പേജുകള്‍‌

പച്ചയണിഞ്ഞ ഐടിക്കാരൻ

This article was published in the 6th edition of Kundalahalli Kerala Samajam's online magazine Bhoomika.


'രുഗ്മണിസ്വയംവര'ത്തിലെ അവസാനപദവും ആടി തീർന്നതിനുശേഷം ആ തുള്ളൽ വേഷക്കാരൻ ആശ്വാസത്തോടെ പ്രാർത്ഥനയോടെ സദസ്സിനെ നോക്കി തൊഴുതു. വേദിയിലെ പ്രകടനം കഴിഞ്ഞാൽ ഏതൊരു കലാകാരനും ചെയ്യുന്ന തികച്ചും മര്യാദകലർന്ന പെരുമാറ്റം. ഒരുനിമിഷത്തെ നിശബ്ദത. പിന്നെ അയാൾ കണ്ടത് കാതടപ്പിക്കുന്ന കരഘോഷവുമായി എഴുന്നേറ്റ് നിന്ന് അഭിനന്ദിക്കുന്ന കാണികളെയായിരുന്നു. നിറഞ്ഞ മനസ്സോടെ, ഒത്തിരി സന്തോഷത്തോടെ അവർ അവന്റെ പ്രകടനത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. അണിയറയിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അവൻ ചിരിക്കുകയായിരുന്നില്ല മറിച്ച് കരയുകയായിരുന്നു, തന്റെ പ്രയത്നം വൃഥാവിലായില്ലല്ലോ എന്ന സന്തോഷത്തിൽ. കണ്ണുനീർ തുള്ളിയാൽ മാഞ്ഞുപോയ മുഖത്തെഴുതിയ പച്ച നോക്കി അണിയറയിലെ കണ്ണാടിക്ക് മുൻപിൽ അവനിരുന്നു. വേദിയിൽ തീർത്ത മഞ്ജീരശിഞ്ജിതം അപ്പോഴും തനിക്കുചുറ്റും അലയടിക്കുന്നതായി അവന് തോന്നി. മനസ്സിലെ സന്തോഷം ആനന്ദക്കണ്ണീരായി ഒഴുകുമ്പോൾ തുടച്ചുകളയാൻ പോലും മറന്നു. കഴിഞ്ഞതൊക്കെ വെറുമൊരു സ്വപ്നമാണോയെന്നു പോലും അവന് തോന്നി. കാരണം ഇരുപത്തേഴുവർഷങ്ങൾക്ക് ശേഷമാണ് ആ മുഖം വീണ്ടും പച്ചയണിയുന്നത്! 

അവന്റെ ഈ സ്വപ്നസാക്ഷാൽക്കാരത്തിന് സാക്ഷിയായവരുടെ കൂട്ടത്തിൽ അച്ഛനും അമ്മയും ഭാര്യയും മക്കളും മറ്റു ബന്ധുക്കളും കൂടാതെ അമ്മാമനായ സാക്ഷാൽ കലാമണ്ഡലം പ്രഭാകരനുമുണ്ടായിരുന്നു. അതെ, കേരളത്തിലിന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന പ്രശസ്തനായ തുള്ളൽ കലാകാരൻ. തുള്ളലിന്റെ വളർത്തച്ഛനെന്ന് വിളിക്കപ്പെടുന്ന മലബാറിന്റെ പ്രിയപ്പെട്ട രാമൻ നായരുടെ ചെറുമകനിലൂടെ തുടർന്നുപോകുന്ന തുള്ളൽ പാരമ്പര്യം കണ്ട് ആ വൃദ്ധമനസ്സും കരഞ്ഞിട്ടുണ്ടാകാം, അനിർവചനീയമായ ആനന്ദം അനുഭവിച്ചിട്ടുണ്ടാകാം. കാരണം ഈ പ്രകടനങ്ങൾക്ക് കാരണഭൂതൻ അദ്ദേഹമാണല്ലോ!

ആ യുവാവിന്റെ പേര് വരുൺകുമാർ. വർഷങ്ങളായി ബാംഗളൂരിലെ ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്യുന്നു. മലയാളി കൂട്ടായ്മകൾ ഏറെയുള്ള  ബാംഗ്ലൂരിൽ, അക്കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന സംഘടനകളിലൊന്നായ കുന്ദലഹള്ളി കേരളസമാജത്തിലെ പ്രവർത്തകസമിതി അംഗം കൂടിയായാണ് വരുൺ. ഇക്കഴിഞ്ഞ ഒക്ടോബർ 27 ന് നടന്ന അവരുടെ ഓണാഘോഷത്തിന്റെ വേദിയിലാണ് മേല്പറഞ്ഞ പ്രകടനം അരങ്ങേറിയത്. അതും സ്കൂൾ ജീവിതം കഴിഞ്ഞ് പതിറ്റാണ്ടുകൾക്ക് ശേഷം! പദങ്ങൾ പാടിയത് ശ്രീ കലാമണ്ഡലം പ്രഭാകരനും മൃദംഗത്തിൽ താളപ്പെരുക്കം നടത്തിയത് മകനായ ശ്രീ പ്രവീണും.


കുഞ്ചൻ നമ്പ്യാരുടെ തുള്ളലിനെ കേരളത്തിലങ്ങോളമിങ്ങോളം എത്തിച്ചതും അതിന്റെ വളർച്ചയ്ക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാനായ കലാകാരനായിരുന്നു മലബാർ രാമൻ നായർ. മഹാകവി കുട്ടമത്തിന്റെ ജന്മം കൊണ്ട് ധന്യമായ കാസർഗോഡ് ജില്ലയിലെ കുട്ടമത്ത് തന്നെയായിരുന്നു ശ്രീ രാമൻ നായരുടെയും ജനനം. അദ്ദേഹത്തിന്റെ അനുജന്റെ മകനായ ശ്രീ കലാമണ്ഡലം പ്രഭാകരനാകട്ടെ തുള്ളലിനെ ഏറെ ജനകീയമാക്കുക മാത്രമല്ല ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകളെ ഒരേവേദിയിൽ അവതരിപ്പിക്കുന്ന തുള്ളൽത്രയം എന്ന സമ്പ്രദായം അവതരിപ്പിക്കുക കൂടി ചെയ്ത കലാകാരനാണ്. അദ്ദേഹത്തിന്റെ സഹോദരിയായ ശ്രീമതി മധുരയുടേയും ഭർത്താവ് ദാമോദരന്റേയും ഇളയപുത്രനായ വരുണിന്റേയും ജന്മസ്ഥലം കുട്ടമത്ത് തന്നെയാണ്. ശ്രീ രാമൻ നായരുടെ പുത്രനും വരുണിന്റെ അമ്മാവസ്ഥാനീയനുമായ കലാമണ്ഡലം സുകുമാരനായിരുന്നു തുള്ളലിന്റെ ബാലപാഠങ്ങൾ വരുണിന് അഭ്യസിച്ചു കൊടുത്തത്. അതും വെറും രണ്ടുമാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് യുവജനോത്സവവേദികളിൽ തീർന്നു ആ പ്രകടനം. തുള്ളൽ പഠിക്കണമെന്ന മോഹം പിന്നീടും മനസ്സിലുണ്ടായിരുന്നെങ്കിലും പലകാരണങ്ങൾ കൊണ്ട് സാക്ഷാൽക്കരിക്കാൻ അവന് കഴിഞ്ഞില്ല. പക്ഷേ വേദികളിൽ നിന്നും വേദികളിലേക്ക് ഓടുന്ന അമ്മാവന്റെ വിജയം അവനെ ഏറെ പ്രചോദിപ്പിച്ചിരുന്നു എന്നത് സത്യം. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയുമായി ബാംഗ്ളൂരിലെത്തി പിന്നെയും വർഷങ്ങൾ വേണ്ടിവന്നു പഴയ ആഗ്രഹങ്ങൾ പൊടി തട്ടിയെടുക്കാൻ. നിമിത്തമായത് കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുന്ന കുന്ദലഹള്ളി കേരളസമാജവും അതിലെ ഭാരവാഹികളും. അവന്റെ ആഗ്രഹത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളുമായി അവർ കൂടെനിന്നപ്പോൾ വേറെയൊന്നും ആലോചിക്കാതെ വരുൺ വണ്ടി കയറി, അമ്മാമനായ കലാമണ്ഡലം പ്രഭാകരന്റെ അടുക്കലേക്ക്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ചിട്ടയായ പരിശീലനമായിരുന്നു പിന്നീടുള്ള ഏതാനും ആഴ്ചകൾ. ഒടുവിൽ എല്ലാവരെയും സാക്ഷിയാക്കിയുള്ള മേല്പറഞ്ഞ പ്രകടനവും. ലക്‌സോഫ്റ്റ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന വരുൺ ഇനിയങ്ങോട്ട് തന്റെ ജോലിയോടൊപ്പം തുള്ളലിനെയും കൂടെക്കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്നത്തെ പ്രകടനത്തിനുശേഷം അവസരങ്ങൾ തേടിവരുന്നതിൽ അഭിമാനത്തോടൊപ്പം ഏറെ ആനന്ദവും അനുഭവിച്ചറിയുന്നുണ്ട് ആ കലാകാരനിപ്പോൾ. വർഷങ്ങളോളം മനസ്സിലെ ആഗ്രഹത്തെ താലോലിച്ചു നടന്നതിന്, അവസരം കിട്ടിയപ്പോൾ അതിന്റെ സാക്ഷാൽക്കാരത്തിന് അദ്ധ്വാനം ചെയ്തതിന് ഒരുപക്ഷെ കാലം കാത്തുവെച്ച സമ്മാനമായിരിക്കാം ആ അവസരങ്ങൾ.

ഭാര്യയായ ലവ്‌സിയോടും മക്കളായ സേജൽ, നികിത എന്നിവരോടൊപ്പം ബാംഗ്ലൂർ ചെന്നസാന്ദ്രയിൽ സ്ഥിരതാമസമാണ് വരുണിപ്പോൾ. അവന്റെ തുള്ളൽ സ്വപ്നങ്ങൾക്കിപ്പോൾ നിറം പകരുന്നത് അവർ കൂടിയാണ്. ആ ജീവിതതാളത്തിൽ പച്ചകുത്തി ചിലങ്കയണിഞ്ഞ് ആടിപ്പാടാൻ അവന് കഴിയട്ടെ എന്ന നമുക്ക് ആശംസിക്കാം.

കവിതയുടെ ഹരിതസഞ്ചാരങ്ങൾ

 (കവി രാജൻ കൈലാസുമായുള്ള സംഭാഷണം-അജിത് കോടോത്ത് നടത്തിയത്)

വലിയ വലിയ സംഖ്യകൾക്കിടയിൽ ജീവിക്കുമ്പോഴും കവിതയെ അയാൾ മുറുകെപ്പിടിച്ചിരുന്നു. ധാരധാരയായി പൊഴിഞ്ഞില്ലെങ്കിലും അയാളുടെ വരുതിയിൽ നിന്നും അവ അകന്നുപോയില്ല. എന്നുമാത്രമല്ല വല്ലപ്പോഴും അയാളുടെ വിരൽത്തുമ്പിലൂടെ അവ കടലാസ്സുകളിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രകൃതിയും അന്യം നിൽക്കുന്ന കാഴ്ചകളും സംസ്കാരങ്ങളും അയാൾക്ക് വിഷയങ്ങളായി ഭവിച്ചു. പ്രകൃതിയിലെ മുറിവുകൾ ആ മനസ്സിനേയും മുറിവേൽപ്പിച്ചു. മാവു പൂക്കാത്ത കാലത്തെ കുറിച്ച് ആ മനസ്സ് ഏറെ വേവലാതിപ്പെട്ടു. പ്രളയത്തിൽ അദ്ദേഹം ജലത്തിന്റെ പ്രണയോന്മാദം കണ്ടു. അനീതികളോട് പ്രതികരിക്കാത്ത മനുഷ്യരെ പ്രതിമകളായും കണ്ടു. നാട്ടുവളപ്പിൽ നിന്നും അപ്രത്യക്ഷമാകുന്ന കമ്മ്യൂണിസ്ററ് പച്ചയിൽ പോലും അയാൾ കവിത കണ്ടെത്തി. അതിലൂടെ നമുക്ക് നഷ്ടമാകുന്ന സ്വത്വത്തെ, കടന്നുവരുന്ന സാമ്രാജ്യത്തെ മോഹങ്ങളെക്കുറിച്ച് അയാൾ ഓർമ്മപ്പെടുത്തി. തീരെ നിസ്സാരമെന്ന് നമ്മൾ കരുതുന്നവയിൽ നിന്നും തന്റെ കവിതക്കുള്ള വിഷയങ്ങൾ അയാൾ കണ്ടെത്തി. അതിലൂടെ വലിയ ജീവിതസത്യങ്ങൾ, വേദനകൾ, ആശങ്കകൾ ഒക്കെ അദ്ദേഹം വായനക്കാരുമായി പങ്കുവെച്ചു,   അവരുമായി തന്റെ ഹൃദയം പങ്കുവെച്ചു. സാധാരണക്കാരനുപോലും മനസ്സിലാകുന്ന ഭാഷയിൽ കവിതയെഴുതി അവരിലൊരാളായി ജീവിക്കുന്ന ആ കവിയുടെ പേര് 'രാജൻ കൈലാസ്'. ഉദ്യാനനഗരിയിൽ ഇടയ്ക്കിടെ വിരുന്നിനെത്തുന്ന ശ്രീ രാജൻ കൈലാസ് കുന്ദലഹള്ളി കേരളസമാജത്തിലെ വായനക്കാരുമായി തന്റെ മനസ്സ് പങ്കുവെക്കുന്നു, വായിച്ചാലും.

1. ഒരു ഹരിതകവിയാണ് താങ്കളെന്ന് തോന്നിയിട്ടുണ്ട്. സുഗതകുമാരി ടീച്ചർക്കുശേഷം ഇത്രയ്ക്ക് പ്രകൃതിസ്നേഹം നിറഞ്ഞ കവിതകൾ ഒരുപക്ഷെ വേറെ ആരും എഴുതിയിട്ടുണ്ടാവില്ല എന്ന് തോന്നുന്നു, എന്താണ് അഭിപ്രായം? എങ്ങനെയാണ് ഈയൊരു കാഴ്ചപ്പാടിലേക്കു അല്ലെങ്കിൽ നിലപാടിലേക്ക് എത്തപ്പെട്ടത്?

ബാംഗ്ലൂർ,കുന്ദലഹള്ളി കേരളസമാജം പ്രസിദ്ധീകരിക്കുന്ന വാർഷിക സ്മരണികയിൽ എന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിൽ ആദ്യമേ സന്തോഷം രേഖപ്പെടുത്തട്ടെ! 

ഒരു 'ഹരിതകവി 'എന്ന് എന്നെ വിശേഷിപ്പിച്ചതിൽ എനിക്ക് അഭിമാനമേ ഉള്ളൂ.എന്നാൽ ഇക്കാര്യത്തിൽ സുഗതകുമാരി ടീച്ചറുടെ അടുത്ത് വരാനുള്ള യോഗ്യത പോലും എനിക്കില്ല എന്നു ഞാൻ കരുതുന്നു . ഗുരുതുല്യയായി ഞാൻ കാണുന്ന കവിയാണ് സുഗതടീച്ചർ. ടീച്ചർ പരിസ്ഥിതി സംബന്ധമായ കവിതകൾ എഴുതുക മാത്രമല്ല,  പരിസ്ഥിതിപ്രവർത്തനങ്ങളിലും  ബന്ധപ്പെട്ട സമരങ്ങളിൽ പോലും സജീവമായിരുന്നു. വലിയ പരിസ്ഥിതിനാശം വരുത്തുമായിരുന്ന ആറന്മുള വിമാനത്താവളത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ സമരത്തിൽ ടീച്ചറിനോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. പരിസ്ഥിതി എന്നാൽ ഭൂമിയുടെ ജീവനാണ്.  അതിനെ വേണ്ടവിധത്തിൽ പരിപാലിക്കാതെ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും സസ്യങ്ങൾക്കുപോലും ഇവിടെ ജീവിക്കാൻ പറ്റുകയില്ല. ഈയൊരു ചിന്തയാണ് പരിസ്ഥിതി സംബന്ധമായ കവിതകളിലേക്ക് പലപ്പോഴും എന്നെ നയിച്ചത്. ചില കാഴ്ചകൾ ഉണ്ടാക്കുന്ന വേദന അറിയാതെ കവിതയായിപ്പോവുകയാണ്. ഞാൻ എഴുതിയ കവിതകളിൽ ഭൂരിപക്ഷവും ഇത്തരം കവിതകൾ തന്നെയാണ്. ഇത്തരത്തിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട കവിതയാണ് 'ബുൾഡോസറുകളുടെ വഴി'.

ദേശാഭിമാനി വാരികയിൽ 2001 ൽ വന്ന ആ കവിത,എന്റെ ഗ്രാമമായ വള്ളികുന്നത്തിന്റെ പരിസ്ഥിതി നാശത്തിന്റെ കഥ തന്നെയാണ്. അടുത്തകാലത്ത് എഴുതിയ വൃത്തി, മരസ്സാക്ഷി (ഭാഷാ പോഷിണി ), കവിമുറ്റം (സ്ത്രീശബ്ദം ) എന്നീ കവിതകൾ ഏറെ സ്വീകരിക്കപ്പെട്ടു. 'പക്ഷിരാഷ്ട്രം' എന്നൊരു പുതിയ കവിതയും ഉണ്ട്. 'ഭൂമിക്കായി' എന്നൊരു ചെറിയ പരിസ്ഥിതി സിനിമ(Ecological Film )യ്ക്കായി എഴുതിയ 'ഭൂമിഗീതം' ആയിരക്കണക്കിന് കുട്ടികൾ ഏറ്റെടുത്ത ഗാനമാണ്. പരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ഇത് ചൊല്ലുന്ന വീഡിയോ ധാരാളം കുട്ടികൾ യൂട്യൂബിലും ഇട്ടിട്ടുണ്ട്. ഒരു വൃക്ഷഗീതം, കോവളം, കമ്മ്യൂണിസ്റ് പച്ചകൾ, മാവു പൂക്കാത്ത കാലം, ഹിമാലയം, ജലം, അന്തകം, ഒറ്റയിലത്തണൽ, ജോൺസി (പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫ. ജോൺസി മാഷിനെ ഓർത്ത് )എന്നീ ശ്രദ്ധിക്കപ്പെട്ട കവിതകളിലും പരിസ്ഥിതിയോ പരിസ്ഥിതിരാഷ്ട്രീയമോ ആണ് വിഷയം.

ഏറെ മുൻകരുതലോടെ, പരിസ്ഥിതിനാശം പരമാവധി കുറച്ചു വേണം ഓരോ വികസന പ്രവർത്തനവും നമ്മൾ നടത്തേണ്ടത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. അടുത്തകാലത്ത് നമ്മുടെ ഭരണാധികാരികളും ഈ വഴിയിൽ ചിന്തിക്കുന്നു എന്നത് സന്തോഷകരമാണ്.

2. കണക്കുകൾക്കിടയിലെ ഔദ്യോഗികജീവിതം കവിതയെഴുത്തിനെ ബാധിച്ചതായി തോന്നിയിട്ടുണ്ടോ? 

ബാങ്കിൽ കണക്കുകൾക്കിടയിൽ ജോലി ചെയ്ത ആളാണ് ഞാൻ.'ബാക്കിപത്രം ' എന്ന എന്റെ ഒരു കവിതയിൽത്തന്നെ ഈ വിഷയമാണുള്ളത് . ജോലിചെയ്യുന്ന സമയമത്രയും കവിത മാത്രമല്ല സർഗ്ഗാത്മകമായ ചിന്തകളാകെ ഏറെ ദൂരെനിൽക്കുന്ന അനുഭവമാണ് എനിക്ക്. ചില രാത്രികളിലും ഇടയ്ക്കിടയ്ക്കുള്ള യാത്രാവേളകളിലുമാണ് കവിതയുടെ നാമ്പുകൾ മനസ്സിലേക്ക് വരാറുള്ളത്. സംഖ്യകളുമായുള്ള യുദ്ധവും സമ്പത്തിക ഇടപെടലുകളും മാനസിക സംഘർഷവും കുറയ്ക്കാൻ വേണ്ടിയാണ് ഞാൻ ബാങ്കിന്റെ ഉന്നത തസ്തികകളിലേക്ക് പോകാതിരുന്നത്. രണ്ടുവർഷം മുൻപേ ജോലിയിൽ നിന്നും സ്വയം വിരമിക്കുകയും ചെയ്തു.

3. ചെറിയ ചെറിയ വിഷയങ്ങളിൽ നിന്നാണ് പലപ്പോഴും താങ്കളുടെ കവിതകൾ ഉരുത്തിരിഞ്ഞു വരുന്നത്. എങ്ങനെയാണ് അത് സാധിക്കുന്നത്?

 ചെറിയ വിഷയങ്ങളാണോ എന്റെ കവിതയിലെന്ന് ഞാൻ ചിന്തിക്കുന്നതുതന്നെ ഈ ചോദ്യം കേൾക്കുമ്പോഴാണ്.  ഗൗരതരമായ വിഷയങ്ങൾ പോലും ചെറുതായും ലളിതമായും അവതരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു കവിതയുടെ വിഷയം എങ്ങനെയാണ് മനസ്സിലേക്ക് വരുന്നതെന്ന് പറയാനാവില്ല.പലപ്പോഴും അത് ആകസ്മികമായിരിക്കും.

 4. ഗദ്യത്തിലും പദ്യത്തിലും താങ്കൾ കവിതയെഴുതാറുണ്ടല്ലോ, ഏതാണിഷ്ടം?

 കവിതയെക്കുറിച്ച് പറയുമ്പോൾ, 'വാക്യം രസാത്മകം കാവ്യം' എന്ന വിശ്വനാഥപണ്ഡിതന്റെ നിർവ്വചനമാണ് എനിക്കിഷ്ടം. കവിത പദ്യമോ ഗദ്യമോ ആവട്ടെ, രസാത്മകമാകണം, കാവ്യാത്മകമാകണം എന്നതാണ് പ്രധാനം. കവിതയും പദ്യവും തമ്മിൽ പലരും തിരിച്ചറിയുന്നില്ല. പദ്യവും കവിതയും ഒന്നല്ല.പദ്യത്തിൽ അല്ലെങ്കിൽ വൃത്തത്തിൽ വിരസമായി എന്തെങ്കിലുമൊ ക്കെ എഴുതിയാൽ അത് കവിതയാവില്ല. ഗദ്യമായാലും പദ്യമായാലും അത് 'കവിത'യാവുക എന്നതാണ് വേണ്ടത്. പദ്യത്തിൽ ഒതുക്കുമ്പോൾ ശക്തി ചോർന്നുപോകുന്ന പല വിഷയങ്ങളും ഗദ്യത്തിൽ പറയുന്നതല്ലേ ഉത്തമം?  ഏറെ പരത്തിപ്പറയുന്ന വിരസമായ ഗദ്യത്തെയല്ല ഞാനിവിടെ ഉദ്ദേശിച്ചത്. ഈ വിഷയം ഞാൻ കവിതയായി അവതരിപ്പിച്ചത് നോക്കൂ....

  വിത.

__

പദ്യമായാലും നല്ല

ഗദ്യമായാലും കൊള്ളാം

കവിതയിലുണ്ടാവണം

'വിത ' വീണ്ടും വീണ്ടും

വേട്ടയാടീടുന്നൊരു

വാക്കിന്റെ സൂചിത്തല!!

5. കവിതകൾ ഏറെ എഴുതിയിട്ടുണ്ടെങ്കിലും സമാഹാരങ്ങൾ അധികം ഇറങ്ങിയിട്ടില്ല, എന്തുകൊണ്ടാണിത്? ചിന്തിച്ചിട്ടുണ്ടോ?

 ഞാൻ കവിതകൾ ഏറെ എഴുതി എന്നു പറയുന്നത് ശരിയല്ല.തീരെ കുഞ്ഞുകവിതകളും ഒപ്പം ഗാനങ്ങളും കൂടി കൂട്ടിയാൽ പോ ലും 200 തികയാൻ സാധ്യതയില്ല. കവിത എഴുതിയേ പറ്റൂ എന്ന് തോന്നുമ്പോൾ മാത്രമാണ് ഞാൻ എഴുതുന്നത്. ഒരാൾ ഒരു വിഷയം പറയുമ്പോഴോ, ഒരു പ്രസിദ്ധീകരണം  കവിത ചോദിക്കുമ്പോഴോ പെട്ടെന്നൊരു കവിതയെഴുതാൻ എനിക്കാവില്ല.

അകംകാഴ്ചകൾ, ബുൾഡോസറുകളുടെ വഴി, ഒറ്റയിലത്തണൽ, മാവു പൂക്കാത്ത കാലം എന്നീ നാലു മലയാളം സമാഹാരങ്ങളും Shade of a single Leaf എന്ന ഒരു ഇംഗ്ലീഷ് വിവർത്തനകൃതിയും ആണ് എന്റെ പേരിലുള്ളത്. 'മാവു പൂക്കാത്ത കാലം' എന്ന സമാഹാരം 2019 ൽ ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്, അത് രണ്ടു പതിപ്പുകൾ കഴിഞ്ഞു. അതിനുശേഷമുള്ള കവിതകൾ പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

6. ബാംഗളൂരിൽ ഇടയ്ക്കിടെ വരികയും ഇവിടുത്തെ കവിതാചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്ന ആളെന്ന നിലയ്ക്ക് പ്രവാസികളുടെ കവിതകളെ എങ്ങനെ വിലയിരുത്തുന്നു?

എന്റെ മകൻ ജോലിയുടെ സൗകര്യത്തിനായി ബാംഗ്ലൂരിൽ താമസിക്കുന്നതുകൊണ്ടാണ് ഇടയ്ക്കിടെ ഇവിടേക്ക് വരുന്നത്. എന്റെ സാന്നിധ്യം മനസ്സിലാക്കി ധാരാളം സാഹിത്യ പരിപാടികളിലേക്ക് ഇവിടെ എന്നെ ക്ഷണിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. പ്രവാസികളായ കവികളുടെ കവിതകൾ എല്ലാം ഒരേ കോണിൽ നിന്ന് നോക്കേണ്ടവയല്ല. സ്വന്തം നാടുവിട്ട് താമസിക്കുന്നതിന്റെ ഗൃഹാതുരചിന്തകൾ ഈ കവിതകളിൽ ഏറെക്കാണാം. ഒപ്പം പ്രവാസജീവിതത്തിന്റെ സംഘർഷങ്ങളും പ്രശ്നങ്ങളും മുഴങ്ങി നിൽക്കുന്ന കവിതകളുമുണ്ട്. കവിതയെഴുത്തും സജീവമായ കവിതാവേദികളും ഈ മാനസിക സംഘർഷത്തിന് ഒരു അയവുണ്ടാക്കും എന്നും ഞാൻ കരുതുന്നു. ബാംഗ്ലൂരിൽ പ്രതിഭാസമ്പന്നരായ ധാരാളം കവികളുണ്ട്.

7. പുതുതായി ഈ രംഗത്തേക്ക് വരുന്നവർക്കുള്ള ഉപദേശം?

ഏറ്റവും പുതിയ കവികളോട് എനിക്ക് പറയാൻ എന്റെ ചില അഭിപ്രായങ്ങൾ മാത്രമാണുള്ളത്, ഉപദേശങ്ങൾ അല്ല.ലോക കവിതയോടൊപ്പം മലയാള കവിതയും വളരെ വേഗം മുന്നോട്ടു പായുകയാണ്. അതിനോടൊപ്പം സഞ്ചരിക്കാത്തവർ തീർച്ചയായും പിന്തള്ളപ്പെടും.

 കവിത ഗദ്യമോ പദ്യമോ താള ബദ്ധമോ എന്നതല്ല പ്രധാന പ്രശ്നം. ആധുനിക ജീവിതത്തിന്റെ സംഘർഷങ്ങൾ, പ്രശ്നങ്ങൾ, ആഘോഷങ്ങൾ, സന്തോഷങ്ങൾ,  പങ്കിടലുകൾ ഒക്കെ എത്രമാത്രം ആവിഷ്കരിക്കാൻ പറ്റുന്നു എന്നതാണ് പ്രശ്നം. ഗദ്യമായാലും പദ്യമായാലും മനസ്സിൽ തട്ടുന്ന വിധം ആവിഷ്കരിക്കുക എന്നതാണ് ആവശ്യം. നിരന്തരമായ വായനയും തപസ്സും ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പുതുകാലത്തെ ജീവിതത്തിൽ ഇത് എത്രമാത്രം സാധിക്കുന്നു എന്നതും വിഷയമാണ്. ഉള്ളിൽ തട്ടുന്ന അനുഭവങ്ങളെ മാത്രം കവിതകൾ ആക്കുക, അതുവരുന്നത് ഗദ്യത്തിലോ പദ്യത്തിലോ ആവട്ടെ സാരമില്ല,

വായനക്കാരെ അനുഭവിപ്പിക്കുന്ന വരികളാവണം എന്നേയുള്ളു. ഗദ്യത്തിനും ഒരു ആന്തരികമായ താളം ഉണ്ടാവണം.

പുതിയ കവികളോട് ഇത്രമാത്രമാണ് പറയാനുള്ളത്.

ഓണസന്ദേശം 2024

ഓണം മലയാളിക്ക് സന്തോഷത്തിന്റെ കൂടി അടയാളമാണ്. നാടിനോടും വീടിനോടുമുള്ള അടുപ്പം അറിയാതെ കടന്നുവരുന്ന സമയം. അത്തരം ഓർമ്മകൾ ഉള്ളതുകൊണ്ടാണ് ഓണമെത്തിയാൽ വേണ്ടപ്പെട്ടവരുടെ അടുത്തേക്കെത്താൻ എല്ലാ മലയാളി മനസ്സുകളും വെമ്പൽ കൊള്ളുന്നത്. എന്നാൽ ഈ വർഷത്തെ ഓണം മലയാളികളെ സംബന്ധിച്ചിടത്തോളം സങ്കടത്തിന്റെ നാളുകളായിരുന്നു. ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഒരുപാട് ജീവനുകളും ജീവിതങ്ങളും മണ്ണിലമർന്നുപോയ ചൂരൽമലയെക്കുറിച്ചുള്ള സങ്കടകരമായ ഓർമ്മകൾ നിറഞ്ഞ നാളുകൾ. എല്ലാം നഷ്ടപ്പെട്ടുപോയ ആ ജനതയുടെ വിഹ്വലതകൾ നെഞ്ചിലേറ്റി ആശ്വാസത്തിന്റെ മന്ത്രമോതി ഉയിർത്തെഴുന്നേൽപ്പിനുള്ള കരുത്ത് അവർക്ക് എത്രയും പെട്ടെന്ന് കിട്ടുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മാത്രമേ കുന്ദലഹള്ളി കേരളസമാജത്തിനും ഈ വർഷത്തെ ഓണാഘോഷത്തെ വരവേൽക്കാൻ കഴിയുകയുള്ളൂ.

ഓരോ ഓണക്കാലവും കടന്നുപോകുന്നത് സത്യവും ധർമ്മവും നന്മയും മാത്രം വിളയാടിയിരുന്ന ഒരു നല്ലകാലത്തിന്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ടാണ്. ഈ കാലഘട്ടത്തിൽ അത്തരം ഓർമ്മകൾക്ക് ഒരുപാട് പ്രസക്തിയുണ്ടുതാനും. പ്രത്യേകിച്ച് യുദ്ധവും കൈയേറ്റവും അടിച്ചമർത്തലുകളും കൊള്ളയും കൊലയും ഏറിവരുന്ന ഈ നാളുകളിൽ. നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ ഭരണകൂടത്തിന്റെ ഭീകരതയിൽ മുങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ലോകമെങ്ങും നമുക്ക് കാണാനാവുന്നത്. അഴിമതിയിൽ കുളിച്ച ഭരണാധികാരികളും അതിനെ മറക്കാൻ നടത്തുന്ന കസർത്തുകളും വേറെ. സ്വാർത്ഥതാല്പര്യത്തിനായി അല്ലെങ്കിൽ അധികാരം നിലനിർത്താനായി ജനാഭിപ്രായം തീരെ മാനിക്കാതെ, മുൻപ്  പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒത്തുതീർപ്പുകളികളും നമുക്ക് കാണാം. ഇതിനെല്ലാമിടയിൽ പ്രതീക്ഷയുടെ ഒരുതരി വെട്ടമായി മാവേലി നാടുവാണീടും കാലം നമ്മുടെ മനസ്സിൽ മിന്നുകയാണ്. 

ബലി എന്നാൽ ത്യാഗം എന്നർത്ഥം. മൂന്നടി മണ്ണ് ചോദിച്ചെത്തിയ വാമനന്, മൂന്നാമത്തെ അടി വെക്കാൻ സ്ഥലമില്ലാതായപ്പോൾ സ്വന്തം ശിരസ്സ് കാണിച്ചുകൊടുത്ത ആ മഹാമനസ്കതയുടെ, അല്ലെങ്കിൽ അതുപോലുള്ള മഹത്തായ ത്യാഗങ്ങളുടെ പേരിലായിരിക്കും ഇന്ദ്രസേനൻ എന്ന ചക്രവർത്തി  മഹാബലി എന്ന് അറിയപ്പെട്ടത്. നമുക്കദ്ദേഹം മാവേലിയായി. മാവേലി വാണ നാടായി കേരളം. അദ്ദേഹത്തിന്റെ ഭരണകാലം നമുക്ക് കള്ളവും ചതിയുമില്ലാത്ത, മാനുഷ്യരെല്ലാരും ഒന്നുപോലെ വാണ കാലമായി മാറി. 

കഥയെന്തുമാകട്ടെ അങ്ങനെയൊരു കാലമുണ്ടായിരുന്നു എന്ന ആലോചനപോലും എത്രമാത്രം മാധുര്യമാർന്നതാണ്! അനീതിയും അധർമ്മവും കൊടികുത്തിവാഴുന്ന ഈ കാലത്തിൽ അത്തരം കഥകൾ കൂടിയില്ലെങ്കിൽ നമ്മുടെ ജീവിതം എത്രമാത്രം ദുസ്സഹമായേനെയെന്ന് ഓർത്തിട്ടുണ്ടോ? അതിനാൽ ആ കഥകളിൽ വിശ്വസിച്ച് ആ കാലം സ്വപ്നം കണ്ട് നമുക്ക് ഈ ഓണാഘോഷത്തിൽ ഒത്തുചേരാം, സ്നേഹം പങ്കുവെക്കാം. ആ കഥകൾ കേട്ടുകൊണ്ട് വളരുന്ന പുതുതലമുറയ്‌ക്കെങ്കിലും അങ്ങനെയൊരു സുന്ദരകാലമുണ്ടാകട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കാം.

എല്ലാവർക്കും ഓണാശംസകൾ!

ഓണനിലാവ്

 

ആവണി പൂനിലാവേ, പൊന്നോണ പൂനിലാവേ,

മാവേലി തംബ്രാനെ വരവേൽക്കാൻ നേരമായി. 

തിരുവോണക്കാഴ്ചയ്ക്കായി ഉണ്ണികൾ കാത്തിരിപ്പൂ, 

പൂക്കളം അലങ്കരിക്കാൻ തുമ്പപ്പൂ ഒരുങ്ങിനിൽപ്പൂ.


മന്ദാരമണമായി ചിങ്ങത്തിൻ കുളിരോടെ,  

മന്ദസമീരൻ വീണ്ടും മലയാളം പുൽകിടുന്നു.

ഓണത്തിൻ ശ്രുതി മീട്ടി താളത്തിൽ തുള്ളീടാൻ,  

തുമ്പിയും കൂട്ടരും ഇമ്പമോടെ എത്തീടുന്നു. 


ഊഞ്ഞാലിലാടീടാൻ, ഈണത്തിൽ പാടീടാൻ,

ഉണ്ണികളെത്തുന്നു ഉത്സാഹഘോഷമായി.

മുറ്റത്ത് നിറയുന്നു ആയിരം വർണ്ണങ്ങൾ,

മനസ്സിലോ വിരിയുന്നു ആമോദ മഴവില്ല്!   

ഹൈദരാബാദ് കാഴ്ചകൾ

 

***ചാർമിനാർ***

ചാരുതയേറും നാലു മിനാരങ്ങൾ,    

കൊതിപ്പൂ അംബരം പുൽകീടുവാൻ.

ദുർഗന്ധപൂരിതം, അസുന്ദരം വാസനം;

വിലസുന്നൂ ചേറിലേ ചെന്താമരപോൽ! 


***ഗോൽകൊണ്ട കോട്ട***

മലമുകളിൽ കെട്ടിപ്പൊക്കിയ കൽമതിലുകൾ  

മിണ്ടാതെ പറയുന്ന കഥകളെത്ര? 

ചതിയുടെ, പോരാട്ടത്തിന്റെ, കൽത്തുറുങ്കിന്റെ 

പിന്നെ, വജ്രത്തിളക്കമേറും വ്യാപാരക്കഥകളും. 

കാഴ്ചകൾ കണ്ടു വിസ്മയം പൂണ്ടിടുന്നോർക്ക് 

ചരിത്രാവശിഷ്ടങ്ങളുടെ കെട്ടുകഥകൾ മാത്രം!


***രാമോജി സ്റ്റുഡിയോ***

ചലിക്കും ചിത്രങ്ങൾക്ക് പകിട്ടേകീടാൻ 

ഒരു നാട്ടിൽ വിരിഞ്ഞു പല നാടുകളെല്ലോ.

സ്വപ്നങ്ങൾക്ക് വർണ്ണചിറകേകീടാൻ

ഒരു ദീർഘദർശ്ശി തൻ ഭാവനാവിലാസലീല!

തെക്കേതീരക്കാഴ്ചകൾ

 

അനന്തശയനം അദ്ഭുത ദര്‍ശനം, 

വിശാലഹർമ്മ്യം സ്വർലോക സമാനം.

ഭക്തർക്കാനന്ദം ശ്രീ നാരായണ മന്ത്രം 

സാമ്യമകന്നൊരീ ഭൂലോക വൈകുണ്ഠം!

                                *

നൂറ്റാണ്ടിന്റെ പഴമ ചരിത്രഗരിമ 

ശില്‍പ ഭംഗിയോ നയനാനന്ദകരം! 

കഥകളുറങ്ങും അകത്തളങ്ങൾ,

കുതൂഹലമീ പദ്മനാഭപുരകൊട്ടാരം.

                                *

കന്യാകുമാരി, ഇതി-

ന്ത്യയുടെ തെക്കേ മുനമ്പ്.

വിശുദ്ധ പ്രണയത്തിൻ 

കവിത വിരിയും നാട്.

ഉദയാസ്തമയങ്ങൾ കണ്ണിൽ 

വിസ്മയം ചൊരിയും നാട്.

ദേവി പദം തൊഴും 

ത്രിവേണി സംഗമഭൂമി. 

                                *

അർക്കനെയുണർത്തീടും   

ബംഗാൾ സാഗരം, താരാട്ടിയു-  

റക്കുമറബിക്കടലു,മിടയിൽ  

സാക്ഷി ഇന്ത്യൻ മഹാസമുദ്രം.

ത്രികോണപ്രേമത്തിൻ സുന്ദര

ചിത്രമോ,യിത് മൂകസാക്ഷിതൻ 

വേദനയലയടിക്കും വിഫലമാം 

ചതുഷ്‌കോണപ്രണയമോ?

എന്റെ വിദ്യാലയം

 75 -)o വർഷം പൂർത്തിയാക്കുന്ന ദുർഗ ഹയർ സെക്കണ്ടറി സ്കൂളിനെക്കുറിച്ച് എഴുതിയത്.


തുളുനാടിൻ കീർത്തി വാനിലുയർത്തിയ 

കലകളുറയുന്ന ഭൂമി.   

കേരളമൗലിയിൽ മാണിക്യമായി മിന്നും 

വാഗ്ദേവി വാഴുന്ന ഭൂമി. 

ഹിമശൈലപുത്രിതൻ നാമത്തിലായി പണ്ടേ 

പിറവിയെടുത്തൊരീ ക്ഷേത്രം, 

എഴുപതിറ്റാണ്ടും പിന്നെയൊരഞ്ചുമായിന്നും 

പടർത്തുന്നു കാന്തി.  

ഈ മലർവാടിയിൽ തേൻ കണം നുകരുവാൻ 

അണയുന്ന വണ്ടുകളെത്ര? 

പാറിയകന്നാലും വീണ്ടുമണഞ്ഞീടാൻ 

തീരാ മധുവുള്ള വാടി.

വിദ്യാധനമന്ത്രം ശ്രേഷ്ഠഗുരുക്കളാൽ 

മനസ്സിൽ നിറയ്ക്കുന്ന ശാല 

ഇരുൾ മൂടും ജീവിതകാനനവഴികളിൽ 

തിരിനാളമാകുന്ന ശാല.   

ശിശിരത്തിൽ കാലങ്ങളേറെ പൊഴിഞ്ഞാലും, 

സ്മൃതിയിൽ തളിർക്കുന്ന ചില്ല!

പൂത്തും തളിർത്തും കുളിർകാറ്റു വീശിയും 

നാളേയുമാശ്രയമേകൂ..

നാളേയുമാശ്രയമേകൂ.. 

അതിജീവിത

 

അതിയായ ജീവിതം ലഭിച്ചവളല്ല,

ജീവിതത്തെ ജയിച്ചവളുമല്ല; 

ജീവനെ ജയിച്ചവൾ..

അതിജീവിത!!


പേരുണ്ടായിരുന്നു അവൾക്കിന്നലെയും,

എന്നെപ്പോലെ, നിങ്ങളെപ്പോലെ.

ഒരു ജീവിതവുമുണ്ടായിരുന്നവൾക്ക്,     

ആധിയുമല്ലലും കൂടിയോ കുറഞ്ഞോ.


ഇഷ്ടമല്ലായിരുന്നു പിശാചുക്കളെ, 

എന്നിട്ടുമവർ കടന്നുവന്നു ചോദിക്കാതെ.

എന്തൊക്കെയായിരുന്നു കൈയ്യിൽ,

ആസിഡ്, കത്തി, ഇരുമ്പുദണ്ഡ്, പിന്നെയും?


ജീവിക്കാൻ ആഗ്രഹിച്ചുകാണില്ല, പക്ഷേ

മരണവുമവളെ സ്വീകരിച്ചില്ല! 

ജീവിതവുമില്ല, മരണവുമില്ലാത്ത അവസ്ഥ... 


പേര് നഷ്ടപെട്ട, മുഖം മറച്ച കാഴ്ചവസ്തു!  

സഹതാപവും പരിഹാസവുമേറ്റുവാങ്ങി, 

മരിച്ച മനസ്സും ജീവനുള്ള ദേഹവും; 

അതിജീവിതയെന്നാൽ മറ്റെന്താണ്?

എന്താണ്?

സിദ്ധാർത്ഥൻ

 

വിധിക്കാനും വധിക്കാനും നിൽക്കാമായിരുന്നു,

എങ്കിലും മാറി നടക്കാനായിരുന്നു ആഗ്രഹം.

ആഗ്രഹിക്കുന്നതെന്തും നേടാമായിരുന്നു,

പക്ഷെ ആശ നിരാശയ്ക്ക് കാരണമെന്നറിഞ്ഞു.

സ്നേഹിക്കാൻ ആളുകളുണ്ടായിരുന്നു,

എന്നിട്ടും അവരെ ഉപേക്ഷിച്ചു.

കൊട്ടാരക്കെട്ടും പട്ടുമെത്തയുടെ സുഖവും ഉണ്ടായിരുന്നു,

എന്നിട്ടും തെരുവിൽ അന്തിയുറങ്ങി. 


വിധിക്കാനും വധിക്കാനും നിന്നിരുന്നില്ല,

എങ്കിലും അതിന് കീഴ്പ്പെടാനായിരുന്നു യോഗം.

ആഗ്രഹിച്ചത് നേടാനായി പരിശ്രമിച്ചു,

പക്ഷെ ആശകൾ മുളയിലേ നുള്ളിയെറിയപ്പെട്ടു.

സ്നേഹിക്കാൻ ആളുകളുണ്ടായിരുന്നു,

എന്നിട്ടും എല്ലാവരേയും ഉപേക്ഷിക്കേണ്ടിവന്നു.

അധികാര തണലോ പണക്കിലുക്കമോയില്ല,

അതിനാൽ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടു.


സിദ്ധാർത്ഥൻ; എല്ലാം ഉപേക്ഷിക്കാൻ വിധിക്കപ്പെട്ടവൻ, 

സ്വയമോ അല്ലാതെയോ.

വോട്ട് പാട്ട്


ഓർക്കൂ..തിരഞ്ഞെടുപ്പടുക്കുന്ന നേരത്ത് ഇനിയും ഓർക്കൂ..

ഇന്നോർത്താൽ, ചൂണ്ടു വിരലിന്റെ അറ്റത്തു മഷിക്കൂട്ടിൽ പതിയുന്നയീ വോട്ട് 

ചുമ്മാതെ കളയല്ലേ നാട്ടാരേ..

കൈപ്പത്തി നോക്കി കുത്തണമേ..

ജയിക്കണം കോൺഗ്രസ് ഈ നാട്ടിൽ..

ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്..


ചോര മണക്കും സർക്കാരേ..

ഇടതന്മാരുടെ സർക്കാർ

പുളുവടി വീരൻ സർക്കാരേ

കാവിക്കാരുടെ സർക്കാർ

പൊതുജനമിനിയും കാക്കില്ല

ഭരണം നിങ്ങൾക്കേകില്ല 

ഈ നാടിന് കരുതൽ കൈപ്പത്തി 


ജാതിമത വർഗ്ഗീയ കളികൾ കളിക്കും 

ഈ താമര പാർട്ടിക്ക് ചെയ്യല്ലേ വോട്ട് 

മാസപ്പടി വാങ്ങി കരിമണൽ വിൽക്കും 

ഇടതനും കൊടുക്കല്ലേ വോട്ട്  

ഐഎൻസി സിന്ദാബാദ്

ജാതിമത വർഗ്ഗീയ കളികൾ കളിക്കും 

ഈ താമര പാർട്ടിക്ക് ചെയ്യല്ലേ വോട്ട് 

മാസപ്പടി വാങ്ങി കരിമണൽ വിൽക്കും 

ഇടതനും കൊടുക്കല്ലേ വോട്ട്  

വർഗ്ഗീയം വേണ്ട അഴിമതി വേണ്ട 

കൈപ്പത്തിക്ക് വോട്ട് 

പാവം പൗരനെല്ലാം നല്കാൻ 

കോൺഗ്രസ്സിനെന്നുടെ വോട്ട് 

വർഗ്ഗീയ പാർട്ടിക്കോട്ടില്ല 

അഴിമതി പാർട്ടിക്കോട്ടില്ല 

കള്ളവോട്ട് ചെയ്യാൻ വിടല്ലേ നാട്ടാരേ..


സ്വതന്ത്ര ഭാരത ദേശം കാക്കാൻ 

മൂവർണ്ണക്കൊടി പാറിക്കാൻ 

മതേതരക്കൊടി വാനിലുയർത്താൻ

കോൺഗ്രസ്സ് മാത്രം ശരണം 

വർഗ്ഗീയക്കള പറിച്ചെറിയാൻ 

സ്നേഹമന്ത്രം ഉയരാൻ 

ഹരിതസുന്ദര ഭാരതഗരിമ 

തകരാതിനിയും നില്ക്കാൻ  

അന്നം നൽകും കർഷകനെ കാണാ പാർട്ടിക്കില്ല വോട്ട്

തൊഴില് നൽകി യുവതയെ കാക്കാൻ കൈപ്പത്തിക്ക് വോട്ട് 

മാസപ്പടിക്ക് വോട്ടില്ല  

ബോണ്ട് പാർട്ടിക്ക് വോട്ടില്ല  

എന്നുമെന്നും ഇനി കോൺഗ്രസ്സ് നാട്ടാരേ..

മാറുന്ന ചിരി

സൃഷ്ടിപദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'നിള പാടുമ്പോൾ' എന്ന കവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയ കവിത:

ഇന്നലെ:


തോളോടുതോൾ ചേർന്നവർ നടന്നപ്പോൾ 

ഹൃദയത്തിലും ചിരി വിടർന്നിരുന്നു.

അവരുടെ ചിന്തകൾ ഒന്നായിരുന്നു,

അവർ നെയ്ത സ്വപ്നങ്ങളും.


ഇന്ന്:


ഇരുട്ടിൽ തിളങ്ങിയത് അവന്റെ ചിരിയോ,   

ഉയർത്തിയ വാളോ, അതോ രണ്ടും ചേർന്നതോ?


പേടിച്ചരണ്ട മിഴികളിൽ തെളിഞ്ഞുനിന്നു, 

ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും. 


കയ്യിൽ വിലങ്ങു വീണപ്പോഴുമവൻ ചിരിച്ചു.

രക്തക്കറ തളംകെട്ടി നിൽക്കുന്ന തറയിൽ നിന്ന് 

കാമറ കണ്ണുകളെ നോക്കി അവൻ ചിരിച്ചു.

തെളിവുകൾ തലനാരിഴകീറി നോക്കുമ്പോൾ 

നീതിദേവതയുടെ തുലാസ്സിനെ നോക്കിയാണ് ചിരിച്ചത്.

ശിക്ഷ വിധിക്കുമ്പോൾ കൂസലില്ലാതെ ചിരിച്ചു.


വെട്ടേറ്റവനും ചിരിച്ചുകൊണ്ടേയിരിക്കുകയാണ്,

ചുമരിലെ ചില്ലുപേടകത്തിൽ നിന്ന്!


നാളെ:


നാളെ തൂക്കുകയർ വീണാലും ചിരിച്ചേക്കാം,

ചിരി നിലച്ച ഹൃദയമാണെങ്കിൽക്കൂടി. 

പേടിച്ചരണ്ട മിഴികളിൽ ശൂന്യത മാത്രം!

വരണ്ട ചുണ്ടുകൾ ചിരി മറന്നിരിക്കും!

ഓർമ്മകൾ

 

1.

പോയതില്ല നാളിതുവരെ 

ഓർത്തിടാതെയൊരു നേരവും.

മർത്യജീവിതം മഹത്തരം, 

അതിലേറെ മേന്മയേറും 

പോയതിൻ ശേഷവുമെന്നും 

കൂടെയുണ്ടെ,ന്നുറ്റവർക്ക്  

തോന്നിടും പോൽ ഭൂമിയിൽ 

ജീവിച്ച് കാണിച്ചിടുമ്പോൾ! 


2.

ഓർത്തിടുന്നിതെപ്പോഴും ചിലത്,

ഓർക്കുവാനാശയില്ലെന്നാകിലും;

ഓർമ്മക്കടലിൽ നിന്നുയരുന്നവ 

ഭാസ്കരൻ കിഴക്കുദിക്കും പോൽ! 


ഏറെത്തുഴഞ്ഞിട്ടും കര കാണാ-

ക്കടലിൽ അകപ്പെട്ടതുപോൽ,

ഓർമ്മയിൽ തെളിയില്ല പലതും  

ഓർത്തിടുവാനേറെ ശ്രമിച്ചാലും!


3.

ഓർമ്മകളീവിധം പകിട കളിക്കുന്നത് 

ഊഴിയിൽ മർത്യരിൽ മാത്രമോ?

ഓർത്തും, മറന്നും വീണ്ടുമോർത്തുമീ

ജീവിതക്കളിയഭംഗുരം തുടരുന്നു!

ചക്രവ്യൂഹം

പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിന് ഇരയായി കൊലചെയ്യപ്പെട്ട (മരണപ്പെട്ട) സിദ്ധാർത്ഥിന്റെ ഓർമ്മയ്ക്കായി എഴുതിയ വരികൾ. അവന്റെ കൊലപാതകികളെ രക്ഷപ്പെടുത്താൻ അധികാരികൾ കൂട്ടുനിൽക്കുന്നതിൽ ഒരു സാധാരണക്കാരനുള്ള രോഷവും നിസ്സഹായതയും.


അമ്മതൻ ഗര്‍ഭപാത്രത്തില്‍ കിടന്നീടവേ 

ചക്രവ്യൂഹക്കഥകൾ ഒന്നുമേ കേട്ടതില്ല.

അച്ഛന്റെ മാറിലിരുന്നാകാശം കാൺകവേ 

കുഞ്ഞുതാരകൾ ഇറങ്ങിയെൻ കണ്‍കളില്‍.

 

വില്ലെടുത്തില്ല കുലയ്ക്കുവാൻ പഠിച്ചില്ല, 

വ്യൂഹങ്ങൾ ഭേദിക്കാൻ ഒട്ടുമേയറിയില്ല.

പിച്ച വെച്ചു നടന്നു സ്വപ്നങ്ങളും,

പിചകമൊട്ടായി വളർന്നതോ ആശകൾ.


അധികാരഗർവ്വിനാൽ ഉന്മത്ത,രൊരുനാൾ, 

ചക്രവ്യൂഹം ചമച്ചു വിചാരണയ്ക്കായി. 

പരിഹാസശരങ്ങളാൽ കീറിമുറിച്ചവർ  

താഡനമേകി, കുരുക്കി കാലപാശവും.


പോരാടിയില്ല കൈയ്യിൽ രഥചക്രമേന്തി ഞാൻ, 

പോർവിളിക്കാൻ താതൻ ഗാണ്ഡീവിയുമല്ല. 

സ്വപ്‌നങ്ങൾ മൃത്യുബിംബത്താലുടയുന്നു! 

പിചകമൊട്ടൊക്കെ ചവുട്ടി മെതിക്കുന്നു!  


പുതുചക്രവ്യൂഹം ചമക്കുന്നു കാവലാൾ   

കൗരവസേനക്ക് ദിഗ്വിജയം നൽകുവാൻ!  

കുരുക്ഷേത്രഭൂവിൽ താതൻ തളരുമ്പോൾ,

കൃഷ്ണനെത്തീടുമോ വ്യൂഹം തകർക്കുവാൻ?

കോൺഗ്രസ് ഇനിയും വാഴട്ടെ!


കോൺഗ്രെസ്സെന്നാൽ ഭാരതമണ്ണിൽ 
കേവലമൊരു വെറും പാർട്ടിയല്ല 
ജനകോടികൾ നമ്മെ ഒന്നായിക്കാണും
സംസ്‌കൃതിയാണല്ലോ  

കടന്നു വന്നവർ കീഴടക്കി 
ഭാരതമക്കളെ പലകാലം 
മൂവർണ്ണക്കൊടി കൈയ്യിലേന്തി 
പൊരുതി വീരർ നിർഭയരായി 

ഗാന്ധി നയിച്ചൊരു പാതയിലൂടെ  
അഹിംസയിലൂന്നും സമരത്താൽ
സ്വതന്ത്ര സുന്ദര ഇന്ത്യ പിറന്നു 
വാനിലുയർന്നു അഭിമാനം 

ജനാധിപത്യ പുലരി വിരിഞ്ഞു 
അടിമച്ചങ്ങല പൊട്ടിച്ചു  
ഒരേയൊരിന്ത്യ ഒരൊറ്റജനത 
അതല്ലോ മാറാ നിലപാട് 

ശാന്തിയിലൂന്നും നിലപാടുകളും 
നെഹ്‌റു തെളിക്കും പാതകളും 
ഇരുളിൽ മുങ്ങിയ ഇന്ത്യാരാജ്യം 
പുതുപുലരിയിലേക്ക് കുതിച്ചല്ലോ
 
തകർന്നടിഞ്ഞൊരാ ഭാരതനാട് 
പടിപടിയായി വളർന്നല്ലോ 
മതേതരത്തിൻ മന്ത്രവുമായി 
മൂവർണ്ണക്കൊടി പാറട്ടെ

ഫാസിസ പ്രീണന ഭരണത്താൽ
മതേതരത്വം തകരുമ്പോൾ 
സമത്വസുന്ദര നാളേക്കായി 
കോൺഗ്രസ് ഇനിയും വാഴട്ടെ 

വെറും കവി

 

വിലയില്ലെനിക്കെന്നറിയാം, എങ്കിലും 

വിലയിടാൻ നിങ്ങൾ നിന്നീടൊല്ലേ.

കാശിനായി ആർത്തി പെരുത്തതില്ല, 

പിച്ചക്കാശിനാൽ മാനം കളഞ്ഞിടൊല്ലേ.


നാലുപേർ കാൺകേ പ്രകടനമില്ല, 

നാട്യരസപ്രാധാന്യങ്ങൾ തീരെയില്ല.

പാദസേവയിൽ വശഗതനല്ല,

പദസേവനമാണെന്നുമഭിമതം.  


കാണും മർത്യവേദനകൾ ദുരിതങ്ങൾ, 

കേഴും നാക്കുവരണ്ട പുഴകൾക്കായും.

കെട്ടുകാഴ്ചയിലല്ലാഭിനിവേശം, മനം- 

കെടും കാഴ്ച്ചയിൽ വിങ്ങും ഹൃദയം.  


നീറും മനസ്സിലെ കണ്ണീർ മഷിയാൽ,

ചീന്തിയ കടലാസ്സുകഷണങ്ങളിലക്ഷര-

ക്കൂട്ടങ്ങൾ വികൃതമായി കുറിച്ചിടും  

വെറുമൊരു കവി, പാമരൻ ഞാൻ! 

തമിഴകതീർത്ഥാടനം


            നേരം പുലർന്നിരുന്നില്ല, പക്ഷേ റോഡിൽ വാഹനങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു. നേരാംവണ്ണം ഉറങ്ങാതെ എങ്ങോട്ടാണ് ഇവർ ഓടുന്നതെന്നായിരുന്നു കാറോടിക്കുമ്പോഴും എന്റെ ചിന്ത. കുട്ടികൾ പുറകിലെ സീറ്റിൽ ഉറക്കം പിടിച്ചിരുന്നു. ഭാര്യയോട് സംസാരിച്ചും റോഡിലെ ലോറികളെ പിരാകിയും ഞാൻ ഡ്രൈവറുടെ ജോലിയിൽ മുഴുകി. മറ്റുള്ളവരുടെ കാര്യം അറിയില്ല, പക്ഷേ ഞങ്ങളുടെ യാത്ര മധുരയിലേക്കാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ മധുര-രാമേശ്വരം-തഞ്ചാവൂർ വഴി ഒരു തീർത്ഥയാത്ര. കുറേക്കാലമായി മനസ്സിലുള്ള ആഗ്രഹമായിരുന്നു. പക്ഷേ അതിനായി മിനക്കെട്ടില്ല എന്നുപറയുന്നതായിരിക്കും സത്യം. അപ്പോഴാണ് സുഹൃത്തായ സതീഷ് കുടുംബസമേതം പോകുന്ന കാര്യം അറിഞ്ഞത്. അവൻ യാത്ര കഴിഞ്ഞെത്തിയപ്പോൾ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എവിടെ താമസിക്കണം, എന്തൊക്കെ കാണണം, എവിടെ നല്ല ഭക്ഷണം കിട്ടും തുടങ്ങി എല്ലാകാര്യങ്ങളിലും അവന്റെ ഉപദേശം സ്വീകരിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. താമസിക്കാനുള്ള മുറികൾ ഓരോയിടത്തും മുൻകൂട്ടി പറഞ്ഞുവെച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. അങ്ങനെ ജനുവരി 26 നു രാവിലെ അഞ്ചുമണിയോടെ ബാംഗളൂരിലെ വീട്ടിൽ നിന്നും പുറപ്പെട്ടു, ചിലപ്പതികാരത്തിലെ പതിവ്രതയായ കണ്ണകിയുടെ പ്രതികാരാഗ്നിയിൽ ചാമ്പലായ മധുരയിലേക്ക്. വൈഗ നദിയുടെ തീരത്ത് വാഴുന്ന ഭക്തപ്രിയയായ മീനാക്ഷി അമ്മൻ കോവിലിലേക്ക്. പരമശിവനോട് പിണങ്ങി മുക്കുവക്കുടിലിൽ പിറന്ന് ഒടുവിൽ സുന്ദരേശനെ പരിണയിച്ച് ലോകരക്ഷാർത്ഥം മധുരയിൽ കൂടിയിരുന്ന സാക്ഷാൽ പാർവ്വതിദേവിയെ വണങ്ങുക എന്നതുതന്നെ ലക്‌ഷ്യം. ഹൊസൂർ-കോയമ്പത്തൂർ റോഡിലൂടെയായിരുന്നു യാത്രയുടെ ആദ്യഘട്ടം. റോഡിലുണ്ടായിരുന്ന ലോറികളുടെ ബാഹുല്യവും പുതുക്കിപ്പണിയലും കാരണം പലപ്പോഴും വേഗതയ്ക്ക് കടിഞ്ഞാണിടേണ്ടിവന്നു. ധർമപുരി കഴിഞ്ഞാണ് പ്രഭാതഭക്ഷണം കഴിച്ചത്. 'ആനന്ദഭവൻ ഡിലൈറ്റ്' എന്ന ഭോജനശാലയിൽ നിന്നും നെയ്യിൽ പൊരിച്ചെടുത്ത ചൂട് ദോശ. സേലം കഴിഞ്ഞ് കുറച്ചുകൂടി പോയപ്പോൾ കന്യാകുമാരി ദേശീയപാതയിലൂടെയായി പിന്നത്തെ യാത്ര. കാറ്റാടിയന്ത്രത്തിന്റെ പാളികൾ കൊണ്ടുപോകുന്ന നീളൻ ലോറികളെ ധാരാളമായി വഴിയിൽ കാണാനിടയായി. ഇടയ്ക്കിടെ യാത്ര തടസ്സപ്പെടാൻ ഈ ലോറികളും ഒരു കാരണമായിരുന്നു. റോഡിന്റെ ഇരുവശവും നിറഞ്ഞ പച്ചപ്പായിരുന്നു. ഏതാണ്ട് നാന്നൂറ്റിമുപ്പത് കിലോമീറ്ററുകൾ സഞ്ചരിച്ചതിനുശേഷം ഉച്ചയോടെ മധുരയിൽ എത്തി. മധുര പട്ടണത്തിലേക്ക് കടന്നതിനുശേഷം റോഡുകളുടെ വീതി കുറഞ്ഞു, തിരക്ക് കൂടി. എങ്കിലും ഗൂഗിളിന്റെ സഹായത്തോടെ നേരത്തെ പറഞ്ഞുവെച്ചിരുന്ന ഹോട്ടലിന്റെ മുന്നിൽ കൃത്യമായി എത്തി. ചെറിയ ഹോട്ടലായിരുന്നു ശ്രീ രാമകൃഷ്ണ ടവേഴ്സ്. മധുരയിൽ കണ്ട ഹോട്ടലുകൾ എല്ലാം ഇത്തരത്തിലായിരുന്നു. കുറച്ചുമാറിയാൽ വലിയ ഹോട്ടലുകൾ കാണാമെന്ന് പറഞ്ഞറിഞ്ഞു. വിശപ്പിന്റെ വിളി കാര്യമായി ഉണ്ടായിരുന്നു. മുറിയിൽ പെട്ടിയും ബാഗുമെല്ലാം വെച്ചതിനുശേഷം മാനേജർ പറഞ്ഞുതന്ന ഭക്ഷണശാലയിലേക്ക് നടന്നു. അധികം ദൂരമില്ലായിരുന്നു. വഴിയിൽ മലിനജലം തളം കെട്ടിക്കിടന്നിരുന്നു. ഏതായാലും ആ ദുർഗന്ധവും കാഴ്ചയും ഭക്ഷണശാലയുടെ അകത്തെത്തിയിരുന്നില്ല. നല്ല ശാപ്പാടായിരുന്നു. തിരിച്ച് മുറിയിലെത്തി അൽപനേരം വിശ്രമം. കുളിച്ചു വേഷം മാറി അഞ്ചുമണിയോടെ ക്ഷേത്രത്തിലേക്ക്. അതും നടക്കാനുള്ള ദൂരമേയുണ്ടായിരുന്നുള്ളൂ. അല്പം വൃത്തിഹീനമായിരുന്നു തെരുവുകൾ. എങ്കിലും വൻകിട സ്വർണ്ണക്കടകളും തുണിക്കടകളുമൊക്കെ വഴിയരികിൽ തലയുയർത്തി ഭക്തജനങ്ങളെ മാടിവിളിക്കുന്നുണ്ടായിരുന്നു. സുഹൃത്തായ സതീഷ് പറഞ്ഞുതന്നിരുന്ന 'മുരുകൻ ഇഡ്‌ലി' എന്ന കടയുടെ സ്ഥാനം മനസ്സിൽ ഓർത്തുവെച്ചു. അമ്പലത്തിനുടത്തെത്തിയപ്പോഴേക്കും തിരക്കുനിറഞ്ഞതായി വഴി. ഇരുവശത്തും ചെറിയ ചെറിയ കടകൾ നിരന്നുനിൽപ്പുണ്ടായിരുന്നു. ഇതുവഴി കാൽനട മാത്രമേ സാധ്യമാവുമായിരുന്നുള്ളൂ. ക്ഷേത്രത്തിലേക്ക് വരുന്ന വണ്ടികൾ നിർത്തിയിടാനുള്ള സ്ഥലം സൂചിപ്പിക്കുന്ന ദിശാസൂചിക കാണാമായിരുന്നു. മൊബൈൽ ഫോൺ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകാനാവുമായിരുന്നില്ല. അതും ചെരുപ്പുമൊക്കെ സൂക്ഷിക്കാൻ ഏൽപ്പിച്ച് രസീതി വാങ്ങി. അവിടെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സുരക്ഷാപരിശോധനയും കഴിഞ്ഞ് മുന്നോട്ടു നീങ്ങി. പൊതുവരിയിൽ തിരക്ക് കണ്ടതിനാൽ പെട്ടെന്ന് കണ്ടിറങ്ങാമെന്ന മോഹത്തോടെ നൂറു രൂപയുടെ ടിക്കറ്റ് എടുത്ത് അതിനായി സജ്ജീകരിച്ച വരിയിൽ കയറി. അഞ്ഞൂറ് രൂപ തന്നാൽ പതിനഞ്ചുമിനിട്ടു കൊണ്ട് ദർശനം നടത്താം എന്നും പറഞ്ഞ് ചിലർ വന്നെങ്കിലും ഗൗനിച്ചില്ല, പകരം നൂറിന്റെ വരിയിൽ കയറിനിന്നു. 

ആ നിൽപ്പ് നാലര മണിക്കൂറോളം നീണ്ടു. സത്യത്തിൽ നിൽക്കുകയായിരുന്നില്ല, പതുക്കെയാണെങ്കിലും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. കുട്ടികൾ വലിയ കുഴപ്പമൊന്നുമുണ്ടാക്കാതെ കൂടെ നിന്നു. ചെറിയ മോൾ ഇടയ്ക്ക് കുറച്ചുനേരം ഉറങ്ങിയതൊഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നും ഭാഗ്യവശാൽ ഉണ്ടാക്കിയില്ല. ഹൈദരാബാദ് നിന്നും വന്ന ദമ്പതികൾ അർച്ചനയ്ക്കായി കരുതിയിരുന്ന പഴം വിശപ്പുകൊണ്ട് തളർന്നിരുന്ന കുട്ടികൾക്ക് നൽകി, അത് അവർക്കേറെ ആശ്വാസം നൽകി. വരിയിൽ നിൽക്കുന്ന സമയത്തും ഞാൻ ക്ഷേത്രത്തിന്റെ ആകാരഭംഗി ആസ്വദിക്കുകയായിരുന്നു. വലുപ്പം കൊണ്ടും കൊത്തുപണികൾ കൊണ്ടും സമൃദ്ധമാണ് മധുര മീനാക്ഷി കോവിൽ. കാഴ്ചയിൽത്തന്നെ ക്ഷേത്രത്തിന്റെ പഴക്കം മനസിലാക്കാം. ഒറ്റക്കല്ലിൽ തീർത്ത നിരവധി തൂണുകൾ, അവയിൽ നിറയെ കാവ്യഭംഗിയാർന്ന ശില്പങ്ങൾ. പുരാണകഥകൾ ശില്പങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നു ചിലയിടങ്ങളിൽ. മുകൾഭാഗം പലവർണ്ണത്തിലുള്ള പൂക്കളും മറ്റു ചിത്രങ്ങളാലും അലംകൃതമാണ്. വളരെ വിശാലമാണ് ചുറ്റമ്പലവും നാലമ്പലവുമെല്ലാം. വളഞ്ഞുപുളഞ്ഞുപോകുന്ന വരിയിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ മുഴുവൻ അവിടങ്ങളിൽ ഓടിനടക്കുകയായിരുന്നു. കരിങ്കല്ലുകളിൽ വിരിഞ്ഞ കവിതകൾ നിറഞ്ഞ ക്ഷേത്രം. നാലുമണിക്കൂർ നിന്ന ക്ഷീണമൊക്കെ സർവ്വാഭരണവിഭൂഷിതയായ ദേവിയെക്കണ്ടപ്പോൾ മാറി. ദൂരെനിന്നുതന്നെ സർവ്വാലങ്കാരയായ ദേവിയുടെ തിരുവിഗ്രഹം കാണാമായിരുന്നു. കണ്ണെടുക്കാതെ നോക്കിനിന്നു ആ അഭൗമകാന്തികശക്തിയെ. ദേവിയെ തൊഴുതിറങ്ങിയത് ഒരു വലിയ ഇടനാഴിയിലേക്ക്. അവിടെ മുകളിൽ വരച്ച ശിവലിംഗമാണ് എല്ലാവരുടെയും ശ്രദ്ധ. എവിടെ നിന്നു നോക്കിയാലും അങ്ങോട്ട് തിരിഞ്ഞിരിക്കുന്ന ശിവലിംഗം അദ്‌ഭുതമുളവാക്കാതിരുന്നില്ല. അത് കഴിഞ്ഞ് സാക്ഷാൽ സുന്ദരേശനെ തൊഴുതു. പുറത്തുനിന്നുതന്നെ എനിക്ക് കാണാൻ കഴിയുമായിരുന്നു ശംഭുവിന്റെ തിരുരൂപം. ഉപദേവതമാരെക്കൂടി തൊഴുതിറങ്ങുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. മൊബൈലും ചെരുപ്പുമൊക്കെ എടുത്ത് നേരത്തെ കണ്ട 'മുരുഗൻ ഇഡ്‌ലി'യെത്തുമ്പോഴേക്കും നേരം പത്ത് കഴിഞ്ഞു. സ്വാദിഷ്ടമായ ദോശ ചൂടോടെ അകത്താക്കി. മുറിയിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ സമയം പതിനൊന്നരയായി. മധുരയിലെ തെരുവുകൾക്ക് മലിനജലത്തിന്റെ ഗന്ധമാണെന്ന് എനിക്ക് തോന്നി. അമ്പലമതിൽക്കെട്ടിനകത്ത് നറുനെയ്യുടെ മണവും. ആ ഗന്ധങ്ങളിൽ ഇഴുകിച്ചേർന്നാണ് മധുരവാസികൾ കഴിയുന്നത്. ഇവിടുത്തെ ജനങ്ങളുടെ ജീവിതം പ്രധാനമായും മധുരക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത് തോന്നും. അമ്പലത്തെ ചുറ്റിപ്പറ്റിയുള്ള തെരുവുകളിലാണ് പ്രധാന കച്ചവടങ്ങൾ നടക്കുന്നത്. നിത്യോപയോഗത്തിനുള്ള പ്ലാസ്റ്റിക് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കുമത്രേ. കേരളത്തിൽ നിന്നുള്ള വ്യാപാരികൾ ഇവിടെനിന്നും കൂട്ടമായി അത്തരം സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നത് പതിവാണത്രേ. അങ്ങനെയുള്ളൊരു കൂട്ടരെ ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്നു. 

രാവിലെ ആറുമണിക്ക് എഴുന്നേറ്റ് കുളിച്ച് വേഷം മാറി വീണ്ടും അമ്പലത്തിലേക്ക്. ഇന്നലെ വൈകിയതിനാൽ അമ്പലവും പരിസരവും വിശദമായി കാണാൻ കഴിഞ്ഞിരുന്നില്ല, ആ കുറവ് തീർക്കലാണ് ലക്‌ഷ്യം. ആദ്യം തന്നെ പോയത് ആയിരം ഒറ്റക്കൽ തൂണുകളാൽ പണികഴിപ്പിച്ച മണ്ഡപം കാണാനായിരുന്നു. ആയിരം തൂണുകളാൽ നിർമ്മിതം എന്നുപറയുമ്പോൾ തന്നെ അതിന്റെ വലുപ്പം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അമ്പലമതിൽക്കെട്ടിനുള്ളിലായിരുന്നു ഈ മണ്ഡപം, പക്ഷേ നാലമ്പലത്തിന് പുറത്തും. അതിനുള്ളിൽ ഒരു പുരാവസ്തുമ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. അഞ്ചുരൂപ ടിക്കറ്റ് എടുത്ത് അതും ചുറ്റിനടന്നു കണ്ടു. പഴയ വിഗ്രഹങ്ങളും പ്രതിമകളും ചിത്രങ്ങളും ശിവലിംഗങ്ങളും ഒക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്. പഴയ ചിത്രങ്ങൾ കാണുന്നത് എന്നിലെന്നും കൗതുകകമുണർത്തുന്ന അനുഭവമാണ്. എല്ലാം കണ്ടുകഴിഞ്ഞതിനു ശേഷം പിൻവാതിൽ വഴി അമ്പലത്തിൽ കയറി. ഈ വഴി പോയാൽ ദർശനം സാധ്യമല്ല, എങ്കിലും അമ്പലത്തിനകം കാണാൻ കഴിയും. ഇന്നലെ ഇരുട്ട് മറച്ച കാഴ്ചകൾ പകൽ വെളിച്ചത്തിൽ ഒന്നുകൂടി കണ്ടു. ദേവിയുടെ ശ്രീകോവിലിന്റെ മുകളിൽ പണിഞ്ഞിട്ടുള്ള സ്വർണ്ണഗോപുരവും കണ്ടു (അത് കാണാനുള്ള സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്). വിശാലമായ ഇടനാഴികളും അകത്തളങ്ങളും നീണ്ട വരാന്തകളും ഒറ്റക്കൽ തൂണുകളും ചിത്രപ്പണികളും ശില്പങ്ങളും ഒക്കെയുള്ള മഹാക്ഷേത്രമാണ് മധുര മീനാക്ഷി അമ്മൻ കോവിൽ. ചുറ്റും കണ്ണുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്ന തരത്തിൽ  കൊത്തുപണികളാലും ചിത്രവേലകളാലും സമൃദ്ധമാണ് ഈ ക്ഷേത്രം. ശരിക്കും ആസ്വദിച്ച് കാണണമെങ്കിൽ കുറെ മണിക്കൂറുകൾ ഇവിടെ ചെലവഴിക്കേണ്ടതായിട്ടുണ്ട്. ശ്രീകോവിലിന്റെ പരിസരത്തൊഴിച്ചാൽ ബാക്കിയെല്ലായിടവും സ്ഥലധാരാളിത്തം കാണാം. അകത്തുണ്ടായിരുന്ന പിടിയാന കുട്ടികളിൽ കൗതുകം ജനിപ്പിച്ചു. എല്ലാം ഒരുവട്ടം കൂടി ചുറ്റിനടന്നു കണ്ടതിനുശേഷം 'മുരുഗൻ ഇഡ്‌ലി'യിൽ നിന്നും ദോശ കഴിച്ചു. മുറിയിലെത്തി സാധനങ്ങളൊക്കെ അടുക്കിവെച്ച് പെട്ടിയും സഞ്ചിയുമായി മുറിവിട്ടിറങ്ങി. പത്തേ പത്തിന് രാമേശ്വരത്തെ ലക്ഷ്യമാക്കി കുതിച്ചു, മധുരയിലെ മധുരമായ ദിനം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ക്ഷേത്രത്തിൽ നിന്നും വാങ്ങിയ ലഡ്ഡുവും കഴിച്ചുകൊണ്ട്.

പട്ടണത്തിൽ നിന്നും പുറത്തു കടക്കുന്നതിനിടയിൽ ചെറുതായൊന്ന് വഴിതെറ്റിയെങ്കിലും വൈകാതെ ശരിയായ പാതയിലെത്തി. ദേശീയപാതയിലൂടെയാണ് യാത്ര. വൈഗ നദി അകമ്പടിയായി കൂടെത്തന്നെയുണ്ടെന്ന് ഗൂഗിളിൽ നോക്കിയപ്പോൾ മനസ്സിലായി. ഇരുവശവും കടുംപച്ചനിറത്തിൽ തലയുറത്തിപ്പിടിച്ചു നിൽക്കുന്ന തെങ്ങുകൾ നിറഞ്ഞ തോപ്പുകൾ. ആ കാഴ്ചകൾ പലപ്പോഴും കേരളത്തെ അനുസ്മരിപ്പിച്ചു. ഇന്നലെക്കണ്ട തമിഴ്‌നാടല്ല ഇന്നത്തേത്. വരണ്ടനാടാണ് തമിഴകം എന്ന സങ്കൽപ്പത്തിന് തികച്ചും വിരുദ്ധമായ കാഴ്ചകൾ. വഴിയരികിലെ ഈ ഹരിതാഭ യാത്രയെ കൂടുതൽ ആകർഷമാക്കി. വഴിയരികിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ചു, ബാംഗ്ളൂരിനെക്കാൾ കാശുകൂടുതലാണ്. ഒന്നിൽക്കൂടുതൽ തവണ ചുങ്കം കൊടുക്കേണ്ടിവന്നു ഈ വഴിയേ സഞ്ചരിക്കാൻ. ഏതാണ്ട് മൂന്നുമൂന്നര മണിക്കൂറിന്റെ യാത്ര (നൂറ്റിയെഴുപത്തഞ്ച് കി.മി.) മതിയായിരുന്നു രാമേശ്വരം എന്ന ദ്വീപിലെത്താൻ. അവിടെ എത്തുംതോറും കരിമ്പനകൾ ധാരാളമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവിടവിടെ ജലാശയങ്ങളും. ചിലയിടങ്ങളിൽ കൂട്ടത്തോടെ കരിമ്പനകൾ നിൽക്കുന്നത് കണ്ടു, പക്ഷേ എവിടെയും പനയുടെ കായ് വിൽക്കുന്നത് കണ്ടില്ല, പകരം പനംചക്കരകൾ വിൽക്കാനായി വെച്ചിട്ടുണ്ടായിരുന്നു. രാമേശ്വരം ദീപിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള പാമ്പൻ പാലം എൻജിനീയറിങ് രംഗത്തെ അദ്‌ഭുതം തന്നെയാണ് (ഇ ശ്രീധരൻ എന്ന മഹാനായ എൻജിനീയറെ ഓർത്തുപോയി). നീളമേറിയ പാലം, ബംഗാൾ ഉൾക്കടലിനെ കീറിമുറിച്ച് പോകുന്നു. താഴെ സമാന്തരമായി തീവണ്ടിപ്പാലവും. ഇടയ്ക്ക് ഒരുഭാഗം കപ്പലിന് പോകാനായി തുറന്നുവെച്ചിരിക്കുന്നതും കാണാനായി. മറ്റു യാത്രക്കാർ ചെയ്തതുപോലെ ഞങ്ങളും പാലത്തിനോരത്ത് കാർ നിറുത്തി കുറച്ചുസമയം ആ ഭംഗി ആസ്വദിച്ചു. തിരക്ക് കൂടുന്നത് കണ്ട് പോലീസ് ഇടപെട്ടേക്കുമെന്ന ശങ്കയിൽ പെട്ടെന്ന് കാറുമായി മുന്നോട്ടു നീങ്ങി. പട്ടണത്തിലേക്ക് അടുക്കുന്തോറും തിരക്ക് കൂടാൻ തുടങ്ങി. ഉച്ചയോടെ 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന ഹോട്ടലിന്റെ മുന്നിലെത്തി. നേരത്തെ മുറി പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു ഇവിടെ. ഹോട്ടലിലെ ആളിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനുള്ള സ്ഥലവും ആൾ പറഞ്ഞുതന്നു. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള 'ഗണേശ്' എന്ന ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഊണുകാലമായതിനാൽ തിരക്കുണ്ടായിരുന്നു. കുറച്ചുനേരം കാത്തുനിന്നിട്ടാണ് ഇരിക്കാൻ അവസരം കിട്ടിയത്. പച്ചരിച്ചോറ് കൊണ്ടുള്ള ഊണ് ഗംഭീരമായി. കുട്ടികൾക്ക് ആവശ്യം പോലെ പപ്പടം കൊടുക്കാൻ വിളമ്പുകാരന് ഒരു മടിയുമുണ്ടായിരുന്നില്ല. ആൾക്കാർ കാത്തുനിൽക്കുന്നതിനാൽ കഴിയുന്നതും വേഗം ഭക്ഷണം കഴിച്ചെഴുന്നേറ്റു. മൂന്നുമണിയോടെ ക്ഷേത്രത്തിൽ പോയാൽ അധികം തിരക്ക് കാണില്ല എന്ന് പറഞ്ഞതിനാൽ ഭക്ഷണത്തിനുശേഷം ഒരു ദീർഘമായ വിശ്രമത്തിന് മുതിർന്നില്ല. വേഷം മാറി നേരെ അമ്പലത്തിലേക്ക്. 

ഇവിടുത്തെ തെരുവുകളും ഇടുങ്ങിയതാണെങ്കിലും മധുരയേക്കാൾ വൃത്തിയുള്ളതായി തോന്നി. ബസ്സുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത് അമ്പലത്തിന്റെ തൊട്ടുമുന്നിൽക്കൂടിയാണെന്നത് റോഡിലെ തിരക്ക് കൂടുന്നതിനൊരു കാരണമാണ്. നടക്കാനുള്ള ദൂരമേയുള്ളൂ തെക്കേ നടയിലേക്ക്‌. അവിടുന്ന് പിന്നീട് കിഴക്കേ നടയിലേക്ക്‌ ചെന്നു. അതുവഴിയാണ് അകത്തു കയറിയത്. നട തുറക്കാൻ കുറെയധികം ഭക്തജനങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിരക്കുണ്ടായിരുന്നെങ്കിലും ഇന്നലെത്തപ്പോലെയല്ല. പ്രവേശനകവാടം കടന്ന് അകത്തുകയറിയതിനുശേഷമാണ് പല വരികളായി പിരിയുന്നത്. ഞങ്ങൾ ഇരുന്നൂറു രൂപയുടെ ടിക്കറ്റ് എടുത്താണ് കയറിയത്. സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്കുള്ള യാത്രയിൽ ദക്ഷിണതീരത്തെത്തിയ ശ്രീരാമൻ, സേതു ബന്ധിക്കുന്നതിനു മുൻപ് വിഘ്നനിവാരണത്തിനും രാവണവധത്തിനുള്ള അനുഗ്രഹത്തിനുമായി സാക്ഷാൽ മഹാദേവനെ പൂജിച്ചത്രേ. രാമൻ സ്വന്തം കൈയ്യാൽ മണൽ കുഴച്ച് ശിവലിംഗമുണ്ടാക്കി പൂജിച്ചെന്നാണ് ഐതിഹ്യം. അങ്ങനെ രാമനാൽ പൂജിക്കപ്പെട്ട ഈശനാണ് രാമനാഥേശ്വരനായി ഈ ക്ഷേത്രത്തിൽ വാഴുന്നതെന്നാണ് വിശ്വാസം. ആ  രാമനാഥേശ്വരനെ നന്നായി തൊഴുതു. സകലർക്കും നല്ലത് വരുത്തേണമേ എന്ന് മൗനമായി പ്രാർത്ഥിച്ചു. പാർവതിയും ലക്ഷ്മിയും വിഘ്‌നേശ്വരനുമടക്കമുള്ള ഉപദേവതമാരേയും തൊഴുതു. ആൾത്തിരക്ക് ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ളതായിരുന്നില്ല. ഒരു മണിക്കൂറിനകം ഞങ്ങൾ തൊഴുത് പുറത്തിറങ്ങി. അതിനുശേഷം അമ്പലം മൊത്തം നടന്നുകണ്ടു. മധുരക്ഷേത്രത്തിനേക്കാളും ചെറുതാണെങ്കിലും വലിയ അമ്പലം തന്നെയാണിതും. കൊത്തുപണികളുംകുറവാണ്. മുകൾ ഭാഗം ഇന്നലെകണ്ടതു പോലെ പലവർണ്ണത്തിലുള്ള പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. തൂണുകൾ ധാരാളമായി ഉണ്ടെങ്കിലും അതിലും കൊത്തുപണികൾ അധികമില്ല, പക്ഷേ എല്ലാം വളരെ മനോഹരമായി പല നിറത്തിൽ അലങ്കരിച്ചിട്ടുണ്ട്. വളരെ നീണ്ട ഇടനാഴികൾ, ആളുകൾ തീരെ കുറവായതിനാൽ അവിടെയൊക്കെ നിശബ്ദത തളം കെട്ടി നിന്നിരുന്നു. ഇടനാഴിയുടെ ഒരറ്റത്തുനിന്നു നോക്കുമ്പോൾ ഇരുഭാഗത്തുനിന്നുമുള്ള തൂണുകൾ ചേർന്ന് നീണ്ട കമാനങ്ങളെപ്പോലെ തോന്നിച്ചു. അമ്പലത്തിന്റെ നാലുഭാഗത്തും വലിയ ഗോപുരങ്ങളുണ്ട്. വടക്കേഗോപുരത്തു നിന്നും നടക്കേണ്ട ദൂരത്തിൽ ബംഗാൾ ഉൾക്കടൽ. ശ്രീരാമൻ, രാമസേതു പണിതു തുടങ്ങിയത് ഈ തീരത്തുനിന്നായിരിക്കാം. വിഘ്‌നങ്ങൾ എല്ലാം അകറ്റി രാവണവധത്തിന് അനുകൂല അന്തരീക്ഷം ഉണ്ടാകാൻ വേണ്ടിയാണല്ലോ ദേവാദിദേവനെ പ്രാർഥിച്ചത്. അമ്പലത്തിനകത്ത് 22 തീർഥക്കിണറുകൾ ഉള്ള കാര്യം സതീഷ് പറഞ്ഞതിനാൽ അതന്വേഷിച്ചു നടന്നു. വടക്കേഭാഗത്താണ് അതെന്ന് മനസ്സിലായി. 25 രൂപ ടിക്കറ്റ് എടുത്ത് അകത്തു ചെന്നാൽ, കാണുകയോ കുളിക്കുകയോ തീർത്ഥം പാത്രത്തിൽ ശേഖരിക്കുകയോ ഒക്കെയാവാം. കുളിക്കുന്നവർ ആദ്യം കടലിൽ ചെന്നു കുളിക്കണം. ചിലർക്ക് ഇതൊരു പ്രാർത്ഥനയോ നേർച്ചയോ ഒക്കെയാണ്. അത് ചെയ്തുകൊടുക്കാൻ ഒരു കൂട്ടം ആൾക്കാർ (ശാസ്ത്രികൾ എന്നാണ് അറിയപ്പെടുന്നത്) തയ്യാറായി ഉണ്ട്. അവർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആൾക്കാർ തന്നെയാണ്. ഞങ്ങൾ കുളിക്കാൻ തീരുമാനിച്ചിട്ടില്ലായിരുന്നു, അതിനാൽ ടിക്കറ്റ് എടുത്ത് നേരെ അകത്തു കയറി. ഓരോ കിണറിനും ഓരോ തീർത്ഥവുമായി ബന്ധപ്പെട്ട പേരുകളുണ്ട്. അവയ്ക്കു കൃത്യമായി ക്രമസംഖ്യ എഴുതിവെച്ചിട്ടുണ്ട്. ആ സംഖ്യയനുസരിച്ച് ഞങ്ങൾ ഓരോ കിണറിലേയും തീർത്ഥമെടുത്ത് ദേഹത്ത് തളിച്ചു. കടലിനോട് ചേർന്നായിട്ടുപോലും ശുദ്ധജലമാണ് എല്ലാകിണറുകളിലും. നേരത്തെ പറഞ്ഞ ശാസ്ത്രികൾ കയറും തൊട്ടിയുമുപയോഗിച്ച് ഓരോ കിണറിൽ നിന്നും വെള്ളം എടുത്ത് ആളുകളുടെ ദേഹത്തോ തലയിലോ കൈയിലോ പാത്രത്തിലോ ഒക്കെ ഒഴിച്ചുകൊടുക്കുന്നുണ്ടായിരുന്നു. 22 തീർത്ഥവും മൂർദ്ധാവിൽ തളിക്കാൻ  കുറച്ചു സമയമെടുത്തു. അവസാനത്തെ തീർത്ഥം അറിയപ്പെടുന്നത് 'ഗംഗാതീർത്ഥം' എന്ന പേരിലാണ്. സാക്ഷാൽ ഗംഗാനദിയാണ് ഈ കിണറിനുള്ളിലെന്നാണ് വിശ്വാസം. കാശി വിശ്വനാഥനെ ദർശനം നടത്തുന്നവർ, ആ യാത്രയുടെ ലക്ഷ്യപൂർത്തീകരണത്തിന് രാമേശ്വരത്തും പോകണമെന്നൊരു വിശ്വാസം ഹൈന്ദവർക്കിടയിലുണ്ട്. അതുകൊണ്ടായിരിക്കാം അവസാനത്തെ തീർത്ഥത്തിന് ഗംഗാനദിയുമായി ബന്ധം വന്നത്. അമ്പലത്തിനകത്ത് എല്ലാം കണ്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ കടൽത്തീരത്തേക്കു പോയി. അവിടെ കുളിക്കുന്നവരുടെ തിരക്കായിരുന്നു. കടപ്പുറത്തെ മണലിന് കരിനിറമായിരുന്നു, വൃത്തിയുള്ളതായി തോന്നിയില്ല. അതിനാൽ വെള്ളത്തിൽ ഇറങ്ങിയില്ല. കുറച്ചുനേരം കടൽ കണ്ടുനിന്നതിനുശേഷം തിരിച്ചു നടന്നു. ക്ഷേത്രത്തിനകത്തു നിന്നും വാങ്ങിയ ലഡ്ഡു കഴിച്ചു. കുട്ടികൾക്കൊരു കളിക്കോപ്പ് വാങ്ങി. സന്ധ്യയായി, ഇന്നിനി വേറൊന്നും കാണാൻ കഴിയില്ല എന്ന് അന്വേഷിച്ചപ്പോൾ അറിയാനായി. അതിനാൽ പാമ്പൻ പാലത്തിന്റെ രാത്രിസൗന്ദര്യം ആസ്വദിക്കാം എന്നുകരുതി കാറുമായി നേരെ അങ്ങോട്ട്. ദേഹമാസകലം മഞ്ഞൾ പൂശിനിൽക്കുന്ന സുന്ദരിയായ യുവതിയെപ്പോലെ സോഡിയപ്രകാശത്തിൽ നിറഞ്ഞുനിൽക്കുന്ന പാമ്പൻപാലമായിരുന്നു മനസ്സിൽ. താഴെ പാലത്തിനെ തൊട്ടുരുമ്മിക്കൊണ്ട് ചന്ദ്രികയിൽ കുളിച്ചുനിൽക്കുന്ന ബംഗാൾ കടലും അക്കരെയേതോ നാട്ടിലെ (ഒരുപക്ഷെ അശോകവനിയിലേതുമാകാം) ഗന്ധവും വഹിച്ചെത്തുന്ന തണുത്തകാറ്റും ഒക്കെ സങ്കൽപ്പിച്ച് ഞാൻ ധൃതിയിൽ എന്നാൽ സൂക്ഷിച്ച് കാറോടിച്ചു. കുറേ മിനുട്ടുകൾ നീണ്ട യാത്രയ്ക്കുശേഷം അവിടെയെത്തിയപ്പോൾ കണ്ടത് എന്റെ സങ്കൽപ്പങ്ങളെ അപ്പാടെ തച്ചുതകർക്കുന്ന കാഴ്ചയായിരുന്നു. ഇരുട്ടിൽ, എല്ലാവരാലും തമസ്കരിക്കപ്പെട്ടു കിടക്കുന്ന പാമ്പൻ പാലം ആരോരുമില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന അനാഥയുവതിയെ പോലെ തോന്നിച്ചു. വളരെ നിരാശയോടെയാണ് അവിടെനിന്നും മടങ്ങിയത്. അമ്പലത്തിനടുത്തുള്ള ശരവണഭവനിൽ നിന്നും ദോശ കഴിച്ച് മുറിയിലേക്ക് മടങ്ങി. കുറച്ചുനേരം ടീവി കണ്ടു. നാട്ടിലേക്ക് ഫോൺ ചെയ്ത് വിശേഷങ്ങൾ അറിയിച്ചു. ശേഷം ഉറങ്ങാൻ കിടന്നു.

രാവിലെ 5 : 30 ക്ക് എഴുന്നേറ്റു, മുഖം കഴുകി പല്ലുതേച്ച് നേരെ വിട്ടു ധനുഷ്ക്കോടിയിലേക്ക്, ശ്രീലങ്കയിൽ നിന്നും ഏറ്റവുമടുത്ത ഇന്ത്യൻ  തീരത്തേക്ക്. ഏതാണ്ട് നാല് കി.മി കഴിയുമ്പോൾ ഒരു പ്രവേശനകവാടം ഉണ്ട്. അവിടെ ഇരുപത് രൂപ കൊടുത്തുവേണം യാത്ര തുടരാൻ. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ ഇത് അടയ്ക്കും. ധനുഷ്കോടിയിലേക്ക് പോകാനാഗ്രഹിക്കുന്നവർ രാവിലെ അഞ്ചുമണി മുതൽ വൈകുന്നേരം അഞ്ചിനുള്ളിൽ പോകണം എന്നുപറയുന്നതിന് ഇതാണ് കാരണം. ഇരുവശവും കടലും പച്ചപ്പും നിറഞ്ഞ രമണീയമായ വഴി. എത്രയോ ദൂരം ഒരുനേർവര വരച്ചതുപോലെ കാണപ്പെടുന്ന റോഡ്. അതിലൂടെയുള്ള കാറോട്ടം ശരിക്കും ആസ്വദിച്ചു. ഞങ്ങളുടെ മുന്നിലും പിന്നിലും വേറെ വണ്ടികൾ കാണാത്തത് എന്നെ തെല്ലു അതിശയിപ്പിച്ചു. എന്തുകൊണ്ട് ആളുകൾ സൂര്യോദയം കാണാൻ ഇവിടെ വരുന്നില്ല എന്നതായിരുന്നു എന്റെ ചിന്ത. ഏതാണ്ട് പത്തൊൻപത് കി മി ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്. കടലിന്റെ മാറിലൂടെ നീണ്ട വഴിയിലൂടെ ഞങ്ങൾ കുതിക്കുകയാണ്. അതിനിടയിൽ ഏതോ ഒരു ക്ഷേത്രം കടലിനെ തൊട്ടുരുമ്മി നിൽക്കുന്നത് കണ്ടു. പിന്നെയും കുറച്ചു ചെന്നപ്പോൾ 'റെയിൽവേ സ്റ്റേഷൻ' എന്നെഴുതിവെച്ച വലത്തേക്ക് നീളുന്ന ഒരു ചൂണ്ടുപലക. അത് കണ്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന തീവണ്ടി ദുരന്തകഥ മനസ്സിലോടിയെത്തി. അതിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഇടമായിരിക്കണം നേരത്തെ കണ്ട സ്ഥലം എന്ന് ഊഹിച്ചു. ഏതായാലും ഞങ്ങൾ യാത്ര തുടർന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ ഇന്ത്യൻ മണ്ണിന്റെ അവസാനതുണ്ടിലെത്തി. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിക്കുന്നതായിരുന്നു. നിറഞ്ഞ പുരുഷാരം. കിഴക്കൻ ചക്രവാളത്തിലേക്ക് കണ്ണും നട്ട് മൊബൈലും കയ്യിൽ പിടിച്ചു കാത്തിരിക്കുന്ന ആളുകൾ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു. കാറുകളുടെ നീണ്ടനിര. വണ്ടി ഒതുക്കാനായി ഒരു സ്ഥലം ഞാനും കണ്ടുപിടിച്ചു. എല്ലാവരും കൂടി സൂര്യോദയം കാണാൻ കടൽത്തീരത്തേക്ക്. മാനത്ത് നിറഞ്ഞു നിൽക്കുന്ന മേഘശകലങ്ങൾ സൂര്യനെ ദൃഷ്ടിയിൽ നിന്നും മറച്ചിരിക്കുന്നു. കുറച്ചു സമയം കാത്തിരുന്നപ്പോൾ ചുവന്ന ആപ്പിൾ പഴം പോലെ അരുണൻ കിഴക്കേകോണിൽ പ്രത്യക്ഷപ്പെട്ടു പക്ഷേ പെട്ടെന്ന് അപ്രത്യക്ഷനായി. വീണ്ടും കാത്തിരിപ്പ്. മേഘങ്ങളുടെ വക്കിൽ സ്വർണ്ണനിറമേകിക്കൊണ്ട് അവയ്ക്കിടയിലൂടെ അത് വീണ്ടും കടന്നുവന്നപ്പോൾ എല്ലാവരും സന്തോഷത്തോടെ ആർപ്പുവിളിച്ചു. സ്വർണ്ണക്കസവണിഞ്ഞ പുടവ ചുറ്റിയ മലയാളി മങ്കമാരായി മേഘങ്ങൾ മാനത്ത് നിറഞ്ഞു നിൽക്കുന്നു. അവയ്ക്കിടയിലൂടെ ഉയർന്നുവരുന്ന ഉദയസൂര്യന്റെ ദൃശ്യം അവിസ്മരണീയമായിരുന്നു. അതിനിടയിൽ കുട്ടികൾ കടലിൽ കാൽ നനയ്ക്കാൻ ഇറങ്ങിയിരുന്നു. അവിടെ നിന്നും മുന്നോട്ടു നോക്കിയാൽ അവിടെയവിടെയായി ചെറിയ തുരുത്തുകൾ പോലെ മൺതിട്ടകൾ കാണപ്പെട്ടു. രാമസേതുവിന്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും അധികം ദൂരത്തല്ലാതെ കാണാൻ കഴിയും എന്നാണ് ഗൂഗിൾ കാണിച്ചു തന്നത്. പക്ഷേ ശ്രീലങ്കൻ തീരം നഗ്നനേത്രങ്ങൾക്കുമപ്പുറത്തായിരുന്നു. ശാന്തമായ കടലായിരുന്നു ഇവിടെ. അറബിക്കടലിന്റെ രൗദ്രത ഇവിടെ കാണാൻ കഴിഞ്ഞില്ല. തിരയൊഴിഞ്ഞ തീരം. ശാന്തയായി സാഗരകന്യക ചെറിയ അലകളാൽ വാത്സല്യത്തോടെ കൈമാടി വിളിക്കുകയാണ് നമ്മളെ എന്നുതോന്നും. സൂര്യോദയം കാണാൻ വന്നവർ മടങ്ങുകയാണ്, ഞങ്ങളും. വഴിയരികിൽ കണ്ട ചെറിയ ഓലമേഞ്ഞതും ഓടിട്ടതും എന്നാൽ കാഴ്ച്ചയിൽ ദാരിദ്ര്യം മാഞ്ഞിട്ടില്ലാത്തതുമായ ചെറിയ വീടുകൾ  മുക്കുവക്കുടിലുകളാണെന്ന് തോന്നിച്ചു. നല്ല മൽസ്യം വേണ്ടവർക്ക് ഇവിടെ നിന്നും വാങ്ങാം എന്നാണ് കേട്ടിരുന്നത്. നേരത്തെ കണ്ട റെയിൽവേ സ്റ്റേഷന്റെ അടുത്ത കാർ നിർത്തി. നേരെ താഴോട്ട് ഇറങ്ങിച്ചെന്നു. ഒരു കൊച്ചുശിവക്ഷേത്രം കാണാം, ഏതാനും സ്ത്രീകളും. അവിടെക്കയറി തൊഴാൻ ഒരു സ്ത്രീ പറഞ്ഞെങ്കിലും കുളിച്ചിട്ടില്ലാത്തതിനാൽ അകത്തു കയറിയില്ല. അവിടെയുണ്ടായിരുന്ന ഒരു ചേട്ടനോട് തകർന്നുവീണ അവശിഷ്ടങ്ങളെപ്പറ്റി ചോദിച്ചു. പഴയ റെയിൽവേ സ്റ്റേഷൻ ആണെന്നും അതിന്റെ വെള്ളം സംഭരിക്കാനുള്ള സ്ഥലമായിരുന്നെന്നും ഒക്കെ പറഞ്ഞു. കൂടാതെ ടിക്കറ്റ് കൊടുത്തിരുന്ന സ്ഥലവും മറ്റുമൊക്കെ കാണിച്ചുതന്നു. ധനുഷ്കോടിയിൽ മൂന്ന് സ്റ്റേഷനുകൾ ഉണ്ടായിരുന്നെന്നും ഇതിനു കുറച്ചു പിന്നോട്ട് മാറി കടലിലാണ് ദുരന്തം സംഭവിച്ചതെന്നും അയാൾ പറഞ്ഞു. വായിച്ചറിഞ്ഞ ആ ദുരന്തസ്മരണകൾ എന്നിൽ ഉയർന്നുവന്നു, അതിൽ മുഴുകി ഏതാനും നിമിഷങ്ങൾ. ആ ചേട്ടന്റെ കടയിൽ നിന്നും കുറച്ചു കൗതുകവസ്തുക്കൾ വാങ്ങി. പലതരം ശംഖും മുത്തുകളും ഒക്കെ പരിചയപ്പെടുത്തിത്തന്നു. ഞങ്ങളുടെ കാർ കണ്ടതിനാലായിരിക്കാം വേറെയും ചിലർ അവിടേക്ക് വരുന്നുണ്ടായിരുന്നു. മുൻ രാഷ്‌ട്രപതി അബ്ദുൾകലാമിനെപ്പറ്റി വെറുതെ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖം അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും തിളങ്ങി. ഈ നാട്ടുകാരനായിരുന്നു അവരെന്നും വർഷങ്ങൾക്ക് മുൻപ് രാമേശ്വരത്തേക്ക് മാറിയതാണെന്നും പറഞ്ഞു. രാഷ്ട്രപതിയായിരിക്കുമ്പോൾ അദ്ദേഹം പണികഴിപ്പിച്ച പാതയാണിതെന്നും അയാൾ കൂട്ടിച്ചേർത്തു. അതായിരിക്കാം ഇത്രയ്ക്ക് നന്നായി പണിതെന്ന് എനിക്കും തോന്നി. ആ മനുഷ്യനോട് യാത്ര പറഞ്ഞ് വീണ്ടും മുന്നോട്ട്. നേരത്തെ കണ്ട ക്ഷേത്രത്തിനെ കാറിൽ തന്നെ ഒന്നുവലംവെച്ചു. അവിടേയും ആളുകളുണ്ടായിരുന്നു. സുഖകരമായ അന്തരീക്ഷമായിരുന്നു ധനുഷ്കോടിയിൽ അനുഭവപ്പെട്ടത്. മടങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് മുൻ രാഷ്ട്രപതിയുടെ ഓർമ്മകളായിരുന്നു. വഴിയരികിൽ അദ്ദേഹം ജനിച്ചുവളർന്ന വീട്ടിലേക്കുള്ള വഴി അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. നേരെ അങ്ങോട്ട്. കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടിയില്ല. പഴയ വീടല്ല ഇപ്പോൾ പക്ഷേ സ്ഥാനം അതുതന്നെ. പണ്ടത്തെ കുഞ്ഞുവീടിനു പകരം മൂന്നുനില വീട്. താഴത്തെ നിലയിൽ ആൾത്താമസം ഉണ്ടെന്നു തോന്നി. അതിന്റെ ഗേറ്റ് പാതി ചാരിയിരുന്നു. അകത്തേക്ക് സന്ദർശകർക്ക് പ്രവേശനം ഇല്ല. ഒന്നാം നിലയിൽ ശ്രീ കലാമിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന മ്യൂസിയം. അദ്ദേഹം വായിച്ച പുസ്തകങ്ങൾ, എഴുതിയ പുസ്തകങ്ങൾ, പഴയ ഫോട്ടോകൾ, ഉപയോഗിച്ച സാധനങ്ങൾ, പുരസ്‌കാരങ്ങൾ, ആലേഖനം ചെയ്തു വെച്ചിട്ടുള്ള പ്രസ്താവനകൾ, വാക്കുകൾ അങ്ങനെ എല്ലാം ശ്രീ കലാമുമായി ബന്ധപ്പെട്ട ഓർമ്മകൾ മാത്രം. എല്ലാം കണ്ടുതീർക്കാൻ ഇത്തിരി സമയമെടുത്തു. 

കലാമിന്റെ മായാത്ത ഓർമ്മകൾ പേറിക്കൊണ്ടാണ് മുറിയിലേക്ക് തിരിച്ചെത്തിയത്. ഇനി മടക്കയാത്രക്കുള്ള തയ്യാറെടുപ്പാണ്. ശരവണഭവനിൽ നിന്നും ദോശ കഴിച്ച്, പെട്ടിയുമായി മുറി വിട്ടിറങ്ങുമ്പോൾ സമയം പത്തുമണിയായി. അടുത്ത യാത്ര ചോളവംശത്തിന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന തഞ്ചാവൂരിലേക്കാണ്. അതിനു മുൻപ് രാമേശ്വരം പട്ടണത്തിൽ ശ്രീ അബ്ദുൽ കലാമിന്റെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്തൊരു പ്രണാമം അർപ്പിക്കാനുണ്ടായിരുന്നു. അധികം ദൂരമുണ്ടായിരുന്നില്ല ഇന്ത്യൻ പ്രതിരോധസേനയുടെ നേതൃത്വത്തിൽ ഒരുക്കിയ മുൻ രാഷ്ട്രപതിയുടെ സ്മരണകുടീരത്തിലേക്ക്. മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും അകത്തേക്ക് പ്രവേശനമില്ല. സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യം. എവിടെയും തൊടാതെ, അച്ചടക്കത്തോടെ കഴിയുന്നതും നിശബ്ദത പാലിച്ചുവേണം അവിടം കണ്ടുതീർക്കാൻ. ഇവിടെ പ്രവേശിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും അവരുടെ മുൻ രാഷ്ട്രപതിയെ ഓർത്ത് അഭിമാനിച്ചിട്ടുണ്ടാവും. അദ്ദേഹം നടന്നു തീർത്ത വഴികൾ, ജനനം തൊട്ടു മരണം വരെയുള്ള മുഹൂർത്തങ്ങൾ എല്ലാം ഒന്നും വിടാതെ അവിടെ മനോഹരമായ ചിത്രങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന് ലഭിച്ച  ഭാരതരത്ന മുതലായ എല്ലാ പുരസ്കാരങ്ങളും അവസാന നാളുകളിൽ ഉപയോഗിച്ച ചെരിപ്പുൾപ്പെടെയുള്ള വസ്തുക്കളും അവിടെ ശ്രദ്ധയോടെ, ഭക്തിയോടെ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആ വലിയ സ്മാരകത്തിന്റെ നടുത്തളത്തിൽ അദ്ദേഹം അന്ത്യനിദ്ര നടത്തുന്ന സ്ഥലം മാർബിൾ ഫലകങ്ങളാൽ പ്രത്യേകശ്രദ്ധയോടെ പരിപാലിക്കുന്നു. അദ്ദേഹത്തിന്റെ മെഴുകുപ്രതിമകൾ, ദീർഘകായ ചിത്രങ്ങൾ തുടങ്ങിയെല്ലാം കാണുന്ന ഓരോ വ്യക്തിയിലും കോരിത്തരിപ്പുണ്ടാക്കും എന്നതിൽ സംശയമില്ല. ആ ചിത്രങ്ങളുടെയും പ്രതിമകളുടെയും ഭംഗിയെപ്പറ്റിയും പറയാതിരിക്കാനാവില്ല. ആ കലാകാരന്മാരുടെ പേരോർക്കുന്നില്ലെങ്കിലും അതിമനോഹരമായാണ് അവർ തങ്ങളുടെ പ്രതിഭ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. അവ കണ്ടാൽ, വെറുമൊരു തൊഴിൽ എന്നതിലുപരി ഒരു ധ്യാനമായാണ് അവർ ഈ  ഉദ്ദ്യമം ഏറ്റെടുത്തിരുന്നതെന്ന് തോന്നിപ്പോകും. അത്രയ്ക്ക് വശ്യത, തന്മയത്വം ഉണ്ടായിരുന്നു അവയ്‌ക്കോരോന്നിനും. ജീവൻ തുടിക്കുന്ന ചിത്രങ്ങളും പ്രതിമകളും തന്നെയായിരുന്നു അവയെല്ലാം. വളരെ പതുക്കെയാണ് ആൾക്കാർ എല്ലാം കണ്ടു തീർക്കുന്നത്. ചുരുങ്ങിയത് ഒരു  മണിക്കൂറെങ്കിലുമെടുത്തുകാണും എല്ലാം കണ്ടു തീർക്കാൻ. മനസ്സു കൊണ്ട് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലത്ത് പ്രണാമം അർപ്പിച്ചു. ആ ഭാരതപുത്രനെയോർത്ത് ഏറെ അഭിമാനം തോന്നി. തികച്ചും അവിസ്മരണീയമായ അനുഭവം. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിച്ച, ആ സ്വപ്‍നത്തെ പിന്തുടരാൻ പഠിപ്പിച്ച മഹാനായ ആണവശാസ്ത്രജ്ഞൻ. ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നേവരും ആദരിച്ച ലളിതജീവിതത്തിനുടമയായ തികച്ചും മതേതരവാദിയായ നിസ്വാർത്ഥനായ മനുഷ്യൻ. രാഷ്ട്രപതിയാകുന്നതിനു മുന്നേ 'ഭാരതരത്ന' നൽകി രാജ്യം ആദരിച്ച മഹനീയ വ്യക്തിത്വം. ഇദ്ദേഹത്തെയാണ് 'സ്വപ്നജീവി' എന്ന് ചില രാഷ്ട്രീയക്കാർ പരിഹസിച്ചത്! രാമേശ്വരം സന്ദർശിക്കുന്ന ഏതൊരാളും മറക്കാതെ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഈ കുടീരം. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിന്നെ ഇവിടേക്ക് ആർക്കും പ്രവേശനം ഇല്ല. അതുപോലെ രാവിലെ ഒൻപതിന് മുൻപും. പുറത്തിറങ്ങി ഇളനീർ കുടിച്ച് ദാഹം മാറ്റി പതുക്കെ യാത്ര തുടങ്ങി. അപ്പോഴും ശ്രീ അബ്ദുൾ കലാമിന്റെ ഓർമ്മകൾ മനസ്സിൽ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പാമ്പൻ പാലത്തിന്റെ മനോഹാരിത ഒരിക്കൽക്കൂടി മാടി വിളിക്കുന്നുണ്ടായിരുന്നു. ഇനിയും വരണമെന്ന മോഹത്തോടെ തന്നെയാണ് രാമേശ്വരത്തോട് വിട പറഞ്ഞത്. കുറേ ദൂരം വന്ന വഴിയിലൂടെ  തന്നെയായിരുന്നു മടക്കം. പിന്നീട് തിരുച്ചിറപ്പള്ളിയിലേക്കുള്ള ദേശീയപാതയിലൂടെയായി യാത്ര. ഇരുവശങ്ങളിലും പൊൻകതിരണിഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങൾ, കണ്ണെത്താ ദൂരത്തോളം. ഇതൊക്കെ കണ്ടിട്ടായിരിക്കും കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഞങ്ങൾ നെല്ല് തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുമെന്ന് ചില മന്ത്രിയേമാന്മാർ പറഞ്ഞത്. ജലാശയങ്ങളും പച്ചപ്പൊന്തകളും കുറ്റിക്കാടുകളും ആകെക്കൂടി ഹരിതകഞ്ചുകമണിഞ്ഞ പ്രകൃതി. ഏറെ ദൂരം കഴിഞ്ഞാണ് തഞ്ചാവൂർ എന്ന സ്ഥലസൂചിക കാണാൻ തുടങ്ങിയത്. തഞ്ചാവൂരിലേക്ക് അടുക്കുന്തോറും മണ്ണിന്റെ നിറം മാറി ചുവപ്പാകാൻ തുടങ്ങി. പടയോട്ടങ്ങളുടെ, ക്ഷേത്രങ്ങളുടെയൊക്കെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കെത്താൻ എത്താൻ അഞ്ചുമണിക്കൂർ യാത്രയുണ്ടായിരുന്നു, ഇരുന്നൂറ്റിയെൺപത്തഞ്ചോളം കി.മി ദൂരം. ലക്ഷ്യസ്ഥാനത്തെത്താറായപ്പോൾ പോലീസ് വഴി തിരിച്ചു വിട്ടതിനാൽ ഇത്തിരി നേരം ചെമ്മൺ പാതയിലൂടെ പൊടിപറത്തിക്കൊണ്ട് പോകേണ്ടിവന്നു. നേരത്തെ സന്ദർശിച്ച പട്ടണങ്ങളെക്കാളും വൃത്തിയുള്ളതായിരുന്നു തഞ്ചാവൂർ പട്ടണം. പാതകളും കുറച്ച് വലുതായിരുന്നു. അധികം തിരക്കനുഭവപ്പെട്ടില്ല തെരുവുകളിൽ. ദൂരെ നിന്നുതന്നെ ക്ഷേത്രഗോപുരം കാണാമായിരുന്നു. മൂന്ന് മണിയായി 'വേദ സ്റ്റേ' എന്ന ഹോട്ടലിൽ എത്താൻ. പുറത്തു നിന്നു നോക്കിയാൽ ചെറിയ ഹോട്ടൽ ആണെങ്കിലും നല്ല സൗകര്യങ്ങളുള്ള കെട്ടിടം തന്നെയായിരുന്നു അത്. നടപടിക്രമങ്ങൾ കഴിഞ്ഞ് മുറിയിൽ കയറി, ഉന്മേഷം വീണ്ടെടുത്ത്  പുറത്തിറങ്ങി. ഉച്ചഭക്ഷണമാണ് ലക്‌ഷ്യം. ഹോട്ടലിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ മുകളിലോട്ട് ഇത്തിരി നടന്നാൽ തഞ്ചാവൂർ ബസ് സ്റ്റാൻഡ് കാണാം. അതിന്റെ പരിസരത്ത് 'ബോംബെ സ്വീറ്റ്‌സ്' എന്ന ഭക്ഷണശാലയുണ്ടെന്ന് ഒരാൾ പറഞ്ഞതന്നതിൻ പ്രകാരം അവിടെപ്പോയി ഊണ് കഴിച്ചു, നന്നായിരുന്നു. തിരിച്ചു മുറിയിലെത്തി അൽപനേരം വിശ്രമം. 

തഞ്ചാവൂരും പരിസരപ്രദേശങ്ങളിലുമായി കൊത്തുപണികളാൽ സമൃദ്ധമായ ഒരുപാട് പുരാതനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ടെന്നറിയാമെങ്കിലും ഈ യാത്രയിൽ കാണാൻ തീരുമാനിച്ചത് ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ബൃഹദ്ദേശ്വരക്ഷേത്രം തന്നെയായിരുന്നു. ദൂരം ഇത്തിരിയധികമുണ്ടായിരുന്നെങ്കിലും നടന്നുപോകാനുള്ള ദൂരത്ത് തന്നെയായിരുന്നു വലിയ അമ്പലം (പെരിയ കോവിൽ, അങ്ങനെയാണ് അവിടെ ഈ ക്ഷേത്രം അറിയപ്പെടുന്നത്) സ്ഥിതിചെയ്തിരുന്നത്. നേരത്തെ പട്ടണത്തിലേക്ക് കടക്കുമ്പോൾ തന്നെ അതിന്റെ ബൃഹത്തായ ഗോപുരം വളരെ ദൂരത്തുനിന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് പറഞ്ഞല്ലോ. അഞ്ചുമണിയോടെ എല്ലാവരുമായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പട്ടണങ്ങളെക്കാൾ വൃത്തിയുള്ളതാണ് തഞ്ചാവൂർ, റോഡുകൾ സാമാന്യം വിശാലമേറിയതും. നടപ്പാതകൾ നടക്കാൻ മാത്രമേ ആൾക്കാർ ഉപയോഗിച്ചിരുന്നുള്ളൂ. ക്ഷേത്രമതിൽക്കെട്ടിന്റെ പുറത്ത് വലിയ കിടങ്ങുകൾ കാണാം. അതിനപ്പുറം വലിയ മതിലുകളാൽ കെട്ടിയ കോട്ടയും. ഒറ്റ നോട്ടത്തിൽ കോട്ടയ്ക്കകത്തെ ക്ഷേത്രമാണിതെന്ന് കാണാം. പുറത്തുനിന്നും ഗോപുരം ആകെമാനം വീക്ഷിച്ചു. ശില്പചാതുര്യം കവിഞ്ഞൊഴുകുന്ന ഗോപുരം. നിറയെ കൊത്തുപണികൾ. ശില്പസൗന്ദര്യം വർണ്ണിക്കാൻ ഞാൻ അശക്തനാണ് എന്ന് പറയേണ്ടിയിരിക്കുന്നു.  ഒരു സൗന്ദര്യപ്രേമിക്ക് എത്ര നേരം വേണമെങ്കിലും ആ സൗന്ദര്യം കണ്ടുനിൽക്കാം തെല്ലും മുഷിച്ചിലില്ലാതെ. ജനം ഒഴുകുകയായിരുന്നു ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കും. ആ ഒഴുക്കിൽ ഞങ്ങളും ചേർന്നു. ചെരുപ്പുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ച് അകത്തെ കോട്ടയിലേക്ക്. ചുറ്റുപാടും നോക്കിക്കൊണ്ടാണ് എന്റെ യാത്ര. കണ്ണുകളിൽ വിരിഞ്ഞ അദ്‌ഭുതം എനിക്ക് ഒളിപ്പിക്കാനാവുമായിരുന്നില്ല. കോട്ടമതിലിൽ മുകളിൽ ഒന്നിനുപിറകെ ഒന്നൊന്ന രീതിയിൽ ചുറ്റും നന്ദിയുടെ ചെറിയ ശില്പങ്ങൾ. മതിലിനോട് ചേർന്നുള്ള വരാന്തയിൽ ശിവലിംഗങ്ങൾ. അത് നാലുഭാഗത്തും നിറയെ കാണാമായിരുന്നു. കോട്ടയ്ക്കകത്ത് മധ്യഭാഗത്ത് പ്രധാനപ്രതിഷ്ഠ. ആ നാലമ്പലത്തിനു മുന്നിൽ വലിയൊരു നന്ദിയുടെ കറുത്ത ഒറ്റക്കൽ പ്രതിമ. അതിന്റെ രൂപഭംഗി അനുപമം എന്നേ പറയാനാവൂ. കുറച്ചുനേരം അത് കണ്ടുനിന്നു. ബൃഹദ്ദേശ്വരനെ കാണാൻ ഭക്തർ തിക്കിത്തിരക്കി നിൽപ്പുണ്ടായിരുന്നു. ആ തിരക്കിൽ ഞങ്ങളും ചേർന്നു. പതുക്കെ പടവുകൾ കയറി, ഇറുകിയുരുമ്മി അകത്തേക്ക്. പേരുപോലെതന്നെ വളരെ വലിയ ശിവലിംഗമാണിവിടുത്തെ പ്രതിഷ്ഠ. അതും ഒറ്റക്കല്ലിൽ തീർത്തത്.  ശ്രീകോവിലിന്റെ അകത്തളം വലിയ തൂണുകളും ഉയരമേറിയ ചുമരുകളുമൊക്കെച്ചേർന്ന് ഏറെ വിശാലമാണ്. വശങ്ങളിൽ സിംഹാസനങ്ങൾ പോലെ തോന്നിക്കുന്ന കസേരകൾ, മൃഗങ്ങളുടെ രൂപങ്ങൾ തുടങ്ങിയവയൊക്കെ വെച്ചിട്ടുണ്ടായിരുന്നു. കാലപ്പഴക്കത്തിന്റെ പാടുകൾ അവയിലെമ്പാടുമുണ്ടായിരുന്നു. തിരക്കിലൂടെ വളരെ പതുക്കെയാണ് മുന്നോട്ടു നീങ്ങാൻ കഴിഞ്ഞത്. ദൂരത്തുനിന്നെ ദേവനെ കാണാം. അതിനാൽ എല്ലാവർക്കും നന്നായി തൊഴാൻ കഴിയും. തിരക്കുണ്ടെങ്കിലും നമ്മുടെ നാട്ടിലെ അമ്പലങ്ങളിൽ ചെയ്യുന്നത് പോലെ തൊഴാനെത്തുന്നവരെ പിടിച്ചു തള്ളാൻ ആരും മിനക്കെടുന്നില്ല. തൊഴുത്, ദീപവും തൊട്ട്, നെറ്റിയിൽ ഭസ്മവുമണിഞ്ഞ് പുറത്തേക്ക്. അവിടെ ആളുകൾ അമ്പലക്കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു. 

സ്ഥലബാഹുല്യം കാരണം ജനത്തിരക്ക് അറിയുന്നേയില്ല. പ്രധാനദേവന്റെ ശ്രീകോവിലിന്റെ പിന്നിലായി ഉയരമേറിയ മറ്റൊരു കുഞ്ഞുശ്രീകോവിലുണ്ടായിരുന്നു. അങ്ങോട്ട് കയറാനായി ഒരു ഏണിയും കാണാം. നല്ല കുത്തനെയുള്ള കയറ്റമാണ് എങ്കിലും കയറാൻ പ്രയാസമില്ല. ശ്രീകോവിലിന്റെ അകത്തേക്ക് പോകാനും വരാനും ഒരു വാതിൽ മാത്രം. ഒരേസമയം രണ്ടോ മൂന്നോ ആൾക്കാർക്ക് മാത്രമേ അവിടെ നിന്ന് തൊഴാൻ പറ്റുമായിരുന്നുള്ളു. ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠയാണെന്ന് പൂജാരി പറഞ്ഞറിഞ്ഞു. താഴേക്കിറങ്ങുമ്പോൾ സൂക്ഷിച്ച് ഇറങ്ങണമായിരുന്നു. അതുകഴിഞ്ഞ് ഗണപതി തുടങ്ങിയ മറ്റു ഉപദേവതമാരേയും തൊഴുതുകൊണ്ട് ആ വലിയ അമ്പലമുറ്റത്തു കൂടി സന്ധ്യാസമയത്തെ കുളിർതെന്നലുമേറ്റ് ഞങ്ങൾ നടന്നു. നടക്കുന്ന ഞങ്ങൾക്ക് സമാന്തരമായി ശിവലിംഗങ്ങൾ. വലിയ ഗോപുരത്തെ അവിടെ നിന്നുകൊണ്ട് ഏറെനേരം വീക്ഷിച്ചു, കണ്ണെത്താവുന്നിടത്തോളം. അതിന്റെ ഏറ്റവും മുകളിൽ കാണുന്ന,  വലിയ ഒറ്റക്കല്ലിൽ ഉണ്ടാക്കിയ ഗോളം എത്രയോ അധികം ഭാരമുള്ളതാണത്രേ. കിലോമീറ്ററുകളോളം നീളുന്ന ചെരിഞ്ഞ പാതയുണ്ടാക്കി അതിലൂടെ കല്ലുകൾ വലിച്ചുകയറ്റിയാണത്രെ ഈ ഗോപുരങ്ങളും മറ്റും പണികഴിപ്പിച്ചത്. എത്രയോ വർഷത്തെ എത്രയോ ആയിരം ജോലിക്കാരുടെ അദ്ധ്വാനത്തിന്റെ ഫലം. വൈദ്യുതി പ്രകാശത്തിൽ ഗോപുരം സ്വർണ്ണവർണ്ണമായി കാണപ്പെട്ടു. അതിലെ ഓരോ കല്ലിലും കവിത വിരിഞ്ഞുനിൽക്കുന്നു! നേരത്തെ വരിനിൽക്കുമ്പോൾ കണ്ടുമുട്ടിയ അന്നാട്ടുകാരിയായ ഒരു ചേച്ചി ഗോപുരത്തിൽ കൊത്തിവെച്ചിട്ടുള്ള ഒരു വിദേശിയുടെ രൂപം കാണിച്ചു തന്നു. അവർ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങൾ അത് ശ്രദ്ധിക്കില്ലായിരുന്നു. കാഴ്ചകൾ കണ്ടു നടന്നതിനാൽ ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ തന്നെ ഏറെ സമയമെടുത്തു. കുറച്ചുനേരം അവിടുത്തെ കല്പടവുകളിൽ ഇരുന്നു, സൊറ പറഞ്ഞു. കുട്ടികൾ ഓടിക്കളിച്ചു. ആളുകൾ കൂട്ടത്തോടെ ഇരുന്നും  ഫോട്ടോയെടുത്തും ആ മുഹൂർത്തം ആസ്വദിക്കുകയാണ്. ഞങ്ങളും ഫോട്ടോ എടുത്തു. ബ്രഹ്മദേവന്റെ കോവിലും അതിനകത്തുണ്ടായിരുന്നു. രണ്ടുമണിക്കൂർ ഞങ്ങൾ അവിടെ ചെലവഴിച്ചുകാണും. സത്യത്തിൽ കണ്ടിട്ടും മതിവന്നിരുന്നില്ല. പക്ഷേ മടങ്ങാതിരിക്കാനാവില്ലല്ലോ. വന്ന വഴിയിലൂടെ മടക്കം. വഴിക്കരികിൽ കണ്ട കരകൗശലക്കടയിൽ കയറി. പാവകൾക്ക് പേരുകേട്ട സ്ഥലമാണത്രെ തഞ്ചാവൂർ. പക്ഷെ വളരെ ചെറിയ പാവയ്ക്കു പോലും തീവില. അതിനാൽ ഒന്നും വാങ്ങിയില്ല. തൊട്ടടുടുത്ത ഭക്ഷണശാലയിൽ നിന്ന് കാപ്പികുടിച്ചിറങ്ങി. കുറച്ചുനേരം കൂടി അവിടെക്കറങ്ങി പതുക്കെ മുറിയിലേക്ക് നടന്നു. സമയം എട്ടുമണിയാകാറായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ ചൂട് ദോശ കഴിച്ചു. മുറിയിലെത്തി കുറച്ചുനേരം ടെലിവിഷൻ കണ്ടിരുന്നു. രാവിലെ നേരത്തെ പുറപ്പെടാം എന്ന തീരുമാനിച്ചതിനാൽ പെട്ടികളൊക്കെയൊരുക്കി ഉറങ്ങാൻ കിടന്നു. 

ഏഴുമണി കഴിഞ്ഞപ്പോൾ തഞ്ചാവൂരിനോട് വിട പറഞ്ഞു. മനസ്സിലപ്പോഴും നിറഞ്ഞുനിന്നിരുന്നത് ഇന്നലെക്കണ്ട മായക്കാഴ്ചകളാണ്. ഇതിന്റെ സമീപപ്രദേശങ്ങളായ കുംഭകോണത്തിലടക്കം ശില്പാലംകൃതമായ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാഴ്ചകൾ ഇനിയുമേറെ ഉണ്ടെന്നറിയാമായിരുന്നു, എങ്കിലും അതൊക്കെ പിന്നീടാവാം എന്ന് മനസ്സിൽ കുറിച്ച് മടങ്ങുകയായിരുന്നു. ഏകദേശം 385 കി.മി ദൂരമുണ്ട് ബാംഗ്ളൂരിലേക്ക്. നാമക്കൽ വഴിയാണ് മടങ്ങിയത്. തിരക്ക് പിടിച്ച വഴിയായിരുന്നു. എക്സ്പ്രസ്സ് പാതകൾ ആയിരുന്നില്ല. വീതിയും കുറവായിരുന്നു. എങ്കിലും ആദ്യമായി കാണുന്ന നാടിൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് തന്നെയാണ് വണ്ടിയോടിച്ചത്. വഴിയിൽ നിന്നും ഒരിക്കൽക്കൂടി പെട്രോൾ നിറച്ചു. ഇതുവരെയുള്ള യാത്രയിൽ ഇന്ധനത്തിനായി കൂടുതൽ വില കൊടുക്കേണ്ടിവന്നത് രാമേശ്വരത്തായിരുന്നുവെന്ന് മനസ്സിലായി. നാമക്കലിനടുത്തുള്ള ശരവണഭവനിൽ നിന്നും പ്രഭാതഭക്ഷണം. തമിഴ്‌നാട്ടിലെ ദോശയ്ക്ക് പ്രത്യേക സ്വാദാണ്, അതിനാൽ എല്ലായിടത്തുനിന്നും ദോശ തന്നെയാണ് കഴിച്ചിരുന്നത്. സേലം കഴിഞ്ഞ് ദേശീയപാത 44 ൽ കയറി. ഹൊസൂർ എത്താറായപ്പോൾ ഉച്ചയായി. വഴിയരികിൽ കണ്ട ശരവണഭവനിൽ നിന്ന് ഊണ് കഴിച്ചു. സാമാന്യം വിശാലമായ, തിരക്കധികമില്ലാത്ത നല്ല വൃത്തിയുള്ള  ഭക്ഷണശാലയായിരുന്നു. അപ്രതീക്ഷിതമായി അവിടെവെച്ച് സുഹൃത്തിനെയും കുടുംബത്തെയും കാണാനിടയായി. അവരും തീർത്ഥയാത്രയിലായിരുന്നു, ഗുരുവായൂർ നിന്നുള്ള മടക്കം. ഞങ്ങൾ ഹരനെ കാണാൻ പോയപ്പോൾ അവർ പോയത് ഹരിയെ കാണാനായിരുന്നെന്ന് മാത്രം. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തിയപ്പോഴും റോഡിലെ തിരക്ക് കൂടിവന്നു. ഒടുവിൽ നാലുമണിക്ക് മുൻപായി വീട്ടിൽ എത്തി. കുളി കഴിഞ്ഞ് ഉന്മേഷം വീണ്ടെടുത്ത് കണ്ടകാഴ്ചകളുടെ മധുരിക്കുന്ന ഓർമ്മകളുമായി അടുത്തദിവസം മുതൽ പതിവ് ജീവിതത്തിരക്കുകളിൽ ഞങ്ങൾ മുഴുകി, അടുത്ത യാത്രയും സ്വപ്നംകണ്ട്.

ഈ യാത്രയിൽ എന്നല്ല മിക്ക യാത്രകളിലും അധികം ഫോട്ടോ എടുക്കുന്ന പതിവില്ല എനിക്ക്. മനസ്സിൽ പതിയുന്ന കാഴ്ചയുടെ ഭംഗി വരില്ലല്ലോ ഇത്തരം ചിത്രങ്ങൾക്ക്. മാത്രവുമല്ല, കേടാകാതേയും ചിതലരിക്കാതേയും അതവിടെ കിടക്കുകയും ചെയ്യും കാലങ്ങളോളം; മങ്ങാതെ മായാതെ. അത്തരം ഓർമ്മകളുടെ ആകെത്തുകയാണല്ലോ നമ്മൾ ഓരോരുത്തരുടേയും ജീവിതം.

തീർത്ഥാടനത്തിന്റെ ശേഷിപ്പ്

 


ആയിരം കൽത്തൂണുകളിൽ, 

ആയിരം ദീപനാളങ്ങളിൽ, 

ആയിരം മാനവഹൃദയങ്ങളിൽ, 

വാഴുന്ന ദേവാ സുന്ദരേശാ,

മധുര മീനാക്ഷിതൻ പ്രിയനാഥാ.

                 *****

രാമായണത്തിലെ ശ്രീരാമൻ, 

സീതയെ തേടിയ ശ്രീരാമൻ,

സാഗരതീരേ ധ്യാനത്തിലാണ്ടവൻ 

കാലാന്തകനെ പൂജിച്ചു;

രാമൻ, രാമനാഥേശ്വനെ പ്രതിഷ്ഠിച്ചു.

                *****

ശിൽപിതൻ അദ്‌ഭുതകരവിരുതോ?

കല്ലേപ്പിളർക്കും രാജാജ്ഞയോ? 

കാരുണ്യമൂർത്തി തൻ പ്രസാദമോ? 

അവർണ്ണനീയം, ബൃഹദ്ദീശ്വര സന്നിധാനം! 

ദൂരം

ഉറവ മാസിക ഫെബ്രുവരി 2024 ലക്കത്തിൽ പ്രസിദ്ധീകരിച്ച കവിത  





വാളയാറിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് എത്ര ദൂരം?


ഒരു മുഴം കയറില്ലാതെ, കീഴ്‌പ്പെടുത്തി

നിശ്ശബ്ദയാക്കാനെടുക്കുന്ന സമയദൈർഘ്യം.

അല്ലെങ്കിൽ ആവർത്തിക്കപ്പെടുന്ന 'ഒറ്റപ്പെട്ട' 

സംഭവങ്ങളുടെ ഇടവേളയിലെ ദൈർഘ്യം.

ചിലപ്പോഴത് പുതിയ ബ്രേക്കിംഗ് ന്യൂസുകൾ 

പിറക്കാനെടുക്കുന്ന സമയവുമാകാം.

വേണ്ടപ്പെട്ടവർക്ക് വേണ്ടി അധികാരികൾ 

നിയമം വളയ്ക്കാനെടുക്കുന്ന സമയമെത്രയോ അത്ര.


ഇടനെഞ്ച് പൊട്ടിപ്പോകുന്നവരുടെ,

അമ്മിഞ്ഞപ്പാല് വറ്റിയവരുടെ, 

തൊണ്ടയിലൊരു നിലവിളി കുരുങ്ങിയവരുടെ 

വേദനക്ക് മാത്രം ദൈർഘ്യം ജീവിതാവസാനം വരെ!

ശിവമയം

പനയാൽ ശ്രീ മഹാലിംഗേശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ടെഴുതിയ ഈ ഗാനം 2024 ജനുവരി 15 (മകരം 1 ) നാളിൽ ഭഗവാന്റെ തിരുവുത്സവത്തോടനുബന്ധിച്ച് തിരുനടയിൽ സമർപ്പിക്കുകയുണ്ടായി. ഈ ഗാനത്തിന്റെ രംഗങ്ങൾ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ നിന്നും കാണാവുന്നതാണ്. 

https://www.youtube.com/watch?v=q2ri2hSxpS8



ശംഭോ ശങ്കര ജഗന്നാഥാ…

ശംഭോ ശങ്കര ഗൗരീപതേ…

ശംഭോ ശ്രീ നീലകണ്ഠാ..

ശംഭോ മഹാലിംഗേശ്വരാ..

പനയാൽ വാഴും ശംഭുവേ ശരണം…

പനയാലപ്പനേ ശരണം ചരണം…


ശ്രീകോവിൽ മുന്നിൽ കൈ കൂപ്പി നിന്നു 

എൻ മാനസത്തിൽ നീ വിളങ്ങി നിന്നു

പരമേശ്വര നാമം മുഴങ്ങി ചുറ്റിലും

അമ്പലപ്രാവു പോൽ മനം കുറുകി 


അഴലെല്ലാം മറന്നു ഇരുളെങ്ങോ മറഞ്ഞു 

ജന്മാന്തര സുകൃതം നിൻ കടാക്ഷം 

കൈക്കുമ്പിളിൽ തീർത്ഥമേറ്റുവാങ്ങി 

പഞ്ചാക്ഷരിയാൽ അകം നിറഞ്ഞു 


ശീവേലി കണ്ടു തിരുനർത്തനം കണ്ടു 

മനതാരിൽ കാർമുകിൽ പോയിമറഞ്ഞു 

നിന്നാർദ്രഭാവമെൻ മിഴി നനച്ചു  

ഓംകാരമന്ത്രം വാനിലുയർന്നു


ഡമ ഡ്ഡമ ഡമ ഡ്ഡമ ഡമരു മുഴങ്ങി കൈലാസശൃംഗേ രുദ്രനുറഞ്ഞു

ധഗദ്ധഗ ധഗദ്ധഗ കോപാഗ്നിയാളി ദക്ഷമദാന്തക താണ്ഡവ നടനം 

ഈരേഴുപതിനാലുലോകം വിറപ്പൂ സംഹാരമൂർത്തിയിന്നാടീടുമ്പോൾ

ഈരേഴുപതിനാലുലോകം സ്തുതിപ്പൂ കാരുണ്യമൂർത്തിയേ ശരണം നീ നിത്യം

കാരുണ്യമൂർത്തിയേ ശരണം നീ നിത്യം

കാരുണ്യമൂർത്തിയേ ശരണം നീ നിത്യം

കാരുണ്യമൂർത്തിയേ ശരണം നീ നിത്യം


ഭഗവാന് സമർപ്പിക്കുന്നതിന്റെ ദൃശ്യം:



2023-2

കാസർഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന 'ഉത്തരദേശം' എന്ന പത്രത്തിൽ താഴെ കൊടുത്തിരിക്കുന്ന ലേഖനം ചെറിയ ചില മാറ്റങ്ങളോടെ ജനുവരി 10, 2024 ന് കൊടുത്തിരുന്നു.

https://utharadesam.com/last-year-kerala-saw/

സാമ്പത്തിക പരാധീനതകൾക്കിടയിൽ ഞെരുങ്ങിയ കേരളം - പോയവർഷം  കേരളത്തിന്റെ അവസ്ഥ ഇങ്ങനെയായിരുന്നു. സാമ്പത്തികപ്രശ്നങ്ങളാൽ ശമ്പളം കൊടുക്കാൻ പോലും വകയില്ലാതെ ക്ഷേമപെൻഷനുകളും കർഷകർക്കുള്ള കുടിശ്ശികയും മുടങ്ങുകയും ആത്മഹത്യകൾ അരങ്ങേറുകയും ചെയ്യുമ്പോൾ തന്നെയാണ് കേരളീയവും നവകേരളയാത്രയും ക്ലിഫ് ഹൗസ്സിലെ തൊഴുത്ത് നിർമ്മാണവും യുവജനക്ഷേമകമ്മീഷന്റെ ശമ്പളവർധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നാട്ടിൽ അരങ്ങേറിയത്. അതിനിടയിലും കെ-ഫോൺ, വിഴിഞ്ഞം തുറമുഖം, എ ഐ കാമറ, കുടിവെള്ളവിതരണം എന്നിങ്ങനെ ചില വികസനമുദ്രകളും ഈ നാട്ടിൽ കാണുകയുണ്ടായി. പറഞ്ഞാലും തീരാത്ത വിവാദങ്ങളും പോരാട്ടങ്ങളും അക്രമങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ദുരിതങ്ങളും എന്നുവേണ്ട സകലമാനസംഭവങ്ങളും മറ്റിടങ്ങളിലെന്നപോലെ ഈ കൊച്ചുകേരളത്തിലും പോയവർഷം അരങ്ങേറുകയുണ്ടായി.  ഏതായാലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച പ്രധാന സംഭവങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. വിശദമായി പറയാനുള്ള സ്ഥലപരിമിതിയും സമയക്കുറവും ഇവിടെയുണ്ടെന്നതുകൂടി കണക്കിലെടുക്കണം.

ഭരണഘടനയെ വിമർശിച്ചതിന് മന്ത്രിസ്ഥാനം നഷ്‌ടമായ സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിൽ അമർന്നിരിക്കുന്നതിന് ഈ വർഷം ആദ്യം നാം സാക്ഷിയായി. ഭരണഘടനയെ സംരക്ഷിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവർ തന്നെയാണ് അതിനെ വിമർശിക്കുന്നതും പിന്നീട് അതേ ഭരണഘടന നൽകുന്ന അധികാരസുഖം നുണയാനായി എത്തുന്നതും. ഭക്ഷ്യദുരന്തം ഒരിക്കൽ കൂടി കേരളത്തിൽ എത്തി. ഉറക്കമുണർന്ന ഭക്ഷ്യവകുപ്പ് ത്വരിതഗതിയിൽ ഗുണനിലവാര പരിശോധനയെന്ന പ്രഹസനവുമായി ഇറങ്ങി, അതും വാർത്തയുടെ ചൂട് ആറുന്നതുവരെ മാത്രം. ദിനംതോറും ലഹരിയുടെ അടിമകളായിത്തീരുന്ന നമ്മുടെ ബാല-കൗമാരങ്ങൾ ഏറെ ആശങ്കയുണർത്തുന്ന ഒരു വാർത്ത തന്നെയാണ്. ഇതിന്റെ പിന്നിൽ ഭരണകക്ഷിയുടെ യുവജനസംഘടനകളിൽ പ്രവർത്തിക്കുന്ന ചിലരെങ്കിലും  ഉൾപ്പെട്ടിട്ടുണ്ടെന്നത് അതിലും വലിയ ഞെട്ടലായിരുന്നു. പകൽ മുഴുവൻ ലഹരിക്കെതിരെ ഘോരഘോരം വാദിക്കുക, ഇരുട്ടിന്റെ മറവിൽ അതിന്റെ വില്പനക്കാരാകുക. ഒരുപക്ഷെ ഈ അധികാരബന്ധങ്ങൾ തന്നെയാണ് ലഹരിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സാധിക്കാതെ പോകുന്നതിനും കാരണം എന്ന് പറയേണ്ടിയിരിക്കുന്നു. കോളേജ് ലാബുകളിൽ ആയുധനിർമ്മാണം, പോലീസുകാരുടെ ഗുണ്ടാബന്ധം തുടങ്ങിയ വാർത്തകളും ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

ഒരുകാലത്ത് സ്വകാര്യ സർവ്വകലാശാലകൾക്കെതിരെ വീറോടെ സമരരംഗത്തിറങ്ങിയിരുന്ന ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം തങ്ങളുടെ നിലപാടിൽ നിന്നും മാറി അവയ്ക്കനുകൂലമായി നിലപാടെടുക്കുന്നതും നാം കണ്ടു. ആഗോളവിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇപ്പോഴെങ്കിലും ഇടതുപക്ഷം തിരിച്ചറിഞ്ഞെന്നു കരുതാം. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയെന്ന് ഇടതുപക്ഷം മേനിപറഞ്ഞിരുന്ന കെ റെയിലിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യമായി യുഡിഎഫ് നേതാക്കളെ കൂടെ കൂട്ടിയതും നാം കണ്ടു. സാമൂഹ്യാഘാതപഠനത്തിന്റെ റിപ്പോർട്ട് പുറത്തിറക്കി, കെ റയിൽ യാഥാർഥ്യമായാൽ എത്രമാത്രം വലിയ ദുരന്തമാണ് സംഭവിക്കാനിരുന്നത് എന്നത് ജനങ്ങൾക്കവർ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വർദ്ധന വരുത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ, ക്ഷേമപെൻഷനുകൾ നൽകാനെന്ന പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് രണ്ടു രൂപയുടെ അധിക സെസ്സും ഏർപ്പെടുത്തി. നഷ്ടത്തിന്റെ പേരും പറഞ്ഞ് വെള്ളക്കരവും വൈദ്യുതിക്കാശും പലവട്ടം വർദ്ധിപ്പിച്ചു. വീണ്ടും ഒരു ആദിവാസിയുവാവിന്റെ മരണം കൂടി സംസ്ഥാനത്ത്. ആത്മഹത്യയെന്ന് പോലീസും കൊലപാതകമെന്ന് വീട്ടുകാരും. ഇത്തരം കേസുകളുടെ ഭാവി എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാൻ പറ്റുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ഏറെ കോളിളക്കം സൃഷ്ടിച്ച ലൈഫ് മിഷൻ കേസിന്റെ പേരിൽ എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു. തുടർന്ന് യൂണിടെക് എം ഡി സന്തോഷ് ഈപ്പനും അറസ്റ്റിലായി. പല ഉന്നതർക്കും പങ്കുണ്ടെന്നു പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വരെ ഇ ഡി ചോദ്യം ചെയ്തു. ഉന്നതപദവിയിലിരിക്കുന്ന പലരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അയച്ച അശ്ലീലസന്ദേശങ്ങൾ കണ്ടു ജനം മൂക്കത്ത് വിരൽ വെച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ പോലും ആരും തയ്യാറായില്ല എന്ന വിചിത്ര നിലപാടും നാം കാണുകയുണ്ടായി. മുൻ സ്‌പീക്കർക്കും മന്ത്രിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ പോലും കഴിയാതെ, കൂടുതൽ വെളിപ്പെടുത്തലുകൾ ഭയന്ന് അവരൊക്കെ പിൻവാങ്ങുന്നതും നാം കണ്ടു. പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസിനെ വേട്ടയാടാൻ എന്നും ഉത്സാഹിച്ചിരുന്ന കേന്ദ്രസർക്കാരാവട്ടെ ഇത്ര വലിയ അഴിമതിയാരോപണങ്ങൾ കേട്ടിട്ടും അതിനെതിരെ ഒരു അന്വേഷണം നടത്താൻ തയ്യാറാകാത്തതും ഇരുപക്ഷങ്ങൾ തമ്മിലുള്ള അന്തർധാരയുടെ ഫലമായിട്ടാണോയെന്ന് ജനത്തിന് സംശയം തോന്നുകയുമുണ്ടായി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചിലവഴിച്ചെന്ന പരാതിയിലെ വാദങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഒരുവർഷത്തിന് ശേഷം ലോകായുക്ത വിധി പറഞ്ഞു, കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിക്കൊണ്ട്. മാസങ്ങൾക്ക് ശേഷം വന്ന ലോകായുക്തയുടെ തീരുമാനമാകട്ടെ സർക്കാരിന് അനുകൂലമായും. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കേന്ദ്രസർക്കാർ ബിബിസി ഓഫീസുകളിൽ പരിശോധന നടത്തിയപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിനെതിരെ വാദിച്ചവർ കേരളത്തിലെ മാധ്യമപ്രവർത്തകരെ ഭരണപക്ഷം അക്രമിച്ചപ്പോഴും അസഭ്യം പറഞ്ഞപ്പോഴുമൊക്കെ ഉരുണ്ടുകളിക്കുന്നതും കണ്ടു. മറുനാടനെതിരെ സർക്കാരും ഭരണപക്ഷവും നടത്തിയ മാധ്യമവേട്ട പലപ്പോഴും കോടതികളിൽപ്പോലും വിമർശിക്കപ്പെട്ടു. കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളത്തിന് വേണ്ടി കോടതികളിൽ കയറിയിറങ്ങുന്നതും സർക്കാരിനെ പലതവണ കോടതികൾ മുൾമുനയിൽ നിർത്തുന്നതും നാം കണ്ട മറ്റൊരു കാഴ്ചയാണ്. ഓരോ മാസത്തെ ശമ്പളവും ഗഡുക്കളായി കൊടുക്കാമെന്ന് ഗത്യന്തരമില്ലാതെ സർക്കാർ പറഞ്ഞെങ്കിലും അതിനും വഴിയില്ലാത്ത  അവസ്ഥയിലാണിപ്പോൾ. ആ സ്ഥാപനത്തെ നന്നാക്കാൻ ഇറങ്ങിയവരൊക്കെ യൂണിയൻകാരുടേയും അവർക്ക് ഒത്താശ പാടുന്നവരുടേയും മർക്കടമുഷ്ടി കാരണം ദൗത്യം പാതിവഴിയിലിട്ടു പോയി. സർക്കാർ കെടുകാര്യസ്ഥയുടെ ഏറ്റവും വലിയ തെളിവായി മാറി ഈ സ്ഥാപനം. കൊച്ചിയിലെ മാലിന്യത്തിൽ പടർന്ന തീ പറത്തിവിട്ട വിഷപ്പുക ഒരുപാടു ജീവിതങ്ങളെ ദുരിതത്തിലാക്കി. ഒരുപാട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് അതിനെ നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞത്. സർക്കാർ കൊട്ടിഘോഷിച്ച മാലിന്യനിർമ്മാജ്ജനത്തിന്റെ മറ്റൊരു ദുരന്തപൂർണ്ണമായ മുഖമായിരുന്നു ഇവിടെ കാണാൻ കഴിഞ്ഞത്. ആരുടെയൊക്കെയോ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിയമം മറന്നപ്പോൾ  പുകഞ്ഞുപോയത് നിസ്സഹായരായ ജനങ്ങളായിരുന്നു. വഴിവിട്ട കരാർ എത്തിനിന്നതും മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മുന്നിലായിരുന്നു. പ്രഖ്യാപിക്കപ്പെട്ട അന്വേഷണങ്ങൾ എല്ലാം പ്രഹസനമായി. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും മേല്പറഞ്ഞ കമ്പനിക്ക് വഴിവിട്ട രീതിയിൽ കരാർ ലഭിച്ച കഥകളും ഇതിനിടയിൽ പുറത്തുവന്നു.

പോയവർഷം ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പ്രസ്താവനയായിരുന്നു തലശ്ശേരി അതിരൂപതയിലെ ആർച്ച്  ബിഷപ്പിന്റേതായി പുറത്തുവന്ന, 'റബ്ബറിന് മുന്നൂറു രൂപയാക്കിയാൽ സംസ്ഥാനത്ത് ബിജെപിയെ പിന്തുണക്കും' എന്നത്. ബിജെപിക്ക് പ്രതീക്ഷയും മോഹവും നൽകി; ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചു ഈ പ്രസ്താവന. പക്ഷേ മണിപ്പൂരിലെ വർഗ്ഗീയകലാപത്തിൽ  കേന്ദ്രസർക്കാരിന്റെ നിലപാടുകളും റബ്ബറിന്റെ വിലകൂടാൻ സാധ്യതയില്ല എന്ന തിരിച്ചറിവുകളും ഈ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഏതായാലും ബിഷപ്പിന്റെ ഈ പ്രസ്താവന റബ്ബറിന്റെ സബ്സിഡി പുനഃസ്ഥാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചുവെന്ന വാർത്ത സാംസ്കാരികകേരളത്തിന് അപമാനമായി. നാളിതുവരെയായിട്ടും സർക്കാരിൽ നിന്നും ഇരയ്ക്ക് നീതി ലഭിച്ചില്ല എന്നത് 'ഒറ്റപ്പെട്ട' ഈ കേസിലെ വൈരുദ്ധ്യം. സംവരണപ്രശ്നത്തിൽ അയോഗ്യനാക്കപ്പെട്ട ദേവികുളം എം എൽ എ യും മതത്തെ ഉപയോഗപ്പെടുത്തി എന്നതിന് തൃപ്പൂണിത്തറ എം എൽ എയും കോടതികളിൽ പോരാട്ടം തുടരുന്നു. നിയമസഭയിലെ പ്രതിപക്ഷസമരങ്ങളും സത്യാഗ്രഹങ്ങളും ഏറെ വിവാദമായി. വേഗതയ്ക്ക് കൊതിക്കുന്ന മലയാളികൾക്ക് കേന്ദ്രത്തിന്റെ സമ്മാനമായി ലഭിച്ചത് ഒന്നല്ല, രണ്ട് വന്ദേഭാരത് തീവണ്ടി. എതിർത്തവർ പോലും അതിൽ ടിക്കറ്റ് എടുക്കാൻ പരക്കംപായുന്നതും നിത്യകാഴ്ച. കെ റയലിന് ബദലായി അതിവേഗ/അർദ്ധാതിവേഗ ആകാശ തീവണ്ടിപ്പാതകളെന്ന ആശയവുമായി ഇ ശ്രീധരൻ രംഗത്തുവന്നു. സംസ്ഥാനത്തെ റോഡുകളെ അപകടരഹിതമാക്കുകയെന്ന നല്ല ഉദ്ദേശവുമായി കെൽട്രോണുമായി സഹകരിച്ച് സർക്കാർ സംസ്ഥാനത്തിലെ റോഡുകളിൽ എ ഐ ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചു. വാഹനം ഓടിക്കുമ്പോഴുള്ള എല്ലാ നിയമലംഘനങ്ങളും പിടിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇതിനുശേഷം  സംസ്ഥാനത്തെ റോഡുകളിൽ അപകടങ്ങളിൽ കുറഞ്ഞുവെന്നാണ് മന്ത്രിയുടെ അവകാശവാദം. എങ്കിലും ഈ പദ്ധതിക്കെതിരെ ഉയർന്ന ആരോപണം ഇതിന്റെ ശോഭ കെടുത്തി എന്ന് പറയാതിരിക്കാനാവില്ല. ടെൻഡർ പോലും വിളിക്കാതെ വന്ന കരാറിനെ ചൊല്ലി പ്രതിപക്ഷം പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും അന്വേഷിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞ ലാവലിൻ കേസ് ഈ നൂറ്റാണ്ടിലും തീരാനുള്ള സാധ്യതയില്ല എന്ന സന്ദേശവുമായി പലതവണ സുപ്രീം കോടതിയിൽ വാദം കേൾക്കൽ നീട്ടിവെച്ചു. സംസ്ഥാനവും കേന്ദ്രവുമായുള്ള ഒത്തുകളി രാഷ്ട്രീയമെന്ന്  കോൺഗ്രസ്. കൊടകര കുഴൽപ്പണക്കേസിലെയും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലേയും അന്വേഷണം ഇഴയുന്നത് കാണുമ്പോൾ ആരോപണത്തിൽ തെറ്റുപറയാനാവില്ല. 

വന്യമൃഗശല്യം ഓരോവർഷം കഴിയുമ്പോഴും ഏറിവരുന്നതാണ് കാണുന്നത്. അരിക്കൊമ്പനും ചക്കകൊമ്പനുമെല്ലാം കടുവയും പുലിയുമെല്ലാം മാധ്യമങ്ങളിൽ ഏറെ ദിവസങ്ങളിൽ ചർച്ചയായി. സ്വാഭാവികവനം കുറയുന്നതാണ് ഇതിനു കാരണമെന്ന് പക്ഷേ നാം ഓർക്കുന്നില്ല. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി പരപ്പനങ്ങാടിയിലെ ബോട്ട് അപകടത്തിൽ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 22  ജീവനുകൾ. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും പിടിപ്പുകേടിനും വഴിവിട്ട നീക്കങ്ങൾക്കുമെല്ലാം മറ്റൊരു ഉദാഹരണം. ബോട്ട് പരിശോധന എന്ന പ്രഹസനം വീണ്ടും കണ്ടു. ഏറെ ദുരൂഹത ഉയർത്തി സെക്രട്ടറിയേറ്റിൽ വീണ്ടും അഗ്നിബാധ. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കാൻ കേന്ദ്രസംഘം വരാനിരിക്കെ നടന്ന സംഭവത്തിൽ തുടർനടപടിയില്ല. സർവ്വകലാശാല തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തുക,  പരീക്ഷ എഴുതാതെ വിജയിപ്പിക്കുക, വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി പിടിയിലാകുക എന്നിങ്ങനെ പലതരം നാണംകെട്ട കലാപരിപാടികൾക്കും നാം സാക്ഷിയായി. തീവണ്ടിയിൽ തീപിടുത്തം, അക്രമം തുടങ്ങിയ സംഭവങ്ങൾ ഒന്നിലധികം തവണ കേരളത്തിൽ അരങ്ങേറി. എലത്തൂർ തീവണ്ടിയാക്രമണക്കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പൊക്കിയത് കേരളാപോലീസിന് അഭിമാനകരമായി, പ്രത്യേകിച്ച് പോലീസിനെതിരെ ഒരുപാട് ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ. ലോകകേരളസഭയുടെ പേരിൽ മുഖ്യമന്ത്രിയും സംഘവും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ പ്രവാസികളോട് സംവദിക്കാൻ പോയി. ഇതിന്റെ പേരിൽ നടന്നുവെന്ന് പറയപ്പെടുന്ന പണപ്പിരിവും ഏറെ പരിഹാസ്യമായി. ഈ സമ്മേളനങ്ങൾ കൊണ്ട് കേരളത്തിനെന്ത് ഗുണമുണ്ടായി എന്നതും ഇന്നും അവ്യക്തം. പട്ടിശല്യത്തിൽ ജനങ്ങൾ ഏറെ വലഞ്ഞ കാലം കൂടിയായിരുന്നു കടന്നുപോയത്. പട്ടിയുടെ കടിയേറ്റ് മരണം വരെ സംഭവിച്ചു.  കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം അലയടിച്ചു. അലഞ്ഞുനടക്കുന്ന നായകളെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അങ്ങനെ അവയുടെ ശല്യം തീരുമെന്നും മന്ത്രി ഏതായാലും പ്രഖ്യാപിച്ചിട്ടുണ്ട്.  കാലവർഷം ചതിച്ചെങ്കിലും മുൻ സിപിഎം അനുഭാവിയും ദേശാഭിമാനി ജീവനക്കാരനുമായ ശക്തിധരന്റെ ഒന്നിനുപുറകെ ഒന്നായി വന്ന ആരോപണമഴയിൽ പിണറായി വിജയനും മറ്റു നേതാക്കന്മാരും ഏറെ നനഞ്ഞു. കൈതോലപ്പായയും കൊല്ലാനുള്ള ഗൂഢാലോചനയുമടക്കം ഒരുപാട് വെളിപ്പെടുത്തലുകൾ നടത്തി. എല്ലാ ആരോപണങ്ങളെപ്പോലെ ഇതും പാർട്ടി നിഷേധിച്ചു എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.

പിവി അൻവർ എന്ന ഭരണപക്ഷ എം എൽ എയുടെ സ്വാധീനത്തിനു മുന്നിൽ നിയമം പലപ്പോഴായി വഴിമാറുന്നതും നാം കാണുകയുണ്ടായി. മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതികൾ പുറപ്പെടുവിച്ച വിധികൾ പാലിക്കാൻ പോലും സർക്കാരോ ഉദ്യോഗസ്ഥരോ ശ്രമിച്ചില്ല. അതിനെതിരെ വളരെ രൂക്ഷമായി കോടതിക്ക് പലപ്പോഴും പ്രതികരിക്കേണ്ടിവന്നു. മാസങ്ങൾ പലത് കഴിഞ്ഞിട്ടും അധികമുള്ള ഭൂമി പിടിച്ചെടുക്കാതിരിക്കാനുള്ള മെല്ലെപ്പോക്ക് നയവുമായാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യക്തം. കെ റയിലിനുവേണ്ടി ഒരു തുണ്ടു ഭൂമി മാത്രം ഉള്ളവരുടെ അടുക്കളയിൽകേറി കല്ലിട്ടവർ തന്നെയാണ് ഇതിനും കൂട്ടുനിന്നത്. 

മൂട്ടിൽ മരം മുറിക്കേസിൽ ഒടുവിൽ പ്രതികൾക്കെതിരെ കുരുക്ക് മുറുകുന്നു. അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടായെങ്കിലും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കിറ്റ് വെട്ടിക്കുറച്ചു. സപ്പ്ളൈകോവിലും സാധനങ്ങൾ കിട്ടാത്ത അവസ്ഥയിൽ. വിലവർദ്ധന കാരണം ജനം നട്ടം തിരിഞ്ഞു. മന്ത്രിയുടെ മണ്ഡലത്തിലെ സപ്പ്ളൈകോവിൽ പോലും വില കുറഞ്ഞ 13 സാധനങ്ങൾ കിട്ടാതെയായി. വിവാദങ്ങൾക്കു ശമനമില്ലാതെ ദിവസങ്ങൾ കഴിയുന്നതിനിടയിലാണ് ഗണപതി മിത്താണെന്ന പ്രസ്താവനയുമായി സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തുന്നത്. ബിജെപിയും മറ്റു ഹൈന്ദവസംഘടനകളും വിഷയം ഏറ്റെടുത്തപ്പോൾ ഷംസീറിനെ അനുകൂലിച്ചു പ്രസ്താവന നടത്തിയ ഗോവിന്ദൻ മാഷ് നടത്തിയത് അതിലും പുലിവാലായിരുന്നു. ഗണപതി മിത്താണെന്നും മറ്റു മതങ്ങളിൽ ഉള്ളത് വിശ്വാസവുമാണെന്ന ഒന്നാംതരം 'മതേതര' പ്രസ്താവനയിൽ കുരുങ്ങിയ പാർട്ടി സെക്രട്ടറി അതിൽ നിന്നൂരാൻ കുറച്ചു പണിപ്പെടുന്നതും കേരളം കണ്ട കാഴ്ചയാണ്. ഇതിനെതിരെ എൻ എസ് എസ്, എസ് എൻ ഡി പി തുടങ്ങിയവർ നൽകിയ പരാതികൾ കോടതിയുടെ മുന്നിലിപ്പോഴുമുണ്ട്. 

സംസ്ഥാനത്തെ 50 % വീടുകളിലും കുടിവെള്ളമെത്തിക്കുന്ന, ഇന്ത്യയിലെ  ആദ്യസംസ്ഥാനമായി കേരളം മാറി എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നേട്ടമായിരുന്നു. മോദി സമൂഹത്തെ അപമാനിച്ചു എന്ന കാരണത്തിന് ലോകസഭാംഗത്വം നഷ്‌ടമായ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിലെ പോരാട്ടത്തിലൂടെയത്  തിരിച്ചെടുക്കാനായത് കേരളത്തിലെ കോൺഗ്രസ്സിനാകെ ഉണർവേകിയ സംഭവമാണ്. കരിമണൽ കർത്താ എന്നറിയപ്പെടുന്ന വ്യവസായിയുടെ കമ്പനിയിലെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട ആദായവകുപ്പിന്റെ ഒത്തുതീർപ്പ് ഉത്തരവിൽ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കൾ കൈക്കൂലി വാങ്ങിയെന്ന വാർത്തയുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. മുഖ്യമന്ത്രിയുടെയും മകളുടെയും പേരുകളോടൊപ്പം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങി മറ്റു പ്രമുഖരുടെ പേരുകൾ കൂടി വെളിച്ചത്ത് വന്നത് ഇരുപക്ഷത്തേയും വെട്ടിലാക്കി. പാർട്ടിക്ക് വേണ്ടി വാങ്ങിയെന്നു യുഡിഎഫ് നേതാക്കൾ സമ്മതിച്ചപ്പോൾ കൃത്യമായ തെളിവോടെ പേരുണ്ടായിട്ടും മുഖ്യമന്ത്രി അത് നിഷേധിച്ചു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയത് മാത്യു കുഴൽനാടൻ മാത്രമായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ കർത്തയുടെ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന് രേഖകൾ ഉദ്ദരിച്ച് അദ്ദേഹം വെല്ലുവിളിച്ചു. അതിന് പ്രതികാരമെന്നോണം അദ്ദേഹത്തിനെതിരെ സർക്കാർ പലതരത്തിലുള്ള അന്വേഷണപരമ്പരകൾ നടത്തിയെങ്കിലും കുഴൽനാടൻ തളർന്നില്ല. പാർട്ടി തന്നെ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാൻ ഇറങ്ങിയെങ്കിലും ജനം അതെത്ര മാത്രം വിശ്വസിച്ചു എന്നതിൽ സംശയമുണ്ട്. വർഷം കടന്നുപോകുമ്പോഴും തന്റെ നിലപാടിൽ നിന്നും ഒരിഞ്ച് പിന്നോട്ട് മാറാൻ മൂവാറ്റുപുഴ എം എൽ എ തയ്യാറായിട്ടില്ല. ഈ വെളിപ്പെടുത്തലുകൾക്കെതിരെ അന്വേഷണം വേണമെന്ന പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

കരാറിലെ നിയമപ്രശ്നം ഉന്നയിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യതി കരാറുകൾ സർക്കാർ റദ്ദാക്കി. എന്നാൽ അനുദിനം വളരുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അതേ കമ്പനികളുമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിതരായി എന്നതാണ് ഇതിലെ തമാശ. ഭാരം വീണ്ടും ജനങ്ങളുടെ തോളിൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ കരുവന്നൂർ സഹകരണബാങ്ക് കൊള്ള അന്വേഷിക്കാൻ ഇ ഡി എത്തിയതും ഈ വർഷമായിരുന്നു. സിപിഎം ന്റെ മുൻ മന്ത്രിയേയും പാർട്ടി നേതാക്കളെയും ചോദ്യം ചെയ്ത ഇ ഡി ഇതിലുള്ള അന്വേഷണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനപോലീസ് അന്വേഷിച്ചപ്പോൾ പ്രതിപട്ടികയിൽ ഇല്ലാതിരുന്ന പലരും ഇ ഡി യുടെ വലയിൽ കുടുങ്ങിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. സിപിഎം എന്ന പാർട്ടിക്ക് ഈ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്ന തെളിവുകളും ഇ ഡി പുറത്തു വിട്ടു. കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കേന്ദ്രസംഘം ഇപ്പോൾ. അതിനു പിന്നാലെ പല സഹകരണബാങ്കുകളിലെ തട്ടിപ്പും പുറത്തു വരികയുണ്ടായി. വയനാട്ടിലെ തട്ടിപ്പിൽ കോൺഗ്രസ് നേതാവ് കുടുങ്ങിയതും കണ്ടല ബാങ്കിലെ തട്ടിപ്പിന് സിപിഐ നേതാവ് അറസ്റ്റിലായതും ഇതിനു പിന്നാലെയാണ്. രാഷ്ട്രീയപാർട്ടികളുടെ സമ്പൂർണ്ണ നിയന്ത്രണങ്ങളുള്ള സഹകരണബാങ്കുകളിൽ തട്ടിപ്പുകൾ നിർബാധം നടക്കുന്നുവെന്ന് കേരളം കണ്ട വർഷം കൂടിയായിരുന്നു കടന്നുപോയത്. ഈ അന്വേഷണത്തിന്റെ അലയൊലി വരുന്ന വർഷത്തിലും ഉണ്ടാകുമെന്നത് തീർച്ചയാണ്. വ്യാജ ഐ ഡി കാർഡുകളുമായി ബാങ്കുകളുടെ ഭരണം പിടിക്കാൻ ശ്രമിക്കുന്ന  രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നതും മലയാളി കേട്ടു. 

രാജ്യത്തിനാകെ അഭിമാനമായി ചന്ദ്രനിൽ പറന്നിറങ്ങിയ ചന്ദ്രയാൻ-3 ന് പിന്നിലുണ്ടായിരുന്ന മലയാളിസാന്നിദ്ധ്യം ഓരോ മലയാളിയെയും കോരിത്തരിപ്പിച്ചു. യുഡിഎഫ് ഭരണത്തെ അധികാരത്തിൽ നിന്നുമാറ്റിനിർത്തിയ സോളാർ അഴിമതിയിൽ പ്രതിചേർക്കപ്പെട്ട എല്ലാ രാഷ്ട്രീയക്കാരെയും കുറ്റവിമുക്തമാക്കിക്കൊണ്ട് സിബിഐ കോടതി നടത്തിയ വിധിപ്രസ്താവം തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസമുണ്ടെന്ന ഉമ്മൻചാണ്ടിയുടെ നിലപാടിനെ അക്ഷരാർത്ഥത്തിൽ സാധൂകരിക്കുന്നതായി. മരിക്കുന്നതിന് മുൻപ് തന്റെ നിരപരാധിത്വം ജനങ്ങളുടെ മുന്നിൽ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. ഈ ആരോപണത്തിന് പിന്നിൽ ഗണേഷ്‌കുമാർ ഉൾപ്പെടെയുള്ളവരാണെന്ന സിബിഐ യുടെ കണ്ടെത്തലുകൾ ഗണേഷിന് ഏറെ ക്ഷീണമായി. ലഭിക്കുമെന്ന് കരുതിയിരുന്ന മന്ത്രിസ്ഥാനത്തിനും ഇളക്കം തട്ടിയേക്കാമെന്ന അവസ്ഥയ്ക്ക് വരെ കാര്യങ്ങളെത്തി. എങ്കിലും പുതുവർഷാരംഭത്തിന് മുൻപേ, വീതംവെപ്പിൽ ലഭിക്കേണ്ട മന്ത്രിസ്ഥാനം അദ്ദേഹത്തെ തേടിയെത്തുകതന്നെ ചെയ്തു. കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും നിപയെത്തി. 2 ജീവനുകൾ തട്ടിയെടുത്തെങ്കിലും ആരോഗ്യവകുപ്പിന്റെ നിതാന്തജാഗ്രത കാരണം കൂടുതൽ ആളുകളിലേക്കോ പ്രദേശങ്ങളിലേക്കോ പടരാതെ ഈ മഹാമാരിയെ അമർച്ച ചെയ്യാൻ നമുക്ക് കഴിഞ്ഞു. ഏറെ സൂക്ഷ്മതയോടേയും ഉത്തരവാദിത്തത്തോടേയും ആരോഗ്യവകുപ്പ് അഭിനന്ദമർഹിക്കുന്ന രീതിയിൽ തന്നെ ഈ പ്രശ്നത്തെ കൈകാര്യം ചെയ്തു. 

ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ച പി എഫ് ഐ യുടെ നേതാക്കളെയും പ്രവർത്തകരെയും സംസ്ഥാനസർക്കാർ പോലുമറിയാതെ എൻ ഐ എ അറസ്റ്റ് ചെയ്തു. കൃത്യമായ പരിശോധന നടത്താൻ പോലും സംസ്ഥാനസർക്കാരും പോലീസും മടിക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. വോട്ട് ബാങ്കിനെ ഭയന്ന് പലതും കണ്ടില്ലന്നു നടിക്കുന്ന സംസ്ഥാനസർക്കാരിന്റെ അലംഭാവത്തിന് കിട്ടിയ മറ്റൊരു തിരിച്ചടി. എൻ ഐ എ നടത്തിയ പരിശോധനയിൽ നിർണ്ണായകമായ പല രേഖകളും പിടിച്ചെടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്.


ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ ഭീകരരേക്കാൾ സാധാരണക്കാർ കൊല്ലപ്പെടാൻ തുടങ്ങിയപ്പോൾ അതിനെതിരെ വൈകാരികമായി പ്രതിഷേധിക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുന്നതും നാം കണ്ടു. ബിജെപി ഇസ്രയേലിനെ പിന്തുണച്ചപ്പോൾ ഹമാസിനെ സ്വാതന്ത്ര്യവാദികളാക്കി കോൺഗ്രസ്സും സിപിഎമ്മും. മുസ്‌ലിം വോട്ടുകൾ മുന്നിൽ കണ്ട് അവർ മത്സരിച്ച് യോഗങ്ങളും പ്രസ്താവനകളും ഇറക്കി. ഈ കളിയിൽ സിപിഎം ഒരു ചുവട് മുന്നിൽ നിൽക്കുകയും ചെയ്തു. ലോകത്ത് നടക്കുന്ന മറ്റു യുദ്ധങ്ങളോ മനുഷ്യാവകാശധ്വസനങ്ങളോ ഇവർക്കാർക്കും ഒരു പ്രശ്നമേയല്ലായിരുന്നു. മുസ്ലിം ലീഗിനെ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു വിഭാഗത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള സിപിഎമ്മിന്റെ നയത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ പ്രതിഷേധവും. എന്നാൽ കോൺഗ്രസ്സാവട്ടെ കാൽക്കീഴിലെ മണ്ണ് ചോർന്നു പോകാതെ തടയാൻ ശ്രമിക്കുന്ന ബദ്ധപ്പാടിലായിരുന്നു.

പലവിധ കാരണങ്ങളാൽ നിർമ്മാണപ്രവർത്തനങ്ങൾ ഏറെ വൈകിയെങ്കിലും വിഴിഞ്ഞെത്ത് ആദ്യത്തെ കപ്പൽ എത്തിക്കാൻ കഴിഞ്ഞതിൽ സർക്കാർ അഭിമാനിച്ചു. വാട്ടർ സലൂട്ട് നൽകി മുഖ്യമന്ത്രിയും മന്ത്രിമാരും ആ കപ്പലിനെ സ്വീകരിക്കുകയും ചെയ്തു.  പ്രതിപക്ഷത്തിരിക്കുമ്പോൾ, ആറായിരം കോടിയുടെ ഭൂമിക്കച്ചവടമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് പറയുകയും എഴുതുകയും ചെയ്ത സിപിഎമ്മും ഇടതുപക്ഷവും നടത്തിയ ഈ പ്രകടനം അക്ഷരാർത്ഥത്തിൽ പരിഹാസ്യമായി. ഇവരുടെ മുൻനിലപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചിരുന്നു. ഈ സർക്കാരിന്റെ മറ്റൊരു നേട്ടമായി ഉയർത്തിക്കാട്ടാനുള്ളത് കെ ഫോൺ പദ്ധതിയാണ്. കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയവുമായി കഴിഞ്ഞ സർക്കാരിന്റെ തന്നെ കാലത്ത് അവതരിപ്പിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. തുടക്കത്തിൽ ഇന്റർനെറ്റ് നൽകാനുള്ള കേബിളുകൾ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് ഇന്റർനെറ്റ് നൽകുക എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഉദ്‌ഘാടനം കഴിഞ്ഞ് മാസങ്ങൾ ഏറെ കഴിഞ്ഞെങ്കിലും, ജനങ്ങൾക്ക് ഇതെത്രമാത്രം പ്രയോജനകരമാണ് എന്നത് ഇനിയും അറിയേണ്ടിയിരിക്കുന്നു.

കളമശേരിയിൽ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് പൊട്ടി ആളുകൾ കൊല്ലപ്പെട്ടതും നിരവധിപേർക്ക് പരിക്കേറ്റതും വല്ലാത്തൊരു ഭയത്തോടെയും പരിഭ്രാന്തിയോടെയുമാണ് കേരളം കേട്ടത്. സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ആ വിഭാഗത്തോടുള്ള എതിർപ്പു കാരണമാണ് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞു. നാളുകൾ കഴിയുന്തോറും മരണനിരക്ക് കൂടി. അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ വേറെ വല്ല ഗൂഢാലോചനയുമുണ്ടോ എന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.

വർഷാവസാനമായപ്പോൾ കേരളരാഷ്ട്രീയം കൂടുതൽ കലങ്ങി മറിയുന്നതാണ് നാം കണ്ടത്. 'നവകേരളസദസ്സ്' എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാനിറങ്ങിയ പരിപാടി ഏറെ വിമർശനങ്ങൾക്ക് വിധേയമായി. മന്ത്രിമാർക്കുള്ള യാത്രയ്ക്കായി കോടികൾ വിലയുള്ള ശീതീകരിച്ച ബസ്സും അകമ്പടിയായി നൂറോളം കാറുകളും പോലീസുകാവലുമൊക്കെ സാമ്പത്തികപ്രശനത്തിൽ നട്ടം തിരിയുന്ന ഒരു സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന ആക്ഷേപം പരക്കെയുണ്ടായി. മന്ത്രിമാർ കാണുന്നത് പൗരപ്രമുഖരെ മാത്രമാണെന്നും സാധാരണക്കാരായ ജനങ്ങളെയല്ലെന്നതും വിവാദത്തിനു കാരണമായി. മാത്രിമാർ നേരിട്ട് പരാതി വാങ്ങുകയോ തീർപ്പു കല്പിക്കുകയോ ചെയ്യാതിരുന്നതും ആക്ഷേപം വർദ്ധിപ്പിച്ചു. ഈ യാത്രക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ഡി വൈ എഫ് ഐ ക്കാർ മർദ്ധിച്ചതും അതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതും ഏറെ വിവാദത്തിനും പ്രതിഷേധത്തിനും വഴിതെളിച്ചു. യാത്ര അവസാനിക്കുന്നതുവരെ യൂത്ത് കോൺഗ്രസ്സുകാർ ഇതിനെതിരെ പലയിടത്തും പ്രതിഷേധിക്കുകയും എതിർ പാർട്ടിക്കാരാൽ ആക്രമിക്കപ്പെടുകയും ചെയ്തു. സർക്കാർ ജീവനക്കാരേയും കുട്ടികളേയും നിർബന്ധിച്ച് പങ്കെടുപ്പിച്ചും സ്കൂൾ മതിലുകൾ ഇടിച്ചുപൊളിച്ചുമാണ് ഈ യാത്ര മുന്നേറിയിരുന്നത്. നിർബന്ധിതപിരിവിനും പൊളിക്കലിനും കുട്ടികളെ കെട്ടിയിറക്കുന്നതിനുമൊക്കെ കോടതി കടിഞ്ഞാണിടേണ്ട അവസ്ഥയുമുണ്ടായി. നേതാക്കന്മാർ തമ്മിൽ കടുത്ത  വാക്പ്രയോഗങ്ങളുമുണ്ടായി. അതിനിടയിൽ തന്നെയാണ് സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടാൻ ഗവർണ്ണർ ഇറങ്ങിത്തിരിച്ചത്. മുഖ്യമന്ത്രിയും ഗവർണറും സ്ഥാനത്തിന് യോജിക്കാത്ത പല പ്രസ്താവനകളും നടത്തി. മുൻപും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് മഞ്ഞുരുകിയിരുന്നു. തുടർന്നാണ് കണ്ണൂർ വി സി യുടെ പുനർനിയമനത്തിന് ഗവർണ്ണർ പച്ചക്കൊടി കാണിച്ചത്. കോടതി ഉത്തരവിന്റെ ബലത്തിൽ സർവ്വകലാശാലകളിൽ തനിക്കു വേണ്ടപ്പെട്ടവരെ നിയമിക്കാൻ ഗവർണ്ണർ തുനിഞ്ഞപ്പോൾ, കാവിവൽക്കരണമാണെന്ന് പറഞ്ഞ എസ് എഫ് ഐ പ്രത്യക്ഷസമരത്തിനിറങ്ങി. സർവ്വകലാശാലകളിൽ സർക്കാർ ഇതുപോലെ സ്വന്തക്കാരെ നിയമിച്ചപ്പോൾ ഇതിനെതിരെ പ്രതികരിക്കാൻ എസ് എഫ് ഐ തുനിഞ്ഞിരുന്നില്ല. എസ് എഫ് ഐ യേയും സർക്കാരിനേയും വെല്ലുവിളിച്ച് ഗവർണ്ണർ കോഴിക്കോട് മിട്ടായിത്തെരുവിലൂടെ നടത്തിയ യാത്ര ഇതുവരെ കാണാത്ത തരത്തിലുള്ളതുമായിരുന്നു. തുടക്കത്തിൽ സർക്കാരിന്റെ താളത്തിന് തുള്ളിയിരുന്ന ഗവർണ്ണർ ചുവടു മാറ്റി ചാൻസിലർ എന്ന രീതിയിൽ തന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഗവർണ്ണറുടെ മാറിയ നിലപാട്, കണ്ണൂർ വി സി യുടെ പുനർനിയമനം റദ്ദാക്കാൻ സുപ്രീം കോടതിയെ നിർബന്ധിതമാക്കി. ചാൻസലർക്ക് ശുപാർശ സമർപ്പിക്കാനോ നിർദ്ദേശങ്ങൾ കൊടുക്കണോ പ്രൊ ചാൻസലർക്ക് അധികാരമില്ല എന്ന ശ്രദ്ധേയമായ നിരീക്ഷണവും കോടതി നടത്തുകയുണ്ടായി.

കേരളത്തിന്റെ കല-സാംസ്‌കാരിക മേഖലകളെ തൊട്ടുണർത്താനും വിനോദമേഖലയെ പുഷ്ടിപ്പെടുത്താനുമെന്ന ഉദ്ദേശത്തോടെ സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വലിയ കലാമേളയാണ് 'കേരളീയം'. വരുംവർഷങ്ങളിലും ഈ കലാമേള സംഘടിപ്പിക്കുമെന്നും ഇത് സംസ്ഥാനത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കിന് കാരണമാവുമെന്നാണ് സർക്കാർ ഭാഷ്യം. എങ്കിലും സംസ്ഥാനം കടുത്ത സാമ്പത്തികപരാധീനതയിലൂടെ കടന്നുപോകുന്ന സമയത്ത് ധാരാളം പണമൊഴുക്കി ഇങ്ങനെയൊരു മേള സംഘടിപ്പിച്ചതിന് ഏറെ വിമർശനവും സർക്കാർ കേൾക്കേണ്ടിവന്നു.

പോയ വർഷം ഏറ്റവും ചർച്ച ചെയ്തത് ഒരുപക്ഷെ സംസ്ഥാനത്തിന്റെ പരിതാപകരമായ സാമ്പത്തികസ്ഥിതിയും സർക്കാരിന്റെ ധൂർത്തുമായിരിക്കും. ഹൈക്കോടതിയിൽപ്പോലും ചീഫ് സെക്രട്ടറിക്ക് ധനസ്ഥതിയെക്കുറിച്ച് തുറന്നുപറയേണ്ടി വന്നു. നിർമ്മാണകരാറുകാർക്കും സാമൂഹ്യപെൻഷൻ വാങ്ങുന്നവർക്കും നെൽക്കർഷകർക്കും ലൈഫ് മിഷനിൽ വീട് നിർമ്മിക്കുന്നവർക്കും കെ എസ് ആർ ടി സി ക്കും സപ്പ്ളൈക്കോവിനും അങ്ങനെ സമസ്ത മേഖലകളിലും കൊടുക്കാനുള്ള കാശ് കൊടുക്കാൻ കഴിയാതെ കുഴങ്ങുകയാണ് സർക്കാർ. വായ്പഗാരന്റി പോലും കൊടുക്കാൻ കഴിയില്ല എന്ന് കോടതിയിൽ പറയേണ്ടിവന്നു. കർഷക ആത്മഹത്യകൾ പെരുകുന്നു. വിധവകളും രോഗികളും ആരോരുമില്ലാത്തവരുമൊക്കെ സർക്കാർ സഹായത്തിനായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എങ്കിലും സർക്കാരിന്റെ ചെലവാക്കലിനാകട്ടെ ഒരു കുറവുമില്ല. കോടികൾ മുടക്കി നടത്തിയ  കേരളീയവും നവകേരളയാത്രയും പശുത്തൊഴുത്ത് നിർമ്മാണവും പുതിയ സർക്കാർ വാഹനങ്ങളും തുടങ്ങി കെ വി തോമസിന്റെ ഡൽഹിയിലെ നിയമനം വരെ ഏറെ ചർച്ചകൾക്കും കുറ്റപ്പെടുത്തലുകൾക്കും കാരണമായി. തങ്ങളാണ് ദേശീയപാത നിർമ്മിക്കുന്നതെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞുനടന്ന ഇടതുസർക്കാർ സ്ഥലമേറ്റെടുപ്പിനു നൽകിയ പണം പോലും തിരികെവെണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടതും ഇക്കാലത്താണ്. വളരെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കാനോ ചിലവുകൾ കുറയ്ക്കാനോ വരുമാനത്തിന് പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കാനോ സർക്കാരിന് കഴിയുന്നില്ല. വിദഗ്ദാഭിപ്രായങ്ങൾ ചെന്നുവീഴുന്നത് ബധിരകർണ്ണങ്ങളിലാണ്.  കേന്ദ്രമാണിതിന് കാരണമെന്ന് സംസ്ഥാനസർക്കാരും നല്കാനുള്ളതൊക്ക നൽകിയെന്ന് കേന്ദ്രവും പറയുമ്പോൾ എവിടെയാണ് യാഥാർത്ഥപ്രശ്നമെന്ന്  തിരിച്ചറിയാതെ കുഴങ്ങുകയാണ് സാധാരണക്കാർ. 

പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വിഷയം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. പോലീസിന്റെ കാര്യക്ഷമതയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തു. എങ്കിലും മാധ്യമങ്ങളുടെയും ജനങ്ങളുടെയും സഹായത്തോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടിയെ വീണ്ടെടുക്കാനായതും പ്രതികളെ വലയിൽ വീഴ്ത്താനുമായത് പോലീസിന് മാത്രമല്ല ജനങ്ങൾക്കും ഏറെ ആശ്വാസം പകർന്നു എന്നതാണ് വസ്തുത. ഇതിനോടൊപ്പം ചേർത്തുവെയ്ക്കേണ്ട രണ്ടു വാർത്തകളാണ് ആലുവയിൽ കുട്ടിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് വിചാരണ പൂർത്തിയാക്കി അതിവേഗം വധശിക്ഷ വിധിച്ചതും വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചുകൊന്നയാളെ കൃത്യമായ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടതും. 

സർക്കാരിനെതിരെ ശക്തമായ വികാരമുണ്ടായിട്ടും അതിനെ കൃത്യമായ പ്രയോജനപ്പെടുത്താനോ ചോദ്യം ചെയ്യാനോ ആവാതെ നിർവീര്യമായി കിടക്കുകയാണ് പ്രതിപക്ഷം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

എ ഐ കാമറ, കെ ഫോൺ, മാലിന്യപ്ലാന്റ്, ഡിജിറ്റൽ സർവ്വേ തുടങ്ങി എല്ലാത്തിലും അഴിമതി ആരോപണങ്ങളുമൊക്കെയുണ്ടായിട്ടും അവയെ കൃത്യമായി രാഷ്ട്രീയമായോ നിയമപരമായോ ചോദ്യം ചെയ്യുകയോ പ്രതിപക്ഷം എന്ന നിലയിലുള്ള ശക്തമായ ഇടപെടലുകൾ നടത്തുകയോ ചെയ്യാതെ മാറിനിൽക്കുകയാണ് യു ഡി എഫ് എന്നുതന്നെ പറയേണ്ടി വരും. 

സംഘടനതിരഞ്ഞെടുപ്പുപോലും സമയബന്ധിതമായി നടപ്പിലാക്കാനാവാതെ  ഉൾപ്പാർട്ടി പ്രശ്നങ്ങളാൽ നട്ടം തിരിയുകയാണ് കോൺഗ്രസ്.  ഇടത് സർക്കാർ തികഞ്ഞ പരാജയമാണെങ്കിൽ പ്രതിപക്ഷവും അതുതന്നെ. നിയമസഭയിൽ പലപ്പോഴും സർക്കാരിനെ ചോദ്യങ്ങളാൽ വിറപ്പിക്കുന്ന പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഹൈക്കമാൻഡ് പ്രതിനിധിയുമൊക്കെ ഒരു മനസ്സോടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്ന ഗ്രൂപ്പിസമാണിതിന് കാരണം എന്നുതന്നെ പറയേണ്ടിവരും. പലതവണ മാറ്റിവെച്ച യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം പോലും ശക്തമായി പ്രതിരോധിക്കാൻ കഴിയുന്നില്ല. ഏകീകൃത സിവിൽ കോഡിന്റെയും ഇസ്രായേൽ-ഹമാസ് പ്രശ്നത്തിന്റെയുമൊക്കെ പേരിൽ ന്യൂനപക്ഷങ്ങളിക്കിടയിൽ കടന്നുചെല്ലാൻ സിപിഎം നടത്തുന്ന ശ്രമത്തെ പോലും പാർട്ടിയുടെ ദേശീയനേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടോ കൃത്യമായ തീരുമാനം എടുക്കാൻ വയ്യാത്തതിനാലോ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കേരളത്തിലെ കോൺഗ്രസ്സിന് കഴിയുന്നില്ല. പറയുന്നതിൽ പലപ്പോഴും നാക്കുപിഴ വരുത്തുന്ന കെപിസിസി പ്രസിഡന്റും പാർട്ടിക്ക് സമ്മാനിക്കുന്ന തലവേദന ചെറുതല്ല. എങ്കിലും നവകേരളസദസ്സിനൊടുവിൽ നടന്ന സംഭവങ്ങളും എ ഐ കാമറ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട കോടതി നടത്തിയ പരാമർശവും  തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ഒരുണർവ്വ് കോൺഗ്രസിന് നൽകിയിട്ടുണ്ട്. മറ്റൊരു പ്രമുഖകക്ഷിയായ മുസ്ലിം ലീഗാകട്ടെ  സമസ്തയുമായും ഉൾപാർട്ടി പ്രശ്നങ്ങളുമൊക്കെയായി ഇത്തിരി വലയുകയാണ്.

ബിജെപിയിൽ ആകെ ഒരോളം സൃഷ്ടിക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിക്ക് മാത്രമാണ്. അതിനിടയിൽ പീഡനശ്രമത്തിൽ ഒതുക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനേ അതുപകരിച്ചുള്ളൂ. ഗവർണ്ണറുടെ നടപടിയെ ബിജെപി ന്യായീകരിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ ഉപദേശമനുസരിച്ചാണ് അദ്ദേഹം സർക്കാരിനെതിരെ നീങ്ങുന്നതെന്ന ശക്തമായ ആക്ഷേപമുയർത്താനേ സഹായിച്ചുള്ളൂ. സിപിഎമ്മിലും കാര്യങ്ങൾ അത്ര പന്തിയല്ല. ആലപ്പുഴയടക്കമുള്ള പല സ്ഥലങ്ങളിലും വിഭാഗീയത ശക്തമായി നിൽക്കുന്നുണ്ട്. ചിലരെങ്കിലും പാർട്ടിവിട്ടുപോകാൻ അത് കാരണമാകുകയും ചെയ്തു. വ്യക്തിപൂജയെ എന്നുമെതിർത്തിരുന്ന പാർട്ടി ഇന്ന് ഒരു വ്യക്തിയെ ദൈവമായി കരുതുന്ന തരത്തിലേക്ക് മാറുന്നതും അതിനെതിരെ പാർട്ടിനേതൃത്വം മൗനം പാലിക്കുന്നതും മലയാളിക്ക് പുതുമയുള്ളതായിരുന്നു. പരസ്പരം കൊണ്ടും കൊടുത്തും കേരളരാഷ്ട്രീയം കൂടുതൽ മലീമസമാകുന്ന കാഴ്ചകളാണ് പുതുവർഷാരംഭത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.

കേരളമൊന്നാകെ കരഞ്ഞൊരു ദിനം -  മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തെ അങ്ങനെ വിശേഷിപ്പിക്കാനേ കഴിയൂ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടം അറിയാമായിരുന്നെങ്കിലും (അതിനെപ്പറ്റിയും ഒരുപാട് വിവാദങ്ങൾ ഉണ്ടായി എന്നത് മറ്റൊരു കാര്യം), ചരമം പ്രാപിച്ചപ്പോൾ രാഷ്ട്രീയ എതിരാളികൾ പോലും ദുഖിതരായി. ചിലരൊക്കെ അദ്ദേഹത്തോട് ചെയ്ത തെറ്റിന് മാപ്പു പറഞ്ഞു. ഒരു രാഷ്ട്രീയനേതാവിനും കിട്ടാത്തത്ര ജനപിന്തുണയോടെ അദ്ദേഹം തന്റെ അവസാനയാത്ര നടത്തി. മരണശേഷവും അദ്ദേഹത്തെ സ്നേഹിച്ചിരുന്ന, സഹായം ലഭിച്ച സാധാരണക്കാർ ഉൾപ്പെടെയുള്ളവർ ആ കല്ലറ സന്ദർശിക്കുന്നതും വണങ്ങുന്നതും നാം കണ്ടു. ആ മരണം സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് ജയിച്ചു കയറി. 

മലയാളികളെ ഏറെ ചിരിപ്പിച്ച എന്നാൽ ഇടയ്ക്ക് കണ്ണ് നനയിപ്പിച്ച രണ്ടു അഭിനയപ്രതിഭകൾ, ഇന്നസെന്റും മാമുക്കോയയും ഭൂമിയിലെ അഭിനയം നിർത്തിയത് പോയവർഷത്തെ നമ്മുടെ നൊമ്പരമായിരുന്നു. അവരുടെ അഭാവം മലയാളസിനിമയിൽ സൃഷ്ടിച്ച വിടവുകൾ നികത്താൻ ആരെങ്കിലുമുണ്ടാവുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അവരെ കൂടാതെ പല പ്രമുഖരും നമ്മെ വിട്ടു പിരിയുകയുണ്ടായി. മലയാളികളുടെ ചുണ്ടിലും ഹൃദയത്തിലും താങ്ങി നിൽക്കുന്ന അനേകം ഗാനങ്ങൾ  സമ്മാനിച്ച പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിതവിയോഗം ഏറെ വേദനയോടെയാണ് മലയാളികൾ ശ്രവിച്ചത്. സംവിധായകരായ സിദ്ദിഖ്, കെ ജി ജോർജ്ജ്, നടന്മാരായ ജോണി, ഹരീഷ് പേങ്ങൻ, പൂജപ്പുര രവി, കലാഭവൻ ഹനീഫ്, വിനോദ്, കാസം ഖാൻ, ദേവ്, കൊല്ലം സുധി കവിയും ഗാനരചയിതാവുമായ ബി ആർ പ്രസാദ്, നടി സുബി സുരേഷ്, സാമൂഹ്യപരിഷ്കർത്താവ് ചിത്രൻ നമ്പൂതിരിപ്പാട്, ആർട്ടിസ്റ്റ് നമ്പൂതിരി, രാഷ്ട്രീയരംഗത്തെ അതികായകരായ, വക്കം പുരുഷോത്തമൻ, പി മുകുന്ദൻ, കാനം രാജേന്ദ്രൻ, കെ പി വിശ്വനാഥൻ, ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് എം എസ് സ്വാമിനാഥൻ, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്ന്റെ പി വി ഗംഗാധരൻ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ഫാത്തിമ ബീവി, എഴുത്തുകാരി പി വത്സല, നടിയും ഗായികയുമായ സുബ്ബലക്ഷ്മി, ചിന്തകൻ പ്രൊ. കുഞ്ഞാമൻ എന്നിങ്ങനെ കേരളസമൂഹത്തിനും രാജ്യത്തിനും ഏറെ സംഭാവനകൾ ചെയ്ത ഒരുപാട് പ്രഗത്ഭർ വിടപറഞ്ഞ വർഷം കൂടിയാണ് കടന്നുപോയത്.

പറയുകയാണെങ്കിൽ ഇനിയുമുടൊരുപാട് വിശേഷങ്ങൾ. നിയമസഭ പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണ്ണറുടെ സമീപനം, തുടർന്നുണ്ടായ കോടതി നടപടികൾ, ബില്ലുകൾ രാഷ്ട്രപതിക്കയച്ച സാമർഥ്യം എന്നിവയൊക്കെ ചർച്ചാവിഷയങ്ങളായിരുന്നു. ഭരണപക്ഷത്തെ എം എൽ എ മാർക്കെതിരെ കെ ബി ഗണേഷ്‌കുമാർ നിയമസഭയ്ക്കകത്തും പുറത്തും വിമർശനങ്ങൾ  ഉന്നയിക്കുന്നതും അതിനെതിരെ മുന്നണിയിൽ അപ്രീതി ഉരുണ്ടുകൂടുന്നതും കണ്ടു. മുന്നൊരുക്കങ്ങൾ വേണ്ടവിധം ചെയ്യാതെ ശബരിമലയിൽ ഭക്തരെ കഷ്ടപ്പെടുത്തിയതും ചർച്ചയായി. മുൻ മുഖ്യമന്ത്രിയും ജീവിച്ചിരിക്കുന്ന സിപിഎം സ്ഥാപക നേതാവുംകൂടിയായ വി എസ് അച്യുതാനന്ദൻ തന്റെ നൂറാം പിറന്നാളാഘോഷിച്ചതും പോയവർഷമാണ്. ചികിൽസിക്കാനെത്തിയ രോഗി ഡോക്ടറിനെ കുത്തിക്കൊന്നതും സ്ത്രീധനക്കൊലപാതകങ്ങളും ആൾക്കൂട്ടക്കൊലയും ഗുണ്ടാവിളയാട്ടവും അക്രമവും കൊലപാതകങ്ങളും തുടങ്ങി മനുഷ്യമനസ്സാക്ഷി മരവിച്ചുപോകുന്ന ഒരുപാട് സംഭവങ്ങൾക്ക് സംസ്ഥാനം സാക്ഷിയാകേണ്ടിവന്നു. കൊച്ചിയിൽ നടന്ന 25000  കോടിയുടെ മയക്കുമരുന്ന് വേട്ട ഒരുപക്ഷെ രാജ്യത്തുതന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള കേസായിരിക്കും. പാർട്ടിക്കാർ ഉൾപ്പെട്ട അക്രമങ്ങളിലും തട്ടിപ്പുകളിലും കേസ് എടുക്കാതെയും മെല്ലെപ്പോക്ക് കാണിച്ചും പോലീസ് പരമാവധി പാർട്ടി വിധേയത്വം കാണിക്കുന്നതും നാം കണ്ടു. സോളാർ കേസിൽ സി ദിവാകരന്റെ വെളിപ്പെടുത്തലുകൾ, ഹവാല പണം തേടിയുള്ള കേന്ദ്ര ഏജൻസികളുടെ വരവ്, പ്രണയക്കൊലപാതകങ്ങൾ, മദ്യം ഒഴുക്കാനുള്ള സർക്കാരിന്റെ പുതിയ മദ്യനയം, നഗ്നമായ നിയമലംഘനം നടത്തി നിർമ്മിക്കുന്ന പാർട്ടി ആപ്പീസുകൾ, കോളേജ് ക്യാമ്പസുകളിൽ തിരിച്ചുവരുന്ന കെ എസ് യു, വ്യവസായ സൗഹൃദമെന്ന അവകാശപ്പെടുമ്പോൾപ്പോലും പണം മുടക്കി നട്ടം തിരിയേണ്ടിവരുന്ന പ്രവാസികളുടെ കഥകൾ, കുസാറ്റിലെ സംഗീത നിശയിലെ തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച ദാരുണമായ മരണങ്ങൾ; അങ്ങനെ പറഞ്ഞാലും തീരാത്ത സംഭവങ്ങൾക്ക് സാക്ഷിയായായ വർഷമാണ് കടന്നുപോകുന്നത്. പോയവർഷങ്ങളും ഇത് പോലെയൊക്കെയായിരുന്നു. അതിനാൽ വരും കാലങ്ങളും അങ്ങനെയാവാനേ തരമുള്ളൂ. എങ്കിലും നല്ല കാലം വരുമെന്ന്  പ്രതീക്ഷിക്കുന്നതിൽ തെറ്റെന്നുമില്ലല്ലോ.