ദുബായ് യാത്രയുടെ വിശേഷങ്ങളും അവിടുത്തെ കാഴ്ചകളും തുടരുന്നു......
അംബരചുംബികളായ കെട്ടിടങ്ങളും അത്ഭുതക്കാഴ്ച്ചകളും നിറഞ്ഞ ദുബായിയുടെ ചരിത്രമെന്തായിരുന്നു? മത്സ്യബന്ധനത്തിൽ അധിഷ്ഠിതമായ ഗോത്രവർഗ്ഗസംസ്‌കാരത്തിലേക്ക് ഒരു എത്തിനോട്ടം. ഒപ്പം പൂത്തുലഞ്ഞുനിൽക്കുന്ന അത്ഭുതപൂന്തോട്ടത്തിന്റെ പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ...
5 . നാലാം ദിനം: വെറുതെ ഒരു യാത്രയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടവും
രാവിലെ എഴുന്നേറ്റു ചായയും കുടിച്ചു വെറുതെ ഇരിക്കുമ്പോൾ തൊട്ടടുത്ത് താമസിക്കുന്ന മച്ചുനിയൻ മണിയേട്ടൻ വന്നിട്ട് വീട്ടിലേക്കു കൂട്ടിയിട്ടു പോയി.5 മിനിട്ടു പോലുമില്ല നടക്കാൻ. പ്രഭാതഭക്ഷണം അവിടെ നിന്നായിരുന്നു. ഇനിയെന്ത് ചെയ്യേണ്ടു എന്നാലോചിച്ചിരിക്കുമ്പോൾ വേറൊരു മച്ചുനിയൻ അനു വന്നിട്ട് അവന്റെ കൂടെ റാസ്- അൽ ഖൈമ യിലേക്ക് പോരുന്നോ എന്ന് ചോദിച്ചു.കൂടുതലൊന്നും ആലോചിക്കാതെ അവന്റെ കൂടെ പോയി. ഷാർജ കഴിഞ്ഞു വരുന്ന വേറൊരു സംസ്ഥാനമാണ് (എമിറേറ്റ്) റാസ് അൽ ഖൈമ. ഷാർജയിൽ നിന്ന് പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും വിശാലമായ മരുഭൂമി കണ്ടു തുടങ്ങി. നീണ്ടു നിവർന്നു കിടക്കുന്ന 3 വരി പാതയുടെ ഇരുവശവും പരന്നു കിടക്കുന്ന മണലാരണ്യം, വളരെ അപൂർവ്വമായി മാത്രമേ വഴിയരികിൽ വീടുകളും കെട്ടിടങ്ങളും കണ്ടുള്ളൂ. ഒട്ടകങ്ങൾ കയറി വരാതിരിക്കാനുള്ള കമ്പിവേലി റോഡിനു സമാന്തരമായി ഇരുവശവും ഉണ്ടായിരുന്നു.കുറെ ദൂരം ചെന്നപ്പോൾ പുതിയ പാലങ്ങളും റോഡുകളും ഉണ്ടാക്കുന്നത് കണ്ടു. നിലവിലുള്ള വഴിയിൽ യാതൊരു തടസ്സവും വരാത്ത രീതിയിലാണ് പുതിയ റോഡ് ഉണ്ടാക്കുന്നത്. മരുഭൂമിയിലെ ഈ നിർമ്മാണ പ്രക്രിയ ആരെയും അത്ഭുതപ്പെടുത്തും, പ്രത്യേകിച്ച് റോഡ് മുഴുവൻ തടസ്സപ്പെടുത്തിയുള്ള നിർമ്മാണം മാത്രം കണ്ടു പരിചയമുള്ള ഇന്ത്യക്കാർക്ക്. അനു അവന്റെ ജോലിയുടെ ഭാഗമായി കമ്പനി മാനേജർമാരെ കാണാൻ പോകുന്നതാണ്. അവൻ ഓരോ ഓഫീസിൽ കയറുമ്പോഴും ഞാൻ പാട്ടു കേട്ട് കൊണ്ട് കാറിൽ തന്നെ ഇരുന്നു. എഫ്എം / എഎം ആയി ഏഴോളം മലയാളം റേഡിയോ ചാനലുകൾ പ്രചാരത്തിലുണ്ടിവിടെ. അതിനൊക്കെ നിറയെ ശ്രോതാക്കളുമുണ്ട്. കേരളത്തിൽ പോലും ഇത്രയും മലയാളം റേഡിയോ ചാനലുകൾ ഉണ്ടോ എന്ന് തോന്നിപ്പോയി.നല്ല നല്ല പാട്ടുകൾ കേട്ട് കൊണ്ട് പുതിയ കാഴ്ചകൾ കണ്ടു കൊണ്ടാണ് യാത്ര ചെയ്തത് എന്നതിനാൽ ഒട്ടും മുഷിച്ചിൽ തോന്നിയില്ല. ഇടയ്ക്കൊന്നു നിർത്തി ഒരു ചായ കുടിച്ചു, അത് മലയാളിയുടെ ചായക്കടയായിരുന്നു..!!
മടക്കം വേറൊരു വഴിയിലൂടെയായിരുന്നു. ഇപ്പോൾ റോഡിന്റെ ഒരു വശത്തു മരുഭൂമിയും മറുവശത്തു ശാന്തമായി കിടക്കുന്ന അറബിക്കടലുമാണ്. കിലോമീറ്ററുകളോളം അത് ഞങ്ങൾക്ക് സമാന്തരമായി കിടന്നിരുന്നു. നാട്ടിലെ പോലെ പ്രക്ഷുബ്ധമായ കടലായിരുന്നില്ല, തിരമാലകളും പേരിനു മാത്രം. വഴിയിൽ കണ്ട ഒരു മദ്യക്കടയുടെ സമീപത്തേക്ക് അനു കാർ ചേർത്ത് നിർത്തി. കടലിനോട് ചേർന്നാണ് ആ കട എന്നതിനാൽ അവിടെ നിന്ന് കുറച്ചു ഫോട്ടോസ് എടുത്തു. കടയുടെ ഉൾഭാഗം കാണാനായി അകത്തു കയറി. അതി വിശാലമായ മുറികളായിരുന്നു, ഒരു ഹൈപെർസിറ്റി മാളിനെ പോലെ അലങ്കരിച്ചു വച്ചിരിക്കുന്ന മദ്യക്കട. പതിനായിരങ്ങൾ വിലയുള്ള കുപ്പികളും അതിനകത്തുണ്ടായിരുന്നു. വലിയ വലിയ ബോക്സുക-ളിൽ ആൾക്കാർ മദ്യം വാങ്ങുന്നുണ്ടായിരുന്നു. കുറച്ചു സമയം അതിനകത്തു ചുറ്റിനടന്നു, ആരും കാണാതെ അകത്തെ ഫോട്ടോസ് ഒന്നുരണ്ടെണ്ണം എടുത്തു. ഷാർജ ലക്ഷ്യമാക്കി കാർ വീണ്ടും കുതിക്കാൻ തുടങ്ങി. നേരം ഉച്ചയായി, വിശപ്പും അനുഭവപ്പെടാൻ തുടങ്ങി. നേരെ അനുവിന്റെ വീട്ടിലേക്കാണ് പോയത്. അവിടുന്ന് ഭക്ഷണം കഴിച്ചതിനു ശേഷം, അവൻ തന്നെഏട്ടന്റെ വീട്ടിൽ തിരിച്ചെത്തിച്ചു.
ഇന്ന് ഷാർജയിലെ അക്വേറിയം രാവിലെ 3 മണിയോടെ എല്ലാവരും കൂടി വീട്ടിൽ നിന്നിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം അറ്റ്ലാന്റയിലായിരുന്നു ഈ അടുത്ത കാലം വരെ. പക്ഷെ ദുബായ് മാളിൽ ഇന്നലെ കണ്ട അക്വേറിയത്തിനാണ് നിലവിൽ ഒന്നാം സ്ഥാനം. വിദേശരാജ്യങ്ങളിലെ അക്വേറിയങ്ങൾ കാണുന്നത് വരെ ചെറിയ ചെറിയ ഗ്ലാസ് പാത്രങ്ങളിൽ മീൻ നിറച്ച സങ്കല്പമായിരുന്നു അക്വേറിയത്തിനെ പറ്റി എനിക്കുണ്ടായിരുന്നത്. കേരളത്തിലാ-യാലും ബാംഗ്ളൂരിലായാലും ഞാൻ കണ്ട അക്വേറിയങ്ങൾ എല്ലാം അങ്ങിനെയുള്ളവ ആയിരുന്നു. പക്ഷെ അമേരിക്കൻ യാത്രക്കിടയിൽ ഞാൻ കണ്ട അക്വേറിയം എന്റെ സങ്കൽപ്പങ്ങളെ മുഴുവൻ മാറ്റി മറിച്ചു. കണ്ണുകളിൽ അത്ഭുതങ്ങൾ നിറക്കുന്ന ഒരു മായദ്വീപാ-യിരുന്നു അത്. വിസ്മയത്തോടെ മാത്രമേ അതിലെ ഓരോ ദൃശ്യവും കണ്ടു തീർക്കാൻ കഴിയുമായിരുന്നുള്ളൂ. അത് പോലുള്ള ഒരു വിസ്മയക്കാഴ്ചയിലേക്കാണ് ഇന്നത്തെയും യാത്ര. ചെറിയ യാത്രക്ക് ശേഷം ലക്ഷ്യത്തിലെത്തി.ടിക്കറ്റ് എടുത്തു അകത്തു കടന്നു, വലുപ്പത്തിൽ ചെറുതാ-ണെങ്കിലും കണ്ണിനു നല്ല വിരുന്നായിരുന്നു ഇവിടുത്തെ ഓരോ കാഴ്ചയും. പലനിറത്തിലും വലുപ്പത്തിലും ഉള്ള മീനുകൾ വളഞ്ഞും പുളഞ്ഞും നീന്തിക്കളിക്കുന്നതു കാണാൻ നല്ല ഭംഗി-യായിരുന്നു. പവിഴപുറ്റുകളും ചെടികളും ഒക്കെയായി ഒരു യഥാർത്ഥ കടലിലെ അന്തരീക്ഷം തന്നെ ഇവിടെ മീനുകൾക്കായി ഒരുക്കിവച്ചിട്ടുണ്ട്. കടലിൽ നിന്നാണ് ഇവിടേക്കുള്ള വെള്ളം എത്തിക്കുന്നത്, അതിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയും ഇവിടെ നടക്കുന്നുണ്ട്. ഇവിടെയും ഒരു മലയാളിയായ ജീവനക്കാരൻ ഉണ്ടായിരുന്നു. അയാൾ നക്ഷത്രമൽസ്യത്തെ കൈയ്യിലെടു-ത്തു കാണിച്ച് കുട്ടികളെ രസിപ്പിച്ചു. കൂറ്റൻ ആമകളും മീനുകളും വർണ്ണാഭമാർന്ന കുഞ്ഞൻ മത്സ്യങ്ങളും ഒക്കെ കുട്ടികളെ ശരിക്കും ത്രസിപ്പിച്ചു. എല്ലാം കണ്ടതിനുശേഷം പുറത്തിറങ്ങി, ഉടനെ തന്നെ തൊട്ടടുത്തുണ്ടായിരുന്ന പാർക്കിലേക്ക് കുട്ടികൾ ഓടിക്കയറി.ഏട്ടൻ അവരെ നോക്കി നിൽക്കുന്നതിനിടയിൽ തൊട്ടടുത്തുണ്ടായിരുന്ന മ്യൂസിയത്തിലേക്ക് ഞാനും സൗമ്യയും കയറിപ്പോയി.
പണ്ട് കാലത്ത് മൽസ്യബന്ധനമായിരുന്നു ഇവിടുത്തുകാരുടെ ഉപജീവനമാർഗ്ഗം. അക്കാലത്തു ഉപയോഗത്തിലുണ്ടായിരുന്ന പലതരം നൗകകളുടെ മാതൃകകൾ അവിടെ നിരത്തി വച്ചിരുന്നു, അവയുടെ ചരിത്രം ഉൾപ്പെടെ. നൗകകൾ എന്ന് പറഞ്ഞാൽ മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന പലതരം തോണികൾ, ബോട്ടുകൾ,പായക്കപ്പലുകൾ പിന്നെ നമ്മുടെ നാട്ടിലെ കൊതുമ്പുവള്ളങ്ങളെ പോലുള്ളവ അങ്ങനെ പലതും. എനിക്കിവിടെ വിവരിക്കാൻ സാധിക്കാത്ത,പേരറിയാൻ പാടില്ലാത്ത ഒരു പാട് സാധനങ്ങൾ അവിടെയുണ്ടായിരുന്നു. ചിത്രങ്ങൾ എടുക്കുന്നത് വിലക്കിയതിനാൽ ഒന്നിന്റെ പോലും ഫോട്ടോ എടുക്കാൻ എനിക്ക് കഴിഞ്ഞില്ല; അതിനാൽ തന്നെ പലതിനെയും പറ്റി കൃത്യമായി വിവരിക്കാനും കഴിയുന്നില്ല. കൂടാതെ പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലകൾ,കത്തിയും കുന്തവും പോലുള്ള പണിയായുധങ്ങൾ, ചെറുതും വലുതുമായ നങ്കൂരങ്ങൾ തുടങ്ങി ഒരുപാടു സാധനങ്ങൾ അവിടെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. മുത്തുകളും ചിപ്പികളും ഒരുമിച്ചും വെവ്വേറെയും അവിടെ കാണാനായി വെച്ചിട്ടുണ്ടായിരുന്നു. അല്പസമയം ചിലവഴിച്ച് ചരിത്രത്തിന്റെ ഈ തിരുശേഷിപ്പുകളിലൂടെ ഒന്ന് കടന്നു പോയാൽ യഥാർത്ഥ അറേബ്യൻ ജീവിതം എങ്ങിനെയായിരുന്നു എന്ന് നമുക്കിവിടെ നിന്നും പഠിച്ചെടുക്കാൻ സാധിക്കും. മൽസ്യബന്ധനത്തിലധിഷ്ഠിതമായ ഗോത്രവർഗ്ഗസംസ്‌കാരമാണ് ഒരു കാലത്തു അറബികൾ പുലർത്തിയിരുന്നത്. അന്ന് നിലനിന്നിരുന്ന രാജഭരണം തന്നെയാണ് ഈ ആധുനികകാലത്തും ഈ രാജ്യം പിന്തുടരുന്നതും. ഇപ്പോഴത്തെ രാജഭരണത്തിന്റെ മുൻഗാമികൾ യഥാർത്ഥത്തിൽ ഈ നാട്ടുകാരല്ലെന്നും പകരം പുറത്തു നിന്ന് വന്നു ഇവിടെ അധിനിവേശം സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ കണ്ടെടുത്തതോടെയാണ് അറബികളുടെ തലവര മാഞ്ഞുതുടങ്ങിയതും ഇന്ന് കാണുന്ന ആഡംബരത്തിലേക്കും ജീവിതനിലവാരത്തിലേക്കും ഈ നാട് എത്തിയതും ലോകത്തിന്റെ മുൻപിൽ തലയുയർത്തി പിടിക്കാറായതും. കുറച്ചു സമയം കൊണ്ട് അറബികളുടെ ഭൂതകാലത്തിലേക്ക് ഒരോട്ട-പ്രദക്ഷിണം നടത്തിയതിനുശേഷം ഞങ്ങൾ വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നു. കുട്ടികൾ ഇപ്പോഴും ഊഞ്ഞാലാടിയും ഓടിയും ചാടിയും കളിച്ചു രസിക്കുകയാണ്. മ്യൂസിയ-ത്തിന് പുറത്തു വലിയൊരു ഉരു (പണ്ട് ഗഫൂർക്ക സൗത്ത് ആഫ്രിക്കയിലേക്ക് പോയപ്പോൾ ദുബായ് കടപ്പുറം വഴി തിരിച്ചു വിട്ട അതേ ഉരു) ദീപങ്ങളാൽ അലങ്കരിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഉരുവിനെ അവിടെ തന്നെ വിട്ട്, കാറിൽ കയറി ഞങ്ങൾ കുറച്ചു ദൂരം മുന്നോട്ടു പോയി; ഒരു ഭംഗിയുള്ള സ്ഥലത്തെത്തിയപ്പോൾ എല്ലാവരും ഇറങ്ങി. സായാഹ്നങ്ങളെമനോഹരമാർന്ന ഓർമ്മകളാക്കാൻ വേണ്ടി അവധിദിവസങ്ങളിൽ ആൾക്കാർ വന്നിരിക്കുന്ന സ്ഥലമാണിത്. അസ്തമയസൂര്യൻ ചക്രവാളത്തിൽ ചെഞ്ചായം തേക്കാൻ തുടങ്ങിയിരുന്നു.
6 . അഞ്ചാം ദിനം: അത്ഭുതക്കാഴ്ചകൾ...
രാവിലെ മണിയേട്ടൻ വന്നപ്പോൾ കൂടെ നടക്കാൻ ഇറങ്ങി.തൊട്ടടുത്ത് തന്നെയുള്ള പാർക്കിലേക്കാണ് പോയത്. വളരെ വലുതും മനോഹരവുമായ പാർക്കായിരുന്നു അത്. ഭംഗിയായി വെട്ടിയൊതുക്കിയ പുൽത്തകിടികളും ചെടികളും ഉള്ള പാർക്ക്. അതിന്റെ ഒരറ്റത്തായിട്ടു സൗദി പള്ളി കാണാം. ഷാർജ സർക്കാരിനായി സൗദി സർക്കാർ പണി കഴിപ്പിച്ചു കൊടുത്ത പള്ളിയാണത്; അതിനാലാണ് 'സൗദി പള്ളി' എന്ന പേര് വന്നത്. പാർക്കിനെ ഒരു തവണ വലം വച്ചാൽ 990 മീറ്റർ ആകുമെന്നു മണിയേട്ടൻ പറഞ്ഞു. ശുദ്ധവായു ശ്വസിച്ചു കൊണ്ട് പുസ്തകങ്ങളെയും കഥകളേയും പറ്റി ചർച്ച ചെയ്തു കൊണ്ട് ഞങ്ങൾ രണ്ടോ മൂന്നോ വട്ടം നടന്നു. മടക്കത്തിൽ ഒരു മലയാളി കടയിൽ നിന്ന് ചായ കുടിച്ചു ക്ഷീണം തീർത്തു. അതിനു ശേഷം ഞങ്ങൾ പിരിഞ്ഞു. ഇന്ന് രാവിലെ തന്നെ പുറത്തിറങ്ങാനാണ് പരിപാടി. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു 10:30 യോടെ പുറപ്പെട്ടു. ദുബായിലുള്ള മിറാക്കിൾ ഗാർഡനിലേക്കാണ് യാത്ര. വീട്ടിൽ നിന്ന് കുറച്ചു ദൂരമുണ്ട് ഇവിടേക്ക്. ഞങ്ങളെ കൂടാതെ ചെറിയ ഏട്ടനും കുട്ടികളും മാത്രമേയുണ്ടായിരുന്നുള്ളൂ.അകത്തേക്ക് പ്രവേശിക്കാൻ ഇവിടെയും കാശു കൊടുക്കണം. അകത്തു കയറിയതും എന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നുപോയി. പേര് സൂചിപ്പിക്കു-ന്നതു പോലെ ശരിക്കും അത്ഭുതം നിറഞ്ഞതായിരുന്നു ആ ഉദ്യാനം; പക്ഷെ വിവിധ വർണ്ണങ്ങ-ളായ പൂക്കളെ കൊണ്ടാണെന്നു മാത്രം. ഓരോ ചെടിയും അടിമുടി പൂത്തുലഞ്ഞു നിൽക്കുക-യാണ്, പല നിറത്തിലും വലുപ്പത്തിലും രൂപത്തിലുമുള്ള ഉള്ള പൂക്കൾ.ചെടികൾ വെറുതെ നട്ടു വച്ചിരിക്കുന്നതുമല്ല, പകരം പക്ഷികളുടെയും മൃഗങ്ങളുടെയും ഒക്കെ രൂപങ്ങൾ ആവാഹിച്ചാണ് അവയുടെ നിൽപ്പ്. അതും കുട്ടികളുടെ (നമ്മുടേതും) പ്രിയപ്പെട്ട കഥാപാത്രങ്ങളായി..!!! മിക്കി മൗസ്, മിന്നി മൗസ് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം (പല കഥാപാത്രങ്ങളുടെയും പേര് എനിക്കറിയില്ല എന്നതാണ് സത്യം).
എന്തിനേറെ പറയുന്നു, ഒരു പഴയ വിമാനം (യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന വലിയ വിമാനം തന്നെ. പെൻഷൻ ആയപ്പോൾ ആ പാവത്തിനെ ഇങ്ങോട്ടു മാറ്റി) എവിടെ നിന്നോ പൊക്കിക്കൊണ്ട് വന്നു അതിൽ നിറയെ ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അതിനെ കണ്ടാൽ എമിറേറ്റ്സിന്റെ വിമാനം എന്ന് പറയില്ല പകരം പുരാണങ്ങളിൽ നാം കേട്ട പുഷ്പകവിമാനമല്ലയോ ഇതെന്ന് ആർക്കെങ്കിലും വർണ്ണ്യത്താൽ ആശങ്ക തോന്നിയാൽ അഭുതപ്പെടേണ്ടതില്ല. നല്ല വെയിലായതിനാലും കുറെ നടക്കാനുള്ളതിനാലും ബാറ്ററി വണ്ടിയിൽ കയറി ഒരു വട്ടം കണ്ടു. അതിനുശേഷം ഞാനും സൗമ്യയും മാത്രം ഓരോന്നും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടുഒരിക്കൽ കൂടി മുഴുവനും നടന്നു കണ്ടു (ഏട്ടൻ കുട്ടികൾക്ക് കാവലായി).എങ്ങോട്ടു തിരിഞ്ഞു വേണമെങ്കിലും ഫോട്ടോ എടുക്കാം, ഒന്നും നോക്കാതെ, ഫോക്കസ് ചെയ്യാതെ, അത്രയ്ക്ക് മനോഹാരിതയാണ് ഇവിടുത്തെ ഓരോസ്ഥലവും. ഈ മണലാരണ്യത്തിൽ ഇത്രയും സൗന്ദര്യം തുളുമ്പുന്ന ഒരു ഉദ്യാനം ഉണ്ടാക്കിവെയ്ക്കണമെങ്കിൽ പുരാണങ്ങളിൽ പറയുന്നത് പോലെ മയന്റെയോ വിശ്വകർമ്മാവിന്റെയോ അദൃശ്യഹസ്തങ്ങൾ ഇതിനു പിറകിൽ പ്രവർത്തിച്ചിട്ടു-ണ്ടാകണം.കണ്ണുകൊണ്ടും ഹൃദയത്താലും ആ സൗന്ദര്യം കോരിയെടുത്തു, എങ്കിലും മനസ്സിന് തൃപ്തി വന്നില്ല. ഈ കരവിരുത്തിനു പിന്നിൽ പ്രവർത്തിച്ച അണിയറശില്പികളെ മനസ്സ് കൊണ്ട് നമിച്ച് അവിടെ നിന്നും മടങ്ങി.
നേരം ഉച്ചയായി,സൂര്യൻ തലയ്ക്കു മുകളിൽ കത്തിജ്വലിക്കുകയാണ്. വിശപ്പിന്റെ കരാള-ഹസ്തങ്ങൾ ശരീരത്തിനെ പതുക്കെ കാർന്നു തിന്നാൻ തുടങ്ങി (എന്ന് വച്ച് വിശപ്പിന്റെ അസുഖമുള്ള ആളല്ല കേട്ടോ..). കയ്യിൽ കരുതിയിരുന്ന ആപ്പിൾ, ഓറഞ്ച് എന്നിവ കഴിച്ചു തൽക്കാലത്തേക്ക് തൃപ്തിപ്പെട്ടു. കാർ ഇപ്പോൾ കരാമയെ ലക്ഷ്യമാക്കി കുതിക്കുകയാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഏട്ടന്മാർ ഇവിടെയായിരുന്നു പോലും താമസിച്ചിരുന്നത്. കുറച്ച-ധികം നേരത്തെ യാത്രക്ക് ശേഷം കരാമയിലെ മലബാർ ഹോട്ടലിനു മുൻപിൽ കാർ നിർത്തി. എല്ലാവർക്കും ഊണ് കഴിച്ചാൽ മതിയെന്നായിരുന്നു. നല്ല മീൻ പൊരിച്ചതും കൂട്ടി ഭേഷായി കഴിച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ.
ഇനിയും യാത്ര തുടരേണ്ടതുണ്ട്, അത് ജുമൈറയിലേക്കാണ്. ഒരു പക്ഷെ ലോകത്തിനെ തന്നെ അത്ഭുതപ്പെടുത്തി,പനയുടെ രൂപത്തിൽ കടലിൽ മണ്ണിട്ട് നികത്തി ഉണ്ടാക്കിയെടുത്ത ടൗൺഷിപ് ആണിത്. അതിനാൽ തന്നെ ആ സ്ഥലം അറിയപ്പെടുന്നത് 'ദി പാം ജുമൈറ ' എന്നാണ്. കരാമയിൽ നിന്നും ദൂരം കുറച്ചുണ്ട് ഈ സ്ഥലത്തേക്ക്. ഇംഗ്ലീഷുകാർ കൂടുതലായി താമസി-ക്കുന്ന സ്ഥലമാണ് ജുമൈറ. നല്ല വൃത്തിയും വെടിപ്പുമുള്ള റോഡുകളും തെരുവകളും ജുമൈറയുടെ മാത്രം പ്രത്യേകതയാണെന്നു തോന്നി. അവിടങ്ങളിലൊന്നും വലിയ കെട്ടിട-ങ്ങൾ കാണാൻ കഴിഞ്ഞില്ല.പകരം ചെറുതും മനോഹരങ്ങളുമായ ഒരു പാട് കെട്ടിടങ്ങൾ കാണാം. ദുബായിയുടെ പ്രൗഡിയുടെയും അഭിമാനത്തിന്റെയും അടയാളമായ ബുർജ് അൽ അറബ് എന്ന മനോഹരഹർമ്മ്യം ഈ വഴിയിൽ കൂടി പോകുമ്പോൾ കാണാൻ സാധിച്ചു.
D ആകൃതിയിൽ പടുത്തുയർത്തിയ ഈ കെട്ടിടം ഒരു പക്ഷെ ദുബായിയിലെ ഏറ്റവും ചെലവ് കൂടിയ ഹോട്ടൽ ആയിരിക്കും. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ദുബായിയുടെ അടയാള-മായി സർക്കാർ പോലും ഉപയോഗിച്ചിരുന്നത് ഈ മണിഹർമ്മ്യത്തിന്റെ ചിത്രമായിരുന്നു (മുകളിൽ നിന്ന് കാണുമ്പോൾ കുരിശ് പോലെ തോന്നിക്കുന്നു എന്ന ആക്ഷേപം വന്നതിനാൽ സർക്കാർതലത്തിൽ ഇതിന്റെ ചിത്രം ഉപയോഗിക്കുന്നത് പിന്നീട് വിലക്കി). അമ്മാവനും രാജു-വേട്ടനും മറ്റും ഇങ്ങോട്ടു വരുന്നെന്നു പറഞ്ഞിരുന്നു. ഒരു ടണലിൽ കൂടി കാർ കടന്നുപോയി, അതിനകത്തു പോലും വേഗത നിർണയിക്കാനുള്ള ക്യാമറകൾ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. നിശ്ചിത വേഗത്തിൽ നിന്നു കുറഞ്ഞാലും കൂടിയാലും പിഴ ഈടാക്കും. ടണലിൽ നിന്ന് പുറത്തു കടന്നെത്തിയത് ലക്ഷ്യസ്ഥാനത്തേക്കായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ഞങ്ങൾ അറ്റ്ലാന്റിസ് ഹോട്ടലിന്റെ മുന്നിലെത്തി. കടലോരത്തു ചേർന്നാണ് പാർക്കിംഗ്. മറ്റുള്ളവർ ഞങ്ങൾക്ക് മുന്നേ എത്തിയതിനാൽ ഞങ്ങളെയും കാത്ത് പാർക്കിംഗ് സ്ഥലത്തു നിൽക്കുന്നുണ്ടായിരുന്നു. കണ്ടയുടൻ സന്തോഷപ്രകടനം നടത്തി, വിശേഷങ്ങൾ കൈമാറി. ഇതിനിടയിൽ ക്യാമറയുടെ കണ്ണുകൾ ചിമ്മി (ഇതില്ലാത്ത പരിപാടിയില്ല, പക്ഷെ എല്ലാം ഞാനാണ് ചെയ്യുന്നതെന്ന് കരുതരുത്). പിന്നെ എല്ലാവരും ഒരുമിച്ചു അറ്റ്ലാന്റിസ് ഹോട്ടൽ കാണാൻ പോയി.
പ്രശസ്തിയിലും കാശിന്റെ കാര്യത്തിലും ഒരു പക്ഷെ വലുപ്പത്തിന്റെ കാര്യത്തിലും ഏറെ മുൻപിൽ നിൽക്കുന്ന ഹോട്ടലുകളിൽ ഒന്നാണ് അറ്റ്ലാന്റിസ്. ബാഹുബലി സിനിമകളിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന കരവിരുത് നിറഞ്ഞ കെട്ടിടം.അതിന്റെ അകത്തു കയറി കുറച്ചു സമയം ചുറ്റി നടന്നു.ഹോട്ടലിൽ കയറാൻ പറ്റിയില്ല, അതിന്റെ ഷോപ്പിംഗ് കോംപ്ലക്സിൽ മാത്രമേ കയറാൻ പറ്റിയുള്ളൂ. ഇവിടെയും അക്വേറിയം ഉണ്ടായിരുന്നു പക്ഷെ പുറത്തു നിന്ന് നോക്കികണ്ടതേയുള്ളു. കെട്ടിടത്തിന്റെ തൊട്ടടുത്താണ് ദുബായിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക്. ഒരാൾക്ക് 300AED കൊടുത്താൽ തീം പാർക്ക് അടക്കം എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാം. അത്രയും കാശു കൊടുത്തു കാണാൻ ആർക്കും താല്പര്യമു-ണ്ടായിരുന്നില്ല (കാശു കൊടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല എന്നർത്ഥം അല്ലാതെ കാണാനല്ല!). ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചു എല്ലാവരും വട്ടത്തിൽ നിൽക്കുമ്പോഴാണ് തലയ്ക്കു മുകളിൽ കൂടി പോകുന്ന മോണോ റയിലിനെ ആരോ ശ്രദ്ധിച്ചത്. ഉടനെ തന്നെ അങ്ങോട്ടേക്ക് നീങ്ങി. മോണോറെയിലിൽ കയറി അങ്ങോട്ടും ഇങ്ങോട്ടും ഒരു തവണ പോയാൽ തന്നെ പാം ജുമൈറ മുഴുവനായും കാണാൻ സാധിക്കും എന്നതിനാൽ അതൊന്നു പരീക്ഷിക്കാൻ തീരുമാ-നിച്ചു. അവിടെ നിന്ന് നോക്കിയാൽ വാട്ടർ തീം പാർക്ക് മുഴുവനായി കാണാം.ട്രെയിൻ വരുന്നത്വരെ ഞങ്ങൾ വാട്ടർ തീം പാർക്കിലെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമെല്ലാം അർദ്ധ-നഗ്നരായി സന്തോഷത്തോടെ ഒച്ചവെച്ചുകൊണ്ട് കളിക്കുന്ന രംഗങ്ങൾ കണ്ടു നിന്നു. കൂടുതലുംവിദേശികളാണ്, ഇന്ത്യക്കാരും ഉണ്ടായിരുന്നു.അല്പസമയത്തിനകം ട്രെയിൻ വന്നു. അധികം തിരക്കില്ലായിരുന്നു. ഒറ്റയ്ക്കും കൂട്ടമായും പലയിടത്തായി ഇരുന്നു. കടലിനു മുകളിലൂടെ ജുമൈറയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ പോകാൻ ഈ ട്രെയിൻ മതി. ഇതിലൂടെ പോകു-മ്പോൾ പനയുടെ ആകൃതി ശരിക്കും മനസ്സിലാക്കാൻ പറ്റും. അതിനകത്തെ പണി ഇപ്പോഴും കഴിഞ്ഞിട്ടില്ല, തകൃതിയായി ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ വീടിനും സ്വന്തമായി കടൽത്തീരം (ബീച്ച്) കിട്ടാവുന്ന രീതിയിലാണ് വീടുകൾ പണിയുന്നത്. കൃത്യമായനടപ്പാതകളും,സൈക്കിൾ പാതകളും പുൽത്തകിടികളും ഉദ്യാനങ്ങളും കടകളും ഒക്കെയുള്ള വ്യക്തമായ പദ്ധതിയുടെ കൃത്യമായ ആവിഷ്കാരമായിരുന്നു അതിനുള്ളിലെ നിർമ്മാണ-പ്രക്രിയ . നല്ല തെളിഞ്ഞ ഇളം പച്ച കലർന്ന ശാന്തമായ അറബിക്കടലിന്റെ ദൃശ്യം ഈ യാത്രയ്ക്ക് മാറ്റു കൂട്ടി. പുറംകാഴ്ചകൾ കണ്ടിരുന്നതിനാൽ യാത്ര തീർന്നത് അറിഞ്ഞിരുന്നില്ല. തിരിച്ചു പോകണമെങ്കിൽ ട്രെയിനിൽ നിന്നിറങ്ങി അടുത്ത പ്ലാറ്റ്‌ഫോമിൽ ചെല്ലണമായിരുന്നു. തിരിച്ചുള്ള യാത്രയിലും ജുമൈറയുടെ കാഴ്ചകൾ കണ്ടിരുന്നു. ആദ്യം കയറിയ സ്ഥലത്തു തന്നെ ചെന്നിറങ്ങി. പുറത്തുള്ള ബീച്ചിനരികിൽ കുറച്ചു സമയം ചെന്ന് നിന്നു, നല്ല ജനസഞ്ചയമായിരുന്നു അവിടം.
ലോകത്തിലെ ഏറ്റവും വില പിടിച്ച കാറുകളിൽ ചിലത് അവിടെ കാണാൻ കഴിഞ്ഞു. അതിനെ പറ്റി സംസാരിച്ചുകൊണ്ട് ഞങ്ങൾ ബീച്ചിനരികിലൂടെ നനുത്ത കാറ്റേറ്റ് കുറച്ചേറെ നടന്നു.നേരം സന്ധ്യയാവാറായി,എല്ലാവരും ഖീസിസിലേക്കു മടങ്ങി. ഫ്ളൈഓവറിൽ നിന്ന് ഒരു exit എടുക്കാൻ വീട്ടുപോയതിനാൽ കുറേനേരം ട്രാഫിക്കിൽ കുടുങ്ങി. ഏതാണ്ട് 30 മിനിറ്റോളം വെറുതെ വഴിയിൽ കിടന്നു (തീയ്യിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ..നമ്മൾ ഇതിനേക്കാളേറെ കണ്ടിരിക്കുന്നു ബാംഗ്ലൂരിൽ,പിന്നെയാ ഇത്). ഖീസിസ്സിലെ ടി ജംഗ്ഷനിൽ വച്ച് വീണ്ടും എല്ലാവരും കണ്ടു മുട്ടി. ചൂട് പഴം പൊരി കഴിക്കാനായി പോയതാണ് പക്ഷെ കിട്ടിയത് തണുത്തതും. എന്നാലും പഴം പൊരിയല്ലേ, അങ്ങിനെ കളയാനൊക്കുമോ? കിട്ടിയ പഴം പൊരിയും ഉള്ളിവടയും വേറെയും എന്തെക്കെയോ കഴിച്ചു, ചായയും കൂടി കുടിച്ചപ്പോൾ ഒന്നു-ഷാറായി.ആ ഉഷാറോട് കൂടി തന്നെ എല്ലാവരും ഓരോ വഴിക്കായി പിരിഞ്ഞു. വീട്ടിലെത്തി കുളിച്ചു (പതിവില്ലാത്തതാണെകിലും ഒരു മാറ്റം വേണ്ടേ, അതുകൊണ്ടു ചെയ്തതാണ്) ഭക്ഷണം കഴിച്ചു. അത്ഭുതപൂന്തോട്ടത്തിലെ നിറച്ചാർത്തുകൾ മനസ്സിൽ നൃത്തം ചെയ്തുകൊണ്ടിരിക്കെ പതിവിലും നേരത്തെ ഉറക്കം കൺകളിൽ ഊഞ്ഞാൽ കെട്ടി.
തുടരും...
"കുറെ ദൂരം ചെന്നപ്പോൾ പുതിയ പാലങ്ങളും റോഡുകളും ഉണ്ടാക്കുന്നത് കണ്ടു. നിലവിലുള്ള വഴിയിൽ യാതൊരു തടസ്സവും വരാത്ത രീതിയിലാണ് പുതിയ റോഡ് ഉണ്ടാക്കുന്നത്. മരുഭൂമിയിലെ ഈ നിർമ്മാണ പ്രക്രിയ ആരെയും അത്ഭുതപ്പെടുത്തും"
മറുപടിഇല്ലാതാക്കൂ-ഇങ്ങനെ പണിയറിയുന്ന കുറച്ചുപേരെ ഇങ്ങോട്ടു കൊണ്ടുവരാമായിരുന്നില്ലേ? ഇവിടെ ഒരു റോഡ് പണിയാൻ ഒരുകൊല്ലം നമ്മൾ കഷ്ടപെടണം.
അതൊരു നല്ല കാര്യമാണല്ലോ..അടുത്ത തവണ നോക്കാം..
ഇല്ലാതാക്കൂ