ഹരിത മൃദു കഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാൽ കുടിച്ചു തെഴുതവർക്കൊരു
ദാഹമുണ്ടായി , ഒടുക്കത്തെ ദാഹം
നിൻ തിരുഹൃദയ രക്തം കുടിക്കാൻ
ഒ എൻ വി - ഭൂമിക്കൊരു ചരമഗീതം
******
ഏതാനും ദിവസങ്ങൾക്ക് മുൻപ് വിധിയുടെ മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ടുപോയ ചില ജീവിതങ്ങൾ കണ്ടപ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുന്ന കാഴ്ചകൾ കാണാനിടയായപ്പോൾ അറിയാതെ മനസ്സിൽ ഉടലെടുത്ത ചില ചോദ്യങ്ങൾ 'രവി' എന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ വിചാരങ്ങളായി ഇവിടെ അവതരിപ്പിക്കുകയാണ്. നിമിഷനേരം കൊണ്ട് സർവ്വതും തകർത്ത് മലവെള്ളം ഒഴുകിപോയപ്പോൾ, തങ്ങളുടേതല്ലാത്ത തെറ്റിനാൽ അതിൽ പെട്ട് പ്രാണനൊടുക്കേണ്ടി വന്ന വിധിയുടെ ബലിമൃഗങ്ങളുടെ ഓർമ്മകൾക്ക് മുൻപിൽ ഒരു തുള്ളി കണ്ണീർ പ്രണാമം. ഒപ്പം ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന, ജീവിച്ചിരിക്കുന്ന അവരുടെ ബാക്കിപത്രങ്ങൾക്ക് എല്ലാം താങ്ങാനുള്ള കരുത്ത് ജഗദീശ്വരൻ കൊടുക്കട്ടെ എന്ന പ്രാർത്ഥനയും..
******
എന്നാൽ ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും ഒരാൾ മാത്രം...ഒരാൾ മാത്രം കുറച്ചു മാറി അകലേക്ക് മിഴികൾ നട്ട് നിസ്സംഗനായി ഇരിക്കുകയാണ്, ആരോടും ഒന്നും മിണ്ടാതെ, ഒന്ന് ഉറക്കെ കരയുക പോലും ചെയ്യാതെ. അതവനായിരുന്നു രവി. ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ, വിധിയുടെ വിളയാട്ടത്തിൽ ഒന്നും ചെയ്യാനാവാതെ പകച്ചുപോയ ഒരു പാവം ചെറുപ്പക്കാരൻ. ഇന്നലെ രാത്രി വരെ അയാൾ ഒരു പക്ഷെ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യരിൽ ഒരാളായിരിക്കണം..വാത്സല്യനിധികളായ മാതാപിതാക്കളും പ്രേമിക്കാൻ മാത്രമറിയാവുന്ന ഭാര്യയും നിഷ്കളങ്കരായ പിഞ്ചോമനകളും നിറഞ്ഞ ഒരു കുടുംബത്തിന്റെ ഉടമയായിരുന്നു. ഭാവി കരുപിടിപ്പിക്കാനായി അറബിക്കടലിനക്കരെ അവിശ്രമം ജോലി ചെയ്യുമ്പോഴും അവന്റെ മനസ്സ് ഇവിടെ ഇവരുടെ കൂടെയായിരുന്നു, ഈ പിറന്ന മണ്ണിലായിരുന്നു.
ഇന്നലെ രാത്രി പോലും ഇവരോടെല്ലാം സംസാരിച്ചതാണ്. അച്ഛനോടും അമ്മയോടും സുഖാന്വേഷണങ്ങൾ നടത്തി, അടുത്തില്ലാത്തതിന്റെ സ്നേഹമസൃണമായ പരിഭവം പറച്ചിൽ ഭാര്യയുടെ നാവിൽ നിന്ന് കേട്ടു. കുട്ടികളുടെ കൊഞ്ചലുകളും ചിണങ്ങലുകളും പാദസരകിലുക്കങ്ങളായി അവന്റെ കാതിൽ ഉതിർന്നു വീണു. എല്ലാം പതിവുപോലെ. മകനെ കാണാൻ പറ്റാത്തതിന്റെ വിഷമം ഇന്നലെയും അവന്റെ അമ്മ പറഞ്ഞതാണ്. ഒരു ചിരിയിൽ എല്ലാ പരിഭവത്തിനും മറുപടി നൽകുമ്പോൾ അവനറിഞ്ഞിരുന്നില്ല വിധി തനിക്കായി ഒരുക്കികൊണ്ടിരിക്കുന്ന അടുത്ത രംഗം ഇത്രയും ഭയാനകമായിരിക്കുമെന്ന്..തന്നെ തകർക്കാൻ പോന്നതാണെന്ന്..അമ്മയുടെ വാത്സല്യം നിറഞ്ഞ പരിഭവം, ഭാര്യയുടെ പ്രണയം നിറഞ്ഞ പരിഭവം, കുട്ടികളുടെ കൊഞ്ചൽ ഒക്കെ അവന്റെ കാതുകളിൽ മുഴങ്ങുകയാണ് ഇപ്പോഴും, ഒരു സ്വപ്നത്തിലെന്നപോലെ.
ഏതാനും മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ രവി കണ്ടു തന്റെ പ്രിയപ്പെട്ടവരുടെ നിശ്ചലമായ ശരീരങ്ങൾ. കണ്ണ് നിറയെ കാണാൻ പോലും കഴിഞ്ഞിട്ടില്ലാത്ത തന്റെ ഓമനകളുടെ, തന്നെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ, കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ലാത്ത പ്രേയസിയുടെ ജീവസ്സും ഓജസ്സും നഷ്ടപ്പെട്ട ശരീരങ്ങൾ..വെറും മൃതശരീരങ്ങൾ. ആ കാഴ്ച കാണാൻ കണ്ണീരിന് പോലും കഴിഞ്ഞിട്ടുണ്ടാവില്ല, അതായിരിക്കണം കരയാൻ പോലുമാവാതെ നിർവികാരനായി രവി നിന്നത്...
രവി ആലോചിക്കുകയായിരുന്നു -
നാം കാണാറുള്ളതാണ് ഓരോ മഴക്കാലത്തും മലകൾ പിണങ്ങുമ്പോൾ സർക്കാർ സംവിധാനം ഉണരുന്നതും, കൈയും മെയ്യും മറന്നു രംഗത്തിറങ്ങി ശവശരീരങ്ങൾ മണ്ണിൽ നിന്ന് തോണ്ടിയെടുക്കുന്നതും സഹായഹസ്തങ്ങൾ അവർക്കു നേരെ നീളുന്നതും..എല്ലാം നഷ്ടപ്പെട്ടുപോയവന് ലക്ഷങ്ങൾ വാരിവിതറും. ശേഷം എന്ത്? എനിക്കും കിട്ടിയേക്കും ലക്ഷങ്ങൾ..തന്റെ പ്രിയപ്പെട്ടവരുടെ ജീവന്റെ വിലയായി. ദുരന്തം വരുമ്പോൾ മാത്രം ഉണരുന്ന സർക്കാർ എന്തേ അതിനു മുൻപ് ഉണരുന്നില്ല? ഓരോ മഴക്കാലത്തും കേരളത്തിലെ മലകൾ പിളരുമ്പോൾ എന്തുകൊണ്ടാണ് പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കാത്തത്? സഹ്യന്റെ മാറു പിളർന്നു ചോര കുടിച്ച് പാറയും മണ്ണും ഊറ്റിയെടുക്കുമ്പോൾ ആർക്കും അറിയാത്തതാണോ നാളെ ഇതിന് ഒരു തിരിച്ചടിയുണ്ടായേക്കാമെന്ന്? അതോ തങ്ങൾക്ക് ഇത് ബാധകമല്ലാത്തതിനാലാണോ? അധികൃതമായും അനധികൃതമായും പാറകൾ പൊട്ടിക്കാനും മലകൾ തുരക്കാനും അനുമതി കൊടുത്ത് സഹ്യനെ ഇല്ലാതാക്കുമ്പോഴും എന്തേ നമ്മൾ ആരും ഉണരുന്നില്ല? ഇത് നമ്മളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഗാഡ്‌ഗിലിനെ എല്ലാവരും ചേർന്ന് രണ്ട് വോട്ടിന് വേണ്ടി രാഷ്ട്രീയം പറഞ്ഞ് ഓടിച്ചപ്പോഴും പകരം വന്ന കസ്തൂരിരംഗൻ റിപ്പോർട്ടിൽ വെള്ളം ചേർത്ത് കൊണ്ടേയിരിക്കുമ്പോഴും എന്തേ മലയാളിക്ക് തിരിച്ചറിവുണ്ടാകുന്നില്ല? പശ്ചിമഘട്ടമില്ലെങ്കിൽ മലയാളിക്ക് ജീവിക്കാൻ കഴിയില്ല എന്നാണ് നാം മനസ്സിലാക്കുന്നത്?
വേനലൊന്നു കനത്താൽ 44 നദികളുള്ള കേരളത്തിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു..നദികൾ കുളങ്ങളായും ഒടുവിൽ വെറും കുഴികളായുംപരിണമിച്ചുകൊണ്ടിരിക്കുന്നു. മഴയൊന്നു കനത്താലോ? സർവ്വസംഹാരിയായി ഭൂമിയുടെ മാറ് പിളർന്ന് ജീവന്റെ കണികകളെ ഇല്ലാതാക്കിക്കൊണ്ട് മലകളും മഴയും തിരിച്ചടിക്കുന്നു. പാറകൾക്ക് വേണ്ടി സഹ്യന്റെ മാറിലേക്ക് കരിമരുന്നു നിറച്ചു ഹൃദയം നുറുക്കുമ്പോൾ, നാളെ ഇവ പിണങ്ങിയേക്കാമെന്നും അങ്ങിനെ വന്നാൽ അത് തടയാൻ മനുഷ്യന് സാധിക്കില്ലായെന്നും ഒരിക്കലെങ്കിലും നാം ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.. മരങ്ങൾ മുഴുവൻ മുറിച്ചു വിറ്റും, മലകളായ മലകൾ മുഴുവൻ തുരന്നും തീർത്തതിനും ശേഷം നദികൾ വറ്റിവരണ്ടാൽ കുറ്റം മഴ പെയ്യാത്തതിനാണ്. മഴയൊന്നു അറിഞ്ഞു പെയ്താൽ, അതിനും പഴി കേൾക്കേണ്ടത് മഴ മാത്രമാണ്. സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കികൊണ്ടു ജനപ്രതിനിധികൾ പോലും വികസനത്തിന്റെ പേര് പറഞ്ഞു ദുരന്തത്തിന് വിത്ത് പാകുമ്പോൾ തടുക്കാൻ ആവുന്നില്ല ആർക്കും..ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും. എത്രയോ മാസങ്ങളായി, തടയണ കെട്ടി, മല തുരന്ന് ഒരു ജനപ്രതിനിധി നടത്തുന്ന നഗ്നമായ നിയമലംഘനം നിർത്താൻ പോലും ശ്രമിക്കുന്നില്ല ഒരാളും. പകരും അതിനു കൂട്ട് നിന്ന് പ്രകൃതി സംരക്ഷണത്തെപ്പറ്റി വാതോരാതെ അലറുകയാണ് നമ്മുടെ ഭരണകർത്താക്കൾ. അന്വേഷണമെന്ന പ്രഹസനം തുടർന്ന് കൊണ്ടേയിരിക്കുന്നു. അന്വേഷണം കഴിയാതെ നടപടിയെടുക്കാൻ ആവില്ലല്ലോ, പ്രത്യേകിച്ച് വേണ്ടപ്പെട്ടവർക്കെതിരെയാവുമ്പോൾ. പാടം നികത്തിയ ഒരു മന്ത്രിപുംഗവനെ രക്ഷിക്കാൻ എന്തൊക്കെ പൊറാട്ട് നാടകങ്ങളാണ് അരങ്ങേറിയത്? എന്നും സത്യത്തിന്റെ കൂടെയാണെന്ന് അവകാശപ്പെടുന്ന അല്ലെങ്കിൽ നാം പ്രതീക്ഷിക്കുന്ന മാധ്യമമുതലാളിമാരും ഇതിനൊക്കെ കൂട്ടുനിൽക്കുകയും ഇതിന്റെ ഭാഗഭാക്കാവുകയും ചെയ്യുന്നുണ്ടെന്നത് മറ്റൊരു വിരോധാഭാസം.
ഇത്രയും ദുരന്തങ്ങൾ ഈ മഴക്കാലത്ത് ഉണ്ടായിട്ടുപോലും ഇഷ്ടം പോലെ നമ്മുടെ നെൽകൃഷിപ്പാടങ്ങളെ മുഴുവൻ മണ്ണിട്ട് മൂടാനുള്ള അനുമതി നിയമസഭ പാസ്സാക്കിയെടുത്തു. തങ്ങളെ കുറ്റം പറയാതിരിക്കാൻ വേണ്ടി ബിൽ കീറിയെറിഞ്ഞ് ഇറങ്ങിപ്പോക്ക് എന്നൊരു പൊറാട്ടു നാടകവും നടത്തി പ്രതിപക്ഷം ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു. വികസനത്തിന് വേണ്ടിയാണത്രെ ഈ ഭേദഗതി. സാധാരണക്കാരായ ജനങ്ങളെ പറ്റിക്കാൻ ഇതിലും നല്ലൊരു പദമില്ലല്ലോ. 10 ലക്ഷം ഹെക്ടർ പാടമുണ്ടായിരുന്ന കേരളത്തിൽ ഇന്നവശേഷിക്കുന്നതു വെറും രണ്ട് ലക്ഷത്തോളം ഹെക്ടർ മാത്രമാണത്രെ!!! വികസനത്തിന്റെ പേര് പറഞ്ഞു ശേഷിക്കുന്ന പാടങ്ങളും കുളങ്ങളും തോടുകളും കൂടി മണ്ണിട്ട് നികത്താനുള്ള അവസാനത്തെ ആണിയും നമ്മുടെ സർക്കാർ തന്നെ അടിച്ചിരിക്കുന്നു. ആർക്കു വേണ്ടിയാണു ഈ വികസനം, എന്തിനു വേണ്ടിയാണിത്? മലകൾ മുഴുവൻ ഇടിച്ചു നിരത്തിയാൽ, പാടങ്ങളെല്ലാം മണ്ണിട്ടുമൂടിയാൽ എക്സ്പ്രസ്സ് ഹൈവേയും അതിവേഗ റെയിൽ പാതയും വിമാനത്താവളങ്ങളും വരുമായിരിക്കും, പക്ഷെ അപ്പോഴേക്കും 44 നദികളുടെയും ചരമഗീതം തയ്യാറായിട്ടുണ്ടാകും..സഹ്യനില്ലാത്ത കേരളത്തിലേക്ക് മഴമേഘങ്ങൾ വരാൻ മടിച്ചു അന്യനാട്ടിലേക്കു ചേക്കേറിയിട്ടുണ്ടാകും. കുടിക്കാൻ ഒരിത്തിരി വെള്ളത്തിനായി നമുക്ക് ഉത്തരേന്ത്യയിൽ നിന്നോ വിദേശരാജ്യങ്ങളിൽ നിന്നോ (അവിടുത്തെ ഭൂമിയിൽ വെള്ളമുണ്ടെങ്കിൽ) വരുന്ന കുപ്പി വെള്ളത്തെ ആശ്രയിക്കേണ്ടിവരും. ഒരു നെൽച്ചെടി നടാൻ പാടമന്വേഷിച്ചു നടക്കുന്ന നമ്മുടെ മുന്നിലേക്ക് വിഷം നിറച്ച അരി വച്ചുതരും തമിഴനും തെലുങ്കനും എല്ലാം. അപ്പോൾ വികസനത്തിന്റെ പേര് പറഞ്ഞ് അഭിമാനം പുളകിതരാകാം നമ്മുടെ ഭരണകർത്താക്കൾക്ക്..എന്നെപ്പോലെ എല്ലാം നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ച്, രണ്ടുതുള്ളി മുതലക്കണ്ണീർ വീഴ്ത്തി പത്രത്തിലെ നാല് കോളം വാർത്തയിൽ ഇടം പിടിക്കാം...ഇതിൽ കൂടുതൽ എന്തുവേണം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കൾക്ക്..?
ദുരന്തം വിതച്ച ഭൂമിയിൽ, എല്ലാം കീഴ്മേൽ മറിഞ്ഞ മണ്ണിൽ വീടിന്റെയും വീട്ടുകാരുടെയും ഓർമ്മകളുമായി രവി നിന്നു. ആളും ആരവങ്ങളുമില്ലാതെ ഒറ്റയ്ക്ക്; ഒരു കൈയ്യിൽ ഒരിത്തിരി പൂക്കളും മറുകൈയിൽ സർക്കാരിന്റെ ചെക്കുമായി..... തെങ്ങുകളും മാവും പ്ലാവും മറ്റു മരങ്ങളും നിറഞ്ഞിരുന്ന പറമ്പിൽ ഇപ്പോൾ ബാക്കി നിൽക്കുന്നത് യന്ത്രം അവശേഷിപ്പിച്ചുപോയ കുറെ കുഴികളും കൊച്ചു കൊച്ചു മൺകൂനകളും മലമുകളിൽ നിന്ന് ഒലിച്ചു വന്ന ചളിയും പാറക്കല്ലുകളും മാത്രം. മഴ ഇപ്പോഴും തകർത്തുപെയ്യുകയാണ്. അതിനിടയിലും ദൂരെ എവിടെയോ ഒരു മലയടിവാരത്ത്, വല്ലാത്തൊരാവേശത്തോടെ മണ്ണ് കോരി മാറ്റി ശവങ്ങൾ അന്വേഷിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ മുരൾച്ച വ്യക്തമായി കേൾക്കാമായിരുന്നു.
******
അനിവാര്യമായ വിനാശം അടുത്തെത്തിക്കഴിഞ്ഞു എന്ന് പല അടയാളങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് തരുന്നു. പക്ഷെ കണ്ണടച്ച് ഇരുട്ടാക്കുന്ന നമ്മൾ ഇതൊന്നും അറിഞ്ഞില്ലെന്ന് നടിക്കുന്നു..
മറുപടിഇല്ലാതാക്കൂഅവനവൻ കുഴിച്ച കുഴിയിൽ..... ഒന്നും ചെയ്യാൻ കഴിയുന്നിലല്ലോ എന്ന ദുഃഖം ബാക്കി ....
മറുപടിഇല്ലാതാക്കൂ