ് രംഗത്തെത്തി. കേരളത്തിൽ സമ്മതിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പക്ഷെ ബലം പോരായിരുന്നു. പൗരത്വവിഷയം കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ് എന്നത് തന്നെ കാരണം. മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന തൃപ്പുണിത്തറ സ്ഥാനാർഥി സ്വരാജിന്റെ ഹർജി സുപ്രീം കോടതി തള്ളി. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ ഉത്തരവ്. ബാബുവിനെതിരെ മൊഴി കൊടുത്ത എല്ലാവരും സിപിഎം അനുഭാവികളായിരുന്നു.

തൃശൂർ പൂരം കലങ്ങിയ സംഭവം കേരളരാഷ്ട്രീയത്തിൽ വൻ വിവാദങ്ങളാണ് അഴിച്ചുവിട്ടത്. തോൽവിക്ക് കാരണം ഈ സംഭവമാണെന്ന് തൃശൂരിലെ സി പി ഐ സ്ഥാനാർഥി സുനിൽകുമാർ പരസ്യമായി ഉന്നയിച്ചു. എ ഡി ജി പി അജിത്കുമാറാണ് ഇതിന് പിന്നിലെന്നും ബിജെപിയോടുള്ള അടുപ്പമാണിതിന് കാരണമെന്നും വാദങ്ങൾ നിറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്കാൻ പറഞ്ഞ മുഖ്യമന്ത്രിയും മാസങ്ങളോളം അതിനെപ്പറ്റി അന്വേഷിക്കാതിരുന്നതും സംശയങ്ങൾക്കിട നൽകി. മാത്രമല്ല ആർ എസ് എസ് നേതാക്കളുമായി ഒന്നിലധികം തവണ എ ഡി ജി പി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയും അതിനദ്ദേഹത്തോട് സർക്കാർ വിശദീകരണം ചോദിക്കാത്തതുമെല്ലാം മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാരയായി വ്യാഖ്യാനിക്കപ്പെട്ടു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒടുവിൽ മുഖ്യമന്ത്രി പ്രതികരിച്ചതും എ ഡി ജി പി യുടെ പേരിൽ നിസ്സാരമായ   നടപടിയെടുത്തതും. പൂരം കലക്കിയ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി പോലീസും പോലീസിനെ കുറ്റപ്പെടുത്തി ദേവസ്വവും സത്യവാങ്മൂലം സമർപ്പിക്കുന്ന അവസ്ഥയിലേക്കെത്തിനിൽക്കുന്നു കാര്യങ്ങളിപ്പോൾ.

KSRTC ഡ്രൈവർ അശ്ലീലം കാണിച്ചെന്ന കാരണത്തിൽ വാഹനം കുറുകെ നിർത്തി രാത്രി ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കിവിട്ട മേയർ ആര്യ രാജേന്ദ്രന്റെയും ഭർത്താവായ MLA യുടെയും നടപടി ഏറെ വിമർശിക്കപ്പെട്ടു. തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് ബസ്സിൽ നിന്നും കാണാതായതിലും അടിമുടി ദുരൂഹത ആരോപിക്കപ്പെട്ടു. ഏറെ പുകിലുണ്ടാക്കിയ ഈ സംഭവത്തിലും നേതാക്കളെ വെള്ളപൂശുന്ന റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്. വീണ്ടുമൊരു ബാർ കോഴ വിവാദം കത്തിപ്പടരാൻ തുടങ്ങിയെങ്കിലും അതിവേഗം അതിനെ കെടുത്താൻ ഭരണപക്ഷത്തുള്ളവർക്ക് കഴിഞ്ഞു. 

മഴക്കാലദുരന്തം കേരളത്തിൽ വീണ്ടും. ഇത്തവണ ഇരയായത് വായനാടിലെ മേപ്പാടിക്കടുത്തുള്ള ചൂരൽ മലയിലെ പാവങ്ങളായിരുന്നു. ഒരുരാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായി. നിരവധിപേർ മരിച്ചു. ബന്ധുക്കൾ മുഴുവനായി മരണപ്പെട്ടവർ, ഒരാൾ മാത്രം ബാക്കിയായവർ, അനാഥരായ കുഞ്ഞുങ്ങൾ, സമ്പാദ്യം നഷ്ടപ്പെട്ടവർ അങ്ങനെ കേരളം ഒരിക്കൽക്കൂടി തേങ്ങിക്കരഞ്ഞു. സഹായഹസ്തങ്ങൾ രാജ്യത്തിൻറെ പലഭാഗത്തുനിന്നും ഒഴുകിയെത്തി. പുനരധിവാസപദ്ധതികളുമായി സർക്കാരും രംഗത്തെത്തി. എല്ലാപിന്തുണയും കേന്ദ്രസർക്കാരും ഉറപ്പുനൽകി. പക്ഷെ നൽകിയ ഉറപ്പുകളൊന്നും ഇതുവരെയായും പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പരസ്പരം കുറ്റം പറയുന്ന സർക്കാരുകളെയാണ് ഇപ്പോൾ കോടതിയിൽ കാണാൻ കഴിഞ്ഞത്. ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രമോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ കാശു കൊണ്ട് പുനരധിവാസം നടത്താൻ സംസ്ഥാനമോ തയ്യാറായിട്ടില്ല. സംസ്ഥാനം പ്രഖ്യാപിച്ച സഹായം പോലും പലർക്കും കിട്ടുന്നില്ല. സഹായം നൽകുന്നില്ല എന്നതുമാത്രമല്ല വ്യോമസേനയുടെ സേവനത്തിനുള്ള കൂലി കൂടി ചോദിച്ചിരിക്കുകയാണ് കേന്ദ്രമിപ്പോൾ എന്ന ആക്ഷേപവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്. ഏതായാലും കോടതിയുടെ കനിവ് പ്രതീക്ഷിച്ചിരിക്കുയാണിപ്പോൾ എല്ലാം നഷ്ടപ്പെട്ടവർ. 

സ്വന്തം നാടായ പത്തനംതിട്ടയിൽ നിന്നും വിരമിക്കാനാഗ്രഹിച്ച കണ്ണൂർ എ ഡി എമ്മിനെ കാത്തുനിന്നത് അപമാനവും മരണവുമായിരുന്നു. നിനച്ചിരിക്കാതെ യാത്രയപ്പ് യോഗത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ആരോപണത്തിൽ തളർന്നുപോയ അദ്ദേഹത്തിന്റെ മരണവാർത്തയാണ് അടുത്തദിവസം കേട്ടത്. ബന്ധുക്കളെപ്പോലും അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റും പോസ്റ്റ്മാർട്ടവും എന്തൊക്കെയോ ഗൂഢാലോചനയുണ്ടെന്ന് വാദത്തിനിടയാക്കി. ആരോപണവിധേയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് മടിച്ചു. ഒടുവിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം റദ്ദാക്കിയപ്പോൾ മാത്രമാണ് അവരെ ജയിലടയ്ക്കാൻ തയ്യാറായത്. പാർട്ടിക്കകത്ത് പോലും രണ്ട് ചേരിയായ സംഭവം ഇപ്പോൾ ഒത്തുതീർപ്പിലെത്തിയ ലക്ഷണമാണ്. ജയിൽ വിമോചിതയായ ആരോപണവിധേയയെ സ്വീകരിക്കാനെത്തിയ നേതാക്കളുടെ നിരയും അന്വേഷണരീതികളും വീട്ടുകാർക്ക് പോലും സംശയമുളവാക്കി തുടങ്ങി. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കോടതിയുടെ മുന്നിലാണിപ്പോൾ എ ഡി എമ്മിന്റെ ഭാര്യയും ബന്ധുക്കളും. ഇരയുടെ ഒപ്പമാണെന്ന് പറഞ്ഞ് വേട്ടക്കാരുടെ കൂടെയാണിപ്പോൾ പാർട്ടി. കേരളമാകെ കുലുക്കിയ ഈ സംഭവവും പക്ഷെ ഒന്നുമല്ലാതായി തീരാനാണ് സാധ്യത.

അതിനിടയിലാണ് ഉപതെരഞ്ഞെടുപ്പുകൾ. വയനാട്, പാലക്കാട് പിന്നെ ചേലക്കര. ഇതിൽ വിവാദം കൊണ്ടും വേരുകൊണ്ടും ശ്രദ്ധ നേടിയത് പാലക്കാടാണ്‌. സീറ്റ് കിട്ടാത്ത കോൺഗ്രസുകാരനെ ഇടതുപക്ഷം സ്ഥാനാർഥിയാക്കിയപ്പോൾ ബിജെപിക്കാരനെ കൂടെക്കൂട്ടി കോൺഗ്രസ് കരുത്തുകാട്ടി. കള്ളപ്പണം നിറച്ച ട്രോളി വിവാദവും പാതിരാത്രിയിലെ പോലീസ് പരിശോധനയെന്ന പൊറാട്ടു നാടകവും ഒടുവിൽ വർഗ്ഗീയവിദ്വേഷം പരത്തുന്ന പത്രപരസ്യങ്ങളുമെല്ലാം പാലക്കാടിനെ ഇളക്കിമറിച്ചു. പക്ഷെ എല്ലാ വിവാദങ്ങളെയും തള്ളുന്നതായിരുന്നു അന്തിമഫലം. അവരവരുടെ മണ്ഡലങ്ങൾ കോൺഗ്രസ്സും സിപിഎമ്മും നിലനിർത്തി, ഭൂരിപക്ഷം മാത്രമായിരുന്നു പിന്നത്തെ ചർച്ചാവിഷയം.

സർക്കാരിനേയും പാർട്ടിയേയും മുൾമുനയിൽ നിർത്തിയ പി വി അൻവറിന്റെ പടപ്പുറപ്പാട് കുറേനാളത്തേക്ക് കേരളത്തിൽ വലിയതോതിൽ ചർച്ചാവിഷയമായ സംഭവമായിരുന്നു. എ ഡി ജി പി യേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും മലപ്പുറം എസ് പി യേയുമൊക്കെ അഴിമതിക്കാരാക്കിയ അൻവർ മുഖ്യമന്ത്രിക്കെതിരേയും ആഞ്ഞടിച്ചു. കെ ടി ജലീലിനെ പോലുള്ളവരും ഇടയ്ക്ക് അൻവറിന് പിന്തുണയുമായെത്തി, എങ്കിലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി ആ വിവാദം ആറിത്തണുക്കുകയാണ് ചെയ്തത്. ഉപതെരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിക്കാൻ പുറപ്പെട്ടെങ്കിലും ഒന്നുമായതുമില്ല. സിപിഎമ്മിനെ വെല്ലുവിളിച്ചിറങ്ങിയ അൻവർ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. അതിനാൽ തന്നെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് ചേക്കേറാനൊരു ശ്രമം അദ്ദേഹം നടത്തിക്കൂടായ്കയില്ല. അൻവറിസത്തിന് എന്താവുമെന്ന്   കാത്തിരുന്ന് കാണാം.

ഉമ്മൻ‌ചാണ്ടി സർക്കാർ അവതരിപ്പിച്ച സീ പ്ലെയിൻ വീണ്ടും വാർത്തകളിൽ. അന്നുപക്ഷേ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും എന്നുപറഞ്ഞ് സമരം ചെയ്തവർ തന്നെ ഇന്ന് വിനോദസഞ്ചാരമേഖലയുടെ വികസനത്തിനായി അതെ പദ്ധതി വീണ്ടും അവതരിപ്പിച്ചു. ആർക്കും എതിർപ്പുകളില്ല എന്നുമാത്രമല്ല ഈ ആശയത്തിന്റെ പിതൃത്വം ഏറ്റെടുക്കാനും ജാള്യതയുണ്ടായില്ല ഇപ്പോഴത്തെ സർക്കാരിനും മുന്നണിക്കും. ഒളിംപിക്സ്   മാതൃകയിൽ ഒരു സ്കൂൾ കായികമത്സരം. കായികമേഖലയ്ക്കാകെ ഊർജ്ജം പകർന്ന ഒരാശയമായിരുന്നു ഒളിംപിക്സ് മാതൃകയിൽ എല്ലാ മത്സരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ സ്കൂൾ കായികമാമാങ്കം. വളരെ ആവേശത്തോടെയാണ് കുട്ടികൾ ഇതേറ്റെടുത്തത്. 

ഉപതിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ തിളക്കത്തിൽ കോൺഗ്രസിൽ പുനഃസംഘടന ആവശ്യം ശക്തമാവുന്നു. കെ സുധാകരനെ മാറ്റാനുള്ള നീക്കം അണിയറയിൽ സജീവം. അതിനിടയിൽ തഴയപ്പെടുന്നു എന്നാരോപണവുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി. ശക്തി നഷ്ടപ്പെട്ട എ ഗ്രൂപ്പിന്റെ നേതാക്കളാണ് പിന്നിൽ നിന്നും കളിക്കുന്നതെന്നും അടുത്ത മുഖ്യമന്ത്രിയാവാൻ വി ഡി സതീശനെ തടയുക എന്നതൊക്കെയാണ് ലക്ഷ്യമെന്നും അണിയറയിൽ കേൾക്കാം. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സാധ്യത തമ്മിലടി കാരണം കോൺഗ്രസ് വീണ്ടും കളഞ്ഞുകുളിക്കുമോ എന്നത് കണ്ടുതന്നെ അറിയണം. ഏതായാലും കുറച്ചുകാലം മൗനത്തിലായിരുന്ന പാർട്ടി ഗ്രൂപ്പ് കളിച്ച് എല്ലാം കുളമാക്കുന്ന ലക്ഷണമുണ്ട്. ഒന്നുമില്ല എന്ന് നേതാക്കൾ പറഞ്ഞാലും ഉള്ളിൽ എന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ടെന്ന് ആളുകൾക്ക് മനസ്സിലാകാൻ തുടങ്ങി. ജനങ്ങൾ വേണ്ടെന്നുവെച്ചാലും മൂന്നാം ഇടതുപക്ഷ സർക്കാരിനെ കോൺഗ്രസ് തന്നെ വാഴിക്കുമെന്നർത്ഥം. പാലക്കാട് വിജയമുറപ്പെന്ന മട്ടിൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ട ബിജെപി അദ്ധ്യക്ഷനും കസേര ഇളക്കം അറിഞ്ഞുതുടങ്ങിയെന്നാണ് കേൾവി. എതിർചേരിയിലുള്ളവരെ ഒതുക്കി പാർട്ടിയെ ക്ഷീണിപ്പിക്കുന്ന നടപടികളാണ് അദ്ധ്യക്ഷൻ ചെയ്യുന്നതെന്ന് കേന്ദ്രനേതൃത്വവും അറിഞ്ഞെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. തങ്ങളുടെ ശക്തി മണ്ഡലത്തിൽ വൻതോതിൽ വോട്ട് കുറഞ്ഞതും സ്ഥാനാർഥി നിർണ്ണയം പാളിയതുമൊക്കെ അദ്ദേഹത്തിന് തിരിച്ചടികളാണ്. ഏതായാലും പുതുവർഷത്തിൽ ആ കസേരയിൽ പുതിയമുഖം വരാനുള്ള സാധ്യതകളാണ് കേൾക്കുന്നത്. മാത്രവുമല്ല കൊടകര കുഴല്പണക്കേസ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതും ആ കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകളുമെല്ലാം സുരേന്ദ്രന് എതിരാകാനാണ് സാധ്യത.

മലയാളസിനിമാമേഖലയൊന്നാകെ കുലുങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് അഴിച്ചുവിട്ട കാറ്റും കോളും ഇപ്പോഴും അടങ്ങിയിട്ടില്ല. ഏതാണ്ട് നാലര വർഷം റിപ്പോർട്ടിൽ ഒരു നടപടിയുമെടുക്കാത്ത സർക്കാർ ഒടുവിൽ വിവരാവകാശ കമ്മീഷണറുടേയും കോടതിയുടേയും കർശന ഉത്തരവ് കാരണം പുറത്തുവിടാൻ തയ്യാറായി. അതും പല പേജുകളും ഒളിപ്പിച്ചു വെച്ച്. തുടർന്ന് പലരും പീഡനകഥകളുമായി രംഗത്തെത്തി. മുകേഷ്, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങി പലർക്കും കോടതികളെ ആശ്രയിക്കേണ്ടി വന്നു അറസ്റ്റിൽ നിന്നും രക്ഷപെടാൻ. അമ്മ സംഘടനയിൽ പോലും പൊട്ടിത്തെറിക്ക് കാരണമായി ഈ റിപ്പോർട്ട്. അന്വേഷിക്കാൻ തയ്യാറാകാതിരുന്ന സർക്കാർ പിന്നീട് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചെങ്കിലും എത്രമാത്രം ഫലപ്രദമായിരിക്കും അന്വേഷണങ്ങളും തുടർനടപടികളുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

സിപിഎംൽ സമ്മേളനക്കാലമാണിപ്പോൾ. പക്ഷെ പലയിടങ്ങളിലും പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നേതൃത്വത്തെ വെല്ലുവിളിക്കുന്ന അണികളെയാണ് കാണാൻ കഴിയുന്നത്. നേതാക്കന്മാരെ മുറികളിൽ പൂട്ടിയിട്ടും പരസ്യമായി പ്രതിഷേധിച്ചുമൊക്കെ പലരും നേതാക്കളോടുള്ള തങ്ങളുടെ അതൃപ്‌തി പരസ്യമാക്കുന്ന കാഴ്ച നാം കണ്ടു. കമ്മിറ്റികൾ തന്നെ കൂട്ടത്തോടെ പിരിച്ചുവിട്ടും അച്ചടക്കനടപടികൾ എടുത്തുമൊക്കെ പ്രശ്നം ഒതുക്കാമെന്നാണ് മുകൾത്തട്ടിൽ നേതാക്കന്മാർ കരുതുന്നതെങ്കിലും കൂടുതൽ പൊട്ടിത്തെറികൾ വരുംകാലങ്ങളിൽ സംഭവിക്കാമെന്നതിൽ തർക്കം വേണ്ട. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സമയത്തുപോലും പരസ്യമായ പ്രതിഷേധങ്ങൾ നടക്കുന്നത് ജനം കണ്ടു. പാലക്കാട് വോട്ട്  കൂടാത്തതും ചേലക്കരയിലെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമൊക്കെ ഭരണവിരുദ്ധതരംഗമുണ്ടെന്ന സൂചന പോലും അംഗീകരിക്കാൻ പക്ഷെ സംസ്ഥാനനേതൃത്വവും മന്ത്രിമാരും ഇതുവരെ തയ്യാറായിട്ടില്ല എന്നതും മറ്റൊരു വൈരുദ്ധ്യം.

മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചത് കേരളത്തിൽ മാത്രമല്ല രാജ്യതലസ്ഥാനത്ത് പോലും ചർച്ചാവിഷയമായി. ഫാറൂഖ് കോളേജിന്റെ കൈയ്യിൽ നിന്നും കാശുകൊടുത്തു വാങ്ങിയവർ പോലും ഇറങ്ങേണ്ടിവരുമെന്ന ആശങ്ക ശക്തമായ പ്രക്ഷോഭത്തിലേക്കാണ് നയിച്ചത്. വഖഫ് ബോർഡിൻറെ അധികാരങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഫാറൂഖ് കോളേജിന് വഖഫ് ആയാണ് ഭൂമി കിട്ടിയതെന്ന് വാദം കാരണം നികുതി അടയ്ക്കാൻ പോലും ഗതിയില്ലാത്ത നൂറുകണക്കിന് മനുഷ്യരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒടുവിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയമുതലെടുപ്പുമായി എല്ലാവരും ഇറങ്ങുന്നതും നാം കണ്ടു. ഏതായാലും പ്രതീക്ഷിച്ചതുപോലെ ഉപതെരഞ്ഞെടുപ്പുകളിൽ കോട്ടമായോ നേട്ടമായോ ഈ വിഷയം മാറിയില്ല പക്ഷെ വഖഫ് ബോർഡ് ഇത്തരം ഉത്തരവുകൾ പിന്നെയും ചിലയിടങ്ങളിൽ പുറപ്പെടുവിക്കുന്നത് കണ്ടു. ഏതായാലും നിലവിലെ വഖഫ് നിയമത്തിന് മുൻകാല പ്രാബല്യം ഇല്ല എന്ന ഹൈക്കോടതിയുടെ ഉത്തരവിനെ പ്രതീക്ഷയോടെയാണ് മുനമ്പത്തെ ജനങ്ങൾ കാണുന്നത്.

ഉപഭോക്താക്കൾക്ക് KSEB യുടെ വക വീണ്ടും ഇരുട്ടടി. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച ഉത്തരവ് വീണ്ടുമിറങ്ങി. ഈ മാസം മാത്രമല്ല 3 മാസങ്ങൾക്ക് ശേഷം വീണ്ടും കൂടും. തോന്നിയതുപോലുള്ള ശമ്പളവർദ്ധനയും യാതൊരു യോഗ്യതാമാനദണ്ഡവും പാലിക്കാത്ത സ്ഥാനക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥയുമൊക്കെ കാരണം മറ്റൊരു KSRTC ആയിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് KSEB എന്നത് തർക്കമറ്റ വസ്തുതയാണ്. മാത്രവുമല്ല കാലാവധി പൂർത്തിയായ പദ്ധതികൾ ഏറ്റെടുക്കാതെ സ്വകാര്യസംരംഭകർക്ക് കരാർ പുതുക്കി നൽകാനുള്ള ശ്രമം അഴിമതിയുടെ രൂക്ഷഗന്ധം പുറപ്പെടുവിക്കുന്നുണ്ട്. ചിലരുടെ സ്വാർത്ഥതാല്പര്യത്തിന് ഇരയാവുന്നത് സാധാരണ ജനമാണെന്നത് സർക്കാരിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നില്ല.

കൊല്ലാവസാനമാകുമ്പോഴേക്കും പരീക്ഷാചോദ്യക്കടലാസിന്റെ ചോർച്ചയിൽ ഉലയുകയാണ് വിദ്യാഭ്യാസവകുപ്പ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് ചോർച്ച വിവാദം ഉണ്ടാകുന്നത്. കൃത്യമായ അന്വേഷണം നടത്തുകയോ കുറ്റക്കാരെ ശിക്ഷിക്കുകയോ ചെയ്യാത്തതാണ് ഇതിന് കാരണമെന്ന് കാണാവുന്നതാണ്. യൂട്യൂബ് ചാനലുകളിൽ കൂടി ചോദ്യങ്ങൾ പ്രചരിക്കുന്നത് ചോദ്യാവലി തയ്യാറാക്കുന്നവരുടെ ഒത്താശയോടെയാണ് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റക്കാർക്കെതിരെ  കൃത്യമായ നടപടി ഇല്ലാത്തത് ആ സംശയം ബലപ്പെടുത്തുന്നു.

പോയവർഷങ്ങളിലെന്ന പോലെ സാംസ്കാരികകേരളത്തിന് വലിയ നഷ്ടം സംഭവിച്ച വർഷം കൂടിയായിരുന്നു ഇത്തവണത്തേതും. മലയാളസിനിമയിലെ അമ്മ കവിയൂർ പൊന്നമ്മ, കനക ലത, ടി പി മാധവൻ, സംഗീതജ്ഞൻ കെ ജി ജയൻ, ഗായിക മച്ചാട്ട് വാസന്തി, വില്ലൻമാരായി ജനമനസ്സിൽ ഇടം നേടിയ കീരിക്കാടൻ ജോസ്, മേഘനാഥൻ, സംവിധായകരായ സംഗീത് ശിവൻ, ഹരികുമാർ, ഒരുകാലത്ത് മലയാളികളെ ത്രസിപ്പിച്ച ഈണങ്ങൾ സൃഷ്ടിച്ച കെ ജെ ജോയ്, കവി എൻ കെ ദേശം, നിരവധി ജീവനുകൾ രക്ഷകനായ ഡോ. എം എസ് വല്യത്താൻ തുടങ്ങി നിരവധി പേരാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

മലയാളസാഹിത്യത്തിൽ ഒരു മഹാമേരുവായി നിറഞ്ഞുനിന്നിരുന്ന മലയാളത്തിന്റെ സുകൃതം ശ്രീ എം ടി വാസുദേവൻ നായർ ക്രിസ്തുമസ് ദിനത്തിൽ കാലം കടന്നുപോയത് മലയാളികളേയും അദ്ദേഹത്തിന്റെ വായനക്കാരേയും ഏറെ ദുഖത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു. കഥാലോകത്തും സിനിമാമേഖലയിലും സാംസ്കാരികരംഗത്തും നിറഞ്ഞുനിന്നിരുന്ന, പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാൻ മടി കാണിച്ചിട്ടില്ലാത്ത ധീഷണാശാലിയായ ദേഹത്തിന്റെ നിയോഗം മലയാളഭാഷയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടം തന്നെയാണ്. നിരവധി ദേശീയപുരസ്കാരങ്ങളും ജ്ഞാനപീഠം പോലുള്ള മഹത്തായ പുരസ്കാരങ്ങളും മലയാളത്തിലേക്ക് എത്തിച്ച എം ടി ക്ക് പകരം വെക്കാൻ മറ്റാരുമില്ല എന്നത് ഒരു സത്യം തന്നെയാണ്.

വൈകിയാണെങ്കിലും വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമായത് വർഷാവസാനമാണ്. ഇത് വെറും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുമോ അതോ സാമ്പത്തികസഹായത്തിന്റെ കാര്യത്തിലും പ്രതിഫലിക്കുമോ എന്നത് പക്ഷെ വ്യക്തമാക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ നിലവിലെ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ്ഖാന് സ്ഥലമാറ്റം എന്നതും വർഷാവസാനം എത്തിയ വാർത്തയാണ്. പുതിയ ഗവർണറും സർക്കാരും ശീതസമരത്തിലായിരിക്കുമോ അതോ ഒത്തുപോകുമോ എന്നത് കണ്ടുതന്നെയറിയണം.

പറയുകയാണെങ്കിൽ ഇനിയുമൊരുപാടുണ്ട്. ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ പുഴയിലേക്കാണ്ടുപോയ അർജ്ജുൻ കരയിപ്പിച്ചത് മലയാളികളെ  മുഴുവനുമായിരുന്നു. പ്രാർത്ഥനയോടെ എല്ലാവരും ദിവസങ്ങളോളം കാത്തിരുന്നുവെങ്കിലും അദ്‌ഭുതങ്ങളൊന്നും സംഭവിച്ചില്ല. അർജ്ജുന്റെ രക്ഷാദൗത്യം വളരെയേറെ മാദ്ധ്യമശ്രദ്ധ കിട്ടിയ ഒരു വിഷയമായിരുന്നു. ഈ ദൗത്യത്തിൽ കാർക്കള എം എൽ എ യുടെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. മാധ്യമങ്ങളുടെ അതിരുകടന്ന ഇടപെടലും ഏറെ വിമർശനങ്ങൾക്ക് വിധേയമായി. മാസപ്പടിക്ക് ശേഷം മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലായ സംഭവമായിരുന്നു പി ആർ ഏജൻസിയുടെ ഇടപെടലോടെ വിവാദമായ ഹിന്ദുവിന് നൽകിയ അഭിമുഖം. പത്രത്തിൽ വന്നത് പറയാത്ത കാര്യമാണെന്ന് വിശദീകരിച്ചിട്ടും പത്രത്തെ  വിമർശിക്കാനോ പി ആർ ഏജൻസി ഉണ്ടെന്ന ആരോപണത്തിൽ ഒരു വ്യക്തത വരുത്താനോ 'മാധ്യമ സിൻഡിക്കേറ്റ്' എന്ന ആക്ഷേപം പലപ്പോഴും ചൊരിയാറുള്ള മുഖ്യമന്ത്രി ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. വിഴിഞ്ഞത്ത് വലിയ കപ്പൽ വന്നതും അന്താരാഷ്ട്രശ്രദ്ധ കിട്ടുന്ന നിലവാരത്തിലേക്ക് തുറമുഖം വളരാൻ പോകുന്നതും പോയ വർഷത്തെ നല്ല വർത്തയാണെങ്കിലും വയബിലിറ്റി ഗാപ് വായ്പയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാനവും കേന്ദ്രവും ഇപ്പോഴും തുടരുകയാണ്.

ശബരിമലയിൽ ഇത്തവണയും വിവാദത്തിൽ തന്നെ. മുല്ലപ്പെരിയാർ തർക്കം, പറമ്പിക്കുളം-ആളിയാർ അണക്കെട്ട് വിവാദം, ഭരണഘടനാ വിമർശിച്ചതിന് മന്ത്രി സജി ചെറിയാനെതിരെയുള്ള തുടരന്വേഷണം, ചക്രശ്വാസം വലിക്കുന്ന KSRTC , പാനൂർ ബോംബ് സ്ഫോടനം, ഒളിഞ്ഞും തെളിഞ്ഞും വരുന്ന കെ റയിൽ, സ്മാർട്ട് ആകാത്ത കെ-ഫോൺ, പീഡനപരമ്പരകൾ, കൊലപാതകങ്ങൾ, ആന എഴുന്നെള്ളിപ്പിന് ഏർപ്പെടുത്തിയ പുതിയ നിർദ്ദേശങ്ങൾ, ഉന്നവിദ്യാഭ്യാസ മേഖലയിലെ തകർച്ച, ഖാദർ കമ്മിറ്റി റിപ്പോർട്ട്, ശമ്പള പ്രതിസന്ധി, നിരത്തിൽ പൊലിയുന്ന ജീവനുകൾ, പോലീസിലെ രാഷ്ട്രീയാതിപ്രസരം, ശബരി റെയിൽപാത, ശബരിമല വിമാനത്താവളം, മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സംഭവപരമ്പരകൾ, ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള നിപ്പയുടെ മടങ്ങി വരവ് അങ്ങനെ എത്രയോ സംഭവങ്ങൾക്ക് സാക്ഷിയായി ഈ കൊച്ചു കേരളം കഴിഞ്ഞ പന്ത്രണ്ടു മാസങ്ങൾക്കുള്ളിൽ. വർഷാവസാനമായിട്ടും വിവാദങ്ങൾ അടങ്ങിയിട്ടില്ല, അത് അടങ്ങുകയുമില്ല. പുതിയ വാഗ്വാദങ്ങൾക്കും സംഘർഷങ്ങൾക്കും സാക്ഷിയാകാൻ 2025 എത്തുകയാണ്. നല്ല വാർത്തകളും വിശേഷങ്ങളും പ്രതീക്ഷിച്ചിരിക്കാമെന്നല്ലാതെ വേറെയൊന്നും നമുക്ക് ചെയ്യാനില്ല എന്ന് മാത്രം പറഞ്ഞുകൊള്ളുന്നു.